Image

പാമ്പ് വേലായ്തന്‍ ( കഥ- തോമസ് കെയല്‍)

Published on 05 March, 2018
പാമ്പ് വേലായ്തന്‍ ( കഥ- തോമസ് കെയല്‍)
പാമ്പ് വേലായ്തന്‍ 1
================
പൊട്ടന്‍പാടത്തിന്റെ നടുക്കുള്ള തുരുത്തില്‍ കൊപ്രമ്പുകാരുടെ വീടെത്തുംമുമ്പ്, കാടക്കണ്ണന്‍ കല്ല് നിറഞ്ഞ വെളിമ്പറമ്പിന്റെ ഒത്ത നടുക്കാണ് വേലായ്‌തേട്ടന്റെ ചെറ്റക്കുടില്‍. കത്തിവായപോലെ ചെത്തിക്കൂര്‍പ്പിച്ച് നിര്‍ത്തിയിരിക്കുന്ന പാടവരമ്പിലൂടെ കുഞ്ഞിത്തോടും കടന്നു വേണം വീട്ടിലെത്താന്‍. പതിവിലധികം ചാരായം അകത്ത് ചെന്നിട്ടുണ്ടെങ്കില്‍ വേലായ്‌തേട്ടന്‍ രാത്രി വീടെത്തുന്നകാര്യം ബുദ്ധിമുട്ടാണ്. അപ്പോള്‍ ശങ്കുണ്ണിയേട്ടന്റെ ചായപ്പീടികത്തിണ്ണയില്‍ ഉടുമുണ്ടഴിച്ച് പുതച്ചുറങ്ങും. രാവിലെ ഒരു ചായയും കുടിച്ച് പാലാംബ്രത്തോട്ടില്‍ മുങ്ങിക്കുളിച്ച് ചാരായക്കെട്ടും കളഞ്ഞേ വീട്ടിലെത്തൂ. രാത്രിയെന്തേ വരാഞ്ഞൂ എന്നെങ്ങാന്‍ ഭാര്യ ചോദിച്ചാല്‍, പൊട്ടന്‍ പാടത്ത് മുക്കാലനെക്കണ്ട് പേടിച്ച് ചത്ത കുഞ്ഞിക്കോരന്റെ ഗതി എനിക്കും വരണോടീ കോതെ എന്ന മറുചോദ്യം കൊണ്ട് അവളുടെ വായടപ്പിക്കും.

ജീവിതത്തില്‍ ഒരിക്കലും ഒരു പാമ്പിനെപ്പോലും പിടിക്കാത്ത വേലായ്‌തേട്ടന് പേരിനോട് ചേര്‍ക്കാന്‍ പാമ്പിനെയെങ്ങനെ കിട്ടിയെന്ന് ചോദിച്ചാല്‍, എച്ചിപ്പാറ കൂപ്പില്‍ വച്ച് കരിമൂര്‍ഖനെയും രാജവെമ്പാലയെയും കൈകൊണ്ട് വീശിയെറിഞ്ഞ കഥയൊക്കെ പറയും. പക്ഷെ ചരിതമതല്ല, പിള്ളത്തോട്ടില്‍ ഞണ്ടളകള്‍ക്കുള്ളില്‍ മീന്‍ പിടിക്കുമ്പോള്‍ ആരലാണെന്ന് കരുതി കയ്യിട്ട് പിടിച്ചത് നീര്‍ക്കോലിയെ. രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ പാമ്പ് വിരലില്‍ കടിച്ചു. കടു കുത്തിയതാണെന്ന് വിചാരിച്ച് വേലായ്‌തേട്ടന്‍ പിടിമുറുക്കിയപ്പോള്‍ പാമ്പ് കടിമുറുക്കി. പൊത്തില്‍ നിന്ന് കൈ വലിച്ചെടുക്കുമ്പോഴും നീര്‍ക്കോലി വിരലില്‍ കടിച്ചുതൂങ്ങി. വളഞ്ഞുപുളഞ്ഞ മാളത്തില്‍ നിന്ന് നീര്‍ക്കോലിയെ പുറത്തെടുക്കാനുള്ള പിടിവലിയില്‍ വിരലിന്റെ ഒരു ഭാഗവുമെടുത്ത് പാമ്പവിടെയിരുന്നു. ചോരയിറ്റുവീഴുന്ന വിരലില്‍ വേലായ്‌തേട്ടന്‍ കണ്ടത്തിലെ മാങ്ങനാറിയില പിഴിഞ്ഞ് കെട്ടി കുറെനാള്‍ കൊണ്ടുനടന്നു. അങ്ങനെ കിട്ടിയതാണ് പാമ്പ് വേലായ്തന്‍ എന്ന പേര്.പിന്നെയതും ലോപിച്ച് പാമ്പ് എന്ന് പറഞ്ഞാല്‍ വേലായ്‌തേട്ടന്‍ എന്നായി.

ജഗജീവന്‍ റാം ചിമ്മിനി ഡാം ഉത്ഘാടനം ചെയ്യും മുമ്പുള്ള കാലം, അന്നൊക്കെ പെരുമഴയില്‍ പൊട്ടമ്പാടത്ത് മലവെള്ളം നിറഞ്ഞ് ഇങ്ങ് പൂവത്തിങ്ങയുടെ കടമുതല്‍ കണ്ടേശ്വരം അമ്പലത്തിന്റെ കുളവും മൂടി അക്കരെ എച്ചിപ്പാറക്കുള്ള റോഡ് വരെയെത്തിയിട്ടുണ്ടാവും. അവിടെയുള്ള പുളിമരം മാത്രം തണുത്ത് വിറച്ച് കൂനിക്കൂടി നില്‍ക്കുന്നത് ഇക്കരെനിന്നാല്‍ കാണാം.
വിശാലമായ തടാകം പോലെ കിടക്കുന്ന ചായ ചോപ്പാര്‍ന്ന മലവെള്ളത്തില്‍ പിണ്ടിച്ചങ്ങാടം ഇറക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ പാമ്പ് വേലായ്തന്‍ കേറിപ്പറഞ്ഞത് ലോനക്കുട്ട്യേട്ടനും ശങ്കുണ്ണിയേട്ടനും തീരെ ഇഷ്ടപ്പെട്ടില്ല. 'ടാ പാമ്പെ' എന്ന വിളിയില്‍ ലോനക്കുട്ട്യേട്ടന്‍ അതിന്റെ സൂചനയും കൊടുത്തു.' ന്നാ നീയങ്ക്ട് നീന്തട പാമ്പെ' എന്ന് ശങ്കുണ്ണ്യേട്ടനും.
'ഇത്പ്പ നീന്താനാ ഇത്ര പാട്' എന്ന പാമ്പിന്റെ മറുപടി രണ്ടുപേരെയും ഞെട്ടിച്ചു.

അങ്ങനെയാണ് അങ്ങോട്ടുമിങ്ങോട്ടും നീന്തിയാല്‍ പാമ്പിന് 10 രൂപ എന്ന് ബെറ്റ് വച്ചത്. പത്തുര്‍പ്പ്യേം അരക്കുപ്പി ചാരായവും ഇപ്പൊത്തന്നെ കിട്ട്യാല്‍ ഞാന്‍ നീന്താന്ന് വേലായ്തേട്ടനും.
ടാ ശങ്കുണ്യേ ഇപ്പ നമ്മള് കാശ് കൊട്ത്താല് അവന്‍ നീന്താണ്ട് പൂവ്വോ? ലോനക്കുട്ട്യേട്ടന്റെ
സംശയം ന്യായമാണെങ്കിലും അങ്ങനൊന്നും ഉണ്ടാവില്യാ എന്ന ശങ്കുണ്ണിയുടെ ഉറപ്പില്‍ ചാരായത്തിന് ശശ്യേട്ടന്റെ ഷാപ്പിലേക്ക് ആളെ വിട്ടു.
പുള്ളിഡ്രോയറിനു പുറത്തെ കള്ളിമുണ്ടഴിച്ച് തലയില്‍കെട്ടി കാജാബീഡിയും തീപ്പെട്ടിയും നാലായ് നടക്കിയ പത്തുരൂപാനോട്ടും മോഡേണ്‍ ബ്രഡ് പൊതിയുടെ മെഴുകുകടലാസില്‍ പൊതിഞ്ഞ് തലേക്കെട്ടിന്റെ ഇടതുഭാഗത്ത് ചെവിക്ക് പുറകിലൂടെ തിരുകിവച്ചു. പൂവത്തിങ്ങേടെ കടയില്‍ നിന്ന് അഞ്ച് പൈസക്ക് ഒരുകൂട് അച്ചാര്‍ വാങ്ങിയപ്പോഴേക്കും ചാരായമെത്തി. അതൊരുവലിക്ക് അകത്താക്കി അച്ചാറും കടിച്ചീമ്പി പാമ്പ് മലവെള്ളത്തിലേക്കിറങ്ങി.
കുറെ ദൂരം വരെ പാമ്പിന്റെ തലയിലെ കള്ളിമുണ്ട്‌കെട്ട് പതിയെപ്പതിയെ നീങ്ങുന്നത് കരയിലെ ആള്‍ക്കൂട്ടം കയ്യടിച്ചും കൂകിയും പ്രോത്സാപ്പിച്ചുകൊണ്ടിരുന്നു. പോകപ്പോകെ തലേക്കെട്ട് ഒരു കറുത്തനിഴലായി പിന്നെയാ നിഴലും കാണാമറയത്തായി.

ആള്‍ക്കൂട്ടം വേലായ്‌തേട്ടന്റെ തിരിച്ച് വരവും
കാത്ത് അക്ഷമരായി നില്‍പ്പ് തുടങ്ങിയിട്ട് നേരമേറെയായി. ഉച്ചയായിട്ടും ആളെകാണാതായപ്പോള്‍ ശങ്കുണ്ണിയും ലോനക്കുട്ടിയും പരസ്പരം നോക്കി. അതുവരെയുണ്ടായിരുന്ന വീറും വാശിയും ചില സംശയങ്ങള്‍ക്കായി വഴിമാറി. ആള്‍ക്കൂട്ടം പിരിഞ്ഞുപോയിട്ടും രണ്ടുപേരും ഏറെനേരമവിടെ വേലായുധനായി കാത്തുനിന്നു, പിന്നെ അവരും സ്ഥലംവിട്ടു.

ഒരാഴ്ച കഴിഞ്ഞ് മലവെള്ളമിറങ്ങിയപ്പോള്‍ ലോനക്കുട്ടിയും ശങ്കുണ്ണിയും പരസ്പരം പറയാതെ പാമ്പ് നീന്തിയ വഴിയിലൂടെ പുളിഞ്ചോട് വരെ നടന്നു. അവിടെയെവിടെയും അവര്‍ കരുതിയപോലെ ചെളിയില്‍ പുതഞ്ഞു വീര്‍ത്ത പാമ്പിനെക്കണ്ടില്ല.

ചാരായമടിച്ച് നീന്തിക്കുഴഞ്ഞ് വെള്ളത്തില്‍ മുങ്ങി പുളിഞ്ചോട്ടിലെ പാലം കടന്ന് പാടം വഴി ആറ്റപ്പിള്ളി കടവിലെ ചെളിയിലെവിടെയെങ്കിലും വേലായ്തന്‍ പൂണ്ട് കിടക്കുന്നുണ്ടാവും എന്ന് ശങ്കുണ്ണ്യേട്ടന്‍ തന്റെ സംശയം പങ്കുവച്ചത് ചായക്കടയിലിരുന്ന് കേട്ട, എച്ചിപ്പാറക്കൂപ്പില്‍ ചായക്കട നടത്തുന്ന ചന്ദ്രേട്ടന്‍ വല്യശബ്ദത്തില്‍ ചിരിച്ചു. ചിരി നിര്‍ത്താന്‍ പെടാപാട് പെട്ട ചന്ദ്രേട്ടനെ നോക്കി ഇവനെന്തു പറ്റിയെന്ന് എല്ലാരും അമ്പരന്നു. ആ ചിരിക്കിടയില്‍
'പാമ്പൊന്നും ചത്തിട്ടില്ല്യ, അവന്‍ കൂപ്പില് എന്റെ ചായക്കടേല് പണിയെട്ക്കണണ്ട്'
എന്ന് പറഞ്ഞത് അപ്പോഴവിടെയാരും വിശ്വസിച്ചില്ലെങ്കിലും ആ വാര്‍ത്ത തെല്ലൊരാശ്വാസമായെല്ലാവര്‍ക്കും.

പാമ്പ് വേലായ്തന്‍ 2

തണുത്ത് വിറച്ച് പുളിഞ്ചോട്ടിലെ കലുങ്കിലേക്ക് വലിഞ്ഞുകയറി ഇരിപ്പുറപ്പിക്കുമ്പോഴേക്കും, മലവെള്ളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സംഘം ചേര്‍ന്ന് ഉരുണ്ടുകൂടിയ ചോന്നുറുമ്പുകള്‍ ശരീരത്തില്‍ പടര്‍ന്നുകയറി കടിച്ചുതുടങ്ങി.
തലയില്‍ക്കെട്ടിയ ഉടുമുണ്ടഴിച്ച് മേലെല്ലാം തുടച്ച് നനഞ്ഞതെല്ലാം ഊരിപ്പിഴിഞ്ഞുടുത്ത് നേരെ പൗണ്ട് കവലയില്‍നിന്ന് പുഴയിലേക്ക് തിരിയുന്നിടത്തെ ചാരായ ഷാപ്പിലേക്ക് നടന്നു.
മുന്‍കൂര്‍ കാശ്കൊടുത്ത് നിന്നനില്‍പ്പില്‍ത്തന്നെ കാക്കുപ്പിയുടെ അലൂമിനിയമടപ്പ് കടിച്ചൂരി റാക്ക് വായിലേക്കൊഴിച്ച് ഒന്ന് കുല്‍ക്കുഴിഞ്ഞ് ഇറക്കിയപ്പോള്‍ ഒരാശ്വാസം. പനമ്പുതട്ടിയില്‍ ഞാത്തിയ, നിത്യോപയോഗം തിടംവപ്പിച്ച നൂലുകൊണ്ട് താറാമുട്ട പകുത്ത്
ചില്ലുകുപ്പിയിലെ കുരുമുളകുപൊടിയും ഉപ്പും തൂകി വായിലിട്ടൊന്ന് ഒതുക്കി വിഴുങ്ങി എല്ലാരും കേള്‍ക്കെ ഒരേമ്പക്കവും പിന്നാലെയൊരു വളിയുമിട്ട് നീറിക്കത്തുന്ന ചാക്കുനൂലില്‍ നിന്ന് ആപ്പിള്‍ ബീഡിക്ക് തീകൊളുത്തി ആഞ്ഞുവലിച്ചൂതി പാമ്പ് കവലയിലേക്ക് നടന്നു.

തിരികെയിനി നീന്തിക്കേറല്‍ അത്ര എളുപ്പമല്ല തന്നെയുമല്ല കാശും ചാരായവും മുന്‍കൂര്‍ കിട്ടിയതുകൊണ്ട് അതിനൊരുത്സാഹവുമില്ല. ലോനുട്ട്യേട്ടനും ശങ്കുണ്യേട്ടനും അവടെ കോറേനേരം നിന്ന് കാലുകഴക്കുമ്പോള്‍ വീട്ടീപ്പൊക്കോളും. അവരാരും അടുത്തില്ലാത്തതുകൊണ്ട് പാമ്പിന് പതിവില്ലാത്തൊരു ധൈര്യം. പൗണ്ടിന്റെയവിടന്നു പാലപ്പിള്ളിക്കുള്ള വഴിക്ക് നടന്ന് മഠത്തിന്റയവിടെ ഇടത്തോട്ട് താഴോട്ടിറങ്ങി ഊടുവഴിതാണ്ടി പാലാംബ്രത്തോട് നീന്തിക്കടന്നാല്‍ കൈമളുടെ വളപ്പിനടുത്തെത്താം പിന്നെ വീട്ടിലേക്ക് വിളിപ്പാട് ദൂരം മാത്രം. പൊട്ടമ്പാടത്ത് മലവെള്ളം കേറിയതുകൊണ്ട് ആരും അന്വേഷിച്ചെത്തില്ല. ആകെയുള്ള പ്രശ്‌നം കൊപ്രമ്പുകാര് കണ്ടാല്‍ മഴക്ക്മുമ്പ് വാങ്ങിയ നെല്ലിന്റെ കാശ് ചോദിക്കും. കാശ് കൊടുത്തില്ലെങ്കില്‍ പറമ്പില്‍ തെങ്ങിന് തടമെടുത്ത് കൊടുക്കണം. കൈക്കോട്ടെടുത്ത് കിളക്കാന്‍ വയ്യാത്തത്‌കൊണ്ട് അതും ശര്യാവില്ല. അത് പോട്ടെ മഴ മാറ്യാല്‍ കോത കണ്ടത്തില്‍ പണിയെടുത്ത് കടം വീട്ടിക്കൊള്ളും.

'ടാ പാമ്പേ..' മൊയലന്റെ പലചരക്ക്കടയില്‍നിന്നൊരു വിളി പാമ്പിനെയൊന്ന് ഞെട്ടിച്ചു. അതുവരെ ആലോചിച്ചതെല്ലാം ഞൊടിയിടയില്‍ പേടിച്ചെവിടെയോ പതുങ്ങിയൊളിച്ചു. ഹോ..ചന്ദ്രേട്ടനാണ്, കൂപ്പിലെ ചായക്കടയിലേക്ക് സാമാനം വേടിക്കാന്‍ വന്നതാണ്. മലവെള്ളം കാരണം വരന്തരപ്പിള്ളിയില്‍ പോകാന്‍ പറ്റാത്തതുകൊണ്ടാണ് ഇവിടന്ന് വാങ്ങണത്. അല്ലെങ്കില്‍ കൊവേന്തപ്പള്ളിക്ക് മുമ്പിലെ ഉമ്പാവുന്റെ കടയില്‍ നിന്നേ ചന്ദ്രേട്ടന്‍ സാമാനം വാങ്ങൂ.

ജീപ്പിലേക്ക് സാധങ്ങള്‍ എടുത്ത് വക്കുമ്പോള്‍ പാമ്പ് ചിരിക്കുന്നകണ്ട് ചന്ദ്രേട്ടന്‍ ചോദിച്ചു 'എന്താണ്ടാ നെനക്കൊരു ഇളി' ചന്ദ്രേട്ടന് കാര്യം മനസ്സിലായി, പട്ടയും പൂവും ഉണ്ടശര്‍ക്കരയും കണ്ടാണവന്റെ ഇളി. ഈ തണുപ്പത്ത് അട്ടകടിയും കൊണ്ട് എച്ചിപ്പാറ കൂപ്പില്‍ കഴിയണമെങ്കില്‍ വാറ്റ് ചാരായം തന്നെ വേണം. കയ്യാളായി പാമ്പുണ്ടെങ്കില്‍ അവന്‍ കാര്യങ്ങളൊക്കെ നോക്കിക്കോളും.
ജീപ്പിന്റെ പുറകില്‍ ആപ്പിള്‍ ബീഡി വലിച്ച് ചാടിത്തുള്ളിയിരിക്കുമ്പോള്‍ പാമ്പ് വീട്ടില്‍ ഒറ്റക്കിരിക്കുന്ന കോതയെ ഓര്‍ത്തു. ഈ തണുപ്പത്ത് കോതേം കൂടി വേണ്ടതാര്‍ന്നു.

(പാമ്പ് വേലായ്തന്‍ 3)
കോതപുരാണം
കുഞ്ഞോന്‍കുമാരന്റമ്മ കുറുമ്പ കോന്ത്യലമ്പാടത്ത് കൊയ്യാമ്പോയപ്പോഴാണ് കോതയെ ആദ്യമായി കണ്ടത്. കുനിഞ്ഞുനിന്നു കൊയ്യുന്ന കോതയുടെ ചന്തിയില്‍ അരിവാള്‍പ്പിടികൊണ്ട് കുത്തി കുറുമ്പ പതിവ് കുനിഷ്ട് ചോദ്യമെടുത്തിട്ടു 'എന്താണ്ടീ നെനക്കിങ്ങനെ നിന്നാ മത്യാ..ആടത്തെ പൂപ്പായ്യൊക്ക്യൊന്ന് കളേണ്ടേ'

' യ്യേ... ഈ കുറുമ്പമ്മായ്‌ടെ ഒരുകാര്യം..ഒരു നാണോല്യാണ്ട്...' കോതയുടെ ഇക്കിളിയൊളിപ്പിച്ച മറുപടി കേട്ട് കുറുമ്പ കുലുങ്ങിച്ചിരിച്ചു.

ഇവളെ കുഞ്ഞോനെക്കൊണ്ട് കെട്ടിച്ചാലോ എന്നാലോചിച്ചെങ്കിലും നിവര്‍ന്നുനിന്ന കോതേടെ തലേം മൊലേം കുഞ്ഞോന്റെ തലക്കും മോളിലാണെന്ന് കണ്ടപ്പോള്‍ അത് വേണ്ടെന്ന് വച്ചു. അല്ലേലും വല്യ പത്രാസുകാരന്‍ ഡ്രൈവറായ കുഞ്ഞോന് പാടത്ത് പണിയെടുക്കുന്ന കോതേനെ പിടിക്കില്ല.
കൊയ്തും കറ്റകെട്ടും ചുമക്കലും മെതിയും പതിര് പാറ്റലിനുമെല്ലാം കുറുമ്പക്ക് കൂട്ട് കോതയുണ്ടായിരുന്നു. പതമളന്നപ്പോള്‍ ഒരു പങ്ക് കോതക്ക് നീക്കിവച്ച് കുറുമ്പ പറഞ്ഞു 'അട്ത്ത ചിങ്ങക്കൊയ്ത്തിന് മുമ്പ് നെന്റെ കുളി തെറ്റിക്കാന്‍ ഞാനാളെ വിട്ണ്ണ്ട്'
എള്ളെണ്ണ തേച്ച തലമുടിയിലൊരു കുരുവിക്കൂടും പഴുതാര മീശയും കള്ളിവരയന്‍ കുപ്പായവുമിട്ട്, കഞ്ഞിവെള്ളത്തില്‍ മുക്കിയുണക്കിമടക്കി വടിപോലെ നില്‍ക്കുന്ന മല്‍മല്‍ മുണ്ടുടുത്തൊരാള്‍, മുള്ളുവേലിയിലെ മരക്കഴ നീക്കി മുറ്റത്തേക്ക് കാലുവച്ചത് കോത പാത്യാമ്പുറത്തെ മരയഴിക്കിടയിലൂടെക്കണ്ടു.

ഇതാരാണപ്പ കലത്തിലൊന്നൂല്ല്യാത്ത ഉച്ചനേരത്ത് വിരുന്ന് വരണതെന്ന് നോക്കാന്‍ ഉമ്മറത്തേക്ക് ചെല്ലുമ്പഴേക്കും
'ഇബടാരൂല്യേ' എന്ന ചോദ്യം തെല്ലൊരിടര്‍ച്ചയോടെയകത്തേക്കെത്തി.

'കുറുമ്പമ്മായി പറഞ്ഞിട്ട് വന്നതാ..അപ്പനില്ല്യേ വ്ടെ'

തിണ്ണയിലിരിക്കാന്‍ കൈതയോലത്തടുക്കെടുത്തിട്ട് , 'അപ്പന്‍ കൊപ്രമ്പില് പണിയണ്ണ്ട്...ആരാ.. എവ്ടന്നാ..' ന്നൊക്കെ ചോദിച്ചെങ്കിലും ഇതിനൊന്നും മറുപടി പറയാതെ, വന്നോന്‍ ഒരിടയൊന്ന് ശങ്കിച്ച് നിന്ന് തിരികെപ്പോണത് തെല്ലൊരാന്തലോടെ കോത നോക്കിനിന്നു.

ഇതിപ്പൊ എന്താണ്ടായേ ഓരെന്തിനാ പിന്നാക്കം പോയേ എന്നൊക്കെ അതിശയിച്ച്, കോത വേലിക്കലേക്ക് അന്തംവിട്ട് നോക്കിനിന്നനേരം, തോളില്‍ വച്ച കൈക്കോട്ടില്‍ ഇടത്തേകയ്യിട്ട് പിടിച്ച് നടന്നുവരുന്ന അപ്പന്റെ പിന്നില്‍ കുരുവിക്കൂട് തല തെളിഞ്ഞത്.

നെനക്കെന്താ വേലായ്താ പണി, പൊരേലാരൊക്ക്യേണ്ട്, നെന്റെ കൂടെന്ത്യേ ആരും വരാഞ്ഞേ..... ചുടുകഞ്ഞിവെള്ളം മോന്തി തുരുതുരാന്നൊള്ള അപ്പന്റെ ചോദ്യങ്ങള്‍ കേട്ടപ്പോത്തന്നെ കോതക്ക് കാര്യം പിടികിട്ടി, അപ്പൊ കുറുമ്പമ്മായി പറഞ്ഞ ആളിതാണ്.

കോതേടപ്പനൊരു തെറുപ്പ് ബീഡി നീട്ടിയത് വേണ്ടെന്ന് പറഞ്ഞത് ബഹുമാനം കൊണ്ടാണെന്ന കോതയുടെ തെറ്റിദ്ധാരണ ഞൊടിയിടയില്‍ തിരുത്തി വേലായ്തന്‍ മടിക്കുത്തില്‍ നിന്ന് ആപ്പിള്‍ ബീഡിയെടുത്ത് ചുണ്ടില്‍ വച്ച് വാതില്‍പ്പടിയില്‍ പാതി മറഞ്ഞുനിന്ന കോതയോട് ചോദിച്ചു

'ഇച്ച്രി തീ'

അടുപ്പിലെരിഞ്ഞ തെങ്ങിന്‍പട്ടത്തുണ്ടിലെ കനല്‍ ഊതിപ്പെരുപ്പിച്ച് വേലായ്തന് നീട്ടുമ്പോള്‍ വീര്‍പ്പുമുട്ടിയ റൗക്കയിലേക്കയാളുടെ കാക്കനോട്ടം വീണത്

കോത കണ്ടു. കോതയെ പെണ്ണുകാണാന്‍ വന്ന ആദ്യത്തെയാളൊന്നുമല്ല വേലായ്തന്‍. മുമ്പ് വന്നവര്‍ക്കൊക്കെ കോതക്കൊപ്പം കന്നും കമ്മലും വേണന്ന് പറഞ്ഞപ്പൊ, നെനക്ക് കന്നൂല്ല്യ കമ്മലൂല്ല്യ കോതേംല്ല്യ എന്ന് പറഞ്ഞ് ആട്ടിയിറക്കിയ അപ്പന്റെ മുമ്പില്‍ 'എനക്ക് കോതേനെ മാത്രം മതി ഓളെ കെട്ടിച്ച് തരോ' എന്ന് ചോദിച്ച വേലായ്തന്‍ കോതേടെ മനസ്സില്‍ കൈതോലത്തടുക്കെടുത്തിട്ടതിലിരിപ്പുറപ്പിച്ചു. 
Join WhatsApp News
SAIDALAVI 2018-03-07 05:06:02
വാരാന്തരപ്പിള്ളി ഭുമി ശാസ്ത്രം കിറ് കൃത്യം പബിനേ ഓര്‍മ വരുന്നില്ല.
താങ്ങള് വല്ലര്‍നിരിക്കുന്നു.ഇനി ഒന്നും നോക്കാനില്ല. ശിഷട്ട ജീവിതം സാഹിത്യം രചന തന്നെ അഭികാംമ്യം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക