Image

സ്വപ്നങ്ങള്‍ക്കും അശരീരികള്‍ (കഥ -മിനി വിശ്വനാഥന്‍)

Published on 09 March, 2018
സ്വപ്നങ്ങള്‍ക്കും അശരീരികള്‍ (കഥ -മിനി വിശ്വനാഥന്‍)
കിടന്ന കിടപ്പില്‍ അവളൊന്നുകൂടി ഓര്‍ത്തുനോക്കി; പണ്ട് പരീക്ഷത്തലേന്ന് പാഠങ്ങള്‍ വീണ്ടും വീണ്ടും ഉരുക്കഴിക്കുന്ന പോലെ .. അരി കഴുകി വെള്ളത്തില്‍ ഇട്ടു.രാവിലെ എളുപ്പത്തില്‍ വേവാനതാണ് സൗകര്യം. തോരനും കറിക്കുമുള്ള പച്ചക്കറികള്‍ നുറുക്കി വേറെ വേറെ പ്ലാസ്റ്റിക്ക് കൂടുകളിലാക്കിയിട്ടുണ്ട്. വറുക്കാനുള്ള മീന്‍ ഫ്രീസറില്‍ നിന്ന് താഴെക്ക് വെച്ചിരിക്കുന്നു. ബ്രേക്ഫാസ്റ്റിന് ദോശമാവുണ്ട്.

യൂനിഫോമുകള്‍ തേച്ച് മടക്കി വെച്ചിട്ടുണ്ട്... ബസ് കാര്‍ഡും സോക്‌സുകളും സ്ഥാനത്ത് തന്നെയുണ്ട്. രണ്ടാളുടെയും ഷൂ പോളീഷ് ചെയ്ത് വെച്ചിട്ടുണ്ട്.. ചെക്ക് ലിസ്റ്റുകള്‍ നീളുകയാണ്. മണി പന്ത്രണ്ടോടടുത്തു.

ഈശ്വരാ ഭഗവാനേ രാവിലെ അഞ്ചര മണിക്ക് ഉണര്‍ത്തണേന്ന് മാത്രമൊരു പ്രാര്‍ത്ഥന..വേറെന്തു പ്രാര്‍ത്ഥിക്കാന്‍?രാവിലെ അഞ്ചരയ്ക് തുടങ്ങുന്ന യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. ഇത്തിരി വെള്ളം കുടിക്കണമെന്ന തോന്നലിനെ അടക്കി വെച്ചു. വയ്യ ഇനി എണീക്കാന്‍....

രാവിലെ എണീക്കണം... രുചിയുള്ള ഭക്ഷണമാണ് ലിസ്റ്റില്‍ ഒന്നാമത്. വറചട്ടിയിലേക്ക് പാകത്തിനുരുണ്ടു വീഴുന്ന കടുകും മുളകും എന്നും പണി എളുപ്പമാക്കുമായിരുന്നു. ആവശ്യമുള്ള ചട്ടികളും പാത്രങ്ങളും കൈയിലുകളും സ്പൂണുകളും തന്റെ മുന്നിലേക്ക് ഉരുണ്ടുരുണ്ട് വരുന്നത് പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. മുളക് പാത്രവും മഞ്ഞള്‍ പൊടി ടിന്നു പോലും അവളെ സഹായിക്കാറുണ്ട്. ഇത്തിരി പോലും മുളകോ ഉപ്പോ ഏറാതെ ഭക്ഷണമൊരുങ്ങാന്‍. അടുക്കള സ്‌നേഹിക്കുന്നത് പോലെ വേറാരും തന്നെ സ്‌നേഹിച്ചിട്ടില്ലെന്ന് അവള്‍ക്ക് പലപ്പോഴും തോന്നാറുണ്ട്. ചിലപ്പോഴെങ്കിലും ഫ്രിഡ്ജില്‍ ഒളിച്ചിരിക്കുന്ന തൈര് പാത്രത്തിനെയും പച്ചമുളക് ഡബ്ബയെയും സ്വാതന്ത്ര്യത്തോടെ അവള്‍ വഴക്ക് പറയും. കറിവേപ്പിലകുട്ടനെയും, പൊതീനപെണ്ണിനെയും പിച്ചി വേദനിപ്പിക്കാറുണ്ട്.തിരക്കൊതുങ്ങിയാല്‍ വെള്ളം കൊടുത്ത് തലോടി ആശ്വസിപ്പിക്കാറുണ്ട്.

അതിനിടെ വിളികള്‍ വരും , മേശപ്പുറത്ത് വെച്ച കണക്ക് നോട്ട്..ഇന്നലെ എഴുതിയ പെന്‍സില്‍... അമ്മേ ..
എന്റെ സോക്‌സാണ് ചേച്ചിയിട്ടത് ... എനിക്ക് അത് തന്നെ വേണം ....
നോക്കമ്മേ... ഇവളെന്നെ അടിച്ചു... ചേച്ചി എന്നെ പിച്ചി ..
അയ്യേ എനിക്ക് ദോശ വേണ്ട...... അമ്മേ സാമ്പാറില്ലേ?
അമ്മേ, അമ്മേ...... അയ്യോ ബസ് വന്നു..... ബാഗ്, വാട്ടര്‍ ബോട്ടില്‍ .... എവിടെ ... എവിടെ....?
ഈയൊരു ഉരുള കൂടി ... മോളേ .... ചേച്ചിയുടെ കൈ പിടിക്കണേ .......
ബസിലാരോടും അടിയുണ്ടാക്കല്ലേ മോളേ .... ബസ്സിനു പായ്യാരങ്ങള്‍ക്ക് സമയമില്ല... അത് അതിന്റെ വഴിക്ക് ഉരുണ്ടു.
മുഖം തുടച്ച് അകത്ത് കയറുമ്പോള്‍ പിന്നെയും ബനിയനെവിടെ, സോക് സെവിടെ ???
ചോറും കറികളും ബ്രേക്ഫാസ്റ്റും പാത്രങ്ങളിലും ഫ്‌ലാസ്‌കിലുമാക്കി ഒതുക്കി വെച്ച് തിരിയുമ്പോഴാണ് രാവിലെ ഇളയ മോള്‍ക്കു വേണ്ടി സമയയമില്ലാ സമയത്ത് ഉണ്ടാക്കിയ ദോശയും ചട്ണിയും നിറച്ച പാത്രം ടേബിളില്‍ കണ്ടത്.മാത്സ് ബുക്കിന്റെ തപ്പലില്‍ പുറത്ത് വന്നതായിരിക്കണം ദേഷ്യവും, സങ്കടവും, അവള്‍ക്ക് വിശക്കുമല്ലോന്നുള്ള ആധിയും ഒന്നിച്ച് ഓടിയെത്തി.
ക്ലാസ് ടീച്ചര്‍ക്കതിനിടെയൊരു മെസേജിട്ടു... കാന്റീനില്‍ നിന്ന് വല്ലതും വാങ്ങാന്‍ പൈസ കൊടുക്കണേ എന്നൊരു അപേക്ഷ ! മിക്കപ്പോഴും രാവില കൊടുത്തയക്കുന്ന സ്‌നാക്ക് ബോക്‌സുകള്‍ അവര്‍ തുറന്നു പോലും നോക്കാറില്ല എന്ന കാര്യം അമ്മമനസ്സ് വാത്സല്യപൂര്‍വ്വം മറന്നു...

വീടൊഴിഞ്ഞു ... എല്ലാരും അവരവരുടെ വഴിക്കിറങ്ങി....ആരവങ്ങളടങ്ങി.... അഴിച്ചിട്ടതുണികളും, ചുരുണ്ടുരുണ്ടു കിടക്കുന്ന കിടക്ക വിരികളും തുറന്നു കിടക്കുന്ന അളമാരകളും....
കളര്‍ പെന്‍സിലുകളും തുറന്നു വെച്ച പുസ്തകങ്ങളും നിറഞ്ഞ പഠനമേശകളും അവളെ നോക്കി കരുണയോടെ ചിരിച്ചു...
ഫോണ്‍ ബെല്ലിനപ്പുറം കൂട്ടുകാരിയാണ്. ....

അവള്‍ക്ക് പറയാന്‍ എന്നും വിശേഷങ്ങളാണ് .. പുതിയതായി തുറന്ന റെസ്റ്റോറന്റ് ,സെയിലിന് വാങ്ങിയ പുതിയ ചുരിദാറുകള്‍, നന്നായി പണിയെടുക്കുന്ന പുതിയ മെയിഡ്, മുഴുവന്‍ വിഷയത്തിനും A + കിട്ടുന്ന മക്കള്‍... ഈശ്വരാ ചെറുതിന് മോറല്‍ സയന്‍സിലോ മറ്റോ ആണ് ഒരു A+ ഉള്ളത്..... പറഞ്ഞ് നില്‍ക്കാന്‍ ഒന്നുമില്ലല്ലോ ഇന്ന് .

ഇത്തിരിയും കൂടി പണിയുണ്ടെന്ന ഒഴികഴിവ് അവള്‍ക്കിഷ്ടമായില്ല എന്ന് ഫോണ്‍ വെക്കുന്ന ശബ്ദം കേട്ടാലറിയാം...

സ്വപ്നം കാണാനുള്ള സമയമാണ് ഇനിയൊരു മണിക്കൂര്‍.
സ്വപ്നങ്ങളുണ്ടായിരിക്കണമെന്ന് പറഞ്ഞു തന്നതാരായിരുന്നു?
നാട്ടില്‍ പോയാല്‍ കൊള്ളേണ്ട മഴയും, വെയിലും മഞ്ഞും വരെ ഈ സ്വപ്നത്തിന്റെ പരിധിയില്‍ വരും.
ഇത്തിരി പറമ്പില്‍ നടേണ്ട പച്ചക്കറികള്‍, പൂച്ചെടികള്‍...... പുതിയയിനം തെങ്ങിന്‍ തൈകള്‍, കുരുമുളക് വള്ളികള്‍ ..
കേട്ടു മറന്ന പ്രണയഗാനങ്ങള്‍ ..
തെക്ക് ഭാഗത്തെ പുളിമരത്തിനിടയിലൂടെ അരിച്ച് വരുന്ന ഇളം വെയില്‍, മകരമാസത്തിലെ തണുത്ത കാറ്റ്' ,
പുളിത്തുണ്ടുകള്‍കടിച്ച് നോക്കി രുചി പിടിക്കാതെ ഉപേക്ഷിക്കുന്ന അണ്ണാന്‍ കുഞ്ഞ്,
അച്ഛന്‍ ,അനന്തന്‍ ,രാഘവന്‍ എന്നീ വിചിത്രമായ പേരുകളിട്ട് വിളിക്കുന്ന രണ്ട് കാക്കകള്‍ .....ഇവയൊക്കെയും ഉണ്ടാവും ഈ സ്വപ്നത്തില്‍ ...കൂടാതെ മനസ്സിന്റെ ഏതോ കോണില്‍ ഒളിച്ചിരിക്കുന്ന ഇത്തിരി സ്വകാര്യങ്ങളും.....

സ്വപ്നത്തൊടിയിലേക്ക് മേയാന്‍ വിട്ട മനസ്സ് കൂടിക്കിടക്കുന്ന അലക്ക് തുണികളില്‍ മേയാന്‍ തുടങ്ങി ,കഴുകി വെക്കാത്ത പാത്രങ്ങളിലും, പൊടിയടിക്കാത്ത ഫര്‍ണിച്ചറുകളിലും തത്തി നിന്നു...
മനസ്സൊരു മാന്ത്രിക കുതിരയാണെന്ന് കവി പാടിയത് വെറുതെയല്ല.....
ഒരു സ്വപ്നവും കാണാതെ തന്നെ സമയം രണ്ടായി ....
മൂത്തവള്‍ സങ്കടം കൊണ്ട് ചുവന്ന് തുടുത്ത മുഖത്തോടെയും ഇളയവള്‍ നിസ്സംഗതയുടെ തനി സ്വരൂപമായും കടന്നു വരുന്നത് കണ്ടപ്പോളേ പന്തികേട് മണത്തു..
ചെറുതും കൂട്ടുകാരും വാടകഗുണ്ടകളെ പോലെ ബസില്‍ വെച്ച് തല്ലുണ്ടാക്കി പോലും.... ഏതോ ഒരു ചെറുക്കനെ ഇവളും കൂട്ടുകാരും ഇടിച്ചു.അവന്റെ സിസ്റ്റര്‍ ഇവളെയും അടിച്ചു.കോളര്‍ പിടിച്ച് വലിച്ചു. ... എനിക്ക് നാണക്കേട്.. മൂത്തവള്‍ക്ക് പരാതി തീരുന്നില്ല......
ഫോണ്‍ ബെല്ലടിക്കുമ്പോഴേ സംഗതി പിശകാണെന്ന് മനസ്സിലായി.
തല്ല് കൊണ്ടവന്റെ അമ്മയാണ്.. അവന്‍ ഇവളുടെ കൂട്ടുകാരിയുടെ അനിയത്തിയെ രണ്ട് ദിവസം മുമ്പ് ചെറുതായി ഒന്ന് തല്ലിയതിന്റെ പ്രതികാരം തീര്‍ത്തതാണ് ഇവര്‍... ബസില്‍ വെച്ചുള്ള അപ്രതീക്ഷിത ആക്രമണം അവന് നാണക്കേടായി പോയി. .എന്നാലും ഈ പെണ്‍കുട്ടികള്‍ എന്തു ഭാവിച്ചാ എന്ന അവരുടെ ചോദ്യം കേട്ടതായി നടിച്ചില്ല.

പരാതിയൊക്കെ പറഞ്ഞൊതുക്കി വന്നപ്പോള്‍ ചെറുതിന് യാതൊരു കൂസലുമില്ല. .. അവന്‍ അടിച്ചാല്‍ ഞങ്ങള്‍ ഇനിയും തല്ലുമെന്ന് ഭീഷണി മുഴക്കി അകത്ത് പോയി.
പണ്ടത്തെ സ്‌കൂള്‍ കാലം ഓര്‍ത്തപ്പോള്‍ അവളോട് ഒന്നും പറയാന്‍ തോന്നിയില്ല. ....
എല്ലാ ബഹളങ്ങളും കഴിഞ്ഞ് ...സിങ്കില്‍ വീണ്ടും നിറഞ്ഞ പാത്രങ്ങള്‍ സഹതാപത്തോടെ അവളെ നോക്കുന്നത് കണ്ടപ്പോള്‍ വീണ്ടും സ്വപ്നങ്ങള്‍ മയക്കത്തിലാഴ്ന്നു.
രാവിലെ മുഴുവന്‍ യുദ്ധം പാത്രങ്ങളോടും, പൊടി പിടിച്ച ഫര്‍ണിച്ചറുകളോടും അഴുക്ക് തുണികളോടുമായിരുന്നു..
എല്ലാം പഴയതുപോലെ.... .ഒതുങ്ങി നില്‍ക്കുന്ന മുറികളും, ചുളിവില്ലാത്ത കിടക്കവിരികളും തിളങ്ങുന്ന പാത്രങ്ങളും സ്ഥാനത്ത് കിടക്കുന്ന കുഷ്യനുകളും അവളെ നോക്കി കണ്ണിറുക്കി. നേരിയ കര്‍പ്പൂര ഗന്ധം മുറികളില്‍ നിറച്ചു..
ശാന്തം.. സമാധാനം ... സ്വപ്നങ്ങളെ മെല്ലെ കൂട്ടിനു വിളിക്കുമ്പോഴേക്കും ...
രണ്ടു ദിവസമായി ഈ ബുക്ക് ഷെല്‍ഫിന്റെ മുകളില്‍ പൊടി ....
വീട്ടില്‍ വെറുതെയിരിക്കുകയല്ലേന്നൊരു പിന്‍ശബ്ദം.....
ആരാണ് .....
അത് അശരീരിയായിരുന്നു..
സ്വപ്നങ്ങള്‍ക്കൊപ്പം അശരീരികളും ഉണ്ടായിരിക്കുമെന്നവള്‍ക്ക്
വൈകിയാണെങ്കിലും മനസ്സിലായി.
സ്വപ്നങ്ങള്‍ക്കും അശരീരികള്‍ (കഥ -മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക