Image

'മറയില്ലാതെ മുലയൂട്ടാം' കവര്‍ ചിത്രത്തെ പ്രശംസിച്ച് ചലച്ചിത്ര താരം ലിസി; എഴുത്തുകാരി ശാരദക്കുട്ടി

Published on 02 March, 2018
'മറയില്ലാതെ മുലയൂട്ടാം'  കവര്‍ ചിത്രത്തെ പ്രശംസിച്ച് ചലച്ചിത്ര താരം ലിസി; എഴുത്തുകാരി ശാരദക്കുട്ടി
ഗൃഹലക്ഷിയുടെ 'മറയില്ലാതെ മുലയൂട്ടാം' പതിപ്പിന്റെ കവര്‍ ചിത്രത്തെ പ്രശംസിച്ച് ചലച്ചിത്ര താരം ലിസി. 

ലിസിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇതൊരു ആദര്‍ശധീരമായ കവര്‍ പേജാണ്. ദശലക്ഷക്കണിക്കിന് വാക്കുകളാണ് ഈ ചിത്രം സംസാരിക്കുന്നത്. എന്റെ ജീവിത കാലത്തിനിടയ്ക്ക് ഇത്തരത്തില്‍ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന, ധീരമായ ഒരു കവര്‍ ഒരു ഇന്ത്യന്‍ മാസികയ്ക്കും ഞാന്‍ കണ്ടിട്ടില്ല. 2012 മെയ് മാസത്തിലെ ടൈം മാഗസിന്‍ സമാനമായ ഒരു ആശയവുമായാണ് പുറത്തിറങ്ങിയത്. എന്നാല്‍ എന്റെ കാഴ്ച്ചപ്പാടില്‍ ഗൃഹലക്ഷ്മിയുടെ കവര്‍ അതിനേക്കാള്‍ മികച്ചതാണ്.

1968 ആഗസ്തില്‍ ഗ്ലാമര്‍ മാഗസിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട കാറ്റിറ്റി കിരോണ്‍ഡെ ഇത്തരത്തില്‍ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ കറുത്ത വനിതയായി ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ കവറിനും സമാനമായ ഒരു പ്രഭാവം ഉണ്ടാക്കാന്‍ സാധിക്കും. മാത്രമല്ല മാഗസിന്‍ ചരിത്രത്തിലെ മികച്ച കവറുകളിലൊന്നായി, ഒരു മലയാളം മാഗസിന്റെ കവര്‍ എന്ന നിലയിലല്ല മറിച്ച് എക്കാലത്തേയും മികച്ച ഒരു ഇന്ത്യന്‍ മാഗസിന്റെ കവര്‍ എന്ന നിലയില്‍, ഇടം നേടും.

ഇത്തരത്തില്‍ ധീരമായ ഒരു നടപടിയെടുത്ത ഗൃഹലക്ഷ്മിയിലെ എല്ലാവരേയും ഞാന്‍ അഭിനന്ദിക്കുന്നു. ജിലു ജോസഫ് നിങ്ങള്‍ ഒരു മഹനീയ വനിതയാണ്. 'You look a 'million dollor.'

ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

പണ്ടൊരധ്യാപിക മലയാളം ക്ലാസില്‍ അധ്യാത്മ രാമായണത്തിലെ കൈകേയിയുടെ കോപാലയ പ്രവേശഭാഗം പഠിപ്പിക്കുകയാണ്. 'കണ്ണുനീരാലേ മുഖവും മുലകളും നന്നായ് നനച്ചു കരഞ്ഞു കരഞ്ഞുടന്‍' എന്ന ഭാഗം വന്നപ്പോള്‍ ആയിടെ പ്രസവം കഴിഞ്ഞു വന്ന അവര്‍ക്ക് വല്ലാത്തൊസ്വസ്ഥത. വേറൊന്നുമല്ല, മുല എന്നു പറയാന്‍ മടി നാണം. വല്ലാത്തൊരു കുണുക്കത്തോടെ അവര്‍ കണ്ണുനീരാലേ മുഖവും .. മുഖവും.... ഉം ഉം..ശരീരവും എന്നാക്കി തിരുത്തി. കൊങ്ക, സ്തനം, പയോധരം എന്നൊക്കെയുള്ള വാക്കുകളാലാണ് ഈ മനോഹരാവയവത്തെ മണിപ്രവാള മഹാശയനായ ചെറുശേരി പോലും വര്‍ണ്ണിക്കുന്നത്. എഴുത്തഛന്റെ ഈ മുലപ്രയോഗം അതിനാല്‍ രസകരമായിത്തോന്നി.

'മൊലപ്പാലൊണ്ടോ ഇത്തിരി കണ്ണിലൊഴിക്കാനാ' എന്നു പറഞ്ഞ് പ്രസവിച്ച സ്ത്രീകളുള്ള വീട്ടിലേക്ക് ഗ്ലാസുമായി കടന്നു വന്നിരുന്ന നാട്ടിന്‍ പുറത്തെ സ്ത്രീകള്‍ക്ക് സംസ്‌കാര സമ്പന്നതയുടെ ഇത്തരം അസ്‌ക്യതകളില്ലായിരുന്നു.

മുലയൂട്ടലിനോട് ചേര്‍ത്തല്ലാതെ ഈ പദം ആരോഗ്യകരമായ രീതിയില്‍ ഉപയോഗിച്ചു കണ്ടിട്ടില്ല. മുലക്കരമെന്നൊക്കെ സാധാരണക്കാര്‍ക്ക് പറയേണ്ട സാഹചര്യങ്ങള്‍ കുറവായിരുന്നുവല്ലോ. ബ്രസ്റ്റ് നല്ലൊരു അന്തസ്സു കൂടിയ വാക്കു തന്നെ. മുല ലജ്ജാവഹം.

കഴിഞ്ഞ രണ്ടു ദിവസമായി ഒരു തരം മടിയും ഇന്‍ഹിബിഷനും കൂടാതെ ആണ്‍ പെണ്‍ കുഞ്ഞുകുട്ടികളടക്കം മുല മുല മുല എന്നു പറഞ്ഞു കൊണ്ടിരിക്കുന്നു. നിപ്പിള്‍ എന്നല്ലാതെ മുലക്കണ്ണ് എന്നു പറയുന്നു. ഭാഷാപരമായ, ശരീരപരമായ ഒരു പ്രതിസന്ധിയെ മറികടക്കാന്‍ കൂടിയാണ് ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്ര വിവാദം ഇടയാക്കിയത്. പറഞ്ഞു പറഞ്ഞു നാണം തീരട്ടെ. നോക്കിയും കണ്ടും പറഞ്ഞും അറപ്പു തീരട്ടെ. വീട്ടുകാരെല്ലാമെതിര്‍ത്തിട്ടും ജിലു നമുക്കാര്‍ക്കുമില്ലാത്ത ധൈര്യമാണ് കാണിച്ചത്. ഇത് ശരീര വിപ്ലവത്തിന്റെ മറ്റൊരു ഘട്ടമാണ്.

അതൊരശ്ലീലാവയവമോ അശ്ലീല പദമോ അല്ല.. ഏറ്റവും ചന്തമുള്ള പെണ്ണവയവമാണ്. ആധിപത്യ ധാര്‍ഷ്ട്യങ്ങള്‍ ചതച്ചു ഞെരിച്ചു കളഞ്ഞ വടുക്കള്‍ നിറഞ്ഞ ക്ഷതമേറ്റ മുലകള്‍ തുറന്നു കാട്ടിക്കൊണ്ട്' ഇതാ ഇതാണ് നീ കാണിക്കേണ്ട മുലകള്‍' എന്ന് മുലകളെ ക്ഷോഭിപ്പിക്കാനറിയാത്ത നടിയോട് സാറാ ജോസഫിന്റെ കഥാപാത്രം പറയുന്നുണ്ട്. അതിനുമുണ്ടൊരു രാഷ്ട്രീയം. തായ് കുലത്തില്‍ പറയുന്നതുപോലെ അവ പാല്‍ വേരുകള്‍ കൂടിയാണ്. എന്നാല്‍ അതു മാത്രവുമല്ല.

ജിലുവിന്റേത് കഥയുമല്ല, കഥാപാത്രവുമല്ല. സ്വന്തം ശരീരമാണ്. പരസ്യ മോഡലിങ് ആ കുട്ടിയുടെ തൊഴിലാണ്. ഭാഷ, അധ്യാപികക്ക് ഉപകരണമെന്നതു പോലെ ശരീരം മോഡലിന്റെ ഉപകരണം. അവള്‍ക്ക് തലയെടുപ്പോടെ സമ്മതം എന്നു പറയാമെങ്കില്‍ ബാക്കിയുള്ളവര്‍ക്ക് അതിലൊരു കാര്യവുമില്ല. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന മതാചാരങ്ങളോടും വിദ്യാഭ്യാസ പദ്ധതികളോടും ഇല്ലാത്ത ചൊരുക്കൊന്നും ഈ പരസ്യത്തിലെ കുഞ്ഞിനോടാവശ്യമില്ല താനും. കാരണം അതു വിശപ്പറിയാത്ത കുഞ്ഞാണെന്ന് കണ്ടാലറിയാം. വയറു നിറഞ്ഞ് ഉറങ്ങിക്കിടക്കുന്ന കുഞ്ഞാണ്. അതൊരു പരസ്യചിത്രമാണ്. അതു മാത്രമാണ്.

ഗൃഹലക്ഷ്മിക്കെതിരെ കേസ്

കൊല്ലം: സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയില്‍ വനിതാ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിക്കെതിരെ കേസ്. മാഗസിനിന്റെ പുതിയ ലക്കത്തിലാണ് മോഡലും നടിയുമായ ജീലു ജോസഫ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന ചിത്രം കവറില്‍ നല്‍കിയത്. ഇത് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിനോദ് മാത്യുവാണ് കൊല്ലം കോടതിയില്‍ പരാതി നല്‍കിയത്.

മാഗസിന്റെ പബ്ലിഷര്‍ക്കെതിരെയും ചിത്രത്തിലെ മോഡലിനെതിരെയുമാണ് കേസ്. 
'മറയില്ലാതെ മുലയൂട്ടാം'  കവര്‍ ചിത്രത്തെ പ്രശംസിച്ച് ചലച്ചിത്ര താരം ലിസി; എഴുത്തുകാരി ശാരദക്കുട്ടി
Join WhatsApp News
George Neduvelil, Florida 2018-03-08 11:06:31


പ്രിയപ്പെട്ട ജിലു, 
മലയാളക്കരയിലെ മങ്കമാർക്ക് നിങ്ങൾ അഭിമാനവും, അന്തസ്സും, ധൈര്യവും പകർന്നു നൽകിയിരിക്കുന്നു. പണമുണ്ടാക്കാൻവേണ്ടി പരസ്യങ്ങളിൽ പെണ്ണുടൽ പ്രദർശിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പുരുഷന്മാർക്കും സ്ര്തീകൾക്കുമുള്ള മഹത്തായ മറുപടിയാണ് ജിലുവിന്റെ മുലയൂട്ടൽ. കന്യകാമറിയത്തിന്റെ മുലപ്പാൽ എന്ന വ്യാജേന വന്യമൃഗങ്ങളുടെ പാൽ തിരുശേഷിപ്പാക്കി വിറ്റു കാശ് തട്ടിയിരുന്നു ഒരുകാലത്തു കത്തോലിക്ക സഭ എന്നോർമ്മിക്കുക. പുരാതന ക്ഷേത്രങ്ങളിലും വത്തിക്കാനിലെ പള്ളികളിലുമുള്ള മുലകളുടെ അതിപ്രസരം മുല വിരോധികൾ അറിഞ്ഞാലും! കുഞ്ഞിനെ ഊട്ടാനുള്ളതല്ല പുരുഷൻറ്റെ വിനോദത്തിനുള്ളതാണ് മുലയെന്നു വിചാരിച്ചു നടക്കുന്ന മാത്യുമാരും, ഔസേപ്പുമാരും, കുഞ്ഞാലിമാരും വഴിയിലെ മൂലകളിലും മതിലുകളിലും മൂത്രിക്കുന്നതു  കേരളത്തിലുടനീളം നിത്യേന കാണുന്ന മനോഹര ദൃശ്യമല്ലേ?. പ്രൊഫസ്സർ ഉലഹന്നാൻ മാപ്പിള പറഞ്ഞത്: "മലയാളിയുടെ ചില ശരീരാവയവങ്ങളുടെ പേര് പച്ച മലയാളത്തിൽ പറഞ്ഞാൽ പെട്ടെന്നുവരാം; ഇംഗ്ലീഷിലാണെങ്കിൽ ബെലെ ബേഷ്".       
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക