Image

സ്‌നേഹസാഗരം, പിതൃഹൃദയം: അനുഭവക്കുറിപ്പ് (ആര്‍ .പഴുവില്‍ , ന്യൂ ജേഴ്സി)

Published on 04 March, 2018
സ്‌നേഹസാഗരം, പിതൃഹൃദയം: അനുഭവക്കുറിപ്പ് (ആര്‍ .പഴുവില്‍ , ന്യൂ ജേഴ്സി)
ജ്യേഷ്ഠസഹോദരനെപ്പോലെ കരുതുന്ന പ്രിയ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ കഴിഞ്ഞയാഴ്ച ഹ്യൂസ്റ്റണില്‍ പോയിരുന്നു.

കുറെ കൊല്ലങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച്ച .

വര്‍ഷങ്ങള്‍ക്കപ്പുറത്തെ കുസൃതിക്കുട്ടി വളര്‍ന്നു സുന്ദരിയായി... വധുവായി മുന്നില്‍ വന്നു ചിരി തൂകി നിന്നപ്പോള്‍ , തെല്ലൊന്നതിശയിക്കാതിരുന്നില്ല.

എന്നാല്‍, കൗതുകമെന്നു പറയട്ടെ, അടുത്ത നിമിഷത്തില്‍ എന്റെ കണ്ണുകള്‍ വീണ്ടും അവളില്‍ ആ പഴയ 7 വയസ്സുകാരിയെ കാണാന്‍ തുടങ്ങി. മുന്‍പ് എഡിസണ്‍ -ല്‍ കുറച്ചു നാള്‍ അവരുടെ വീട്ടില്‍ കൂടെ താമസിച്ചപ്പോള്‍ 'അങ്കിളേ' എന്ന് വിളിച്ചു നടന്നിരുന്ന അതേ മിടുക്കിപ്പെണ്‍കുട്ടി.

രണ്ട് ദിവസം നീണ്ടു നിന്ന വിവാഹാഘോഷപരിപാടികള്‍ ശരിക്കും മനസ്സില്‍ ഉത്സവപ്രതീതിയുണര്‍ത്തി.

കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണ വിസ്മയങ്ങളോടെ അണിയിച്ചൊരുക്കിയ വേദിയും, ബോളിവുഡ് സിനിമകളിലെ നൃത്തരംഗങ്ങളെ വെല്ലുന്ന രീതിയില്‍ മനോഹരമായി നൃത്തമാടി സദസ്സിന്റെ മനം കവര്‍ന്ന വധുവും വരനും കൂട്ടുകാരും, മാതാപിതാക്കളും അവരുടെ അടുത്ത സുഹൃത്തുക്കളും എല്ലാം ചേര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു മറക്കാനാവാത്ത അനുഭവമാക്കി മാറ്റുകയായിരുന്നു.

ഈ ആഘോഷത്തിമിര്‍പ്പുകള്‍ക്കെല്ലാമിടയിലും, പക്ഷേ എന്റെ മനസ്സിനെ പുളകമണിയിച്ച , അഥവാ വല്ലാത്തൊരു ശക്തിയോടെ സ്വാധീനിച്ച ഒരു രംഗം, അത് മറ്റൊന്നായിരുന്നു.

ഒരു പക്ഷേ ഒരച്ഛന്റെയും മകളുടെയും ജീവിതത്തില്‍ ഏറ്റവും വികാരനിര്‍ഭരമായ ഒന്ന് രണ്ട് നിമിഷങ്ങള്‍ !

കെട്ടു കഴിഞ്ഞ ഉടനെ അച്ഛന്റെ അടുക്കല്‍ നിന്ന് അനുഗ്രഹം വാങ്ങാന്‍ മകള്‍ എത്തിയ സമയം !

പൊടുന്നനെ,

എല്ലാം മറന്ന്..

ജനിച്ച നാള്‍ മുതല്‍ മകള്‍ക്കായി ഹൃദയത്തില്‍ സ്വരുക്കൂട്ടി വെച്ചിരുന്ന എല്ലാ സ്‌നേഹവും വാത്സല്യവും ഒരു തേങ്ങലില്‍... ഒറ്റയടിക്ക് പുറത്തേക്കൊഴുക്കി ആ അച്ഛന്‍ , തന്റെ മകളെ വാരിപ്പുണര്‍ന്നു !

ആ കരങ്ങളില്‍,

നിറഞ്ഞ കണ്ണുകളില്‍..

അറ്റമില്ലാത്ത വാത്സല്യക്കടല്‍... !

പൂര്‍ണമായും ആ കരുതലും സ്‌നേഹവും ഏറ്റ്വാങ്ങി സര്‍വവും മറന്നങ്ങനെ നിന്നു മകളും !

നിറഞ്ഞ സദസ്സ് ഇപ്പോള്‍ പൂര്‍ണ്ണ നിശ്ശബ്ദം!

അല്പം വൈകിയെത്തിയതിനാല്‍ സദസ്സിന്റെ വളരെ പിന്ഭാഗത്തായിരുന്നു ഞാന്‍. എന്നിട്ടും. ആ ആശ്ലേഷത്തിന്റെ ഊഷ്മളത, ആ കൈകളിലെ ആര്‍ദ്രത എനിക്കിവിടെ അനുഭവപ്പെട്ടു.

ശരീരം കോള്‍മയിര്‍ക്കൊണ്ടു.

മനസ്സ് ഒന്ന് തുടിച്ചുവോ ?

കണ്ണ് നിറഞ്ഞുവോ ?

ഇത്..

ഈ നിമിഷം ഞാന്‍ എങ്ങിനെ വര്‍ണ്ണിക്കാനാണ് ?

അതിനു കരുത്തുള്ള വാക്കുകള്‍ എന്റെ പരിജ്ഞാനത്തിനും അപ്പുറത്താണ്.

ആ സ്‌നേഹസാഗരത്തിന്റെ ആഴവും വ്യാപ്തിയും ഒരു ശതമാനമെങ്കിലും പ്രതിഫലിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയിലെ ദശസഹസ്രം ഇമോജികള്‍ക്ക് കഴിയുമോ ?

ഇല്ലേയില്ല! കാരണം, ദിസ് ഈസ് റിയല്‍ !

ജീവിതത്തില്‍ അപൂര്‍വമായി മാത്രം ഉണ്ടാകുന്ന അസുലഭ അനുഭവങ്ങള്‍ അനുഭവിച്ചു തന്നെയറിയണം.

വാക്കുകള്‍ അവിടെ വിറച്ചു വിതുമ്പി വിറങ്ങലിച്ചു നിന്ന് പോകും.

നിമിഷങ്ങള്‍ കടന്നു പോയി ..

(ഇടയില്‍ ഒരു സെക്കന്റിന്റെ പത്തിലൊരംശം.. എന്റെ മനസ്സ് വീണ്ടും പഴയ

ഓര്‍മകളിലേക്ക്

ഊളിയിട്ടുവെന്നോ? വര്‍ഷങ്ങള്‍ പിന്നിട്ട് അത് അനിയത്തിയുടെ കല്യാണമണ്ഡപത്തില്‍ എത്തിയോ ? അവിടെ ചേട്ടനാണ് അനിയത്തിയെ കെട്ടിപ്പിടിച്ചു വാവിട്ടു കരഞ്ഞത്.

അച്ഛന്‍ .. അച്ഛന്‍ കഴിഞ്ഞ വര്ഷം തന്നെ ഞങ്ങളെയെല്ലാം വിട്ടു പോയിരുന്നല്ലോ ? കണ്ണ് ഈറനണിഞ്ഞെങ്കിലും താന്‍ കരഞ്ഞില്ല .. കരയാന്‍ പാടില്ല.. എല്ലാ അനുഗ്രഹങ്ങളും നേര്‍ന്നു കൊണ്ട് നിന്നു..

ഓ.. പെട്ടെന്ന് പരിസരബോധം വന്നു ..ഞൊടിയിടയില്‍ മനസ്സ് വീണ്ടും ഹ്യൂസ്റ്റനില്‍ തിരിച്ചെത്തി ).

സുഹൃത്തും മകളും ഇപ്പോഴും സ്വയം മറന്നങ്ങനെ നില്‍ക്കുകയാണ്...

വിവാഹവേദിയും സദസ്സും ഒന്നും അവരുടെ ലോകത്തില്ല !

സദസ്സും അസാധാരണമായ ആ വികാരപാരവശ്യത്തിനടിമപ്പെട്ട് നില്‍ക്കുകയാണ്

അപ്പോള്‍ സദസ്സില്‍ നിന്നും ഒരു കരഘോഷം ഉയര്‍ന്നു....

അത് ഒരു ഞൊടിയില്‍ കരഘോഷക്കടലായി...

സ്‌നേഹത്തിന്റെ..

വാത്സല്യത്തിന്റെ,

ആനന്ദക്കണ്ണീരിന്റെ

കരഘോഷക്കടല്‍ !

ഞാനും, ശ്രീമതിയും, മക്കളും, എന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരും അതില്‍ അലിഞ്ഞു ചേര്‍ന്നു...

***ശുഭം*** .
സ്‌നേഹസാഗരം, പിതൃഹൃദയം: അനുഭവക്കുറിപ്പ് (ആര്‍ .പഴുവില്‍ , ന്യൂ ജേഴ്സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക