Image

ജിഎസ്ടിയുടെ കണക്കുകള്‍ സംസ്ഥാനങ്ങളെ കാണിക്കണമെന്നു തോമസ് ഐസക്ക്, ഇ-വേ ബില്ലിലും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം വേണം

Published on 10 March, 2018
ജിഎസ്ടിയുടെ കണക്കുകള്‍ സംസ്ഥാനങ്ങളെ കാണിക്കണമെന്നു തോമസ് ഐസക്ക്, ഇ-വേ ബില്ലിലും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം വേണം
ജിഎസ്ടി റിട്ടേണിന്റെ കണക്കുകള്‍ സംസ്ഥാനങ്ങളെ കാണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. നവംബറില്‍ നികുതി നിരക്ക് കുറച്ചതിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനം കൂടുമെന്നതിനാലാണ് ഇപ്പോള്‍ ഇക്കാര്യം യോഗ അജണ്ടയില്‍ നിന്ന് ഒഴിവാക്കിയതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഫെബ്രുവരി മാസത്തിലെ വരുമാനം ആകെ 85,000 കോടി രൂപയാണ്. ഇത് ജനുവരി മാസത്തേക്കാള്‍ കുറവ്. നവംബറില്‍ നികുതി നിരക്ക് കുറച്ചതാണ് വരുമാനം കുറയാന്‍ കാരണമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്‌ലിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി വിഹിതം നല്‍കുകയാണ്. എന്നാല്‍ ഇതിന്റെ കണക്കുകള്‍ കാണിക്കാന്‍ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ല. കണക്കുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ-വേ ബില്‍ ഏപ്രില്‍ 1 മുതല്‍ നടപ്പാക്കാനാണ് തീരുമാനം. എന്നാല്‍ റെയില്‍വേ വഴി പാര്‍സല്‍ കടത്തുന്നതിലൂടെയുള്ള നികുതി ചോര്‍ച്ച പ്രശ്‌നമാണ്. ഇത് തടയുന്നതിന് റെയില്‍വേ സ്‌റ്റേഷനുകളില്‍ കടന്ന് പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നും കേരളം ആവശ്യപ്പെടും. സ്വര്‍ണത്തിന് ഈ-വേ ബില്‍ ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ മറ്റൊരു ആവശ്യം. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ല. ഉള്‍പ്പെടുത്തിയാല്‍ കേരളം നിയമപരമായി നേരിടും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക