Image

വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ലേഖനം. ആറാം ഭാഗം: ജയന്‍ വര്‍ഗീസ്)

Published on 10 March, 2018
വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ലേഖനം. ആറാം ഭാഗം: ജയന്‍ വര്‍ഗീസ്)
VI പ്രപഞ്ചവും മനുഷ്യനും.

" കാലം തുടങ്ങും മുന്‍പ് മുതല്‍ ഇക്കാലം വരെയുള്ള പരിണാമ ചരിത്രമാകെ നാം രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അത് നമ്മുടെ ധൈഷണിക സ്വത്താണ്. ആറരക്കോടി വര്ഷം മുന്‍പുണ്ടായ സര്‍വ നാശത്തിനു സാക്ഷിയാവാന്‍ ആരുമുണ്ടായിരുന്നില്ല. പക്ഷെ, നമുക്ക് വളരെ ശക്തമായ അപഗ്രഥന മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചെടുക്കുവാന്‍ കഴിഞ്ഞതിനാല്‍ ഭൂമിയിലെ ചരാചരങ്ങളെ പലവട്ടം തകര്‍ത്തെറിഞ്ഞ സംഭവങ്ങള്‍ അതുപോലെ തന്നെ മനസിലാക്കി വിവരിച്ചു വയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട് " ( ഒരാധികാരിക ശാസ്ത്ര ലേഖനത്തില്‍ നിന്ന്.)

' കേട്ട ഗാനം മധുരം, കേള്‍ക്കാത്തത് അതി മധുരം' എന്നത് പോലെയല്ലേ നമ്മുടെ മനസിലാക്കല്‍? വെള്ളത്തില്‍ കിടക്കുന്ന മഞ്ഞുമലയുടെ മുകളറ്റമാണ് നാം കാണുന്നത്. അടിയിലെ ആഴങ്ങള്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് മഞ്ഞുമല പൂര്‍ണ്ണമാണ്. അതിനടിയില്‍ ആഴ്ന്നു കിടക്കുന്ന അതി ബൃഹത്തായ ഐസ് ബര്‍ഗ്ഗിനെ കണ്ണുകള്‍ കൊണ്ട് കണ്ടറിയുകയും, കൈകള്‍ കൊണ്ട് തൊട്ടറിയുകയും ചെയ്താലേ ഞാന്‍ വിശ്വസിക്കൂ എന്ന് ഒരാള്‍ക്ക് പറയാം. അതയാളുടെ സ്വാതന്ത്ര്യം. ' അനുഭവങ്ങളില്‍ നിന്ന് പഠിക്കുന്നവന്‍ ' എന്ന അഭിനന്ദനങ്ങളോടെ പൊതു സമൂഹം അയാളെ അംഗീകരിച്ചു എന്നും വരം. ചില കാര്യങ്ങളിലെങ്കിലും അനുഭവങ്ങളില്‍ നിന്ന് പഠിക്കാന്‍ കാത്തു നിന്നാല്‍ നാം അബദ്ധത്തില്‍ വീഴാനുള്ള സാദ്ധ്യതയുണ്ട്. ഉദാഹരണമായി, ഉയരത്തില്‍ നിന്ന് വീണാല്‍ എന്തായിരിക്കും എന്ന് അനുഭവിച്ചു പഠിക്കാന്‍ പോയാല്‍ ചിലപ്പോള്‍ ഒന്നും പഠിക്കാതെ തന്നെ അങ്ങ് ' പോകാ' ന്‍ സാധിച്ചേക്കാം.

കണ്ടും, കേട്ടും , തൊട്ടും, സ്പര്‍ശിച്ചും, രുചിച്ചും മാത്രമല്ലാ നാം പലതും മനസിലാക്കുന്നത്. ഇവകളുടെ പ്രാഥമിക നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെടാത്ത പലതും ഇനിയും നമുക്കിടയിലുണ്ട്. അവകളെയും ദര്‍ശിക്കുവാന്‍ നമുക്ക് ലഭിച്ചിട്ടുള്ള നൈസര്‍ഗ്ഗിക വാതായനങ്ങളാണ് നമ്മുടെ ദാര്‍ശനിക അവബോധം. ഈ വാതായനങ്ങളിലൂടെ പുറത്തേക്ക് നോക്കാന്‍ കഴിയാത്തവര്‍ തങ്ങളുടെ പരിമിതികളുടെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി, ഞെരുങ്ങി, ഉള്‍വലിഞ്ഞു കൊണ്ട്, ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളോടെ ഒരു ദിവസം ഒടുങ്ങി അവസാനിക്കുന്നു.

കാലം തുടങ്ങും മുന്‍പ് മുതല്‍ ഇക്കാലം വരെയുള്ള മുഴുവന്‍ പരിണാമ ചരിത്രവും രേഖപ്പെടുത്തി വച്ചിട്ടുണ്ട് എന്നവകാശപ്പെടുന്ന ശാസ്ത്രഭാഷ്യം തികച്ചും അതിശയോക്തി പരമാണ്. നാം മനസിലാക്കാത്ത എത്രയോ കാര്യങ്ങള്‍ ഇനിയും പ്രപഞ്ചത്തിലുണ്ട്? നമ്മുടെ അറിവിന്റെ ചക്രവാളം എത്രയോ ചെറുതാണെന്ന് നമ്മളെങ്കിലും തിരിച്ചറിയേണ്ടതല്ലേ? ശാസ്ത്ര സാങ്കേതിക വിദ്യകള്‍ നമുക്ക് സമ്മാനിച്ച ജീവിത സുഖങ്ങളുടെ ഉള്‍പ്പുളകത്തിലാണോ നാമിതു പറയുന്നത്? ഈ സുഖസൗകര്യങ്ങള്‍ നമുക്ക് സമ്മാനിച്ചത് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ പ്രവര്‍ത്തച്ചിരുന്നവരാണ് എന്നത് ശരി തന്നെ. ഇതേ കാലയളവില്‍ നാം അവര്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുകയായിരുന്നു. നമ്മുടെ കര്‍മ്മ മേഖല പാടത്തെ ചളിയിലായിരുന്നിരിക്കാം; ഫാക്ടറിയിലെ പുകയിലായിരുന്നിരിക്കാം എന്ന വ്യത്യാസമേയുള്ളൂ.

നമ്മളൊ, നമ്മുടെ ശാസ്ത്രമോ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ല. ഉണ്ടായിരുന്നതിനെ ഘടിപ്പിച്ചും വിഘടിപ്പിച്ചും രൂപമാറ്റം വരുത്തി എന്നേയുള്ളു. ഈ രൂപമാറ്റങ്ങള്‍ പലതും നമുക്ക് സുഖം പകരുന്നവയായിരുന്നു. നമുക്ക് അനുഭവേദ്യമായ അത്തരം സുഖങ്ങളുടെ പേരില്‍ അവ നമുക്ക് സമ്മാനിച്ച ശാസ്ത്രത്തെയും, ശാസ്ത്രകാരന്മാരെയും നാം ആദരിക്കുന്നു. അവര്‍ രൂപം മാറ്റിയ വസ്തുക്കള്‍ അവര്‍ക്കും മുന്‍പേ ഉണ്ടായിരുന്നതുകൊണ്ടാണ് അവര്‍ക്കതിനു സാധിച്ചത്. ഒരു കട്ട മണ്ണോ, ഒരു കപ്പ് വെള്ളമോ അവര്‍ സ്വന്തമായി ഉണ്ടാക്കിയിട്ടില്ല. പ്രപഞ്ച വസ്തുക്കളില്‍ തൊടാതെ അവര്‍ക്കതിന് സാധിക്കുകയുമില്ല. അവര്‍ക്ക് ലഭ്യമായ ( ലോഗോ ബില്‍ഡിങ് ) ബ്ലോക്കുകള്‍ കൊണ്ട് അവരുണ്ടാക്കിയ രൂപങ്ങള്‍ നമ്മെ ഇത്രമേല്‍ ആകര്ഷിച്ചുവെങ്കില്‍, അവര്‍ക്ക് ബ്ലോക്കുകള്‍ സമ്മാനിച്ച യഥാര്‍ത്ഥ ഉടമസ്ഥനെ നാമും, അവരും എത്രമാത്രം ബഹുമാനിക്കണം; സ്‌നേഹിക്കണം?

പല സിദ്ധാന്തങ്ങളേയും ശാസ്ത്രം രൂപപ്പെടുത്തുന്നത് നിഗമനങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടാണ്. ഈ നിഗമനങ്ങളില്‍ ശരികളേക്കാളേറെ തെറ്റുകള്‍ കടന്നു കൂടിയ സംഭവങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. സൈഡ് എഫക്ടുകള്‍ എന്ന ഓമനപ്പേരില്‍ ഒഴിവാക്കപ്പെടുന്നവയെ അവഗണിച്ചാല്‍പ്പോലും യഥാര്‍ത്ഥ എഫക്ടുകളുമായി എത്രയെത്ര അനുഭവങ്ങള്‍ നമുക്ക് മുന്നില്‍ പല്ലിളിച്ചു നില്‍ക്കുന്നുണ്ട്? ഒരേ ഒരുദാഹരണം മാത്രം ഇവിടെ സൂചിപ്പിക്കാം:

കുറ്റമറ്റ സാങ്കേതിക വിദ്യയുടെ ഉത്തമ ഉദാഹരണമായിരുന്നൂ ടൈറ്റാനിക്ക് യാനപാത്രം? ആ കപ്പല്‍ മുങ്ങുകയില്ലന്ന് അതിന്റെ ശില്പികളും അന്നത്തെ ജനങ്ങളും ഉറച്ചു വിശ്വസിച്ചു. എത്രമാത്രം വെള്ളം കയറിയാലും മുങ്ങാതിരിക്കത്തക്ക സാങ്കേതിക മേന്‍മയിലാണ് അത് പണിതുണ്ടാക്കിയത്. അതുകൊണ്ടാണ്, അപകടത്തില്‍ അകഭാഗത്തു പകുതിയിലേറെ വെള്ളം നിറഞ്ഞിട്ടും കപ്പലിന്റെ മറ്റേ പകുതി അഭിമാനത്തോടെ വെള്ളത്തിനു മുകളില്‍ കുത്തനെ ഉയര്‍ന്നു നിന്നത് .( ടൈറ്റാനിക് ചലച്ചിത്രം കണ്ടവര്‍ക്ക് ഇത് കൃത്യമായി ഓര്‍മ്മിച്ചെടുക്കാനാവും.) കപ്പലിനെ മുങ്ങലില്‍ നിന്ന് ഒഴിവാക്കുവാനുതകുന്ന വായു അറകള്‍ അപ്പോളും സജീവമായിരുന്നു. കപ്പലിന്റെ ശില്‍പ്പികള്‍ ഇത് തന്നെയാണ് മുന്‍കൂറായി രൂപകല്‍പ്പന ചെയ്തിരുന്നതും. പക്ഷെ, എല്ലാ നിഗമനങ്ങളെയും തകര്‍ത്തെറിഞ്ഞു കൊണ്ട് ആ ഭീമന്‍ യാനപാത്രം നടുക്ക് വച്ച് വട്ടം ഒടിയുകയാണ്? ആ ഓടിയലില്‍ വേര്‍പെട്ട കഷണങ്ങള്‍ അറ്റ് ലാന്റിക്കിന്റെ അഗാധമായ ആഴങ്ങളിലേക്ക് കൂപ്പു കുത്തുകയാണ്. അപൂര്‍ണ്ണമായ മനുഷ്യന്റെ ചിന്തകളും, നിഗമനങ്ങളും എന്നും അപൂര്‍ണ്ണമായിരിക്കും എന്ന അനിഷേദ്ധ്യ സത്യം അവനെ അനുസ്മരിപ്പിച്ചു കൊണ്ട്, ആ ദുരന്ത വേദനയുടെ നിത്യ സ്മാരകങ്ങളായ ആ കഷണങ്ങള്‍ ഇന്നും അറ്റ് ലാന്റിക്കില്‍ ആഴ്ന്നു കിടക്കുന്നു!? അവിടെ വീണുടഞ്ഞ സ്വപ്നങ്ങള്‍ക്ക് അശ്രു തര്‍പ്പണങ്ങള്‍!

പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അന്വേഷണം? എത്രകോടി വര്‍ഷങ്ങള്‍ക്ക് ശേഷവും അതപൂര്‍ണ്ണം തന്നെ ആയിരിക്കും. എന്തുകൊണ്ടന്നാല്‍, നാമെത്ര ശാസ്ത്ര സാങ്കേതിക വൈദഗ്ദ്യം നേടിയാലും നമുക്കപ്രാപ്യമായ സത്യം തന്നെ ആയിരിക്കും എന്നെന്നും മഹാ പ്രപഞ്ചം! അനിര്‍വചനീയമായ അതിന്റെ അസാധാരണ വലിപ്പം തന്നെ മുഖ്യ കാരണം. അഗ്‌നി ജ്വാലകളും, അത്യുഗ്ര സ്‌പോടനങ്ങളും, തീയും, ചൂടും എല്ലാമെല്ലാം നമ്മെ ഒരു നിശ്ചിത പരിധിക്കകലെ നിര്‍ത്തുന്നു!

സ്വന്തം തൊലിക്ക് സുഖം പകരുന്ന ഒരു മിതോഷ്ണാവസ്ഥയില്‍, അകത്തെ സംവിധാനങ്ങളെ തഴുകിയുണര്‍ത്തുന്ന പ്രാണവായുവിന്റെ സുലഭ്യതയില്‍, ഇരയും, ഇണയും സുപ്രാപ്യമാവുന്ന ഒരു സുഖ സാഹചര്യത്തില്‍ മാത്രമാണ് മനുഷ്യനില്‍ പ്രപഞ്ചത്തെ കീഴടക്കുവാനുള്ള അഭിനിവേശം വിജ്രംഭിതമാവുന്നതും, മുന്‍ പിന്‍ നോക്കാതെ ചാടിപ്പുറപെടുന്നതും!

ഇവയുടെ അനുപാതത്തിലെ അസാധാരണമായ ഒരു മാറ്റം കൊണ്ട് മാത്രം മനുഷ്യനുള്‍പ്പടെയുള്ള എല്ലാ ജീവ ജാലങ്ങളും ഭൂമുഖത്തു നിന്ന് തൂത്തെറിയപ്പെടാം.... ഒന്നും സംഭവിക്കുന്നില്ല. അജ്ഞാതവും, അനിഷേധ്യവുമായ ഒരു നേര്‍ചരടില്‍ എല്ലാം കോര്‍ത്തിണക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ നമ്മുടെ ചിന്തകള്‍ സജീവമാണ് അതുകൊണ്ടു നമുക്ക് ചിന്തിക്കാം:

ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന ഒരു മഹാവനമാണ് പ്രപഞ്ചമെങ്കില്‍, അതിനരികില്‍ നില്‍ക്കുന്ന ഒരു ചെറു വൃക്ഷത്തിലെ ഒരില മാത്രമാണ് ഭൂമി. ആ ഇലയിലെ കുറെ പൊടികള്‍. അതാണ് മനുഷ്യന്‍. ഈ പൊടികള്‍ക്ക് ആര്‍ജിക്കാന്‍ കഴിയുന്ന ഏതു വളര്‍ച്ചയിലും, ആ മഹാവനത്തെക്കുറിച്ചുള്ള അതിന്റെ നിഗമനങ്ങള്‍ എന്നും അപൂര്‍ണ്ണമായിരിക്കുകയേയുള്ളൂ? അതിനാര്‍ജ്ജിക്കാന്‍ സാധിക്കുന്ന ഏതു വേഗതയിലും ആ മഹാവനം അപ്രാപ്യമായി അകലെ നില്‍ക്കും!

മനുഷ്യന്‍ പ്രകാശത്തെ ഇന്ധനമാക്കുന്ന കാലം വിദൂരമല്ല. അപ്പോള്‍ അവന് സെക്കന്‍ഡില്‍ ഒരു ലക്ഷത്തി എണ്‍പത്തി ആറായിരം മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും." പ്രകാശ വേഗതയില്‍ സഞ്ചരിക്കുന്ന വസ്തുക്കള്‍ക്ക് രൂപമുണ്ടാവുകയില്ല " എന്ന ഐന്‍സ്‌റ്റൈന്‍ സിദ്ധാന്തം അംഗീകരിച്ചു കൊണ്ട് തന്നെ, ഏതവസ്ഥയിലും രൂപം മാറാതെ നില നില്‍ക്കാനുതകുന്ന ഒരു സ്‌പെഷ്യല്‍ പേടകം നമ്മുടെ ശാസ്ത്രം നമുക്ക് നിര്‍മ്മിച്ച് തരുമെന്ന് വിശ്വസിച്ചു കൊണ്ടാണ് ഇത് പറയുന്നത് നമ്മുടെ ' സരസ്വതി ' പോലെ.

ഈ വേഗതയില്‍ ഈ പേടകത്തില്‍ സഞ്ചരിച്ചാലും നമ്മുടെ സൂര്യന്റെ തൊട്ടയല്‍ക്കാരനായ നക്ഷത്രത്തിലെത്താന്‍ നമുക്ക് നാലേകാല്‍ കൊല്ലം വേണ്ടിവരും? ആ നക്ഷത്രത്തില്‍ നിന്നുള്ള പ്രകാശ രശ്മികള്‍ നാലേകാല്‍ കൊല്ലം സഞ്ചരിച്ചിട്ടാണ് ഭൂമിയില്‍ എത്തിച്ചേരുന്നത് എന്ന് സാരം. ഇന്നിപ്പോള്‍ ആ നക്ഷത്രം അപ്രത്യക്ഷമായാല്‍ നാമത് അറിയുന്നത് നാലേകാല്‍ കൊല്ലം കഴിഞ്ഞിട്ട് ആയിരിക്കും. എന്തെന്നാല്‍, ഇന്ന് അവിടെ നിന്ന് പുറപ്പെട്ട പ്രകാശ രശ്മികള്‍ അത്രയും കാലം സഞ്ചരിച്ചിട്ടാണ് നമ്മുടെ കണ്ണുകളില്‍ എത്തിച്ചേരുക അതും സെക്കന്‍ഡില്‍ ഒരു ലക്ഷത്തി എണ്‍പത്തി ആറായിരം മൈല്‍ വേഗതയില്‍?!

കത്തിയെരിയുന്ന നക്ഷത്ര പ്രതലങ്ങളില്‍ എത്തിച്ചേരുവാനുള്ള ഒരു സംവിധാനം? അതും ശാസ്ത്രകാരന്മാര്‍ ഉണ്ടാക്കി തരുമെന്ന് തന്നെ വിശ്വസിക്കുക. എങ്കില്‍പ്പോലും സൂര്യന്റെ ഒന്നോ, രണ്ടോ അയല്‍ക്കാരെ സന്ദര്‍ശിക്കുന്‌പോളേക്കും നമ്മുടെ കാലം തീരും. കാരണം, നമ്മുടെ ആയുസ്സ് എന്നത് നൂറിന്റെ ചുറ്റുവട്ടങ്ങളില്‍ ഞെട്ടറ്റ് വീഴുന്നവയാണല്ലോ? ഈ നൂറില്‍ തന്നെയുള്ള അന്‍പത് മാത്രമേ നമുക്ക് ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാവൂ. ആദ്യത്തെ ഇരുപത്തഞ്ച് എ.ബി.സി.ഡി. എന്ന് തുടങ്ങി ബി.എ.എന്നും, എം.എ.എന്നും, പി.എഛ്.ഡി. എന്നും ഒക്കെ എഴുതി വരുന്‌പോഴേക്കും തീരും. പിന്നെ നമ്മുടെ ശകട സരസ്വതിയില്‍ യാത്ര തുടങ്ങാം. അന്‍പതു വര്ഷം തുടരെ യാത്ര. അപ്പോള്‍ വയസ് എഴുപത്തി അഞ്ച്. ഓര്‍മ്മകളില്‍ ഒരു ഒളിമങ്ങല്‍. മസിലുകളില്‍ ഒരു അയഞ്ഞാട്ടം? കറക്കിവിട്ട പന്പരം പോലെയാകുന്നു പിന്നെ!......പിന്നത്തെ യാത്രയൊക്കെ കണക്ക് തന്നെ!.....'വാഴ' എന്ന് ഭൂമിയില്‍ നിന്ന് പറഞ്ഞാല്‍ ' കോഴി' എന്ന് പേടകത്തില്‍ കേള്‍ക്കുന്ന ആ പരുവത്തില്‍ പതുക്കെ യാത്ര മതിയാക്കി 'യാത്ര' യാവാം?

എത്ര മികച്ച സാങ്കേതിക മേന്മയോടെ ഈ പ്രിക്രിയ ആവര്‍ത്തിച്ചാലും, ഉത്തരം കിട്ടാത്ത ചോദ്യമായി എന്നെന്നും പ്രപഞ്ചം അകലെ നില്‍ക്കും! കാരണം, നമുക്ക് ഗുണിക്കാനുള്ളത് നമ്മുടെ ആയുസ്സിന്റെ നൂറുകള്‍ മാത്രമായിരിക്കുന്‌പോള്‍, ലക്ഷോപലക്ഷമല്ലാ, കോടാനുകോടി പ്രകാശ വര്‍ഷങ്ങളില്‍ കാലൂന്നിയാണ് സത്യസ്വരൂപമായ പ്രപഞ്ചം നമ്മുടെ ധാരണകളില്‍ നിന്നും അകലെയകലെ സ്ഥിതി ചെയ്യുന്നത്? നമ്മുടെ അന്നദാതാവായ സൂര്യന്റെ തറവാടായ ആകാശ ഗംഗയില്‍ മാത്രം എണ്ണൂറ് ' ക്‌ളഷര്‍ ' നക്ഷത്രങ്ങളുണ്ടന്നാണ് ഒരു കണക്ക്. ഒരു ക്‌ളഷര്‍ എണ്ണിത്തീര്‍ക്കാന്‍ ഒരാള്‍ എണ്ണൂറ് വര്‍ഷം ജീവിച്ചിരുന്ന് എണ്ണണമത്രേ ?!

നമ്മുടെ ഭൂമി ഉണ്ടായ കാലം മുതല്‍ നാനൂറ്റി എണ്‍പതു കോടി വര്‍ഷങ്ങള്‍ എന്ന് ശാസ്ത്ര നിഗമനം. പ്രകാശ വേഗതയില്‍ സഞ്ചരിച്ചിട്ടും ഇതുവരെ ഇവിടെയെത്താത്ത പ്രകാശങ്ങളുടെ ഉടമകളായ നക്ഷത്ര ഭീമന്മാര്‍ അങ്ങകലങ്ങളില്‍ എവിടൊക്കയോ സ്ഥിതി ചെയ്യുന്നുണ്ട് പോല്‍! ഇതിനിടയില്‍ നക്ഷത്രങ്ങള്‍ മരിക്കുന്നു, പുതിയവ ജനിക്കുന്നു, ബ്ലാക് ഹോളുകള്‍, സൂപ്പര്‍ നോവകള്‍, വാല്‍ നക്ഷത്രങ്ങള്‍, ധൂമ കേതുക്കള്‍, ഉല്‍ക്കകള്‍, വാതക പടലങ്ങള്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍ .....ചിന്തകളില്‍ ഭ്രാന്തു പിടിപ്പിക്കുന്ന വൈവിധ്യങ്ങള്‍ ....വൈചിത്ര്യങ്ങള്‍ ....അനന്തം....അജ്ഞാതം ....അവര്‍ണ്ണനീയം..., അഗമ്യം ....അനിഷേധ്യം ...അപ്രമേയം....!!

തുടരും.
അടുത്തതില്‍: സത്യമോ, മിഥ്യയോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക