Image

ഞാന്‍ മലയാളി-ഓരോ കനേഡിയന്‍ മലയാളിയും ഉറച്ച സ്വരത്തില്‍ പറയാന്‍ സമയമായി (ജയ് പിള്ള)

Published on 05 March, 2018
ഞാന്‍ മലയാളി-ഓരോ കനേഡിയന്‍ മലയാളിയും ഉറച്ച സ്വരത്തില്‍ പറയാന്‍ സമയമായി (ജയ് പിള്ള)
കുടിയേറ്റ രാജ്യം ആയ കാനഡയില്‍ മലയാളികളുടെ സാന്നിധ്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന രീതിയില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കാനഡയില്‍ പി ആര്‍ ആയും,തൊഴില്‍ തേടിയും,വിദ്യാഭ്യാസ വിസയില്‍ വരുന്നവരുടെയും മലയാളികളുടെ എണ്ണം ഗണ്യമായി കൂടിയിരിക്കുന്നു.കാനഡയിലെ മലയാളികളുടെ കുടിയേറ്റ പാരമ്പര്യം അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ പ്രത്യേകിച്ച് എടുത്തു പറയത്തക്ക നേട്ടങ്ങള്‍ ഒന്നും തന്നെ പൊതു സമൂഹത്തില്‍,അതായത് നാനാ ജാതി മത,ഭാഷക്കാരുടെ ഇടയില്‍ മലയാളികള്‍ക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന് വേണം പറയുവാന്‍.ഇനി അഥവാ കഴിഞ്ഞിട്ടുണ്ട് എങ്കില്‍ തന്നെ അത് നമുക്കിടയില്‍ ഒരുഏതെങ്കിലും ഒരു പ്രത്യക വിഭാഗങ്ങള്‍ക്ക് ഉള്ളില്‍ മാത്രം അറിവുള്ള കാര്യങ്ങളും ആണ്.ചില പ്രമുഖരും,പ്രഗത്ഭരും,വിവിധ തസ്തികകളില്‍,മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ നമുക്ക് മലയാളികള്‍ക്ക് ഉണ്ട് എങ്കിലും അവരില്‍ ഭൂരി ഭാഗവും,മലയാളി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും വളരെ അകലംത്തില്‍ ആണ് ഉള്ളത്.

എങ്ങിനെ ഇത് സംഭവിച്ചു എന്നതിന് അവരെയും,ആരെയും പഴിച്ചിട്ടോ,കുറ്റം പറഞ്ഞിട്ടോ യാതൊരു വിശേഷവും ഇല്ല.കാരണം നാടും വീടും,കുടുംബവും,ബന്ധുക്കളെയും ഉപേക്ഷിച്ചു മൂന്നും നാലും പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ അവര്‍ കാനഡയില്‍ കുടിയേറുമ്പോള്‍ ഉണ്ടായിരുന്ന, സാഹചര്യവും,അവര്‍ക്കു നേരിടേണ്ടി വന്ന ബുദ്ധി മുട്ടുകളും,പ്രശ്‌നങ്ങളും ആണ് അവരെ ആ വഴിയില്‍ ആക്കി തീര്‍ത്തത്.ഇങ്ങനെ ഒരു അകല്‍ച്ച ഉണ്ടായിട്ടുണ്ട് എങ്കില്‍ തന്നെയും അത് ആ കാലഘട്ടത്തിന്റെ പ്രത്യേകത കൂടി ആയിരുന്നു.

അഞ്ചു പതിറ്റാണ്ടു കള്‍ക്കും,മൂന്നു പതിറ്റാണ്ടുകള്‍ക്കും മുന്‍പേ ടൊറന്റോ,മലയാളി സമാജവും,മിസ്സിസ്സാഗ കേരള അസോസിയേഷനും,ഹാമില്‍ട്ടണ്‍,ലണ്ടന്‍ മലയാളി സമാജങ്ങളും ഇങ്ങനെ ഒരു അകലം ഉണ്ടാകാതിരിയ്ക്കുവാന്‍ വേണ്ടി ആണ്‌ലയാളികളെ കൂട്ടി ഇണക്കിയത്,ഒരു മിപ്പിച്ചത്. ഈ മലയാളി കൂട്ടായ്മകളും.അതിനു ശേഷം നിരവധി മലയാളി കൂട്ടായ്മകള്‍ കാനഡയില്‍ ജന്മം കൊണ്ടു.അതില്‍ സാമൂഹിക സംഘടനകളും,സാമുദായിക സംഘടനകളും,ഉള്‍പ്പെടുന്നു.
പല കൂട്ടായ്മകളും ഇന്നും ശൈശവത്തില്‍ ആണെങ്കിലും ഹൃദയപൂര്‍വം, 30 കാരുണ്യ പദ്ധതികള്‍,ഹെല്പിങ് ഹാന്‍ഡ് എന്നിവ എടുത്തു പറയേണ്ട ചില കാരുണ്യ പദ്ധതികകള്‍ വഴി മലയാളി കൂട്ടായ്മകള്‍ സമൂഹത്തിനു നല്‍കിയ സേവനം വലുത് തന്നെ ആണ്.ഇതിന്നിടയില്‍ സംഘടനകളും,കൂട്ടായ്മകളും മറന്നു മലയാളി സമൂഹം ഒന്നിച്ചു നിന്ന് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നിരവധി പ്രശ്‌നങ്ങളും,സംഭവങ്ങളും നമുക്കിടയില്‍ ഉണ്ടായിട്ടും ഉണ്ട് .
ഇങ്ങനെ ഒക്കെ ആണെങ്കിലും നമ്മുടെ മലയാളികളുടെ കാനഡയില്‍ ഉള്ള പ്രാതിനിധ്യം മുഖധാരയിലേയ്ക്ക് എത്തിക്കുവാന്‍,സര്‍ക്കാരിന്റെ കടലാസുകളില്‍ മലയാളികള്‍ എന്ന ഒരു ലക്ഷത്തോളം വരുന്നവര്‍ ഉണ്ടെന്നും ,അതില്‍ മൂന്നില്‍ രണ്ടു ഭാഗവും ഒന്റാറിയോവില്‍ സ്ഥിര താമസക്കാര്‍ ആണെന്നും ഉള്ള ഡാറ്റ ഇല്ല എന്ന് തന്നെ വേണം ഉറപ്പിച്ചു പറയുവാന്‍.തൊഴില്‍ ലഭ്യത ഉറപ്പു വരുത്തുന്നതിന് വേണ്ടി ആദ്യകാല കുടിയേറ്റക്കാര്‍ ചെയ്ത ന്യായമായ കാര്യം പിന്നീട് കാനഡയില്‍ വരുന്ന ഭൂരിഭാഗം മലയാളികളും തുടര്‍ന്ന് വന്നു എന്നത് മാത്രമാണ് ഇതിനുള്ള കാരണവും.

ജന്മം കൊണ്ട് നമ്മള്‍ മലയാളികള്‍ ആണെങ്കിലും,കര്‍മ്മം കൊണ്ട് വിദേശിയും,ഭാഷകൊണ്ട് ആംഗലേയനും ആയതിനാല്‍ വന്ന ഒരു കുറവ് മാത്രമാണിത്.വിമാനത്താവളത്തില്‍ ആദ്യമായി ഡോക്യൂമെന്റഷന്‍ ചെയ്യുമ്പോള്‍ മാതൃഭാഷ/ വീട്ടില്‍ പൊതുവായി സംസാരിക്കുന്ന ഭാഷ ഇന്ഗ്ലീഷ് എന്ന് പറയുമ്പോള്‍ ,ആ ഭാഷ അറിയില്ല എങ്കിലും നമുക്ക് കാര്യങ്ങള്‍ ലളിതമാകും എന്ന തെറ്റിധാരണയാണ് ആദ്യത്തെ തെറ്റ്.നമ്മുടെ മാതൃഭാഷ മലയാളം ആണെന്ന് പറയുന്നതില്‍ യാതൊരു വിധ തെറ്റും കാനഡയില്‍ ഇല്ല എന്ന് മാത്രം അല്ല അത് കൂടുതല്‍ ഗുണം ചെയ്യുകയേ ഉള്ളൂ എന്ന് നമ്മള്‍ ഓരോരുത്തരും,ഇനി വരാന്‍ ഇരിക്കുന്നവരും മനസ്സിലാക്കേണ്ടി ഇരിക്കുന്നു.ഭാഷാ പരമായി നാം നേരിടുന്ന ഏതു പ്രശ്‌നങ്ങള്‍ക്കും കനേഡിയന്‍ സര്‍ക്കാര്‍ തര്‍ജ്ജമയ്ക്കായി ആഫീസര്മാരെ നിയമിച്ചിട്ടും ഉണ്ട്.

നാം മലയാളികള്‍ എന്ന് പറയാതെ മറച്ചു വയ്ക്കുമ്പോള്‍ സര്‍ക്കാര്‍ നമുക്കായി മാറ്റി വച്ചിരിക്കുന്ന തൊഴിലുകള്‍,മറ്റു ആനുകൂല്യങ്ങള്‍ നാം സ്വയം നിരസിക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ നാം സായിപ്പ് ആകുന്നും ഇല്ല .

ഇവിടെ പറഞ്ഞു വരുന്ന കാര്യങ്ങള്‍ക്കു വളരെ പ്രസക്തി ഉള്ള ഒന്നാണ് നമ്മുടെ മാതൃഭാഷ കാനഡയില്‍ ഒഫീഷ്യല്‍ ഭാഷ ആയി നാം ഓരോരുത്തരും റെക്കോര്‍ഡ് ചെയ്യുക എന്നത്.
എന്റെ ഒരു സമീപകാല അനുഭവം മാത്രം പറയാം " ഞാനും നിങ്ങളും പി ആര്‍,അതുമല്ല എങ്കില്‍ കനേടിയന്‍ പൗരത്വം ഉള്ളവര്‍ ആണ്.ഒരു പ്രത്യേക ആവശ്യത്തിനായി ബ്രാംപ്ടന്‍,മിസ്സിസ്സാഗ,സ്കാര്‍ബറോ എന്നിവിടങ്ങളിലെ പാര്‍ലമെന്റ് മെമ്പര്മാരുമായി പല ദിവസങ്ങളില്‍ നടത്തിയ കൂടി കാഴ്ചയില്‍ അവര്‍ക്കെല്ലാവര്‍ക്കും അറിയേണ്ടുന്നത് ഒന്ന് മാത്രം,നിങ്ങള്‍ മലയാളികള്‍ എത്ര പേര് വരും ഒന്റാറിയോവില്‍/ കാനഡയില്‍.ഒരു ലക്ഷം എന്ന് പറഞ്ഞപ്പോള്‍ ഡാറ്റയില്‍ മലയാള ഭാഷ സംസാരിക്കുന്നവര്‍ വെറും കാല്‍ ലക്ഷം പോലും ഇല്ല എന്ന കണക്കാണ് സര്‍ക്കാരില്‍ ഉള്ളത്.അത് കൊണ്ട് തന്നെ ഒന്റാറിയോവില്‍ വിവിധ പ്രദേശങ്ങളില്‍ ഉള്ള ഈ ചെറിയ വോട്ടിങ് ബാങ്കിന് വേണ്ടി സമയം കളയാന്‍ വര്‍ക്ക് നേരം ഇല്ല എന്ന് സാരം."ഇത് അവര്‍ ചെയ്‌തെതെറ്റോ? അതോ നമ്മള്‍ ഓരോ മലയാളിയും ചെയ്ത തെറ്റോ?

നമ്മുടെ മലയാളി സമൂഹം വളരുകയാണ് എന്നതിന് തെളിവാണ് ദിനം പ്രതി ഉണ്ടാകുന്ന മലയാളി കൂട്ടായ്മകള്‍,സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍.ഓരോ കൂട്ടായ്മകളും കാനഡയിലെ ജന പ്രതിനിധികളെ ആദരിക്കാറുണ്ട്.എന്തിനു വേണ്ടി അവര്‍ സ്വന്തമായി നേടിയ നേട്ടങ്ങളെ നാം ആദരിച്ചു അവാര്‍ഡ് കൊടുക്കുന്നു.നമ്മില്‍ പെട്ട ഒരു മനുഷ്യജീവന്,അസുഖങ്ങള്‍,അകാല മരണം സംഭവിക്കുമ്പോള്‍ ഈ ജന പ്രതിനിധികളെ നാം സമീപിച്ചിട്ടുണ്ടോ?അധവാ ഉണ്ടെങ്കില്‍ ഡാറ്റ ബാങ്ക്,റൈഡിങ് എന്നിവ കമ്പ്യൂട്ടറില്‍ തപ്പി നമ്മോടു അവര്‍ നമ്മോടു ചോദിക്കുന്നു നിങ്ങള്‍ ഇന്ത്യയില്‍ നിന്നോ അതോ ശ്രീലങ്കയില്‍ നിന്നോ? !

അടുത്ത കാലത്തു നിരവധി അപകട മരണങ്ങളും,ഗുരുതര രോഗങ്ങളും,ഒക്കെ ആയി മലയാളി സമൂഹത്തിനു തീര്‍ത്താല്‍ തീരാത്ത ദുഃഖങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഇതില്‍ എല്ലാ മലയാളികളും ഒത്തു ചേര്‍ന്നിട്ടും ഉണ്ട്.അതിനു ചുക്കാന്‍ പിടിച്ച നിരവധി മലയാളി സംഘടനകള്‍ നമുക്ക് ഇന്ന് ഉണ്ട്.ഇങ്ങനെ ഒക്കെ ആണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നമുക്ക് ന്യായമായി ലഭിക്കാനുള്ള സഹായം ലഭ്യമാക്കുന്നതിന് ഉള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പുനര്‍ അവലോകനം നടത്തേണ്ടി ഇരിക്കുന്നു,സാംസ്കാരിക,കലാ സാഹിത്യ പരിപാടികളില്‍,മറ്റു ഉത്സവ ആഘോഷങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നത് പോലെ തന്നെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ പൊതുവായ ഒരു ധാരണയും,അതിന്നു വേണ്ടി സ്ഥായിയായ ഒരു സര്‍ക്കാര്‍ സ്രോതസും കണ്ടെത്തേണ്ടിയിരിക്കുന്നു . എല്ലാവരും ഒറ്റക്കെട്ടായി രോഗങ്ങള്‍മൂലവും,മറ്റു തീവ കുടുംബ പ്രശ്‌നങ്ങളിലും ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാന്‍,സീനിയര്‍ ആയിട്ടുള്ള നമ്മുടെ മുന്‍ കുടിയേറ്റക്കാരെ സഹായിക്കുവാന്‍ വേണ്ടുന്ന ഫണ്ട് സ്വരൂപിക്കുവാന്‍ നാം സര്‍ക്കാരില്‍ ബന്ധപ്പെടേണ്ടിയിരിക്കുന്നു.ഇത് നമ്മുടെ മാത്രം ആവശ്യം അല്ല .ഇനി വരാനിരിക്കുന്ന പുതിയ മലയാളി കുടിയേറ്റക്കാരുടെയും,നമുക്ക് മുന്നില്‍ ആരും അറിയപ്പെടാതെ ഏകാന്ത ജീവിതം നയിക്കുന്ന പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കാനഡയില്‍ വന്ന മലയാളികള്‍ക്കും വേണ്ടിയാണ്.നാം ഓരോ കുടിയേറ്റ മലയാളിയും കടന്നു വരുന്നതും നടന്നു മുന്നേറുന്നത് ഒരേ പാതയിലൂടെ ആണ്.

ഓരോ അത്യാഹിതങ്ങളും എപ്പോള്‍ ആണ് സംഭവിക്കുന്നത് എന്നത് ആര്‍ക്കും നിശ്ചയമില്ല.അതിനാല്‍ നിങ്ങള്‍ ഓരോ മലായി കൂട്ടായ്മകളും ഒന്നായി നാം മലയാളി സമൂഹം ഇന്ന് നേരിടുന്ന തൊഴില്‍,പുനരധിവാസം,ചികത്സ,കുടുംബാങ്ങങ്ങളുടെ വേര്‍പാടില്‍ ബുദ്ധിമുട്ടുന്നവര്‍,ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവര്‍,പെട്ടെന്നുണ്ടാകുന്ന മരണം,നിയമ പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും,അതിനു പരിഹാരം ആയി സര്‍ക്കാരിലേക്ക്,ഇന്ത്യന്‍ കോണ്‍സല്‍ ജനറലിലേയ്ക്ക് നമ്മുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു ഒന്നായി ഒരു ഒപ്പു ശേഖരണം നടത്തി സമര്‍പ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

വരുന്ന ഇലക്ടറല്‍,സര്‍വേയില്‍,ജനസംഖ്യാ കണക്കെടുപ്പില്‍ നാം കുടുംബത്തില്‍ സംസാരിക്കുന്ന ഭാഷ,മലയാളം ആണ് എന്ന് തറപ്പിച്ചു പറയുവാനും,എഴുതി റെക്കോര്‍ഡ് ആക്കുവാനും നാം ഓരോ മലയാളിയും പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു.പഞ്ചാബി,തമിഴ്,ഹിന്ദി,ഗുജറാത്തി,ശ്രീലങ്കന്‍,ചൈന എന്ന് പറഞ്ഞു ഓരോ മേഖലകളും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വീതം വയ്ക്കുമ്പോള്‍ വിദ്യാഭ്യാസ പരമായും,സാംസ്കാരിക ചിന്തകളിലും എന്നും അടിയുറച്ചുനിന്ന മലയാളികള്‍ ഭാഷയുടെ പേരില്‍ പിന്തള്ളപ്പെടുന്നു.

വരാനിരിയ്ക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മലയാളി കളുടെ സാന്നിധ്യം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലൂടെ ഉറപ്പു വരുതെണ്ടിയിരിക്കുന്നു.വര്‍ക്കിങ് ക്ലാസ്സ് എന്ന ലേബല്‍ മാറ്റി നമുക്ക് ലഭിച്ചിരിക്കുന്ന വിദ്യാഭ്യാസത്തിനു ഉതകുന്ന രീതിയില്‍ ഉള്ള പ്രാധിനിത്യം,തൊഴില്‍ ബിസ്സിനസ്സ്,രാഷ്ട്രീയം എന്നീ മേഖലയില്‍ സ്വയം നേടിയെടുക്കുന്നതിന് കൂട്ടായ ഒരു പ്രവര്‍ത്തനം നമുക്കിടയില്‍ ഉണ്ടാകേണ്ടതുണ്ടു.അതിനുള്ള പ്രധാന ഘടകം ആണ് നമ്മുടെ പ്രധാന ഭാഷയായ "മലയാളം" കാനഡയിലെ ന്യൂനപക്ഷ ഭാഷയായ മലയാളത്തിനും ,മലയാളിയ്ക്കും ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി,തൊഴിലുകള്‍ക്കു വേണ്ടി,സീനിയര്‍ കെയര്‍ സെന്ററുകള്‍ക്കുവേണ്ടി,അത്യവശ്യ ഘട്ടങ്ങളില്‍ കിട്ടേണ്ടുന്ന സഹായങ്ങള്‍ക്ക് വേണ്ടി നമുക്ക് ശബ്ദം ഉയര്‍ത്തണം എങ്കില്‍ എന്റെ ഭാഷ മലയാളം ആണെന്നും,ഞാന്‍ മലയാളി ആണെന്നും നാം ഉച്ചത്തില്‍,ഉറച്ച സ്വരത്തില്‍പറയേണ്ടിയിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക