Image

മാര്‍പാപ്പയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനം ജൂണില്‍

Published on 03 March, 2018
മാര്‍പാപ്പയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനം ജൂണില്‍

റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനം ജൂണിലായിരിക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. ജൂണ്‍ 21ന് ആരംഭിക്കുന്ന സന്ദര്‍ശനത്തില്‍ സ്വിസ് പ്രസിഡന്റ് അലെയ്ന്‍ ബെര്‍സെറ്റിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധികളുമായി അദ്ദേഹം ഔദ്യോഗിക ചര്‍ച്ച നടത്തും.

ജനീവയിലെ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആസ്ഥാനം സന്ദര്‍ശിക്കാനും സര്‍ക്കാര്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച് ഇവിടെ ചര്‍ച്ച നടത്താനാണ് ആലോചിക്കുന്നത്.

1948ല്‍ സ്ഥാപിതമായ ഡബ്ല്യുസിസിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 348 ക്രിസ്ത്യന്‍ സഭകള്‍ക്ക് അംഗത്വമുണ്ട്. മിക്ക ഓര്‍ത്തഡോക്‌സ് സഭകളും ഇതില്‍ ഉള്‍പ്പെടുന്നു. ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ലൂഥറന്‍, മെതേഡിസ്റ്റ്, റിഫോംഡ് സഭകളും പല ഐക്യ സഭകളും സ്വതന്ത്ര സഭകളും ഇതിലുണ്ട്. റോമന്‍ കത്തോലിക്കാ സഭ അംഗത്വമെടുത്തിട്ടില്ലെങ്കിലും, ഡബ്ല്യുസിസി യോഗങ്ങള്‍ക്ക് നിരീക്ഷകരെ അയയ്ക്കാറുണ്ട്.

സ്വിസ് ജനസംഖ്യയില്‍ 38.2 ശതമാനമാണ് റോമന്‍ കത്തോലിക്കര്‍. 26.9 ശതമാനം പേര്‍ പ്രോട്ടസ്റ്റന്റ് വിഭാഗക്കാരുമാണ്. 1984ലാണ് ഒരു മാര്‍പാപ്പ അവസാനമായി ജനീവ സന്ദര്‍ശിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക