Image

ഹേ മുംതാസ്, എവിടെ നിന്‍ ഷാജഹാന്‍? (ബെന്നി ന്യൂജേഴ്‌സി-ഗദ്യ കവിത)

ബെന്നി ന്യൂജേഴ്‌സി Published on 05 March, 2018
ഹേ മുംതാസ്, എവിടെ നിന്‍ ഷാജഹാന്‍? (ബെന്നി ന്യൂജേഴ്‌സി-ഗദ്യ കവിത)
കുഞ്ഞുപെങ്ങളേ ...
വയല്‍ വരമ്പിലൂടെ ഏകയായ് നീ,
പടിപ്പുര വാതില്‍പ്പടി കടന്ന്
അകത്തളത്തിലേക്കൊരു  തേങ്ങലായ്
മറയുന്ന നിന്‍ നിഴല്‍...  

അമ്മിഞ്ഞപ്പാലിന്‍ നനവില്ല, 
കുസൃതിക്കൊഞ്ചലിന്‍ മാധുര്യമില്ല,
അനുരാഗത്തോണിയില്‍
പ്രണയനിലാവിന്‍ കൂട്ടുകാരനുമില്ല. 

കെട്ടുതാലിയൊരു കൊലച്ചരടെന്നു നീ,
കതിര്‍മണ്ഡപമൊരു അറവുശാലയും,
മംഗല്യമോ കൊടും ചൂഷണമെന്നും!

കുഞ്ഞനുജന്റെ ഉണ്ണിയെ മാറോടണച്ചു നീ
അമ്പിളിമാമനെ കാട്ടുന്നതും, 
പൂക്കള്‍തന്‍ പേര്‍ച്ചൊല്ലിക്കൊടുക്കുന്നതും
ഉമ്മ കൊടുക്കുന്നതും, താരാട്ടുപാടി ഉറക്കുന്നതും
ഇന്നുമെന്‍ നെഞ്ചിലൊരു 
നൊമ്പരമായി പുകയുന്നു.

ഏകയായ്.. 
പരീക്ഷണശാലകളില്‍ രാവായരാവെല്ലാം
ചെയ്തുതീരാ സ്വപ്‌നങ്ങളില്‍ തിമര്‍ക്കുന്ന രാസമുകുളങ്ങള്‍.
ഈതറിന്‍ ഗന്ധം തളം കെട്ടും ഡിസ്‌കഷന്‍ ടേബിളില്‍
പ്രണയത്തെയിട്ടു നീ കുത്തിനോവിക്കുന്നു, കീറിമുറിക്കുന്നു...
ചിതയില്‍ സ്വയമെരിയും ഈയാംപാറ്റകള്‍ പോല്‍
കഴുത്തറുക്കാനായി നടത്തിക്കൊണ്ടു പോകും അറവുമാടുകള്‍ പോല്‍...

അനുരാഗ ഭൂവില്‍ കാത്തിരിക്കുന്ന നിന്‍ ഗന്ധര്‍വ്വന്‍ തന്‍
കുതിരക്കുളമ്പടി നാദം കേള്‍ക്കുന്നില്ലയോ നീ?
കൊട്ടാര മണിയറയുടെ താളം... പ്രപഞ്ച താളം...

പിഎച്ച്ഡി യോ പോസ്റ്റ് ഡോക്ടറ ലോ എന്തിന്?
തീരത്തു കൈകള്‍ കോര്‍ത്ത്,
തിരയിലെ മുത്തു പെറുക്കി,
ചുടുചുംബനങ്ങളില്‍ മുഖമൊളിപ്പിച്ച്,
കിനാവില്‍ കഥകള്‍ കേട്ട്,
മൗനത്തില്‍ വാത്മീകത്തില്‍,
നിര്‍വൃതിയായ്, സായൂജ്യമായ്....

ഹേ, മുംതാസ്...
അരുത്..... മുഖം തിരിക്കരുത്..

നിന്‍ സ്വപ്‌ന രാജകുമാരന്‍
പ്രണയത്തിന്‍ യമുനാ തീരത്തു
പുത്തനൊരു താജ്മഹല്‍ തീര്‍ത്തവന്‍
നിനക്കായ് കാത്തിരിക്കുന്നു.... നിന്‍ ഷാജഹാന്‍....

നിലാവു പെയ്യുന്നു രാവില്‍ വടക്കേ മാന്തോട്ടത്തില്‍
മുല്ലവള്ളിതന്‍ ഊഞ്ഞാലില്‍ ഏകനായ്, നിന്‍ മണവാളന്‍
കാലൊച്ച കാതോര്‍ത്ത്.... 
വരണമാല്യവും പനിനീര്‍ പുടവയുമായ്
നിനക്കായ്.... നിനക്കു മാത്രമായ്....

ഒരു ചുംബനമൊരു സ്പര്‍ശന മേല്‍ക്കാതെ വാടിക്കൊഴിഞ്ഞാല്‍,
പ്രണയ ഗസലിന്‍ മഴനൂല്‍ തീണ്ടാതെ വന്നാല്‍,
പ്രണയസ്പന്ദന താളം ഹൃത്തില്‍ വീഴാതെ പോയാല്‍...
ഹേ.. മുംതാസ്! 
ഈ ജന്മമൊരു ദുരന്തകാവ്യമാവും.

വസന്തകാലമസ്തമിക്കുന്നു,
ഇലപൊഴിയുന്നൊരു കാലം വരുന്നു.
അന്നാമാഞ്ചുവട്ടില്‍ ഓര്‍മ്മതന്‍ ചെപ്പു തുറന്ന്,
മാമ്പൂവിന്‍ ഗാന്ധര്‍വ്വം ഹൃത്തിലര്‍പ്പിച്ച്,
ഒറ്റയായയീ യാത്രയില്‍ കൂട്ടിനായെങ്കിലും
കാത്തിരിപ്പിന്‍ മാധുര്യമൊരു തീര്‍ത്ഥാടനം കൊണ്ടെങ്കിലും
അസ്തമിക്കും മുമ്പായി,
മുംതാസ്... പടിയിറങ്ങി വരിക....

ഒരിക്കലുമെത്താതിരുന്ന പ്രണയക്കുറിപ്പുകളും,
കേള്‍ക്കാനാശിച്ചയാശബ്ദവും, കിണുങ്ങലും, കൊഞ്ചലും,
കാത്തുകാത്തീ ജന്മം വിടപറയുന്നതിന്‍ മുമ്പേ..

മുംതാസ്, എവിടെ നിന്‍ ഷാജഹാന്‍?

അവന്റെ പ്രണയത്തേരിലേറി
വെള്ളിമേഘങ്ങളിലൂടെ പറന്നു പറന്ന്....
പുനര്‍ജ്ജനിക്കൂ.... ഒരു സ്ത്രീയായ്....
ഗര്‍ഭത്തില്‍ തുടിപ്പുകളില്‍.. 
മുലയൂട്ടി.. പാലാഴി കടഞ്ഞെടുത്ത്
അമ്മയായ്.... ധന്യയായ്.... പൂര്‍ണ്ണയാകൂ....

ഹേ മുംതാസ്, എവിടെ നിന്‍ ഷാജഹാന്‍? (ബെന്നി ന്യൂജേഴ്‌സി-ഗദ്യ കവിത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക