Image

സ്വന്തം ശബ്ദം കൊടുക്കാതെ മികച്ച നടനോ നടിയോ ആകാന്‍ ഇനി പറ്റില്ല

Published on 08 March, 2018
സ്വന്തം ശബ്ദം കൊടുക്കാതെ മികച്ച നടനോ നടിയോ ആകാന്‍ ഇനി പറ്റില്ല
മികച്ച നടനോ നടിയോ സഹനടനോ ഒക്കെ ആവാന്‍ ഇനി സിനിമയില്‍ സ്വന്തം ശബ്ദം തന്നെ നല്‍കണം. ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചതാണിത്. ജൂറിയുടെ നിര്‍ദേശങ്ങളിലാണ് ഇത്തരത്തിലൊരാവശ്യം ഉയര്‍ന്നിട്ടുള്ളത്.

അവാര്‍ഡിനെത്തുന്ന ചിത്രങ്ങളുടെ എണ്ണത്തിലുള്ള വര്‍ധന പരിഗണിച്ച് ജൂറി അംഗങ്ങളുടെ എണ്ണം ചെയര്‍മാന്‍ ഉള്‍പ്പടെ 12 ആയി ഉയര്‍ത്തണം. ഇവര്‍ മൂന്നു കമ്മറ്റികളായി തിരിഞ്ഞ് ചിത്രങ്ങള്‍ കാണുകയും തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഒരുമിച്ചു കണ്ട് അന്തിമ വിധി തീരുമാനിക്കുകയും വേണം.

ബെസ്റ്റ് വിഷ്വല്‍ ഇഫക്ട് എന്ന പേരില്‍ പുതിയൊരു അവാര്‍ഡ് ഏര്‍പ്പെടുത്തേണ്ടതാണ്. ആര്‍ട് ഡയറക്ടര്‍ ഇനി പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന് പേരുമാറ്റണം. സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം ഉയര്‍ത്തുന്നതിനും ജൂറി നിര്‍ദേശമുണ്ട്.

ആറു കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ 110 സിനിമകളാണ് അവാര്‍ഡ് കമ്മിറ്റിയുടെ മുന്‍പാകെ എത്തിയത്. ഇതില്‍ 58 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു ചിത്രം മാത്രമായിരുന്നു സ്ത്രീ സംവിധായികയുടേതായി എത്തിയത്.

ചിത്രങ്ങളില്‍ ഏറിയ പങ്കും സിനിമയെന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടവയായിരുന്നുവെന്നും വിധി നിര്‍ണയ സമിതി വിലയിരുത്തി. ഇത്തവണത്തെ പുരസ്‌കാര ജേതാക്കളില്‍ 78 ശതമാനവും ആദ്യമായി സംസ്ഥാന പുരസ്‌കാരം നേടുന്നവരാണ്. 37 ല്‍ 28 പുരസ്‌കാരങ്ങള്‍ ഇത്തരത്തില്‍ പുതുമുഖങ്ങള്‍ക്കു ലഭിച്ചു.

മികച്ച നടിക്കുള്ള പുരസ്‌കാരം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടി പാര്‍വതി. രാജേഷ് പിള്ളയുടെ ഓര്‍മയിലാണ് മഹേഷ് നാരായണന്റെ ടേക്ക് ഓഫ് ഒരുങ്ങിയത്.

കൂടുതല്‍ ഉത്തരവാദിത്തവും ഉല്‍സാഹവും തോന്നുന്നുവെന്നായിരുന്നു മികച്ച നടനായി തിരഞ്ഞെടുത്ത ഇന്ദ്രന്‍സിന്റെ പ്രതികരണം.
ഞാന്‍ സ്വപ്നം കാണുന്നത് നസ്‌റുദ്ദീന്‍ ഷായെ പോലുള്ളവരുടെ കഥാപാത്രങ്ങളാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക