Image

എം.ജി.എം സ്റ്റഡി സെന്റര്‍ പതിനാലാം വാര്‍ഷികം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 29 June, 2011
എം.ജി.എം സ്റ്റഡി സെന്റര്‍ പതിനാലാം വാര്‍ഷികം ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന എം.ജി.എം സ്റ്റഡിസെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്ന്‌ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാഷണല്‍ ട്രഷററും, പ്രമുഖ കോളമിസ്റ്റുമായ ജോര്‍ജ്‌ തുമ്പയില്‍ അഭിപ്രായപ്പെട്ടു. എംജി.എം സ്റ്റഡിസെന്ററിന്റെ പതിനാലാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനും, മാതൃഭാഷയായ മലയാളത്തെ പുതിയ തലമുറയ്‌ക്ക്‌ പരിചയപ്പെടുത്തുന്നതിനും എം.ജി.എം സ്റ്റഡിസെന്റര്‍ കാണിക്കുന്ന ആത്മാര്‍ത്ഥത അഭിനന്ദനീയമാണെന്നും ജോര്‍ജ്‌ തുമ്പയില്‍ പറഞ്ഞു.

അമേരിക്കയില്‍ വളര്‍ന്നുവരുന്ന പുതിയ തലമുറയെ ഭാരതസംസ്‌കാരവും, ഭാഷയും പഠിപ്പിക്കേണ്ടത്‌ ഈ കാലഘട്ടത്തില്‍ വളരെ അനിവാര്യമാണെന്ന്‌ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി അഭിപ്രായപ്പെട്ടു. അതിന്‌ എം.ജി.എം പോലുള്ള പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കേണ്ടത്‌ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എം.ജി.എം സ്റ്റഡിസെന്ററിന്റെ പ്രിന്‍സിപ്പല്‍ ഫാ. നൈനാന്‍ ടി. ഈശോ തന്റെ സ്വാഗത പ്രസംഗത്തില്‍, എം.ജി.എം സ്റ്റഡിസെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ന്യൂയോര്‍ക്കിലേയും പരിസരങ്ങളിലേയും നല്ലവരായ ഭാരതീയര്‍ നല്‍കിവരുന്ന സഹായ സഹകരണങ്ങള്‍ക്ക്‌ എം.ജി.എം സ്റ്റഡിസെന്റര്‍ കടപ്പെട്ടിരിക്കുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. കുട്ടികളെ മലയാളം പഠിപ്പിക്കാനായി ചെറിയ തോതില്‍ തുടങ്ങിയ ഈ പ്രസ്ഥാനത്തില്‍ ഇന്ന്‌ നൃത്തം, സംഗീതം, പിയാനോ, പബ്ലിക്‌ സ്‌പീച്ച്‌, ബാസ്‌ക്കറ്റ്‌ ബോള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകരാല്‍ പരിശീലനം നല്‍കിവരുന്നു.

അടുത്ത വര്‍ഷത്തെ ക്ലാസുകള്‍ സെപ്‌റ്റംബര്‍ പതിനൊന്നാംതീയതി ഞായറാഴ്‌ച ആരംഭിക്കുമെന്നും ഫാ. നൈനാന്‍ ടി. ഈശോ പറഞ്ഞു. മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ട്രസ്റ്റി ബാബു ജോര്‍ജ്‌ കൃജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന്‌ എം.ജി.എം സ്റ്റഡിസെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച വൈവിധ്യങ്ങളായ കലാപരിപാടികള്‍ ഏവരുടേയും മുക്തകണ്‌ഠ പ്രശംസപടിച്ചുപറ്റി. ഡോ. ജോണി കോവൂര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

പരിപാടികള്‍ക്ക്‌ ഷാജി വര്‍ഗീസ്‌, ഫിലിപ്പോസ്‌ മാത്യു, എം.ജി.എം അധ്യാപകരായ ചന്ദ്രികാ കുറുപ്പ്‌, ലക്ഷ്‌മി കുറുപ്പ്‌, ഹെലന്‍ ജോര്‍ജ്‌, സാബു ആന്റണി, ലീലാമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
എം.ജി.എം സ്റ്റഡി സെന്റര്‍ പതിനാലാം വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക