Image

പ്രിയപ്പെട്ട മണി വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം

അനില്‍ പെണ്ണുക്കര/വര: ജുമാന Published on 06 March, 2018
പ്രിയപ്പെട്ട മണി വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം
മിന്നാം മിനുങ്ങേ മിന്നും മിനുങ്ങേ...
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം...
നീ തനിച്ചല്ലേ പേടിയാവില്ലേ...
കൂട്ടിന് ഞാനും പൊന്നോട്ടെ....... 

ഈ പാട്ട് കേള്‍ക്കുമ്പൊഴെല്ലാം ഹൃദയത്തില്‍ ഒരു വിങ്ങലാണ്. വരികളും ഈണവും ശബ്ദവും ഭാവവും അത്രമേല്‍ ചേര്‍ന്ന ഗാനം.

കലാഭവന്‍ മണിയുടെ പാട്ട് കേള്‍ക്കാത്ത മലയാളി ഇല്ല. പ്രത്യേകിച്ച് പ്രവാസി മലയാളികള്‍. അമേരിക്കന്‍ മലയാളികളുടെ മണിയുടെ വെറും ആരാധകാന്‍ ആയിരുന്നുവോ? അല്ല. മണിയുടെ പാട്ടുകളുടെ ശേഖരം ഇല്ലാത്ത എത്ര പ്രവാസികള്‍ ഉണ്ട്. രണ്ടെണ്ണം വിട്ടിട്ട് ആദ്യം പാടുക മണിയുടെ പാട്ട് ആയിരുന്നില്ലേ?

മലയാളികളുടെ പ്രിയതാരമായിരുന്ന കലാഭവന്‍ മണി നമ്മെ വിട്ടു പോയിട്ട് രണ്ട് വര്‍ഷം. അമേരിക്കയില്‍ സംഘടിപ്പിച്ചിട്ടുള്ള എല്ലാ ഷോകളിലുംസ്വതസിദ്ധമായ നാടന്‍ പാട്ടുകളിലൂടെയും നര്‍മങ്ങളില്‍ ചാലിച്ച ചിരിക്കൂട്ടുകളിലൂടെയും ജാതിമതവര്‍ഗ വ്യത്യാസമില്ലാതെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച് കടന്നുപോയ പ്രിയ നടന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം ആയി എന്ന്വിശ്വസിക്കാന്‍ ഇപ്പോളും കഴിയുന്നില്ല.

മണിയുടെ വിയോഗ വാര്‍ത്തയുടെ സത്യാവസ്ഥ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും നാട്ടില്‍ വിളിക്കേണ്ടി വന്നു.വാര്‍ത്ത സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പലരും സങ്കടം സഹിക്കാനാകാതെ കണ്ണീര്‍ വാര്‍ത്തവരും ദുഃഖം ഉള്ളിലൊതുക്കി ഹൃദയാന്തരങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയവരും നിരവധിപേര്‍. ഇന്നും യാത്രകളില്‍, ഗാനമേള വേദികളില്‍, മൂളിപ്പാട്ട് പാടുമ്പോള്‍ ഒക്കെ മണിചേട്ടന് കടന്നു വരും.

മണി നമുക്ക് മുന്നില്‍ നാട്ടു മനുഷ്യന് ആയിരുന്നു, നമ്മുടെ വീട്ടില്‍ നിന്നും ഇറങ്ങി പോയി സിനിമയില്‍ അഭിനയിക്കുന്ന പച്ച മനുഷ്യന്‍ ആയിരുന്നു എന്ന് തോന്നിയിട്ടില്ലേ .
അത് കൊണ്ട് മണി നമ്മുടെ കൂട്ടത്തില്‍ ഒരാളായി മാറി
മണിയുടെ നാടന്‍ പാട്ടുകള്‍നമ്മുടെ പാട്ടുകള്‍ ആയി

എന്ത് കൊണ്ടാണ് മണി നമ്മളില് ഒരാളായി തോന്നാന്‍ കാരണം
മണിയുടെ ഗ്രാമ്യ മനസ്സ് തന്നെ. പ്രവാസികളുടെ മനസ്സും ഗ്രാമ്യ മനസു തന്നെ. മണി സാധാരണക്കാരനായിരുന്നു, സിനിമയുടെ തിളക്കം മണി സ്വീകരിച്ചിരുന്നില്ല മലയാളക്കരയുടെ പ്രിയപ്പെട്ട പാട്ടുകാരന്‍ . ഒരു നാട് നെഞ്ചേറ്റിയ നാടന്‍ പാട്ടുകാരന്‍ ആണ് കലാഭവന്‍ മണി .

നാടന്‍ പാട്ടിനെ വീണ്ടും തിരിച്ചു കൊണ്ടുവന്നവന്‍ എന്ന് ചരിത്രം എഴുതും.
എല്ലാ യുദ്ധങ്ങളിലും ആദ്യം ആദ്യം കൊല്ലപ്പെടുന്നവന്‍, ഉള്‍മുറികളിലെ ഒത്തുതീര്‍പ്പുകള്‍ അറിയാതെ പോകുന്നവന്‍, സാധാരണക്കാരന്‍

ജനിക്കുമ്പോള്‍ ഒപ്പം പിറവികൊള്ളുന്ന ഏക സത്യം മരണമല്ലോ.
വരുമെന്ന് പറഞ്ഞിരുന്നതുമാണ്.....
ഒരു നല്ല കലാകാരനെ മാത്രമല്ല നമുക്ക് നഷ്ടപ്പെട്ടത്, ആര്‍ദ്ര മനസ്സിനുടമയായ ഒരു കാരുണ്യപ്രവര്‍ത്തകനെയും കൂടിയാണ്..

മലയാള സിനിമയില്‍
വേറിട്ട അഭിനയം കാഴ്ച വെച്ച്,
തന്റേതായ സ്ഥാനം ഉറപ്പിച്ച അതുല്യ നടനായിരുന്നു കലാഭവന്‍ മണി. സാധാരണക്കാര്‍ക്കൊപ്പം , തികച്ചും സാധാരണക്കാരനായി ജീവിച്ച മണി താരത്തിളക്കത്തിന്റെ പരിവേഷം ഒരിക്കലും തന്റെ ജീവിതത്തെ ബാധിക്കരുതെന്ന് നിര്‍ബ്ബന്ധം പുലര്‍ത്തിയിരുന്നു. താന്‍ കടന്നുവന്ന ജീവിത വഴികളെക്കുറിച്ച്
അഭിമാനത്തോടെ എന്നും സംസാരിച്ച കലാഭാവാന്‍ മണി സിനിമാക്കാര്‍ക്കിടയിലെ വേറിട്ട വ്യക്തിത്വത്തിന് ഉടമയായി.
ചാലക്കുടിക്കാരനായി മാത്രം ജീവിച്ച മണി എന്നും തന്റെ രാഷ്ട്രീയആഭിമുഖ്യം മറച്ചുവെച്ചിരുന്നില്ല.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോടൊപ്പം നില്‍ക്കാനും അതില്‍ അഭിമാനം കൊള്ളുന്നൂ എന്ന് ഉറക്കെ പറയാനും മണി മടി കാണിച്ചിരുന്നില്ല.
അമേരിക്കന്‍ മലയാളികളുടെഅതിഥിയായി പല തവണ അമേരിക്കയില്‍എത്തിയ കലാഭവന്‍ മണി, തന്റെ ഇഷ്ടങ്ങള്‍ നിങ്ങളോട്പങ്ക് വെച്ചത് ആരെങ്കിലും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാകും

സിനിമ എന്ന നക്ഷത്ര ലോകത്തെ സാധാരണ ക്കാരന് കൂടി പ്രാപ്യമാക്കി തീര്‍ക്കാന്‍ മണിക്ക് തന്റെ അഭിനയ ജീവിതത്തിലൂടെ സാധിച്ചു.

ഇന്ന് മണി കുടീരത്തില്‍ എത്തിയവരില്‍ കൂടുതലും സിനിമാക്കാരല്ല. അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍, ഇഷ്ട്ടപ്പെടുന്നവര്‍, നെഞ്ചോട് ചേര്‍ക്കുന്നവര്‍. ഒരു പക്ഷെ മണിയെ സ്‌നേഹിക്കുന്നവര്‍ മാത്രമായിരിക്കുമോ മണിയുടെ ഓര്‍മദിനത്തില്‍ ചേന്നത്തു നാട്ടിലെത്തുക. മണി എല്ലാവരേക്കാളും സ്‌നേഹിച്ച മണിയുടെ കഥാപാത്രങ്ങള്‍ക്ക് തങ്ങള്‍ക്ക് ജീവനും ഓജസ്സുമേകിയവനെ കാണാതിരിക്കാനാകുമോ..അവരും എത്തില്ലേ മണിയെ കാണാന്‍ ചേന്നത്തുനാട്ടിലേക്ക്...മരണത്തിന് കീഴടങ്ങിയ നടനും മരണമില്ലാത്ത കഥാപാത്രങ്ങളും തമ്മില്‍ ശ്രാദ്ധദിനത്തിലൊരു കൂടിക്കാഴ്ച. ഫാന്റസിയും ഇമോഷനും ചേര്‍ന്നലിഞ്ഞ സീക്വന്‍സ്...

നേരെ പടിഞ്ഞാറു സൂര്യന്‍
താനേ മറയുന്ന സൂര്യന്‍
ഇന്നലെയീ തറവാട്ടില്‍
തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍
തെല്ലു തെക്കേപുറത്തെ മുറ്റത്ത്
ആറടി മണ്ണില്‍ ഉറങ്ങിയല്ലോ...
ആറടി മണ്ണിലുറങ്ങിയല്ലോ...

എന്ന പാട്ടുചാലക്കുടിയെ നോക്കി, ചാലക്കുടി പുഴയെ നോക്കി, മണികുടീരത്തിലെത്തുന്നവരെ നോക്കി, പാടിയെ നോക്കി, സ്മൃതി മണ്ഡപത്തില്‍ പ്രണാമമര്‍പ്പിക്കുന്നവരെ നോക്കി മണി ചൊല്ലുന്നുണ്ടാവും. ഏതു സ്വര്‍ഗത്തേക്കാളും പ്രിയപ്പെട്ട ചാലക്കുടിയെ വിട്ട്, ചാലക്കുടിയിലെ ചങ്ങാതിമാരെ വിട്ട് ഏതു സ്വര്‍ഗം
വിളിച്ചാലും മണി പോവില്ല. ഇവിടെത്തന്നെയുണ്ട് കലാഭവന്‍ മണി. നമ്മള്‍ കണ്ടില്ലെങ്കിലും നമ്മളെ കണ്ടുകൊണ്ട്. നമ്മള്‍ക്ക് മിണ്ടാനായില്ലെങ്കിലും നമ്മളോട് വാതോരാതെ സംസാരിച്ച്...നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും നമ്മളുടെ മനസില്‍ നിറഞ്ഞ്. മാര്‍ച്ച് ആറുകള്‍ ഇനിയും വരും. ഓണവും വിഷുവും, ക്രിസ്തുമസ്സും ഇനിയും വരും. മരണം മണിയെ കൂട്ടിക്കൊണ്ടുപോയ ആദിവസത്തെയും അത് ഓര്‍മ്മപ്പെടുത്തും.
പ്രിയപ്പെട്ട മണി വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക