Image

വനിതാദിനം- ഒരു പുരുഷ ബോധവത്കരണ ദിനം (എഴുതാപ്പുറങ്ങള്‍ 18: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 07 March, 2018
വനിതാദിനം- ഒരു പുരുഷ ബോധവത്കരണ ദിനം (എഴുതാപ്പുറങ്ങള്‍ 18: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
'വനിതാദിനം' ഒരു പുരുഷ ബോധവത്കരണ ദിനമാകട്ടെ (ഒരു "Women’s Day’ സന്ദേശം )
സീതയല്ല ഇവള്‍. ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ തന്നെ ഒരു കരുവാക്കി അപഹരിച്ചു കൊണ്ടുപോയി മറ്റൊരുവന്റെ കീഴില്‍ തടവറയില്‍ കഴിയുമ്പോഴും യാതൊരു പ്രലോപനങ്ങള്‍ക്കും പിടികൊടുക്കാത്ത മനസ്സുമായി ഭര്‍ത്താവിന്റെ നാമം ഉരുവിട്ടിരുന്നു അദ്ദേഹത്തിനുവേണ്ടി തന്റെ പാതിവൃത്യം കാത്തുസൂക്ഷിച്ച്, തടവറയില്‍നിന്നും മോചിതയായി ഭര്‍തൃസമക്ഷം എത്തുമ്പോള്‍ രാജസദസ്സിന്റെയും, പ്രജകളുടെയും വാക്കുകള്‍ കണക്കിലെടുത്ത് ഭര്‍ത്താവെന്ന പുരുഷന്‍ തന്റെ ചാരിത്ര്യം ചോദ്യം ചെയ്യുകയും കാട്ടില്‍ കൊണ്ടുപോയി കൊല്ലാന്‍ കല്പിയ്ക്കുകയും ചെയ്തപ്പോള്‍ വാക്കുകളും, ശ്വാസവും അടക്കിപ്പിടിച്ച് വിധിയ്ക്കുമുന്നില്‍ തലകുനിച്ച് നിന്ന സീതാദേവിയല്ല ഇന്നത്തെ സ്ത്രീ. ഭര്‍ത്താവെന്ന പുരുഷന്റെ കാമപൂര്‍ത്തിയ്ക്കുവേണ്ടി വീട്ടില്‍ വാങ്ങിവച്ചിരിയ്ക്കുന്ന ഒരു കളിപ്പാവയല്ല ഇന്നവള്‍. വീട്ടുപണികളും, കുട്ടികളെ പരിചരിയ്ക്കലും ചെയ്തു വീടെന്ന നാലു ചുമരുകള്‍ക്കുള്ളില്‍ ശ്വാസം അടക്കിപ്പിടിച്ച് പുറം ലോകമെന്തെന്നറിയാതെ ഭര്‍ത്താവിനു മുന്നില്‍ കൈവണങ്ങി നില്‍ക്കുന്നവളല്ല. ഇന്നവള്‍ക്ക് അവളുടേതായ ശബ്ദമുണ്ട്, അഭിപ്രായമുണ്ട്, ഇഷ്ടാനിഷ്ടങ്ങളുണ്ട്, ആവേശമുണ്ട്, വികാരവിചാരങ്ങളുണ്ട്. വിദ്യാഭ്യാസരംഗത്തും, കലാരംഗത്തും, സാമൂഹികരംഗത്തും, രാഷ്ട്രീയരംഗത്തും, തൊഴില്‍രംഗത്തും, തന്റെ കഴിവ് കാണിച്ച് അവകാശങ്ങള്‍ പിടിച്ചെടുത്ത് ഇന്ന് സ്ത്രീ പുരുഷനോടൊപ്പമെത്തിയിരിയ്ക്കുന്നു.

കവികള്‍ വാക്കുകള്‍കൊണ്ട് വര്‍ണ്ണിച്ചെഴുതിയ, കലാകാരന്മാര്‍ നിറക്കൂട്ടില്‍ രൂപംനല്‍കിയ നാരിസങ്കല്‍പ്പത്തിന്റെ ഭാവത്തിലും, രൂപത്തിലും ഒരുപാട് മാറ്റം വന്നിരിയ്ക്കുന്നു. കാച്ചിയ എണ്ണയും, മഞ്ഞളും തേച്ച് കുളിയ്ക്കാനോ, കണംകാല്‍വരെ മുടിവളര്‍ത്തണോ, സാരിഉടുക്കാനോ ഒന്നും സ്ത്രീ ഇന്ന് സമയം കണ്ടെത്തുന്നില്ല അല്ലെങ്കില്‍ ആ സങ്കല്‍പ്പങ്ങളെ തുടരാന്‍, പരിപോഷിയ്ക്കാന്‍ അവള്‍ ആഗ്രഹിയ്ക്കുന്നില്ല.

ഒരുകയ്യില്‍ ഉദ്ദ്യോഗം, മറ്റേകയ്യില്‍ കുടുംബം, വേറൊരുകയ്യില്‍ കുട്ടികളുടെ ഉത്തരവാദിത്വം, മറുകയ്യില്‍ ഭാര്യയുടെ ചുമതലകള്‍, വേറൊരുകയ്യില്‍ സമൂഹത്തില്‍ തന്റേതായ വ്യക്തിത്വം, മറ്റൊന്നില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മറ്റൊരുകയ്യില്‍ സാമ്പത്തികം എന്നിങ്ങനെ വിവിധ കരങ്ങളില്‍ വിവിധ ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ദേവി രൂപമാണ് ഇന്നത്തെ സ്ത്രീകള്‍ക്കുള്ളത്. പ്രത്യേകിച്ചും ജോലിചെയ്യുന്ന ഒരു സ്ത്രീയ്ക്ക് ഇന്ന് പുരുഷനേക്കാള്‍ ഉത്തരവാദിത്വങ്ങളുണ്ട്. ദിവസം മുഴുവന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്ന ഒരുയന്ത്രമാണിന്നിവള്‍. രാവിലെ പാചകം ,അതിനുശേഷം കുട്ടികളെ സ്കൂളില്‍ പറഞ്ഞയയ്ക്കുന്നതിനുള്ള കാര്യങ്ങള്‍, അതിനുശേഷം തനിയ്ക്കും, ഭര്‍ത്താവിനും ഓഫീസില്‍ പോകാനുള്ള ഒരുക്കം എല്ലാം ചെയ്ത പിടഞ്ഞു ഓടി അവള്‍ ഓഫീസില്‍ എത്തുന്നു. അവിടെ തന്റെ ജോലിയുടേതായ ഉത്തരവാദിത്വങ്ങള്‍ ഇടയ്ക്ക് വീട്ടില്‍നിന്നും, ഭര്‍ത്താവില്‍നിന്നും, കുട്ടികളില്‍നിന്നും ഫോണ്‍കോളുകള്‍ ക്കുള്ള പ്രതികരണം, സമയത്തിലും വൈകി ഓഫീസില്‍നിന്നും ഇറങ്ങുമ്പോള്‍ വീട്ടിലേയ്ക്കു എന്തെല്ലാം വാങ്ങണം, ഇന്ന് ഭര്‍ത്താവിനെയും, കുട്ടികളെയും, സന്തോഷിപ്പിയ്ക്കാന്‍ എന്ത് പാചകം ചെയ്യണം എന്ന വ്യാകുലത, കുട്ടികളുടെ പഠനത്തില്‍ ശ്രദ്ധിയ്ക്കണം, അതും കൂടാതെ കുട്ടികള്‍ക്കുള്ള പ്രത്യേക കോച്ചിംഗ് ക്‌ളാസില്‍ അവരെ സമയാസമയത്തിനു എത്തിയ്ക്കാന്‍ സ്വയം വാഹനമോടിച്ച് പോകേണ്ടി വരുന്നു ,കുട്ടികളുടെയും, കു,ടുംബത്തിന്റെയും ആരോഗ്യം, ശുചിത്വ എന്നീ എല്ലാ ചുമതലകളും വീഴ്ചവരുത്താതെ അവള്‍ ഒരുമിച്ച് കൊണ്ടുപോകണം. ഇതും പോരാത്തത്തിനു കുടുംബത്തിലെ ഒരംഗം ജോലിചെയ്യുന്നതു കൊണ്ടുമാത്രം നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത ഇന്നത്തെ തലമുറയുടെ ജീവിത, വിദ്യാഭ്യാസ രീതികള്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു ഓരോ സ്ത്രീകളും നിര്‍ബന്ധിതമായി ജോലിചെയ്യേണ്ട അവസ്ഥയിലാണ് ഓരോകുടുംബവും. ഇന്നത്തെ സ്ത്രീ സമൂഹ ജീവിയാണ് അവളുടെ ചുമതലകള്‍ക്കൊപ്പം സമൂഹത്തില്‍ ഇടപഴകിയില്ല എങ്കില്‍ അവള്‍ക്കു സമൂഹത്തില്‍ ഒരുവിലയും കല്പിയ്ക്കപ്പെടുന്നില്ല. ഇത്തരത്തില്‍ ഓരോ സ്ഥലത്തും എത്തിച്ചേരാന്‍ നെട്ടോട്ടമോടുകയാണ് ഇന്നത്തെ സ്ത്രീ. അതുകൊണ്ടുതന്നെ മാനസിക പിരിമുറുക്കങ്ങള്‍ക്ക് അവളും അടിമപ്പെടുന്നു. പഴയകാലങ്ങളെ അപേക്ഷിച്ച് ഹൃദയസ്തംഭനം സ്ത്രീകളില്‍ ഇന്ന് സര്‍വ്വസാധാരണമാണ്. ഇതിനുള്ള പ്രധാന കാരണം വ്യായാമങ്ങള്‍ കുറഞ്ഞ മനസ്സിന്റെ പിരിമുറുക്കങ്ങള്‍ കൂടിയ ജീവിത രീതി തന്നെയാണ്. അതിനാല്‍ ഓരോ സ്ത്രീയും അവളുടെ ചുമതലകള്‍ക്കും അപ്പുറം മനസ്സിന്റെ പിരിമുറുക്കങ്ങളില്‍ നിന്നും ഒരല്‍പ്പം വ്യതിചലിച്ച് കുറച്ച് നേരമെങ്കിലും അവള്‍ക്കായി ജീവിയ്ക്കാന്‍ കൂടി സമയം കണ്ടെത്തേണ്ടതുണ്ട്.

ഓരോ വര്ഷം പിന്നിടുമ്പോഴും സ്ത്രീയുടെ അകത്തളങ്ങളില്‍ നിന്നും അരങ്ങിലേക്കുള്ള പ്രയാണം നിഷ്പ്രയാസം വിലയിരുത്താവുന്ന രീതിയില്‍ ഓരോ തലത്തിലും സ്ത്രീ പുരുഷനോടൊപ്പമുണ്ട്. എന്നിരുന്നാലും സ്ത്രീ എന്ന സൃഷ്ടിയോടുള്ള പുരുഷ മനോഭാവത്തിന് അത്രകണ്ടുതന്നെ മാറാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന ത്സംശയമാണ്. ഇന്നും, എന്നും എന്നതുപോലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും മാധ്യമങ്ങളിലൂടെ വായിച്ചുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തയാണ് നാലും അഞ്ചും വയസ്സുള്ള പിഞ്ചോമനകളെ ലൈംഗികമായി പീഡിപ്പിച്ച്, ഉപയോഗിച്ച് മൃഗീയമായി കൊല്ലുന്നു അല്ലെങ്കില്‍ എവിടെയെങ്കിലും ഉപേക്ഷിയ്ക്കുന്ന എന്നത്. സ്ത്രീ എന്നത് കാ മശമനത്തിനായി ഉപയോഗിയ്ക്കാനുള്ള ഒരു കളിപ്പാട്ടമാണ് എന്ന ചില പുരുഷന്മാരുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ല എന്നതിനുള്ള ഒരു ഉദാഹരണമാണ്. എല്ലാവിധത്തിലും സ്ത്രീ കരുത്താര്‍ജ്ജിച്ചുവെങ്കിലും പ്രകൃതി സ്ത്രീയില്‍ നിക്ഷിപ്തമാക്കിയ മാതൃഭാവം അല്ലെങ്കില്‍ ഗര്‍ഭംധരിയ്ക്കുവാനുള്ള കഴിവിനെ ബഹുമാനിയ്ക്കാതെ അതിനെ സ്ത്രീയുടെ ഒരു പോരായ്മയായി കണക്കാക്കി, അല്ലെങ്കില്‍ ഒരു ഉല്ലാസത്തിനുള്ള ഉപാധിയായി കണക്കാക്കി സ്ത്രീയെ ഇന്നും പുരുഷന്‍ ഉപയോഗിയ്ക്കുന്നു എന്ന സ്ത്രീയ്ക്ക് പ്രകൃതി നല്‍കിയ ഒരു ബലഹീനതയാണ്. കളങ്കമായ ലോകമെന്തെന്നു തിരിച്ചറിയാന്‍ മാത്രം വളര്‍ച്ചയാകാത്ത ഈ പറക്കമുറ്റാത്ത പിഞ്ചുപൈതങ്ങള്‍ നാളത്തെ സ്ത്രീകളല്ലേ? സ്ത്രീയുടെ അവകാശങ്ങളെ പിടിച്ച് വാങ്ങുന്നതുപോലെത്തന്നെ പ്രാധാന്യമുള്ള ഒന്നല്ലേ നാളത്തെ സ്ത്രീയെ സംരക്ഷിയ്ക്കുക എന്നതും? അതിനാല്‍ സ്ത്രീസ്വാതന്ത്രത്തിനും ലിംഗസമത്വത്തിനും പ്രാധാന്യം നല്‍കുന്നതോടൊപ്പം ഈ പിഞ്ചുകുഞ്ഞുങ്ങളെ എങ്ങിനെ രക്ഷപ്പെടുത്തണം എന്ന് ചിന്തിയ്ക്കുന്നതും അനിവാര്യമാണ്. എങ്ങിനെ ഈ സംരക്ഷണം ഉറപ്പാക്കാം, ഇതില്‍ സ്ത്രീകളുടെ പങ്ക് എന്ത്?
നമ്മള്‍ നിത്യേന വായിയ്ക്കുന്ന ഓരോ വാര്‍ത്തയിലും കാണുന്ന പൊതുവായ ഒരു സ്വഭാവം പിഞ്ചു കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനായി ഇരയാകുന്നത് ഒന്നുകില്‍ അവരെ അടുത്തറിയുന്നവര്‍ അല്ലെങ്കില്‍ ബന്ധുക്കള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ഏതു രക്തബന്ധമാണെങ്കിലും, അടുത്ത ബന്ധുവാണെങ്കിലും അമ്മയുടെ സാന്നിധ്യത്തോടെയല്ലാതെ പിഞ്ചുപെണ്‍കുട്ടികളെ ആരെയും അമിതമായി വിശ്വസിച്ച് തനിയെ അവരുടെ അരികില്‍ വിടാതിരിയ്ക്കാന്‍ ഓരോ അമ്മമാരും സ്ത്രീകളും പ്രത്യേകം ശ്രദ്ധവയ്‌ക്കേണ്ടതുണ്ട്.

അമേരിക്കന്‍ ലീഡര്‍ ‘Brigham Young’ പറഞ്ഞു “You educate a man: you educate a man. You educate a woman; you educate a generation” ഇവിടെ ഒരു സമൂഹത്തിന്റെ വളര്‍ച്ചയില്‍ സ്ത്രീയ്ക്കുള്ള സ്ഥാനം വളരെ ലളിതമായി വ്യക്തമാക്കുന്നു. ഒരു സ്ത്രീ വിദ്യാഭ്യാസമുള്ളവളാണെങ്കില്‍ അവളുടെ കുടുംബവും, ആകുടുംബത്തില്‍ നിന്നും സമൂഹവും, സമൂഹത്തില്‍ നിന്നും രാഷ്ടവും ശക്തമാകുന്നു. പ്രവാചകനായ നബിയോട്, സ്വര്‍ഗ്ഗം എവിടെയെന്നാരാഞ്ഞപ്പോള്‍ അമ്മയുടെ കാല്‍കീഴിലാണെന്നദ്ദേഹം പറയുകയുണ്ടായി. ഇതില്‍ നിന്നും വ്യക്തമാക്കുന്നത് ഒരു സ്ത്രീയ്ക്ക് സമൂഹത്തിലുള്ള പ്രാധാന്യവും, അവള്‍ക്ക് നല്‍കേണ്ട ബഹുമാനവുമാകുന്നു. എന്നാല്‍ ഇന്നത്തെ പുരുഷ സമൂഹം പുരുഷമേധാവിത്വത്തിന്റെ കാല്‍കീഴിലാണ് ഒരു സ്ത്രീയ്ക്ക് സ്ഥാനം നല്കപ്പെട്ടിരിയ്ക്കുന്നത് എന്നത് സ്ത്രീ സമൂഹത്തിന്റെ മറ്റൊരു പരാജയമാണ്. അതിനാല്‍ സ്ത്രീയുടെ ഉന്നമനത്തിനും, പെണ്ണായി പിറന്നു എന്ന കാരണത്താല്‍ ലോകമെന്തെന്നു അറിയും മുമ്പേ ലൈംഗിക പീഡനത്തിന് ബലിയാടായി പൊലിഞ്ഞു പോകുന്ന നിഷ്കളങ്കമായ പിഞ്ചു പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിയ്ക്കുന്നതിനു ആദ്യമായി ഓരോ പുരുഷനെയും സമൂഹത്തില്‍ സ്ത്രീയുടെ പ്രാധാന്യമെന്തെന്നുള്ളതിനെ കുറിച്ച് ബോധവാന്മാരാക്കണം. ഈ ബോധവത്കരണം ആരംഭിയ്‌ക്കേണ്ടത് ഓരോ അമ്മമാരും അവരുടെ ആണ്‍മക്കളില്‍ നിന്നുമാണ്. ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ സ്ത്രീയ്ക്കുള്ള പ്രാധാന്യത്തെകുറിച്ചും, സ്ത്രീ എന്ന സൃഷ്ടി വെറും പുരുഷന്റെ കാമാഗ്‌നിയെ അടക്കുന്നതിനുള്ള ഒരു ഉപകാരണമല്ലെന്നും, സ്ത്രീയുടെ ഓരോ അവയവും തന്നിലെ കാമദേവനെ തട്ടിയുണര്‍ത്താന്‍ മാത്രമുള്ളതല്ലെന്നും, ഓരോ സ്ത്രീയിലും പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുള്ള ഒരു മാതാവ്, പത്‌നി, സഹോദരി എന്ന മഹത്തായ ഭാവങ്ങള്‍ ഉണ്ടെന്നും, ആ ഭാവങ്ങളെ ഓരോ പുരുഷനും ബഹുമാനിയ്‌ക്കേണ്ടതിനെ കുറിച്ചും, ആ മാതൃശക്തിയില്‍ നിന്നും മാത്രമേ മനുഷ്യന് ഉത്ഭവമുള്ളൂ എന്നതിനെ കുറിച്ചും ഓരോ അമ്മയും അവരുടെ ആണ്‍മക്കളെ ബോധവാന്‍ മാരാക്കേണ്ടതുണ്ട്.
ചുരുക്കത്തില്‍ സ്ത്രീയുടെ ഉന്നമനത്തിനും, വളര്‍ച്ചയ്ക്കും, സംരക്ഷണത്തിനും സ്ത്രീയ്ക്ക് ഒന്നും ചെയ്യേണ്ടതായില്ല പകരം സ്ത്രീയെന്ന പ്രപഞ്ച ശക്തിയെ അതിന്റേതായ അര്‍ത്ഥതത്തിലും, ബഹുമാനത്തിലും, വകതിരിവിലും കാണാന്‍ പുരുഷനെ ബോധവത്ക്കരിച്ചാല്‍ സ്ത്രീ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും

കുറെ വര്ഷങ്ങളായി സ്ത്രീ സമത്വത്തിനും, സ്ത്രീ സ്വാതന്ത്രത്തിനും വേണ്ടി ആഘോഷിച്ചുപോരുന്ന"Women’s Day" ഈ വര്ഷം സ്വയം എങ്ങിനെ വിശ്രമ വേളകള്‍ കണ്ടെത്താമെന്നും, നാളത്തെ നാരികള്‍, വളര്‍ന്നുവരുന്ന സ്ത്രീകളെ, ഇന്നത്തെ പിഞ്ചോമനകളെ എങ്ങിനെ സംരക്ഷിയ്ക്കാമെന്നുള്ളതും, ഓരോ സ്ത്രീകളും തന്റെ ആണ്‍മക്കളെ, വളര്‍ന്നു വരുന്ന പുരുഷന്മാരെ എങ്ങിനെ ബോധവത്കരിയ്ക്കാമെന്നുള്ള ചിന്തകള്‍ക്കും തുടക്കം കുറിച്ച് കൊണ്ട് എല്ലാ വര്ഷത്തേതിലും വ്യത്യസ്ഥമായി ആടിയും, പാടിയും, ഉല്ലാസനിമിഷങ്ങള്‍ പങ്കുവച്ചും ഈ വനിതാ ദിനം നമുക്കാഘോഷിയ്ക്കാം.
“Happy Women’s Day”
Join WhatsApp News
ഡോ.ശശിധരൻ 2018-03-07 19:27:49

മുലകുടിക്കുന്നു കുഞ്ഞിനെ വലിച്ചെറിഞ്ഞു കാമുകന്റെ കൂടെ പോകുന്ന സ്ത്രീയെയും ,സ്വന്തം കുഞ്ഞിനെ മുത്തച്ഛന് സെക്സ് ചെയ്യാൻ കൂട്ട് നിൽക്കുന്ന സ്ത്രീയെയും  ,അമ്മയുടെ അവിഹിത ബന്ധം കണ്ടുപിടിക്കുന്ന കുഞ്ഞിനെ കഴുത്തു ഞെക്കി കൊല്ലുന്ന സ്ത്രീയെയും ,കാമുകന്റെ കൂടെ പോകാൻ സ്വന്തം ഭർത്താവിനെ ഉറങ്ങിക്കിടക്കുമ്പോൾ മഴുകൊണ്ട് വെട്ടി കൊല്ലുന്ന സ്ത്രീയെയും ഉൾപ്പെടുത്തി കൊണ്ടായിരിക്കണം പുരഷാധ്യാപത്യത്തിനെതിരായ ബോധവത്കരണത്തിന് ആക്കം കൂട്ടാൻ.

(ഡോ.ശശിധരൻ)

പുരുഷോത്തമൻ 2018-03-07 22:07:28
ഡോ.ശശിധരൻ  got a point!
P R Girish Nair 2018-03-07 23:55:59
സമത്വത്തിലൂന്നിയ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌ ഈ വനിതാദിനത്തില്‍
നാം പങ്കുവയ്ക്കേണ്ടത്.  സ്ത്രീ-പുരുഷ ഭേദമന്യേ അതിരുകളില്ലാതെ
സ്വാതന്ത്ര്യത്തിന്റെ മധുരം നുണയാന്‍ നാം ശക്തരാകണം.  അത് ഒരു
കൂട്ടായ്മയുടെ ശക്തിയാണ്‌. സ്ത്രീയുടെ മനസിനെ പിന്നാമ്പുറത്തു നിറുത്തുന്ന അഹംഭാവം നാം മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ജ്യോതിലക്ഷ്മിയുടെ ബോധവത്കരണം ബോധം ഉള്ളവർ ഉൾക്കൊള്ളട്ടെ. 
എല്ലാ വനിതകൾക്കും  എന്റെ വനിതാദിനാശംസകൾ!!!

Mathew V. Zacharia Former N Y Stae Scholl Board Member (1993- 2002) 2018-03-08 10:55:04
Jyothilakshmy Nambiar; Thanks for your wishes few months ago. in the beginning sounded like bit feminism. King Solomom in the book of Proverbs 31; 10-31 talks about an ideal wife. A I look back that description goes to my wife, Rejini. I do thank my God every day. All the blessing to women of virtues while prayers remain for all. Mathew V. Zacharia, New Yorker
Amerikkan Mollaakka 2018-03-08 11:06:19
ഞമ്മക്ക് ഒരു സംശയം നമ്പ്യാർ സാഹിബ - ബസ്സ് കണ്ടക്ടറുടെ കൂടെ, ആട്ടോക്കാരന്റെ കൂടെ, വീട്ടിൽ വേലക്ക് വരുന്നവന്റെ കൂടെ, തെങ്ങുകയറ്റ കാരന്റെ കൂടെ, പിന്നെ കുറച്ച് പേര് കൂടെ പഠിക്കുന്നവന്റെ കൂടെ ഒക്കെയാണ് പെമ്പിള്ളേര് ഓടി പോകുന്നത്. ഏതെങ്കിലും ഒരു ഡോക്ടറുടെ കൂടെ, എഞ്ചിനീയറുടെ കൂടെ, ചാർട്ടേഡ് അക്കൗണ്ടന്റ്. കൂടെ, കളക്ടറുടെ കൂടെയൊന്നും പെമ്പിള്ളേര് ഓടിപോകുന്നില്ലല്ലോ ? അപ്പോൾ പെമ്പിള്ളേർക്കും ജീവിതത്തെക്കുറിച്ച് വലിയ ബോധം ഇല്ല. നോവൽ കഥപാത്രം പോലെ പണവും പ്രതാപവും പ്രേമിക്കുന്ന കൂലിവേലക്കാരന് വേണ്ടി ത്യജിക്കാൻ പെമ്പിള്ളേര് തയാറാണ്. അതാണവരുടെ സകല പ്രശ്നങ്ങൾക്കും കാരണം. കാണാൻ മൊഞ്ചുള്ള ചെക്കനെ കണ്ടാൽ അവൻ ഏതു കൊള്ളരുതാത്തവനായാലും അവനെ മതി. ഇമ്മടെ ശശി സാർ പറഞ്ഞതിലും ഒരു പുരുഷൻ ഉണ്ട്.കൊയപ്പം മുയ്‌വൻ സ്ത്രീകളിലല്ല. പക്ഷെ കൂടുതൽ അവരിലാണ്. 
ഒരു വനിത 2018-03-08 13:38:20
പുരുഷനെ ബോധവത്ക്കരിക്കണം എന്ന് പറഞ്ഞത് ഡോക്ടർക്ക് ഇഷ്ടപെട്ടില്ലെന്നു തോന്നുന്നു. അത് ജ്യോതിലക്ഷ്മിയെ വളരെ തന്ത്രപൂർവ്വം ഓർപ്പിച്ചിരിക്കുന്നു. ങാ !
ടി . മാധവി 2018-03-08 23:12:53
പുരുഷൻ ഉപക്ഷിച്ചുപോയതിനു ശേഷം മക്കളെ പോറ്റി പുലർത്താൻ മാംസ വിൽക്കേണ്ടി  വന്ന സ്ത്രീ കുറ്റക്കാരിയാണോ ഡോക്ട്ടർ. ശശിധരൻ ? ഒരു പക്ഷെ നിങ്ങൾ ചോദിച്ചേക്കും എന്തുകൊണ്ട് ജോലി ചെയ്യുത് ജീവിച്ചുകൂടായിരുന്നോ എന്ന്. സ്ത്രീകളെ ജോലി സ്ഥലങ്ങളിൽ പ്രലോഭിപ്പിച്ചും പീഡിപ്പിച്ചും  വഴിപിഴപ്പിക്കുന്ന മാന്യന്മാർ ഓരോ ദിവസവും അവരുടെ ജോലി രാജി വച്ചുകൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണ് ഇന്ന് നമ്മുടെ ചുറ്റുപാടും കാണുന്നത് .  പുരുഷന്റെ ഈഗോ മാറാതെ സ്ത്രീകൾക്ക് രക്ഷയില്ല .  ഒരു സ്ത്രീ മറ്റൊരു പുരുഷന്റെ കൂടെ ഇറങ്ങി ഓടുന്നെങ്കിൽ അതിനു കാരണം സ്ത്രീയെ വെറും സെക്സ് ഉപകരണമായി ഉപയോഗിച്ച് ചവുട്ടി മെതിക്കുന്നതുകൊണ്ടാവാം  സ്നേഹിക്കാൻ അറിയാവുന്ന പുരുഷന്മാർ ലോകത്തുണ്ടെന്ന്ള്ളത് ഇത്തരം വൃത്തികെട്ട ഭര്ത്താക്കന്മാർ അറിഞ്ഞിരിക്കുന്നത് നല്ലതാണ് .  ഒരു സ്ത്രീ കുഞ്ഞിന്റെ കഴുത്തു ഞെരിച് കൊള്ളുന്നുണ്ടങ്കിൽ അതിനു ഉത്തരവാദിത്വം പുരുഷന്മാർക്കുമുണ്ട് .  പുരുഷന് വിഷ്ണു, വിഷ്ണു . ആത്മാവ് . ബ്രഹ്മാവ് . സ്നേഹിതന്‍ . ഭര്‍ത്താവ് . ആണ്‍ എന്നൊക്കെ പേരുണ്ട് .  പൗരുഷം തൊലിപ്പുറത്താവാം അത് സ്ത്രീക്ക് സ്പർശന സുഖം നൽകും . പക്ഷെ അകത്ത് സ്നേഹം ആകാം . പക്ഷെ പല പുരുഷന്മാരും അർഥം അറിയാതെയാണ് പുരുഷൻ പുരുഷൻ എന്ന് പറഞ്ഞു നടക്കുന്നത് . അവന്റെ വിചാരം മുറിമീശ വച്ച് ഒച്ചവച്ചലറി, സ്ത്രീയെ മലർത്തി കിടത്തി മുകളിൽ കയറി ഇരിക്കുന്നതാണ് പുരുഷത്വം എന്ന് . പാവങ്ങൾ എന്തറിയുന്നു .  പണ്ടത്തെ സ്ത്രീകളല്ല ഇന്നത്തെ സ്ത്രീകൾ .  വിദ്യാഭ്യാസം ഉണ്ട് ജോലിയുണ്ട് പലതിലും സ്വായ പരിയാപ്തതയുമുണ്ട് .  നാലുപേരോട് മുഖത്ത് നോക്കി സ്മസാരിക്കാനും അറിയാം .  അതുകൊണ്ടു ശ്രീമതി നമ്പ്യാര് പറഞ്ഞതനുസരിച്ച് ബോധവത്കരിക്കപ്പെടുക .  അതായിരിക്കും രണ്ടുകൂട്ടർക്കും നല്ലത്

Jyothylakshmy Nambiar 2018-03-08 23:44:27
Ms. Madhavi, Shri Mathew Zacharia, Shri Girish Nair, Shri Purushotaman, Dr. Sasidharan, Shri American Mollakka and others
Thanks for reading my article. Also many thanks for your important comments. Your comments are my inspiration. 
ഡോ.ശശിധരൻ 2018-03-09 11:49:57

വ്യക്തമായ ഐപി അഡ്രസ്സുള്ളതുകൊണ്ടാണ്  മാന്യമായ മറുപടി എഴുതുന്നത് .സമൂഹത്തിലുലുള്ള എല്ലാവര്ക്കുംപുരുഷൻഎന്ന ശബ്ദത്തിന്റെ അർഥം അറിയാം പക്ഷെ മാധവിക്കു മാത്രം പുരുഷശബ്ദത്തിന്റെ അർഥം അറിയാതെ പോയതിൽ വളരെ സഹതാപം മാത്രം തോന്നുന്നു .രാത്രിയിൽ ഓളം എന്ന വെബിൽ (ഏറ്റുവും അധികം തെറ്റുള്ള )പരതിയിട്ടും ശരിയായ അർഥം ലഭിച്ചില്ല. ശരിയായ അർഥം തെരഞ്ഞെടുക്കാനുള്ള ബുദ്ധി വൈഭവം ഉണ്ടാകണമെങ്കിൽ അടിസ്ഥാനപരമായ വായനയുടെ വ്യപ്തി വികസിപ്പിക്കാതെ നിവർത്തിയില്ല മാധവി.പക്ഷെ പലപുരുഷന്മാരും അർഥം അറിയാതെയാണ് പുരുഷൻ പുരുഷൻ എന്ന് പറഞ്ഞു നടക്കുന്നത് “, ഉദാത്തമായ മുഖം മൂടികൾ  വെച്ച്  എന്തിനു  മാധവി ഇപ്രകാരം എഴുതുന്നവെന്നതിൽ വളരെ വിഷമമുണ്ട് .മനുഷ്യന്റെ ഏറ്റവും വലിയ തിരിച്ചറിവ് എനിക്ക് അറിയില്ല എന്ന് പറയുന്നതാണ് .പുരുഷ ശബ്ദത്തിന്റെ

അർഥം ശരിയായി അറിയുമെങ്കിൽ  മാധവി ഒരിക്കലും  ഇപ്രകാരമൊരു മറുപടി എഴുതകയില്ലവേദങ്ങളിൽ വ്യക്തമായി പുരുഷ പദം ഉപയോഗിച്ചിട്ടുണ്ട്.മനുഷ്യൻ എന്ന അർത്ഥത്തിലാണ് ശബ്ദം ഉപയോഗിച്ചിട്ടുള്ളത്സ്ത്രീയും പുരുഷനും വേർതിരിവില്ലാതെയാണ് മനുഷ്യൻ (പുരുഷ:) എന്ന് ശബ്ദം  കൊണ്ട് ഉപയോഗിച്ചിട്ടുള്ളത് .അതായത്പുരയതി ഇതി പുരുഷ :”ശരിയായ അർഥം ഓരോ ജീവനെയും പരിപൂര്ണമാക്കുന്നവൻപുരുഷൻ അല്ലെങ്കിൽ മനുഷ്യൻ.ആണിനും പെണ്ണിനും തുല്യപങ്കാളിത്തം ജീവിതത്തിൽ എന്നർത്ഥം വിവക്ഷ :

ജ്യോതിലക്ഷ്മി രാമായണം നല്ലപോലെ മനസ്സിരുത്തി വായിക്കുകതന്നെ വേണം.ലോകത്തിൽ ആരുടെയും മുൻപിൽ തല കുനിക്കാത്ത ഒരു സ്ത്രീയുണ്ടെകിൽ അത് സീത മാത്രം .സീതയുടെ മുൻപിൽ തല കുനിച്ചതു രാമനാണ്‌ എന്ന യാഥാർഥ്യം ലോകത്തിനു കാണിച്ചു കൊടുക്കുകയാണ് ജ്യോതിലക്ഷ്മി വനിതാദിനത്തിൽ ചെയ്യേണ്ടത്.അല്ലാതെ;...;

(ഡോ.ശശിധരൻ)

മാധവൻ 2018-03-09 13:57:45
കരളെടുത്തുകാണിച്ചാൽ കിഡ്‌നിയാണെന്നു പറയുന്നവനാണ് യദാർത്ഥ പുരുഷൻ .  പുരുഷന്റെ അർഥം, ആൺ ,  ആത്മാവ് എന്നൊക്കെ ഉണ്ടെന്ന് ശ്രീകണേഠരത്തിന്റെ   ശബ്ദതാരാവലിയിലും ഓളത്തിലും ഒക്കെ രേഖപ്പെടുത്തിയിരിക്കുന്നു.  പക്ഷെ ഡോ. ശശിധരൻ പറയുന്നു അതല്ല അതിന്റെ ശരിയായ അർഥം ശരിയായ അർഥം അറിയണമെങ്കിൽ വേദം പഠിക്കമെന്ന്.  മാത്രമല്ല ഇപ്പോൾ അദ്ദേഹം പറയുന്നു,   " സ്ത്രീയും പുരുഷനും വേർതിരിവില്ലാതെയാണ് മനുഷ്യൻ (പുരുഷ:) എന്ന് ശബ്ദം  കൊണ്ട് ഉപയോഗിച്ചിട്ടുള്ളത് .അതായത് “പുരയതി ഇതി പുരുഷ :”ശരിയായ അർഥം ഓരോ ജീവനെയും പരിപൂര്ണമാക്കുന്നവൻ, പുരുഷൻ അല്ലെങ്കിൽ മനുഷ്യൻ.ആണിനും പെണ്ണിനും തുല്യപങ്കാളിത്തം ജീവിതത്തിൽ എന്നർത്ഥം വിവക്ഷ :"  എന്നാൽ "മുലകുടിക്കുന്നു കുഞ്ഞിനെ വലിച്ചെറിഞ്ഞു കാമുകന്റെ കൂടെ പോകുന്ന സ്ത്രീയെയും ,സ്വന്തം കുഞ്ഞിനെ മുത്തച്ഛന് സെക്സ് ചെയ്യാൻ കൂട്ട് നിൽക്കുന്ന സ്ത്രീയെയും  ,അമ്മയുടെ അവിഹിത ബന്ധം കണ്ടുപിടിക്കുന്ന കുഞ്ഞിനെ കഴുത്തു ഞെക്കി കൊല്ലുന്ന സ്ത്രീയെയും ,കാമുകന്റെ കൂടെ പോകാൻ സ്വന്തം ഭർത്താവിനെ ഉറങ്ങിക്കിടക്കുമ്പോൾ മഴുകൊണ്ട് വെട്ടി കൊല്ലുന്ന സ്ത്രീയെയും ഉൾപ്പെടുത്തി കൊണ്ടായിരിക്കണം പുരഷാധ്യാപത്യത്തിനെതിരായ ബോധവത്കരണത്തിന് ആക്കം കൂട്ടാൻ" എന്ന അഭിപ്രായം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റ മനസ്സിൽ സ്വതസിദ്ധമായ പുരുഷ മേധാവിത്വത്തിന്റെ പത്തി വിടർത്തി ആടുന്നത് ആർക്കാണ് കാണാൻ കഴിയാത്തത് .  ഇത് നിങ്ങൾക്ക് മാത്രമുള്ള പ്രശനമല്ല . മിക്കവാറും 'പുരുഷൻ പുരുഷൻ' എന്ന് പറഞ്ഞു നടക്കുന്നവർക്കുള്ള  കുഴപ്പമാണ് .
സ്ത്രീ എന്ന പദത്തിന് ശബ്ധതാരാവലി നൽകുന്ന അർഥം , " പെണ്ണ് , യോഷിത്, അബല, യോഷ നാരി, സീമന്തിനി, പ്രതാപദർശിനി, വാമ, വനിത,(വേറൊരിടത്ത് ഇദ്ദേഹം അമ്മയേ വനിതയായി കാണരുതെന്നു   പറയുന്നു)  മഹിള, ചപല എന്നൊക്കെ രേഖപ്പെടുത്തിയിരിക്കുന്നു .  വേദങ്ങളിൽ എന്തു പറഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കാൻ എല്ലാവര്ക്കും സാധിച്ചെന്നിരിക്കില്ല  പക്ഷെ വേദങ്ങളിൽ പുരുഷനും സ്ത്രീയേയും സമാനരായി കാണാൻ കഴിയുന്നെങ്കിൽ എന്തുകൊണ്ട് ശ്രീകണ്ടശേരൻ 'അബല , ചപല' എന്നൊക്കെ അർഥം ശബ്ദതാരാവലിയിൽ കുത്തി കയറ്റി . അപ്പോൾ പ്രശ്നം അടിസ്ഥാന പരമായി ഒന്ന് തന്നെ. സ്ത്രീകളെ വേദങ്ങൾ നൽകിയിരിക്കുന്ന അർത്ഥത്തിൽ ഉൾകൊള്ളാൻ കഴിയാതെ, മനസ്സിന്റെ അടിത്തട്ടിൽ  തക്കംപാർത്തുകിടക്കുന്നു ഈഗോ ഉണരുകയും അവസരോചിതമായി അർഥം കണ്ടെത്തുകയും ചെയ്യുന്നു.
ഇപ്പോൾ മാധവിയുടെ ഒരു പ്രഹരം ഏറ്റപ്പോൾ ഈഗോ പുതിയ തന്ത്രവുമായി വന്നിരിക്കുന്നു. അറിവിന്റെ വ്യാപ്തിയെ ചോദ്യം ചെയ്യുന്നു ഐ പി അഡ്രസ്സ് തിരയുന്നു മാധവി എന്നത് ശരിയായ പേരല്ല എന്നു പറയുന്നു സുഗതകുമാരി ശ്രീകുമാർ എന്നപേരിലാണ് എഴുതിക്കൊണ്ടിരുന്നത് എന്ന് കേട്ടിട്ടുണ്ട്.  ഇനി നിങ്ങളുടെ  ഡോ. പദവി വ്യാജനാണോ എന്ന് ആർക്കറിയാം!  
ശിക്ഷാക്ഷയം  ഗച്ഛതി കാലപരിയാത്
സുബദ്ധമൂല നിപതന്തി പാദപാ
ജലം ജലസ്ഥാനഗതം ചതുഷ്യതി
ഹൂതം  ച ദത്തം ച തഥൈവ ശുഷ്യതി (ഭാസൻ )
കാലം ചെല്ലുമ്പോൾ വിദ്യ നശിക്കുന്നു ബലമായി വേരുറച്ച  വൃക്ഷങ്ങളും    നിപതിക്കുന്നു . ജലാശയങ്ങളിലെ  ജലം വറ്റുന്നു . ദാനം ചെയ്യപ്പെട്ടതും ദേവകൾക്ക് ഹോമിക്കപ്പെട്ടതും മാത്രം കാലത്തെ അതിജീവിക്കുന്നു

നാരദന്‍ 2018-03-09 14:55:36

വേദം പഠിക്കുന്ന സൂദ്രന്‍റെ ചെവില്‍ ഈയം

സൂദ്രന്‍ എന്ത് വേദം പഠിച്ചു എത്ര മാത്രം പഠിച്ചു?

വേദം പഠിച്ച മഹാ യോഗി തുണി ഉടുക്കാതെ കഞ്ചാവ് വലിച്ചു നടക്കുന്നു. മറ്റു ചില യോഗികള്‍ ലിന്ഗത്തില്‍ മണി കെട്ടി നടക്കുന്നു, സ്ത്രികള്‍ ആ മണി അടിക്കുന്നു. ഇതൊക്കെ വേദത്തില്‍ കാണുമല്ലോ?

vayankaaran 2018-03-09 15:22:28
ശ്രീ ശശിധരൻ അദ്ദേഹത്തിന് അറിവുണ്ടെന്നു വായനക്കാരെ മനസ്സിലാക്കിക്കാൻ പാഴ് ശ്രമം നടത്തുന്നു.  ഏതോ വിഷയത്തിൽ ഡോക്ടറേറ്റ് കിട്ടിയതുകൊണ്ട് എല്ലാം അറിയാം എന്ന ചിന്ത പരമ മൂഢത്തമല്ലേ ശശി സാറേ. ഞാനതുകൊണ്ട് താങ്കളെ ഡോക്ടർ എന്ന് വിളിക്കുന്നില്ല. ശ്രീ ധാരാളം.
അമേരിക്കയിലെ ഒരു മലയാളി പി.എച്ച്ഡി കാരനെയും ഇനി ആരും ഡോക്ടർ എന്ന് വിളിക്കരുതെന്ന് അപേക്ഷയുണ്ട്.  സീതയെക്കുറിച്ച് പലർക്കും പല അഭിപ്രായമുണ്ട്. പുരുഷമേധാവിത്വത്തിന്റെ പാവം ഇരയാണ് അവർ. അവർ സമൂഹത്തിന്റെ മുന്നിൽ, ഭർത്താവിന്റെ മുന്നിൽ ലക്ഷ്മണന്റെ മുന്നിൽ(ലക്ഷ്മണന്റെ മുന്നിൽ തല കുനിക്കുകയെന്നു പറഞ്ഞാൽ .. അയാളോട് വിവരം ദോഷം പറഞ്ഞപ്പോൾ ചെറുതായത് അവരാണ്. ഞാൻ ഏടത്തിയെ നമസ്കരിക്കാറുള്ളതുകൊണ്ട് പാദസരം തിരിച്ചറിയാം മാലകൾ കണ്ടിട്ടില്ലെന്നു രാമനോട് പറയുന്ന ലക്ഷ്മണന്റെ മുന്നിൽ സീത തല കുനിക്ക തന്നെ വേണം.) ഒക്കെ തലകുനിച്ച് നിന്ന് സ്ത്രീകളെ നാണം കെടുത്തിയിട്ടുണ്ട്.  ജ്യോതിലക്ഷ്മി നമ്പ്യാർ രാമായണം വായിച്ചു പഠിച്ചോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ അവർ സീതയെപ്പറ്റിയെഴുതിയത് സത്യമല്ലേ?  സ്ത്രീ ഭർത്താവിന്റെ കാൽ കീഴിൽ അടിമയായി കിടക്കണമെന്നതിന്റെ ഉദാഹരണം മാത്രമാണ് സീത. അത് ഇന്നത്തെ സ്ത്രീകൾ സമ്മതിക്കില്ല.
ഡോ.ശശിധരൻ 2018-03-09 15:30:08

സംവാദങ്ങൾ ഉണ്ടാകുമ്പോൾ ആശയ സംഘട്ടനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം .അതിനെ ഈഗോ എന്നൊന്നും വിളിക്കേണ്ട കാര്യമില്ല .യുക്തിപൂർവം കാര്യങ്ങൾ മനസ്സിലാക്കുക.യുക്തിയില്ലെങ്കിൽ തള്ളിക്കളയുക.വനിത എന്ന ശബ്ദത്തിനു എവിടെയാണ് 'അമ്മ , ഭാര്യ എന്നർത്ഥം നല്കിയിരിക്കുന്നത് . വനിതാദിനത്തിൽ ധീരവനിതകൾ (വിജയ ലക്ഷ്മി പണ്ഡിറ്റ് ,സരോജിനി നായിഡു ,ഝാൻസി റാണി ,ഇന്ദിരാഗാന്ധി ,മലാല ,മദർ തെരേസ )ലോകത്തിനു നൽകിയിട്ടുള്ള സംഭാവനകൾ ,അവർ ചരിച്ചു വന്ന വഴികൾ ,രീതികൾ അവരുടെ  ചിന്താപരമായ മനോഹാരിത ,കർമ്മപരമായ ശ്രേഷ്ഠത ,ജീവിത അനുഭവങ്ങൾ ഉൾക്കൊണ്ടു പാഠങ്ങൾ പഠിച്ചു അനുകരിച്ചു അനുവർത്തിക്കുകയാണ്‌ വേണ്ടത് .ഇവിടെയാണ് വനിത ദിനത്തിന്റെ പ്രസക്തി .അല്ലാതെ അമ്മയെ കുറിച്ചുള്ള കവിതയല്ല.'അമ്മ വനിതയല്ല എന്നതിൽഉറച്ചു നില്കുന്നു .വിഷയത്തിൽ നിന്നുകൊണ്ടുള്ള ഒരൊറ്റ ലേഖനം പോലും മലയാളിയിൽ കാണാത്തതിൽ അല്പം ആശങ്കയുണ്ട്,!വ്യക്തമായ ഐപി അഡ്രസ്സ് എനിക്കുള്ളതാണ് ചൂണ്ടിക്കാണിച്ചത് .സംവാദങ്ങളിൽ താല്പര്യമുണ്ട്.പക്ഷെ വിവാദങ്ങളിൽ  ഒട്ടും താല്പര്യമില്ല.

(ഡോ.ശശിധരൻ)

നാരദന്‍ 2018-03-09 15:41:36

കരളും കിഡ്നിയും തമ്മില്‍ ഉള്ള വിത്യാസം അറിയാവുന്നവനെ അത് പൊക്കി കാണിച്ചാല്‍ അവനു മനസ്സില്‍ ആകും. അറിവില്ലാത്തവന്‍ എന്ത് കണ്ടാലും ‘അത് അതല്ല, എന്ന് കരുതും. അവനു അറിയാവുന്നത് ആണ് എന്നും തോന്നും. വിമാനം കണ്ടാല്‍ ഇരുമ്പു പക്ഷി ആണ് എന്നു അറില്ലത്തവന്‍ കരുതും. അതിനാല്‍ അറിവ് ഇല്ലാത്തവന്‍ അവന്‍റെ വഴിക്ക് പോകട്ടെ. വെറുതെ ഒന്നും പൊക്കി കാണിക്ക വേണ്ട എന്‍റെ മാദവ 

സരസമ്മ 2018-03-09 16:02:03
തുണി  പറിച്ചാൽ ചിരിക്കുന്ന പാഞ്ചാലി  അല്ല  ഇന്നത്തെ  വനിത.
andrew 2018-03-10 07:45:50

The brain is trickery, it can fool you & make you feel you are something, someone very super smart, you are better than many & so you can fool them all. You may remain in the comfort zone of pretension for years or even the rest of your life. You & other fools like you believe what you think you are is true. But there is a vast mass of intelligent people out there. They know you are a fool. They simply ignore you.

വിഭ്രമൻ 2018-03-09 23:58:45
എന്റെ നാട്ടിലുണ്ടൊരു പാവം വനിത. ഒരു പി എച്ച് ഡി ക്കാരൻ അവളെ പിഴപ്പിച്ചു  പ്രസവിപ്പിച്ചു. പി എച്ച്ഡിക്കാരനും അയാളുടെ ശിങ്കിടികളും കൂടി അവളെ അഭിസാരിണി എന്നാണ് വിളിക്കുന്നത് .  പക്ഷെ അവളുടെ മകൻ അവളെ അമ്മ എന്നാണ് വിളിക്കുന്നത് .  പക്ഷെ എന്തു ചെയ്യാം പീച്ചടിയും കൂട്ടരും അവൾ അഭിസാരിണിയായ വനിത എന്ന ഉറച്ച നിലപാടിലാണ് . ആ സ്ത്രീ ആരാണ് ? അവർ വനിതയോ അമ്മയോ ? നിങ്ങൾ അറിയാവുന്നവർ പറഞ്ഞു തന്നിരുന്നെങ്കിൽ എന്റെ   വിഭ്രാന്തി   ദൂരീകരിക്കാമായിരുന്നു .

Dr.Sasidharan 2018-03-10 13:06:04

A fool thinks himself to be wise, but a wise man knows himself to be a fool. William Shakespeare


ഡോ.ശശിധരൻ 2018-03-10 14:57:42

സംസ്‌കൃത ഭാഷയിലെമാങ് മനേഎന്ന ധാതുവിനോട് കൂടിത്രച്ച്പ്രത്യയം ചേരുമ്പോഴാണ്മാതൃഎന്ന  ശബ്ദം ഉണ്ടാകുന്നത് .മാങ് മനേ എന്നാൽ താൻ നൊന്തു പെറ്റു പോറ്റുന്ന കുട്ടിയുടെ മനസ്സു അളക്കാൻ കഴിയുന്നവൾ  ‘മാതൃഅഥവാ മാതാവ് .ത്രച്ചും, അലച്ചും പ്രത്യയങ്ങൾ  അളക്കാനുള്ള ആധിക്യം കാണിക്കുന്നു . കഴിവാണ് മാതാവിന് പകരം വെക്കാൻ മറ്റൊന്നില്ല എന്ന് അടിവരയിടുന്നത് .സ്ത്രീക്കും, വനിതക്കും കഴിവേയില്ല. താൻ  പ്രസവിച്ച കുട്ടി തുമ്മുന്നതിനു  മുൻപ് തന്നെ കുട്ടി തുമ്മാൻ പോകുന്നുവെന്ന് മാതാവിനറിയാം  .അതുകൊണ്ടാണ് മാതാവ് ചില കാര്യങ്ങൾ കുട്ടികൾ  ചെയ്യാൻ പോകുന്നതിനു മുൻപ് തന്നെ അവരെ അതിൽ നിന്നും വിലക്കുന്നത് .

(ഡോ.ശശിധരൻ)

വിദ്യാധരൻ 2018-03-10 13:41:11
അറിവ് കൂടുമ്പോൾ മനുഷ്യർക്കൊക്കെ
കുറയാത്തതെന്തേ ഗർവ്വും അഹന്തയും ?
ഒരു പക്ഷെ വേണ്ടത്ര അംഗീകാരം
കിട്ടാത്തതുകൊണ്ടായിരിക്കാം.
വനിതയിൽ അമ്മയിൽ അമ്മൂമ്മയിൽ
'സ്ത്രീ' ഒരു കേവല അംശമല്ലേ?
സ്ത്രീകളില്ലാതെ നമ്മളെല്ലാം
ഏകാന്തതയിലാണ്ടു നശിക്കുകില്ലേ ?
പ്രണയിക്കാൻ സ്നേഹിക്കാൻ ശയിച്ചിടാൻ
കൂട്ടുകാരായവരെ കണ്ടുകൂടെ ?
പുരുഷനും സ്ത്രീയും എന്നുമെന്നും
ചിന്തിച്ചിടുന്നു വിഭിന്നമായി
ഈ സൃഷ്ടിക്ക് രമ്യത കൂട്ടീടുവാൻ
ഭിന്നത അനിവാര്യമത്രെ
അതുകൊണ്ടു കലഹങ്ങൾ കൂട്ടിടാതെ
കർമ്മങ്ങളിൽ വ്യാപൃതരായിടുവിൻ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക