Image

പറമ്പിലെ മരം പണയമാക്കി വായ്‌പ നേടാം

Published on 09 March, 2018
പറമ്പിലെ മരം പണയമാക്കി  വായ്‌പ നേടാം
ലോണെടുക്കാന്‍  ജാമ്യം തേടി ഇനി നെട്ടോട്ടം ഓടേണ്ട. ജാമ്യമായി ഭൂമിയോ ഗവ. ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റോ ഇല്ലെങ്കിലും വിലപിടിപ്പുള്ള മരങ്ങള്‍ വീട്ടുവളപ്പിലുണ്ടെങ്കില്‍ അതു പണയം വെച്ച്‌ പണം വാങ്ങാം. വീട്ടുവളപ്പിലെ മരം പണയ വസ്‌തുവാക്കി വായ്‌പ നല്‍കാന്‍ പുതിയ പദ്ധതി അവതരിപ്പിക്കുന്നത്‌ തദ്ദേശ സ്ഥാപനങ്ങളാണ്‌.

മരങ്ങള്‍ പണയ വസ്‌തുവാക്കി പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ വഴി സാമ്പത്തിക സഹായം നല്‍കുകയാണ്‌ ചെയ്യുന്നത്‌. മരങ്ങള്‍ മുറിച്ചു വിറ്റു പണം നേടുന്നത്‌ ഒഴിവാക്കാനാണ്‌ ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്‌.

തേക്ക്‌, ഈട്ടി, മഹാഗണി, ആഞ്ഞിലി, പൂവരശ്‌, പ്ലാവ്‌ തുടങ്ങിയ കാതലുള്ള മരങ്ങളാണ്‌ പണയ വസ്‌തുവായി കണക്കാക്കുക. മരങ്ങള്‍ക്ക്‌ മാര്‍ക്കറ്റ്‌ വിലയുടെ 75 ശതമാനം വരെ നിലവിലുള്ള പലിശ നിരക്കില്‍ സഹകരണ സംഘങ്ങള്‍ വായ്‌പയായി നല്‍കും. 5 മുതല്‍ 10 വര്‍ഷം വരെയാണ്‌ മരം ജാമ്യവസ്‌തുവായി പണം നല്‍കുക. മരം നില്‍ക്കുന്ന വസ്‌തുവിന്റെ പറ്റുചീട്ട്‌ നല്‍കി സഹകരണ സംഘവുമായി ഉടമസ്ഥന്‍ കരാര്‍ ഉണ്ടാക്കണം.

 നിര്‍ദ്ദിഷ്ടവസ്‌തുവില്‍ പ്രവേശിച്ച്‌ മരം പരിശോധിക്കാനും സംരക്ഷിക്കാനുമുള്ള അവകാശവും വായ്‌പ അവസാനിക്കുന്നതുവരെ സംഘത്തിനായിരിക്കും. മരത്തിനു നമ്പര്‍ നല്‍കി ചുറ്റളവും ഉയരവും ഇനവും മറ്റ്‌ വിവരങ്ങളും രേഖപ്പെടുത്തി തിരിച്ചറിയാന്‍ കഴിയുന്ന വിധം മഹസര്‍ തയാറാക്കി ഗുണഭോക്താവ്‌ ഒപ്പിട്ട കരാര്‍ ഉടമ്പടിയുടെ ഭാഗമാക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക