Image

ജി.കെ. പിള്ളയ്‌ക്ക്‌ ഇത്‌ സൗഹൃദത്തിന്റെ പാത തുറന്ന രണ്ടുവര്‍ഷം

Published on 18 March, 2012
ജി.കെ. പിള്ളയ്‌ക്ക്‌ ഇത്‌ സൗഹൃദത്തിന്റെ പാത തുറന്ന രണ്ടുവര്‍ഷം
ന്യൂയോര്‍ക്ക്‌: സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ നിന്ന്‌ സൗഹൃദപരമായ കൂട്ടായ്‌മയിലേക്കുള്ള മാറ്റം- ഫൊക്കാന പ്രസിഡന്റ്‌ എന്ന നിലയില്‍ തന്റെ ഏറ്റവും വലിയ നേട്ടവും സംഭാവനയും അതാണെന്ന്‌ ജി.കെ. പിള്ള വിലയിരുത്തുന്നു.

സംഘടനയിലെ പിളര്‍പ്പിന്റെ പശ്ചാത്തലത്തിലാണ്‌ സ്ഥാനമേല്‍ക്കുന്നത്‌. എന്നാല്‍ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ എറിയുവാനോ, ആരുമായെങ്കിലും മത്സരത്തിനോ താന്‍ തയാറല്ലായിരുന്നു. അതു ഫലംകണ്ടു. ഇപ്പോള്‍ അന്തരീക്ഷം പരമാവധി ശാന്തം. മലയാളികളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌.

ടൈസണ്‍ സെന്ററില്‍ ന്യൂയോര്‍ക്ക്‌ റീജിയന്റെ ആഭിമുഖ്യത്തിലുള്ള കിക്ക്‌ഓഫിനു മുമ്പായി ഇന്ത്യാ പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനമേല്‍ക്കുമ്പോള്‍ ഒരു ബിസിനസുകാരനെന്ന നിലയില്‍ മാത്രമാണ്‌ ജനം കണ്ടിരുന്നത്‌. നിശബ്‌ദമായി സംഘടനാരംഗത്ത്‌ താന്‍ സുദീര്‍ഘമായി ഉണ്ടായിരുന്നുവെങ്കിലും പ്രശസ്‌തിക്കോ, പേരിനോ വേണ്ടി മുന്നില്‍ വന്നിരുന്നില്ല. പലര്‍ക്കും തന്നില്‍ പ്രതീക്ഷതന്നെ ഇല്ലായിരുന്നു. സംഘടനാ നേതൃത്വം വിട്ടുകഴിഞ്ഞാലും സമൂഹത്തിനായി തന്നാല്‍ കഴിയുന്ന എല്ലാവിധത്തിലും പ്രവര്‍ത്തിക്കും-അദ്ദേഹംപറഞ്ഞു.

ഹൂസ്റ്റണില്‍ ജൂലൈയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഏറെ പുതുമകള്‍ നിറഞ്ഞതായിരിക്കുമെന്ന്‌ പിള്ളയും സഹപ്രവര്‍ത്തകരും ഉറപ്പുനല്‍കി. രജിസ്‌ട്രേഷന്റെ ഭാഗമായി തന്നെ താമസവും ഭക്ഷണവും ലഭ്യമാക്കുന്നു എന്നതാണ്‌ സുപ്രധാനം. ഇന്ത്യന്‍ ഭക്ഷണം അടക്കം ലഭ്യമാക്കുന്ന ഫുഡ്‌കോര്‍ട്ട്‌ തന്നെ സജ്ജമാക്കുന്നു. വൈവിധ്യമാര്‍ന്ന ഭക്ഷണം അവിടെ ലഭ്യമാകും.

നാടന്‍ കലകളായ ഓട്ടന്‍തുള്ളല്‍, കൂടിയാട്ടം തുടങ്ങിയവ അവതരിപ്പിക്കുമെന്നതാണ്‌ ഒരു പ്രത്യേകത. ഇതിനു നാട്ടില്‍ നിന്നു കലാകാരന്മാരെ കൊണ്ടുവരും. നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കാനുള്ള എളിയ ശ്രമമാണിത്‌.

യുവജനങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം നല്‍കുന്ന സംഘടനയാണ്‌ ഫൊക്കാനയെന്ന്‌ യുവാവായ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്‌ പറഞ്ഞു. സ്‌പെല്ലിംഗ്‌ ബീ മത്സരം ഏറെ ശ്രദ്ധേയമാണ്‌. ഹൂസ്റ്റണില്‍ പ്രത്യേക യുവജന പരിപാടികള്‍ അരങ്ങേറുന്നു. യുവജന സെമിനാറിനും മറ്റും നല്ല പങ്കാളിത്തമാണ്‌ ലഭിച്ചത്‌. ബാസ്‌ക്കറ്റ്‌ ബോള്‍ മത്സരവും ഇക്കൊല്ലമുണ്ട്‌. വിജയിക്ക്‌ 5000 ഡോളര്‍ നല്‍കും. ഇതിനുമുമ്പ്‌ ഉണ്ടാകാത്തതാണിത്‌.

അനന്തപുരി എന്ന്‌ പേരിട്ടിരിക്കുന്ന കണ്‍വെന്‍ഷന്‍ വേദിയില്‍ മാര്‍ത്താണ്‌ഡവര്‍മ്മ മഹാരാജാവ്‌ തന്നെ എത്തും എന്ന പ്രതീക്ഷയാണുള്ളതെന്ന്‌ ട്രഷറര്‍ ഷാജി ജോണ്‍ പറഞ്ഞു. നവതി പിന്നിട്ട അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിക്ക്‌ മാറ്റമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ്‌ സംഘാടകര്‍.

ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്‌. ഇരുനൂറില്‍പ്പരം കുടുംബങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്‌തു. സാമ്പത്തികമായി കണ്‍വെന്‍ഷന്‍ ബാധ്യതയൊന്നും വരുത്തില്ലെന്ന്‌ തങ്ങള്‍ക്ക്‌ ഉറപ്പുണ്ട്‌. സാധാരണ കണ്‍വെന്‍ഷന്‍ മൂന്നു ദിവസമാണെങ്കില്‍ ഇത്തവണ അത്‌ നാലു ദിവസമാണ്‌.

ഫൊക്കാനയ്‌ക്ക്‌ ഒരു ആസ്ഥാനം ന്യൂയോര്‍ക്കില്‍ ഉണ്ടാക്കാനുള്ള ശ്രമം സജീവമാണെന്ന്‌ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു. വലിയൊരു കെട്ടിടവും സംവിധാനങ്ങളുമാണ്‌ തങ്ങളുടെ മനസ്സിലുള്ളത്‌. ചെറുകിട സമ്മേളനങ്ങള്‍ക്കും, ദൂരെ നിന്നും വരുന്നവര്‍ക്ക്‌ താമസിക്കാനുമൊക്കെ സൗകര്യം നല്‍കുന്ന സംവിധാനമാണ്‌ മനസില്‍. അതിനു സഹകരിക്കാന്‍ ഫൊക്കാനയില്‍ ധാരാളം പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്‌.

മുമ്പ്‌ ഫൊക്കാനയില്‍ പ്രശ്‌നങ്ങളൊക്കെ ഉണ്ടായാത്‌ ഇലക്ഷനിലായിരുന്നുവെന്നും, അതിനാല്‍ കുറ്റമറ്റ രീതിയില്‍ ഇലക്ഷന്‍ നടത്താന്‍ ശ്രമിക്കുമെന്നും രാജന്‍ പടവത്തില്‍, ജോണ്‍ ഐസക്ക്‌ എന്നിവര്‍ പറഞ്ഞു.

ഫൊക്കാനയുടെ നട്ടെല്ല്‌ എന്നുതന്നെ പറയാവുന്ന ന്യൂയോര്‍ക്ക്‌ റീജിയന്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെയ്‌ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്‌ പറഞ്ഞു. സ്‌പെല്ലിംഗ്‌ ബീ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ റീജിയന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്‌ചവെച്ചു.

കേരളാ ഗവണ്‍മെന്റുമായി ചേര്‍ന്ന്‌ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതായി മറിയാമ്മ പിള്ള പറഞ്ഞു. അതുപോലെ തന്നെ സ്‌പെല്ലിംഗ്‌ ബി കേരളത്തിലും അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്‌.

സ്‌ത്രീകള്‍ക്കായി പ്രത്യേക പ്രോഗ്രാമുകള്‍ ഹൂസ്റ്റണില്‍ ഉണ്ടായിരിക്കുമെന്ന്‌ എക്‌സി. വൈസ്‌ പ്രസിഡന്റ്‌ ലീലാ മാരേട്ട്‌ പറഞ്ഞു.

ഷോര്‍ട്ട്‌ ഫിലിമുകള്‍ക്കായി മത്സരം സംഘടിപ്പിക്കുമെന്ന്‌ അതിനായുള്ള സബ്‌ കമ്മിറ്റി ചെയര്‍മാന്‍ ശബരീനാഥ്‌ പറഞ്ഞു. മെയ്‌ 31-ന്‌ മുമ്പ്‌ അവ ലഭിക്കണം. ശബീനാഥ്‌ അറ്റ്‌ ജിമെയില്‍ ഡോട്ട്‌കോം എന്ന വിലാസത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക.

ഫൈവ്‌ സ്റ്റാര്‍ ഭക്ഷണം തന്നെയാണ്‌ തങ്ങള്‍ ഒരുക്കുന്നതെന്നും ആര്‍ക്കും നീരസത്തിനു അവസരമുണ്ടാക്കില്ലെന്നും ജോയിന്റ്‌ സെക്രട്ടറിയും ബാങ്ക്വറ്റ്‌ ചെയറുമായ ജോസഫ്‌ കുര്യപ്പുറം പറഞ്ഞു.

ചിരിയരങ്ങിന്‌ വ്യത്യസ്‌തതയുണ്ടാവുമെന്ന്‌ വര്‍ഗീസ്‌ പാലമലയില്‍ പറഞ്ഞു. അഗസ്റ്റിന്‍ കരിംകുറ്റിയില്‍, ഗണേഷ്‌ നായര്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍, മറ്റ്‌ വിവിധ പരിപാടികള്‍ തുടങ്ങിയവയെപ്പറ്റി വിശദീകരിച്ചു.

പ്രസ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ കാടാപുറം, സുനില്‍ ട്രൈസ്റ്റാര്‍, ജിന്‍സ്‌മോന്‍ സഖറിയ, മൊയ്‌തീന്‍ പുത്തന്‍ചിറ തുടങ്ങിയവരടക്കം വിവിധ മാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു.
ജി.കെ. പിള്ളയ്‌ക്ക്‌ ഇത്‌ സൗഹൃദത്തിന്റെ പാത തുറന്ന രണ്ടുവര്‍ഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക