Image

സൗദിയില്‍ സിനിമ തീയേറ്റര്‍ ലൈസന്‍സിനുള്ള നിയമാവലി അംഗീകരിച്ചു

Published on 03 March, 2018
സൗദിയില്‍ സിനിമ തീയേറ്റര്‍ ലൈസന്‍സിനുള്ള നിയമാവലി അംഗീകരിച്ചു

ദമാം: സൗദിയില്‍ സിനിമ തീയേറ്റര്‍ ലൈസന്‍സിനുള്ള നിയമാവലി അംഗീകരിച്ചു. ഇതനുസരിച്ചു സിനിമാ തിയറ്ററുകള്‍ നിര്‍മിക്കുന്നതിനും നടത്തുന്നതിനും മൂന്നുതരം ലൈസന്‍സുകളാണ് അനുവദിക്കുക.

തീയറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള ലൈസന്‍സ്, സ്ഥിരം അല്ലെങ്കില്‍ താല്‍ക്കാലിക തീയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ്, തീയേറ്റര്‍ വ്യവസായ മേഘലയില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് എന്നിങ്ങനെ മൂന്നുതരം ലൈസന്‍സുകളാണ് നല്‍കുകയെന്ന് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച നിയമാവലി വ്യക്തമാക്കുന്നു.

ആഭ്യന്തര മന്ത്രാലയം, ധന മന്ത്രാലയം , മുന്‍സിപ്പല്‍ ഗ്രാമ മന്ത്രാലം സിവില്‍ ഡിഫന്‍സ് കസ്റ്റംസ് അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണു സിനിമാ തിയറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയമാവലി പൂര്‍ത്തിയാക്കിയത്.

സാംസ്‌കാരിക സന്പന്നതക്കും സര്‍ഗാത്മക വളര്‍ച്ചക്കും സിനിമ മേഖല പ്രധാനമാണെന്ന് സാംസ്‌കാരിക ഇന്‍ഫോര്‍മേഷന്‍ മന്ത്രി ഡോ. അവാദ് അല്‍ അവാദ് പറഞ്ഞു.

സമഗ്ര സാന്പത്തിക പരിഷ്‌ക്കരണ പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായാണ് രാജ്യത്തു സിനിമ പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്. അതേസമയം മൂല്യങ്ങള്‍ക്ക് നിരക്കാത്ത സിനിമകള്‍ സൗദിയില്‍ അനുവദിക്കില്ല.

പ്രതിവര്‍ഷം 9000 കോടിയിലേറെ റിയാല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്കു സിനിമ മേഘല സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

തീയേറ്റര്‍ സിനിമ മേഘലയില്‍ 2030 ഓടെ 30,000 സ്ഥിരം തൊഴിലവസരങ്ങളും 130,000 ലേറെ താല്കാലിക തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക