Image

തിരുവഞ്ചൂര്‍ സഭയിലെത്തിയത്‌ 'ഗ്രനേഡു'മായി

Published on 07 March, 2018
തിരുവഞ്ചൂര്‍ സഭയിലെത്തിയത്‌ 'ഗ്രനേഡു'മായി


തിരുവനന്തപുരം : മുന്‍ ആഭ്യന്തരമന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിയമസഭയില്‍ എത്തിയത്‌ 'ഗ്രനേഡു'മായി. തിരുവനന്തപുരത്ത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ്‌ പ്രയോഗിച്ച ഗ്രനേഡാണ്‌ തിരുവഞ്ചൂര്‍ സഭയില്‍ കൊണ്ടുവന്നത്‌.

ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടെ കേരളത്തില്‍ പോലീസ്‌ രാജ്‌ നിലനില്‍ക്കുന്നുവെന്ന ആരോപണം ഉയര്‍ത്തിയാണ്‌ തിരുവഞ്ചൂര്‍ 'ഗ്രനേഡ്‌' ഉയര്‍ത്തിക്കാട്ടിയത്‌.

കേരളത്തില്‍ പോലീസ്‌ രാജാണെന്നും ജനകീയ സമരങ്ങളെ അതിക്രൂരമായാണ്‌ പോലീസ്‌ അടിച്ചമര്‍ത്തുന്നതെന്നും തിരുവഞ്ചൂര്‍ ആഞ്ഞടിച്ചു. പോലീസിനും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനങ്ങളാണ്‌ തിരുവഞ്ചൂര്‍ നടത്തിയത്‌. ആഭ്യന്തര വകുപ്പിനെ കുറിച്ചുള്ള ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കവേ ആയിരുന്നു സംഭവം.

ഇത്തരം വിമര്‍ശനങ്ങള്‍ക്ക്‌ ശേഷമാണ്‌ അദ്ദേഹം കവറില്‍ സൂക്ഷിച്ചിരുന്ന ഗ്രനേഡ്‌ ഉയര്‍ത്തിക്കാട്ടിയത്‌. യൂത്ത്‌കോണ്‍ഗ്രസ്‌ സമരത്തിനെതിരെ പോലീസ്‌ പ്രയോഗിച്ച ഈ ഗ്രനേഡ്‌ കാലഹരണപ്പെട്ടതാണെന്ന്‌ തിരുവഞ്ചൂര്‍ ആരോപിച്ചു.

ഇത്തരത്തില്‍ കാലഹരണപ്പെട്ട ഗ്രനേഡുകളാണ്‌ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ്‌ പ്രയോഗിക്കുന്നതെന്നും ഇത്‌ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്‌ ഇക്കാര്യം ഗഃരവത്തോടെ പരിശോധിക്കാമെന്ന്‌ സ്‌പീക്കര്‍ ഉറപ്പു നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. സ്‌ഫോടക ശേഷിയുള്ള ഗ്രനേഡാണ്‌ തിരുവഞ്ചൂര്‍ കൊണ്ടുവന്നതെങ്കില്‍ പ്രശ്‌നം ഗുരുതരമാണെന്നും ഗ്രന്‍േഡ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തിരുവഞ്ചൂര്‍ ഈ നിര്‍ദേശത്തിന്‌ വഴങ്ങി ഗ്രനേഡ്‌ കൈമാറിയതോടെ പ്രശ്‌നം അവസാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക