Image

പ്രതീക്ഷകള്‍ തകര്‍ന്നു; മര്‍ത്തമ്മയും നാസ് ജമീലും മടങ്ങി

Published on 04 March, 2018
പ്രതീക്ഷകള്‍ തകര്‍ന്നു; മര്‍ത്തമ്മയും നാസ് ജമീലും  മടങ്ങി
ദമ്മാം: ഒരുപാടു പ്രതീക്ഷകളുമായി പ്രവാസ ജീവിതത്തില്‍ എത്തിയ രണ്ടു ഇന്ത്യക്കാരികള്‍, മോശം ജോലിസാഹചര്യങ്ങള്‍ മൂലം, വനിതാഅഭയകേന്ദ്രം വഴി നവയുഗം സംസ്‌കാരികവേദി ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രപ്രദേശ് സ്വദേശിനികളായ മര്‍ത്തമ്മയും, നാസ് ജമീലുമാണ് തകര്‍ന്ന പ്രതീക്ഷകളുമായി നാട്ടിലേയ്ക്ക് മടങ്ങിയത്. ആറു മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ടുപേരും സൗദി അറേബ്യയിലെ ഖഫ്ജിയില്‍ വീട്ടുജോലിയ്ക്കായി എത്തിയത്. പാവപ്പെട്ട സ്വന്തം കുടുംബത്തിന്റെ സാമ്പത്തികപരാധീനതകള്‍ കാരണമാണ് മര്‍ത്തമ്മ പ്രവാസജോലിയ്ക്കായി എത്തിയത്. നാസിന്റെ ഭര്‍ത്താവ് റിയാദില്‍ ജോലി ചെയ്യുകയായിരുന്നു.നാട്ടില്‍ സ്വന്തമായി ഒരു വീട് ഉണ്ടാക്കുക എന്ന ആഗ്രഹത്തിന്റെ പുറത്താണ് ഭാര്യയെക്കൂടി പ്രവാസജോലിയ്ക്കായി കൊണ്ടുവന്നത്.

എന്നാല്‍ ജോലി ചെയ്ത വീട്ടിലെ സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നു. രാപകല്‍ ജോലിയും, വിശ്രമമില്ലായ്മയും, വീട്ടുകാരുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റവും കാരണം രണ്ടുപേരും വലഞ്ഞു. ഒരു റിയാല്‍ പോലും ശമ്പളം കിട്ടാത്ത കൂടിയായപ്പോള്‍, ഗത്യന്തരമില്ലാതെ അവര്‍ വീടുവിട്ടോടി, സൗദി പോലീസിന്റെ സഹായത്തോടെ, വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെടുകയായിരുന്നു.

നാസിന്റെ ഭര്‍ത്താവ് അറിയിച്ചതനുസരിച്ച്, നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ വനിതാ അഭയകേന്ദ്രത്തില്‍ എത്തി, ഇവരുടെ പരാതികള്‍ കേട്ട്, കേസ് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ സ്പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും സ്‌പോണ്‍സര്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി രണ്ടുപേര്‍ക്കും ഔട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു. ബന്ധുക്കള്‍ രണ്ടുപേര്‍ക്കും വിമാനടിക്കറ്റ് നല്‍കി.

എല്ലാവര്‍ക്കും നന്ദി പറഞ്ഞു രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: മഞ്ജു മണിക്കുട്ടന്‍ (മധ്യത്തില്‍) മര്‍ത്തമ്മയ്ക്കും, നാസ് ജമീലിനും യാത്രാരേഖകള്‍ കൈമാറിയപ്പോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക