Image

അഭയ കേസ്: ഫാദര്‍ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് കോടതി ഒഴിവാക്കി

Published on 07 March, 2018
അഭയ കേസ്:  ഫാദര്‍ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് കോടതി ഒഴിവാക്കി
തിരുവനന്തപുരം:  സിസ്റ്റര്‍ അഭയ കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് കോടതി ഒഴിവാക്കി. പുതൃക്കയിലിന്റെ വിടുതല്‍ ഹരജി തിരുവനന്തപുരം സി.ബി.ഐ കോടതി അംഗീകരിച്ചു. അഭയ കൊല്ലപ്പെട്ട ദിവസം ഫാദര്‍ കോട്ടയം പയസ് ടെന്റ് കോണ്‍വെന്റില്‍ വന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ഒന്നാം പ്രതി ഫാദര്‍ തോമസ് എം. കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരായ വിചാരണ തുടരാമെന്നും സി.ബി.ഐ കോടതി ഉത്തരവിട്ടു. ഇരുവരും സമര്‍പ്പിച്ച വിടുതല്‍ ഹരജികള്‍ കോടതി തള്ളി.

തങ്ങള്‍ക്കെതിരായ കേസ് സി.ബി.ഐ കെട്ടിച്ചമച്ചതാണെന്നും സാക്ഷികളുടെ മൊഴി സി.ബി.ഐ ഭീഷണിപ്പെടുത്തി എഴുതി തയാറാക്കിയതാണെന്നുമാണ് പ്രതികളുടെ വാദം. എന്നാല്‍, രാത്രികാലങ്ങളില്‍ ഇരുവികാരിമാരും കോണ്‍വന്റെിലെ മതില്‍ ചാടിക്കടന്ന് സിസ്റ്റര്‍ സെഫിയെ കാണാന്‍ എത്തിയിരുന്നതായി സാക്ഷി മൊഴികളുണ്ടെന്നും സെഫിയും വികാരിമാരുമായുള്ള അവിഹിത ബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് സി.ബി.ഐ വാദം.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

വിധിയില്‍ സന്തോഷമുണ്ടെന്ന് ഫാ. ജോസ് പുതൃക്കയില്‍. ദൈവത്തിന്റെ കയ്യൊപ്പുള്ള വിധിയാണിത്. അഭയ കേസില്‍ അപക്വമായ ഒരു പെരുമാറ്റം പോലും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. നിരപരാധിത്വം കോടതിയെ അറിയിച്ചു. കോടതി അത് അംഗീകരിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു.

നിയമ യുദ്ധത്തിനൊപ്പം ആത്മീയ പോരാട്ടവും താന്‍ നടത്തി. തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞത് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ്. കേസ് അവസാനിച്ച ശേഷം പിന്നില്‍ പ്രവര്‍ത്തിച്ചവരെ തുറന്നു കാട്ടുമെന്നും ജോസ് പുതൃക്കയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പുരോഹിതനായത് കൊണ്ടാണ് തനിക്കെതിരെ കേസുണ്ടായത്. പൗരോഹിത്യത്തെ ഓര്‍ത്ത് താനൊരു നിമിഷം പോലും നിരാശനായിട്ടില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ പുരോഹിതനായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ദൈവം എന്നെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന ബോധ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിക്ക് ആരോടും പിണക്കമില്ലെന്നും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമെന്നും ജോസ് പുതൃക്കയില്‍ പറഞ്ഞു.

സിസ്റ്റര്‍ അഭയ മരിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ല. താന്‍ എങ്ങനെയാണ് അത് അറിയുന്നത്. നിയമം നിയമത്തിന്റെ വഴിയില്‍ പോകുമ്പോള്‍ കൊലപാതകിയെ കണ്ടെത്താന്‍ കഴിയുമായിരിക്കും. സിസ്റ്റര്‍ അഭയ എന്റെ വിദ്യാര്‍ഥിയായിരുന്നു. അഭയക്ക് നീതി കിട്ടണം. മറ്റ് സമ്മര്‍ദങ്ങളില്ലാതെ ദൈവത്തിന്റെ വഴിയിലൂടെ പോകുമ്പോള്‍ നീതി കിട്ടുമെന്നും ജോസ് പുതൃക്കയില്‍ പ്രത്യാശിച്ചു.

കേസില്‍ സഭ പിന്തുണച്ചത് തങ്ങളുടേത് പൊതുവേദനയായി കണ്ടാണ്. തങ്ങള്‍ നിരപരാധികളാണെന്ന് പരിശുദ്ധാത്മാവ് നല്ല ബോധ്യം കൊടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
വിശ്വാസി 2018-03-07 14:09:46
ദൈവം വലിയവൻ ആണ്. ഒടുവിൽ അച്ഛന് നീതി കിട്ടി. സഹന ദാസനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനുള്ള നടപടികൾ ഇപ്പോൾ തന്നെ തുടങ്ങാവുന്നതാണ്. കൂടാതെ അച്ഛന്റെ ആത്മ കഥ എത്രയും വേഗം എഴുതി പ്രസിദ്ധീകരിക്കണം. കോട്ടൂർ  അച്ഛനെയും സിസ്റ്റർ സ്റ്റെഫിയെയും ഉടനെ തന്നെ വിട്ടയക്കാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു.
നാരദന്‍ 2018-03-07 15:11:06
അപ്പോള്‍ പരിസുദ്അല്മാവ്  അഭയയെ സഹായിക്കുമോ  കുലപാതകിയെ  കണ്ടെത്താന്‍ എങ്കിലും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക