Image

വിദേശത്തു നിന്നെത്തിയ യുവാവ്‌ സഹോദരീ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ചു

Published on 09 March, 2018
വിദേശത്തു നിന്നെത്തിയ യുവാവ്‌  സഹോദരീ ഭര്‍ത്താവിന്റെ കുത്തേറ്റു   മരിച്ചു


കൊല്ലം : വിദേശത്തു നിന്നും എത്തിയ യുവാവ്‌ സഹോദരീ ഭര്‍ത്താവിന്റെ കുത്തേറ്റ്‌ മരിച്ചു. മാമ്‌ബുഴ പുനുക്കന്നൂര്‍ കുറ്റിയിയില്‍ മുക്ക്‌ ഇന്ദീവരത്തില്‍ ചെല്ലപ്പന്റെ മകന്‍ അജിത്ത്‌കുമാര്‍ (30) ആണ്‌ സ്വത്ത്‌ തര്‍ക്കത്തെ തുടര്‍ന്ന്‌ കൊല്ലപ്പെട്ടത്‌. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സഹോദരീ ഭര്‍ത്താവ്‌ പേരൂര്‍ പണ്ടാക്കുളം കൊന്നക്കോട്ടുവിള വീട്ടില്‍ രാജീവിനാണ്‌ പോലീസ്‌ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.

സൗദിയില്‍ എഞ്ചിനീയറായ അജിത്‌ ഏതാനും ദിവസം മുന്‍പാണ്‌ നാട്ടിലെത്തിയത്‌. ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന സമ്മാനങ്ങള്‍ സഹോദരിയ്‌ക്കും മക്കള്‍ക്കും കൊടുക്കാനായി രാവിലെ ഭാര്യ നീതുവിനൊപ്പമാണ്‌ അജിത്ത്‌ രാജീവിന്റെ വീട്ടിലെത്തിയത്‌.

സംസാരത്തിനിടെ ഭാര്യ അനുവിന്റെയും മക്കളുടെയും പേരില്‍ വീട്ടുകാര്‍ വാങ്ങിയ വസ്‌തുവിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്നും തന്നെ ഒഴിവാക്കിയത്‌ രാജീവ്‌ ചോദ്യം ചെയ്‌തു. തര്‍ക്കം മൂത്തപ്പോള്‍ അലമാരയ്‌ക്ക്‌ മുകളിലിരുന്ന കത്തിയെടുത്ത്‌ രാജീവ്‌ അജിത്തിനെ കുത്തുകയായിരുന്നു. ഇത്‌ തടയാന്‍ ശ്രമിക്കുന്നതിനിടെ അനുവിനും പരിക്കേറ്റു.

സംഭവശേഷം അജിത്ത്‌ ബൈക്കില്‍ പുറത്തേയ്‌ക്ക്‌ പോയി. കുത്തേറ്റ അജിത്തിനെ സമീപവാസിയായ യുവാവ്‌ ബൈക്കിലിരുത്തി ആശുപത്രിയിലേയ്‌ക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും കുഴഞ്ഞു വീണു. തുടര്‍ന്ന്‌  ആശുപത്രിയില്‍ എത്തിച്ചുവെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല.

എട്ടു മാസം മുന്‍പായിരുന്നു അജിത്തിന്റെ വിവാഹം. എഞ്ചിനീയറായ നീതു അജിത്തിനൊപ്പം ഗള്‍ഫിലേയ്‌ക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക