Image

ദുരന്തം സൃഷ്ടിക്കുന്ന എആര്‍ 15 ചിലര്‍ക്ക് പ്രതിനായകനല്ല. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 06 March, 2018
ദുരന്തം സൃഷ്ടിക്കുന്ന എആര്‍ 15 ചിലര്‍ക്ക് പ്രതിനായകനല്ല. (ഏബ്രഹാം തോമസ്)
വീഡിയോ ഗെയിമുകളുടെ ആരാധകനായി മാറിയ ജെഫ് സ്വാരേ ഇപ്പോള്‍ എആര്‍ 15 റൈഫിളിന്റെ വലിയ ആരാധകനാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ റൈഫിള്‍ കൊണ്ടു നടക്കുന്നു. മറൈന്‍ പോരാളിയായിരുന്ന ജെസ്സി ഫ്‌ളെച്ചര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ ഒരു ബോംബിന് മുകളില്‍ കാല്‍ വയ്ക്കുക വഴി രണ്ട് പാദങ്ങളും നഷ്ടപ്പെട്ടു. അയാള്‍ക്ക് അയാളുടെ പഌറൂണ്‍ ഒരു റൈഫിള്‍ നല്‍കി. ടെക്‌സാസിലെ ഒരു പോലീസ് ഓഫീസറായ  ജെസിക്ക ഡെറാന്റസ് തന്റെ എആര്‍ 15 ഇല്ലാതെ പെട്രോളിംഗിന് പോവുകയില്ല. ഇവര്‍ പങ്കുവെയ്ക്കുന്ന തോക്കിനോടുള്ള വിധേയത്വം കഴിഞ്ഞ കുറെ ദശകങ്ങളായി അമേരിക്കയുടെ തോക്ക് സംസ്‌ക്കാരത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. ഇതിന്റെ പ്രതീകാത്മകമായ നിരൂപം പെട്ടെന്ന് തിരിച്ചറിയാവുന്നതും ധ്രൂവീകരണം സൃഷ്ടിയ്ക്കുന്നതുമാണ്.

വിഭിന്ന സാഹചര്യങ്ങളുടെ ഒത്തുചേരലിലൂടെയാണ് എആര്‍ 15 അമേരിക്കയുടെ തോക്ക് സംസ്‌കാരത്തില്‍ അതിന്റെ സ്ഥാനം നേടിയത്. തോക്ക് വ്യവസായ പണ്ഡിതരും, ലോബിയിസ്റ്റുകളും അഭിഭാഷകരും അടങ്ങുന്ന പതിനഞ്ചു പേര്‍ ഈ തോക്കിനോടുള്ള ആരാധന ഈയിടെ അഭിമുഖങ്ങളില്‍ വ്യക്തമാക്കി. ഫെഡറല്‍ ഗവണ്‍മെന്റ് ആക്രമണകാരിയായി ആയുധങ്ങള്‍ക്ക് മേലുള്ള നിരോധം നീക്കിയത് 2004 ലാണ്. അപ്പോഴാണ് എആര്‍ 15 വിപണിയില്‍ പുനഃപ്രവേശം നടത്തിയത്. മിലിട്ടറിയില്‍ വലിയ താല്‍പര്യം ഉണ്ടായിരുന്ന കാലം. വീഡിയോ ഗെയിം സംസ്‌കാരത്തിന് തുടക്കം കുറിച്ച സമയം. പൊതുജനങ്ങള്‍ക്ക് ലഭ്യമായ ഒരു വിനോദമായി ഷൂട്ടിംഗ് ജ്വരം പടര്‍ന്ന് പിടിച്ചു.
തോക്കിനെ സ്‌നേഹിക്കുന്നവര്‍ ഇത് സാക്ഷ്യപത്രമാക്കി. സേനാംഗങ്ങള്‍ തിരികെ വരുമ്പോള്‍ എതിരേല്‍ക്കാനും റേഞ്ചുകളിലെ വിനോദത്തിനുമെല്ലാം ചിലര്‍ക്ക് താല്‍പര്യമുള്ള വസ്തുവായി തോക്ക്  മാറി. വളരെ ചുരുങ്ങിയ കാലം കൊണ്ട് ദുരന്തങ്ങളിലെ പ്രതിനായകനായി എആര്‍ 15 മാറി. കൂട്ടക്കുരുതിയുടെ ആയുധമായി ഇത് അറിയപ്പെട്ടു.

എന്നാല്‍ അമേരിക്കയില്‍ കുറെയധികം പേര്‍ക്ക് എആര്‍ 15 ഒരു തോക്ക് മാത്രമല്ല. വലിയ ഭാരമില്ല, കൃത്യമായി ലക്ഷ്യ സ്ഥാനത്തെത്തും, റീകോയില്‍ കുറവാണ്. ഇതാണ് കോള്‍ട്ട് ആര്‍മലൈറ്റ് 15 സ്‌പോര്‍ട്ടര്‍. 1960 ല്‍ വിപണിയിലെത്തിയത് മിലിട്ടറിയുടെ എം16 റൈഫിളിന്റെ സൈനികേതര പതിപ്പായാണ്. എം 16ന്റെ ഉപജ്ഞാതാവ് യൂജിന്‍ സ്റ്റോണറിന്റെ തന്നെ കണ്ടുപിടുത്തമായിരുന്നു ഇത്. പാറ്റന്റ് ചെയ്ത ഗ്യാസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പെട്ടെന്ന് വെടിവെയ്ക്കാനും റീലോഡിംഗ് ചെയ്യുവാനും കഴിയും. 20 റൗണ്ട് മാഗസിന്‍ വളരെ വേഗത്തില്‍ നിറയ്ക്കുവാനും അംഗങ്ങള്‍ വേര്‍തിരിക്കുവാനും കഴിയും. ആദ്യകാലത്ത് ഇത് പരസ്യപ്പെടുത്തിയത് വേട്ടക്കാര്‍ക്കും ക്യാമ്പിംഗ് നടത്തുന്നവര്‍ക്കും ശേഖരിക്കുന്നവര്‍ക്കും പ്രിയപ്പെട്ടതായിരിക്കും എന്ന വിശേഷണത്തോടെയാണ്.
നാഷ്ണല്‍ റൈഫിള്‍ അസോസിയേഷന്‍ ഇതിനെ വിശേഷിപ്പിക്കുന്നത് അമേരിക്കയുടെ റൈഫിള്‍ എന്നാണ്. 1977ല്‍ സ്റ്റോണറുടെ പാറ്റന്റ് കാലാവധി ഗ്യാസ് സിസ്റ്റത്തിന് അവസാനിച്ചപ്പോള്‍ പല ആയുധ നിര്‍മ്മാതാക്കളും അവരവരുടെ മോഡലുകള്‍ പുറത്തിറക്കി. എആര്‍15 എന്ന വാക്കുകള്‍ ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പല തരം തോക്കുകളുടെ വിശേഷണമായി മാറി. റെമിംഗ്ടന്‍ ബുഷ്മാസ്റ്റര്‍, ദ സ്മിത്ത് ആന്റ് വെസ്സണ്‍ എം ആന്റ് പി 15, ദ സ്പ്രിംഗ് ഫീല്‍ഡ് ആര്‍മറി സെയിന്റ് എന്നിവ അവയില്‍ ചിലതാണ്.
കഴിഞ്ഞ ദശകങ്ങളില്‍ അമേരിക്കന്‍ മിലിട്ടറി എം 16 ന്റെ പുറംഭാഗങ്ങളില്‍ ദൂരക്കാഴ്ചയ്ക്കും പിടിമുറുക്കത്തിനും ഫഌഷ് ലൈറ്റുകള്‍ക്കും മറ്റും വേണ്ടി മാറ്റങ്ങള്‍ വരുത്തി. സൈനികേതര വിപണിയും പിന്നോക്കം നിന്നില്ല. മാറ്റങ്ങളെല്ലാം അവിടെയും ഉണ്ടായി. ഇന്ന് തോക്ക് പ്രിയര്‍ എആര്‍15നെ വിശേഷിപ്പിക്കുന്നത് ദ എറക്ടര്‍ സെറ്റ് ഓഫ് ഫയര്‍ ആംസ് എന്നാണ്. ഉപയോഗിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഓണ്‍ലൈന്‍ മെസേജ് ബോര്‍ഡുകളും വീഡിയോ ഗെയിമുകളും പരസ്യങ്ങളും ഉണ്ട്. സെപ്തംബര്‍ 1994 ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഒപ്പുവച്ച നിയമപ്രകാരം കോണ്‍ഗ്രസ് അസ്വാള്‍ട്ട് വെപ്പണ്‍സ് എന്ന് വിശേഷിപ്പിച്ച തോക്കുകളെല്ലാം നിരോധിതമായി. സൈനികേതര ഉപയോഗത്തിന് നിര്‍മ്മിക്കുന്ന എആര്‍ 15 പോലെയുള്ള തോക്കുകളുടെ നിര്‍മ്മാണം നിലച്ചു. അസ്വാള്‍ട്ട് വെപ്പണ്‍ എന്ന വിശേഷണം പൊതുജനങ്ങള്‍ക്ക് പരിചിതമായത് കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ചയിലൂടെയാണെന്ന് പറയാം.

നിരോധത്തിന് ശേഷം പോലീസ് പിടിച്ചെടുത്ത അസ്വാള്‍ട്ട് വെപ്പണുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ജസ്റ്റീസ് ഡിപ്പാര്‍ട്ടുമെന്റ് പറഞ്ഞു. എന്നാല്‍ നിരോധം തോക്ക് അക്രമം കുറച്ചു എന്ന് പറയാനാവില്ല. നിയമത്തിലെ പഴുതുകള്‍ ചില്ലറരൂപാന്തരം വരുത്തിയ തോക്കുകളുടെ വില്പന സാധ്യമാക്കി എന്ന് ചിലര്‍ വാദിച്ചു.
2004 ന് ശേഷമാണ് എആര്‍ 15 വിപണിയില്‍ തിരിച്ചെത്തിയത്. ചിലര്‍ ശാപവാക്കുകള്‍ ചൊരിയുമ്പോള്‍ മറ്റു ചിലര്‍ ആരാധിക്കുന്നു എന്ന വിരോധാഭാസമാണ് എആര്‍ 15 റൈഫിളുകളുടെ കാര്യത്തില്‍ പ്രകടമാവുന്നത്.

കഴിഞ്ഞമാസം 19 വയസുകാരന്‍ നിക്കോളസ് ക്രൂസ് ഫ്‌ളോറിഡയിലെ പാര്‍ക്ക് ലാന്‍ഡിലെ ഹൈസ്‌ക്കൂളില്‍ 17 പേരെ കൂട്ടക്കുരുതി നടത്തുവാന്‍ ഉപയോഗിച്ചത് ഒരു എആര്‍ 15 ആണ്. സംഭവത്തിന് ശേഷം ഈ തോക്കിന്റെ സംഹാരശേഷി വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നു.

ദുരന്തം സൃഷ്ടിക്കുന്ന എആര്‍ 15 ചിലര്‍ക്ക് പ്രതിനായകനല്ല. (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക