Image

കിണര്‍: ശുദ്ധിയും തെളിമയും നിറഞ്ഞ കഥ

Published on 03 March, 2018
   കിണര്‍: ശുദ്ധിയും തെളിമയും നിറഞ്ഞ കഥ
എം.എ നിഷാദ്‌ സംവിധാനം ചെയ്‌ത കിണര്‍ എന്ന ചിത്രം അതിന്റെ പേരില്‍ തന്നെ ആകര്‍ഷകമാണ്‌. സമകാലീന പ്രസക്തിയുള്ള വിഷയമാണ്‌ അത്‌ കൈകാര്യം ചെയ്യുന്നത്‌ എന്നതു കൊണ്ടു മാത്രമല്ല ഈ ചിത്രം ശ്രദ്ധേയമാകുന്നത്‌. മറിച്ച്‌ ഒരു ജനതയെ ഒന്നാകെ ബാധിക്കുന്ന പ്രശ്‌നം അതിന്റെ തീവ്രത നഷ്‌ടപ്പെടാതെ കഥാപാത്രങ്ങളിലേക്കും കഥാപരിസരങ്ങളിലേക്കും അതു വഴി പ്രേക്ഷകനിലേക്കും പകരാന്‍ സംവിധായകനു കഴിഞ്ഞത്‌ എന്നതിലാണ്‌.

കഥയില്‍ കേന്ദ്രബിന്ദുവാകുന്നത്‌ ടൈറ്റില്‍ തന്നെയാണ്‌. ഒരേ വിഷയം മൂന്നു പേരുടെ വീക്ഷണത്തിലൂടെ പറഞ്ഞു പോകുന്ന നോണ്‍ലീനിയര്‍ രീതിയാണ്‌ ഈ ചിത്രത്തിലും കഥ പറയാന്‍ ഉപയോഗിച്ചിരിക്കുന്നത്‌.

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തിയിലുള്ള പ്രദേശം. അവിടെ ഏതു വലിയ വരള്‍ച്ച വന്നാലും വറ്റാത്ത ഒരു കിണറുണ്ട്‌. പക്ഷേ ആ കിണറ്റിലെ വെള്ളം ഉപയോഗിക്കാനുള്ള അവകാശം കേരളത്തിനാണ്‌. തൊട്ടടുത്തു കിടക്കുന്ന തമിഴ്‌നാട്ടിലെ മനുഷ്യര്‍ക്കാകട്ടെ വെള്ളമില്ലാതെ വലയുന്ന അവസ്ഥയും.

കോടികള്‍ ചെലവിട്ട്‌ നിര്‍മ്മിക്കുന്ന തമിഴ്‌ മലയാളം സിനിമകള്‍ പലതും വാണിജ്യസമവാക്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടു തന്നെ ചിത്രീകരിക്കുന്നതാണ്‌. ആധുനിക ജീവിതത്തില്‍ മനുഷ്യന്‍ തിരക്കിന്റെയും സമ്മര്‍ദ്ദങ്ങളുടെയും ലോകത്തും. അവിടെ നിന്നും ഒരല്‍പം റിലാക്‌സേഷനുവേണ്ടി സിനിമ കാണാനെത്തുന്ന പ്രേക്ഷകനു മുന്നിലേക്ക്‌ ഗൗരവമുള്ള സമകാലിക പ്രസക്തമായ വിഷയങ്ങള്‍ വച്ചു നീട്ടുന്നത്‌ പലപ്പോഴും തിരസ്‌ക്കരിക്കപ്പെടുന്ന അനുഭവമാണുള്ളത്‌.

എന്നാലും കിണര്‍ പോലെ മനുഷ്യനുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ജീവല്‍വിഷയത്തില്‍ ഊന്നിക്കൊണ്ട്‌ എടുത്തിട്ടുള്ള ഈ ചിത്രം സ്വീകരിക്കപ്പെടുന്നതിന്റെ സൂചനയാണ്‌ തിയേറ്ററില്‍ നിന്നു ലഭിക്കുന്നത്‌.

കാരണം കോടികള്‍ മുടക്കി ചിത്രീകരിക്കുന്ന ഗാനരംഗങ്ങളേക്കാള്‍ ആഴത്തില്‍ ദാഹജലത്തിനായി നെട്ടോട്ടമോടുന്ന സാധാരണക്കാരുടെ ജീവിതവും അത്തരത്തിലുള്ള പ്രതിസന്ധികളെ അതിജീവിക്കുന്നതിനായി പോരടിക്കുന്ന ശക്തമായ സ്‌ത്രീകേന്ദ്രീകൃത സിനിമ കൂടിയാണ്‌ കിണര്‍ എന്നതു തന്നെ.

വെള്ളം കിട്ടാക്കനിയാകുമ്പോള്‍ അതില്‍ വിഷമിച്ചു നിസഹായയായി നില്‍ക്കുന്ന വീട്ടമ്മയായിരുന്നു പലപ്പോഴും ഇന്ദിര എന്ന സ്‌ത്രീ. എന്നാലൊടുവില്‍ ദാഹജലത്തിനു വേണ്ടി നിലവിലെ വ്യവസ്ഥകളോടും അധികാരികളോടും പോരാടുന്നവര്‍ക്കൊപ്പം ഇന്ദിര എന്ന സ്‌ത്രീ എത്തുന്നതോടെ കഥയ്‌ക്കുണ്ടാകുന്ന മാറ്റങ്ങളും സംഭവവികാസങ്ങളുമാണ്‌ ചിത്രം പറയുന്നത്‌. ഇന്ദിരയുടെ ഈ മാറ്റം സംവിധായകന്‍ വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്‌.

ഇന്ദിരയായി എത്തുന്ന ജയപ്രദയുടെ മികച്ച അഭിനയം തന്നെയാണ്‌ ഈ ചിത്രത്തിന്റെ പ്‌ളസ്‌ പോയിന്റ്‌. നിസഹായതയുടെ ആള്‍രൂപമായ ഗ്രാമീണ വീട്ടമ്മയായും ദാഹജലത്തിനു വേണ്ടി അധികാരികളോട്‌ സന്ധിയില്ലാ സമരം ചെയ്യുന്ന പോരാളിയായും ജയപ്രദ മികച്ച അഭിനയം കാഴ്‌ച വച്ചു. അസാമാന്യ ശരീരഭാഷകൊണ്ട്‌ തന്റെ കഥാപാത്രത്തെ ഉജ്വലമാക്കുന്നതില്‍ അവര്‍ വിജയിച്ചു.

ഒരു കൂട്ടം സ്‌ത്രീകഥാപാത്രങ്ങളാണ്‌ കഥയ്‌ക്ക്‌ ശക്തി പകരുന്നത്‌ എന്നു വേണമെങ്കില്‍ പറയാം. രേവതി, പാര്‍വതി നമ്പ്യാര്‍, സീമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ഇവരെ കൂടാതെ ഇന്ദ്രന്‍സ്‌, രണ്‍ജി പണിക്കര്‍, ജോയ്‌ മാത്യു, കിഷോര്‍, ഭഗത്‌ മാനുവല്‍, പശുപതി, തലൈവാസല്‍ വിജയ്‌ എന്നിവരാണ്‌ മറ്റു പ്രധാന താരങ്ങള്‍.

സംവിധായകന്‍ എം.എ നിഷാദ്‌, ഡോക്‌ടര്‍ അന്‍വര്‍ അബ്‌ദുള്ള, ഡോക്‌ടര്‍ അജു.കെ.നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ തിരക്കഥയൊരുക്കിയിട്ടുള്ളത്‌. മികച്ച കൈയ്യടക്കമാണ്‌ തിരക്കഥയുടേതെന്ന്‌ പ്രത്യേകം പറയാതെ വയ്യ. അതു പോലെ തന്നെയാണ്‌ ചിത്രത്തിലെ പാട്ടുകളും.

എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ച പാട്ടുകളെല്ലാം കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്‌. പ്രത്യേകിച്ച്‌ യേശുദാസും എസ്‌.പി.ബാലസുബ്രഹ്മണ്യവും ചേര്‍ന്ന്‌ ആലപിച്ച ടൈറ്റില്‍ ഗാനം.

സിനിമയുടെ പശ്ചാത്തല സംഗീതവും സിനിമയുടെ മൊത്തത്തിലുള്ള മൂഡിന്‌ അനുയോജ്യമാണ്‌. നൗഷാദ്‌ ഷെറീഫിന്റെ ക്യാമറയില്‍ വിരിയുന്ന ഫ്രെയിമുകള്‍ അതിമനോഹരം തന്നെ. ശ്രീകുമാര്‍ നായരുടെ എഡിറ്റിങ്ങും മികച്ചതായി. നല്ല സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകനെ കിണര്‍ ഒരിക്കലും നിരാശപ്പെടുത്തില്ല. ധൈര്യമായി ടിക്കറ്റെടുക്കാം.


































































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക