Image

പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവം; തമിഴ്‌നാട്ടില്‍ വ്യാപക ആക്രമണം

Published on 07 March, 2018
പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവം; തമിഴ്‌നാട്ടില്‍ വ്യാപക ആക്രമണം


സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌ ഇ.വി.രാമസ്വാമിയുടെ (പെരിയാര്‍) പ്രതിമ തകര്‍ത്തതിനു പിന്നാലെ തമിഴ്‌നാട്ടില്‍ വ്യാപക ആക്രമണം. കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന്‌ നേരെ ആക്രമണമുണ്ടായി. പുലര്‍ച്ചെ കോയമ്പത്തൂര്‍ ജികെകെ നഗറിലെ ഓഫീസിന്‌ നേരെയാണ്‌ പെട്രോള്‍ ബോംബ്‌ ആക്രമണം ഉണ്ടായത്‌.

 ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്‌ളാദിമിര്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനു പിന്നാലെ ബിജെപി നേതാവ്‌ എച്ച്‌. രാജ ഇ.വി രാമസ്വാമി നായ്‌ക്കറി(പെരിയാര്‍)ന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്‌തതിനു പിന്നാലെയാണ്‌ ഇന്നലെ രാത്രി പെരിയാറിന്റെ പ്രതിമ തകര്‍ത്തത്‌.

തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാറിന്റെ പ്രതിമയാണ്‌ രണ്ടുപേര്‍ തകര്‍ത്തത്‌. രാത്രി ഒന്‍പതുമണിയോടെയാണ്‌ സംഭവം. ചില്ലുകള്‍ പൊട്ടുകയും പ്രതിമയിലെ മൂക്ക്‌ തകരാറിലാകുകയും ചെയ്‌തിട്ടുണ്ട്‌. സംഭവത്തില്‍ രണ്ടുപേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. മുത്തുമാരന്‍, ഫ്രാന്‍സിസ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇതിലൊരാള്‍ ബിജെപി പ്രവര്‍ത്തകനാണ്‌.

വിവാദമായതിനെ തുടര്‍ന്ന്‌ ട്വീറ്റ്‌ രാജ പിന്‍വലിച്ചെങ്കിലും സമൂഹമാധ്യമങ്ങളില്‍ ട്വീറ്റ്‌ പ്രചരിച്ചിരുന്നു. നേരത്തേ ബി.ജെ.പി യുവജന വിഭാഗം വൈസ്‌ പ്രസിഡന്റ്‌ എസ്‌.ജി സൂര്യയും സമാനമായ ട്വീറ്റ്‌ ചെയ്‌തിരുന്നു. 'ത്രിപുരയില്‍ ലെനിനിന്റെ വീഴ്‌ച ബി.ജെ.പി വിജയകരമായി നടപ്പാക്കി. തമിഴ്‌നാട്ടിലെ ഇ.വി രാമസ്വാമി പ്രതിമ വീഴുന്ന നാളിനായി കാത്തിരിക്കുന്നു' എന്നാണ്‌ സൂര്യ ട്വീറ്റ്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക