Image

മാര്‍ ആലഞ്ചേരിക്ക് എതിരായ ഗൂഢാലോചന

Published on 10 March, 2018
മാര്‍ ആലഞ്ചേരിക്ക് എതിരായ ഗൂഢാലോചന
കൊച്ചി: മാര്‍ ആലഞ്ചേരി്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ സഭയിലെ ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയെന്ന് വാഴക്കാല സെന്റ് ജോസഫ് പള്ളി വികാരി ആന്റണി പൂതവേലില്‍. സഭാസമിതികള്‍ അറിഞ്ഞുകൊണ്ട് നടത്തിയ ഇടപാടുകളുടെ പേരില്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ മാത്രം പ്രതിയാക്കാനുള്ള ശ്രമങ്ങളാണ് വിമതരായ വൈദികര്‍ ഇപ്പോള്‍ സടത്തുന്നതെന്ന് മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളേജിനായെടുത്ത കടം തീര്‍ക്കാനായി എറണാകുളം ജില്ലയിലെ അഞ്ചിടത്തെ സഭയുടെ ഭൂമികള്‍ വിറ്റത് സംബന്ധിച്ച രേഖകളില്‍ ഒപ്പിടുമ്പോള്‍ കര്‍ദിനാള്‍ ആലഞ്ചേരിയ്ക്ക് ഇടപാടുകള്‍ക്ക് പണം ലഭിച്ചില്ലെന്ന അറിവുണ്ടായിരുന്നില്ലെന്ന് ഫാദര്‍ ആന്റണി പറയുന്നു.

ഈ സ്ഥലങ്ങളുടെ വില്‍പന സംബന്ധിച്ച പതിനേഴ് ആധാരങ്ങള്‍ കൃത്യമായി പണം നല്‍കി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വകയിലാണ് ഒമ്പത് കോടിയോളം രൂപ ലഭിച്ചത്. പിന്നീടുള്ള ആധാരങ്ങളില്‍ ഒപ്പിടുമ്പോള്‍ ആലഞ്ചേരി പിതാവിന് പണം ലഭിച്ചിട്ടില്ലെന്ന അറിവുണ്ടായിരുന്നില്ല

പിതാവ് ഒരു വിദേശയാത്രയ്ക്ക് പോകാനായി ഇറങ്ങുമ്പോഴാണ് ഇടപാടുകള്‍ക്കായി ചുമതലപ്പെടുത്തിയ ഫാദര്‍ ജോഷി പുതുവ രേഖകളുമായെത്തുന്നത്. ഫാദര്‍ ജോഷി പറഞ്ഞതനുസരിച്ച് പിതാവ് രേഖകളില്‍ ഒപ്പുവെച്ചു. പിന്നീട്, വിദേശയാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് ഒപ്പിട്ടുനല്‍കിയ രേഖകള്‍ക്കുള്ള പണം ലഭിച്ചിട്ടില്ലെന്നറിയുന്നത്.

സാബു വര്‍ഗീസ് അതുവരെ കൃത്യമായി പണം നല്‍കിയിട്ടുള്ള ഇടപാടുകാരനായതിനാല്‍, ജോഷിയച്ചനും ആ വിശ്വാസത്തിലായിരിക്കും പിതാവിന് മുന്നില്‍ രേഖകള്‍ നല്‍കിയത്. എന്നാല്‍, പിന്നീട് നോട്ട് നിരോധനം വന്നതോടെ പണം നല്‍കാന്‍ സമയം വേണമെന്ന് സാബു വര്‍ഗീസ് ആവശ്യപ്പെടുകയായിരുന്നു. ഇതു വിശ്വസിച്ച് പിതാവും കാത്തിരിക്കാന്‍ തയാറായി. ഈ പ്രതീക്ഷയില്‍ ഇക്കാര്യം സഭാസമിതികളെ അറിയിക്കാതിരുന്നതാണ് ആലഞ്ചേരിയ്ക്ക് സംഭവിച്ച വീഴ്ച.

ഭൂമിയിടപാടില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നൊന്നും പറയുന്നില്ല. പക്ഷേ, അത് മനപൂര്‍വം സംഭവിച്ചതായിരുന്നില്ല. ഈ വീഴചകള്‍ ആലഞ്ചേരി പിതാവിന്റെ മാത്രം തലയില്‍ കെട്ടിവെച്ച് അദ്ദേഹത്തെ ക്രൂശിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഈ തീരുമാനങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉള്‍പ്പെടെ പലരും അതില്‍ പങ്കാളികളാണെന്നതാണ് വാസ്തവം.

പ്രശ്‌നം സഭയ്ക്കകത്തുതന്നെ രമ്യമായി പരിഹരിക്കാനാവുമായിരുന്നു. എന്നാല്‍, പ്രശ്‌നം തീര്‍ക്കുക എന്നതല്ല ഇവരുടെ ആവശ്യം. അത് ആളിക്കത്തിച്ച് കൂടുതല്‍ വഷളാക്കുക എന്നതാണ്. ഭൂമിയിടപാടോ അതിലെ നഷ്ടങ്ങളോ അല്ല മാര്‍ ആലഞ്ചേരിയെ പുറത്താക്കുക എന്ന ലക്ഷ്യം മാത്രമാണ് വിമത വൈദികര്‍ക്കുള്ളത്. അത് പലകാരണങ്ങള്‍ കൊണ്ടുമുള്ള വ്യക്തിവിരോധം മൂലമാണ്. വന്ദ്യവയോധികനായ ഒരാളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

അങ്കമാലിയില്‍ മെഡിക്കല്‍ കോളേജ് നിര്‍മിക്കാന്‍ ആലോചിച്ചതുമുതല്‍ സഭാനേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഒരു മുറിയ്ക്കുള്ളില്‍ വൈദികര്‍ നടത്തിയ ചര്‍ച്ചയിലൂടെ ഒരു തട്ടുകട തുടങ്ങുന്ന ലാഘവത്തോടെയാണ്, ഈ രംഗത്തുള്ള ആരുമായും ചര്‍ച്ചകളൊന്നും നടത്താതെ അവര്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ തീരുമാനിച്ചത്. വന്‍തുക വായ്പയെടുത്ത ശേഷം അതേ ലാഘവത്തോടെ തന്നെ അത് വേണ്ടെന്നുവെക്കുകയും ചെയ്തു. ഇത് കാനോനിക നിയമങ്ങള്‍ക്കെതിരാണ്. 
read full story

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക