Image

ലാല്‍ സലാം സഖാക്കളേ...ഗീത രാജീവ്

Published on 11 March, 2018
ലാല്‍ സലാം സഖാക്കളേ...ഗീത രാജീവ്
''ധൃതരാഷ്ട്ര ഉവാച ' ഭഗവത് ഗീത തുടങ്ങുന്നത് തന്നെ ധൃതരാഷ്ട്ര ഉവാച എന്ന് പറഞ്ഞു കൊണ്ടാണ്.. ധൃതരാഷ്ട്രര്‍ എന്ന് പറഞ്ഞിരിക്കുന്നത് പ്രത്യകം ശ്രദ്ധിക്കണം.

എതൊരു രാജ്യത്തും ആ രാജ്യം ഭരിക്കുന്നതായ ഒരു ധൃതരാഷ്ട്രരുണ്ട് . ധൃതരാഷ്ട്രര്‍ രാജ്യത്തെ ഭരിക്കുന്ന ആളാണ് , ഇവിടെ പറയുന്ന ധൃതരാഷ്ട്രര്‍ക്ക് കണ്ണുകാണാന്‍ പാടില്ല . എന്തുകൊണ്ടാണ് ഭഗവത് ഗീത പോലെയുള്ള ഇത്ര മഹത്തായ ഒരു ഗ്രന്ഥം തുടങ്ങുമ്പോള്‍ അന്ധനായ ഓരാളിനെ എടുത്ത് പറഞ്ഞുകൊണ്ട് തുടങ്ങിയത് ?

രാജ്യം ഭരിക്കുന്ന ആളിന് കണ്ണുകാണാന്‍ പാടില്ലാ, എങ്ങനെയുള്ള കണ്ണു കാണാന്‍ പാടില്ല എന്നാണ് നാം മനസിലാക്കേണ്ടത്? രാജ്യം ഭരിക്കുന്നതിന് രാജ്യത്തെ അറിയേണ്ടതായ കണ്ണുകാണാന്‍ പാടില്ലായിരുന്നു.

ഇത് പണ്ടത്തെ ധൃതരാഷ്ട്രര്‍ എന്നപോലെ ഇന്നു രാജ്യം ഭരിക്കുന്ന മിക്ക ധൃതരാഷ്ട്രന്‍മാരേ സംബന്ധിച്ചിടത്തോളം സത്യമാണ്. നാം ഇപ്പോള്‍ ഒരു രാജ്യത്ത് ജീവിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് നടക്കുന്നതായ ഭരണം വെച്ചു നോക്കുമ്പോള്‍ നീതിയേയും ന്യായത്തെയും ഉറ്റുനോക്കുന്നതായ ഒരു കണ്ണ് തെറ്റുകള്‍ വരാതെ വിഴ്ച്ചകള്‍ വരാതെ ജനതയെ നയിക്കുന്നതായിട്ട് നമുക്ക് തോന്നുന്നുണ്ടോ ? ഉണ്ടെങ്കില്‍ നല്ല കണ്ണുള്ള ധൃതരാഷ്ട്രര്‍ ഇവിടെ ഉണ്ടന്ന് പറയാം. അല്ലെന്നാല്‍ നമ്മളും ഈ ഗീത എഴുതിയ കാലത്ത് ഉണ്ടായിരുന്നവരില്‍ നിന്നും വ്യത്യസ്തപ്പെട്ടവരല്ല.

ഇന്നത്തെ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം കലക്കവെള്ളത്തില്‍ത്തന്നെ
നഞ്ചുകലക്കി മീന്‍ പിടിക്കുന്നവരാണ് . രാജ്യത്തിന്റെ നന്മ ഘോരഘോരം പ്രസംഗിച്ചുകൊണ്ട് രാജ്യത്തെ തുണ്ടുതുണ്ടായോ ഒന്നിച്ചോ വിറ്റ് ലോകവിപണിയില്‍ വ്യാപാരം നടത്തുന്നു. എത്ര വലിയ വിപ്ലവ പാര്‍ട്ടിയാണങ്കിലും അടുത്ത കൂട്ട്കക്ഷി ഭരണം എത് മൂരാച്ചിയുടെ കൂടെയാവാം ഉറപ്പിക്കേണ്ടത് എന്ന് തല പുകയ്ക്കുന്നു. പൊതു ജനം ഗാന്ധാരിയെപോലെ കണ്ണും പൂട്ടി ഓശാനപ്പെരുന്നാള്‍ ആഘോഷിക്കുന്നു..''തന്‍കാര്യം പൊന്‍കാര്യം'' പിന്നെ പടര്‍ക്കളത്തില്‍ പുത്രന്മാര്‍ ചത്തു വീഴമ്പോള്‍ നിലവിളിക്കുകയാണ്.

എതാണ്ട് ആയിരം വര്‍ഷത്തോളം നമ്മെ ഭരിച്ചത് ഇന്ത്യക്ക് പുറത്തുനിന്നും വന്നവരായിരുന്നു. 800 വര്‍ഷം മുഗളന്മാരും പിന്നീട് ബ്രിട്ടീഷ്‌കാരും ഭരിച്ചു. സുര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തില്‍ കീഴില്‍ മുഗള്‍ സംകാരത്തിന്റെ സ്വാധീനം നിഷ്പ്രഭമായി. എന്നാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍ കീഴില്‍ നിന്നും പുറത്തു വന്ന ഭാരതീയന് ഇന്നും അവരുടെ കണ്ണഞ്ചിപ്പിക്കുന്ന മുതലാളിത്വ പ്രലോഭനങ്ങളില്‍ നിന്നും പുറത്തു വരാന്‍ കാഴ്ഞ്ഞിട്ടില്ലാ.

നാം അന്നും ഇന്നും വച്ചു പുലര്‍ത്തുന്ന യാഥാസ്ഥിക മനോഭാവം നമ്മേ അതിനനുവദിക്കുന്നില്ലാ. അതുകൊണ്ടു തന്നെ ഇന്ത്യ ഇക്കണ്ട കാലമത്രയും നേടിയെടുത്ത പുരോഗതി, ഇന്ത്യയുടെ വളര്‍ച്ച വെളിച്ചം കടക്കാതെ നിഷ്പ്രഭമായി നില്‍ക്കുന്നു.. അതില്‍ നമുക്കോരോരുത്തര്‍ക്കും ഉള്ള പങ്കെന്താണ് എന്ന് ചിന്തിക്കേണ്ട കാലം വളരെ അതിക്രമിച്ചിരിക്കുന്നു.. എഴുത്തുകാരും പ്രത്യയശാസ്ത്രങ്ങളും വര്‍ദ്ധിച്ചു.. ആളാം പ്രതി പത്രങ്ങളും പത്രാധിപരും വര്‍ദ്ധിച്ചു. അതുകൊണ്ടെന്ത് ?.

നാം എന്താണ് ചര്‍ച്ചകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് .? മാര്‍ക്‌സിന് വേലക്കാരിയില്‍ കൊച്ചുണ്ടായി, അതിനെ പിന്നെ എഗംല്‍സ് വളര്‍ത്തി....?? ഗാന്ധിജി നല്ലൊരു ഭര്‍ത്താവല്ലായിരുന്നു ?. നെഹ്റുവിന് എവിടെയൊക്കെ പെണ്ണുങ്ങളുമായി പ്രേമമുണ്ടായിരുന്നു ?. ഇന്ദിരാഗാന്ധി നെഹ്റുവിന്റെ മകള്‍ തന്നെയോ ..?.അങ്ങനെ തുടങ്ങിയ ചര്‍ച്ചകള്‍ ജിഷയുടെ അമ്മ പുരികം പറിച്ചതില്‍ വരെ എത്തിനില്‍ക്കുന്നു . വിഴുപ്പലക്കലുകള്‍ കൊണ്ട് നാം എന്തു നേടി....?

മഹാരാഷ്ട്രയുടെ കാര്‍ഷിക ഭൂമിയായ നാസിക്കില്‍ നിന്നാരംഭിച്ച് മഹാരാഷ്ട്ര നിയമസഭയിലേക്ക് 25000 കര്‍ഷകര്‍ 200 കിലോമീറ്റര്‍ താണ്ടി ലോംഗ് മാര്‍ച്ച് നടത്തുകയാണ്. ആയിരങ്ങള്‍ അണിചേര്‍ന്ന് മാര്‍ച്ച് ജനസമുദ്രമായി വളരുകയാണ്. കര്‍ഷകര്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരം നടത്തുമെന്നാണ് പ്രഖാപിച്ചിരിക്കുന്നത്. കോടിക്കണക്കിനു മനുഷ്യരുടെ കണ്ണീര്‍ച്ചാലെന്നവണ്ണം, ഇന്ത്യാ മഹാരാജ്യത്തിന്റെ വിരിമാറിലൂടെ അവര്‍ ഒഴുകി നീങ്ങുകയാണ് .ഇതു കണ്ടില്ലന്നു നടിക്കാന്‍ ഇവിടുത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒരു മത മേലാളന്‍മാര്‍ക്കും ഒരു മാധ്യമങ്ങള്‍ക്കും ആവില്ല.

മഹാരാഷ്ട്രയിലെ മാധ്യമങ്ങളെ വിലയിരുത്തിക്കൊണ്ട് ഗ്രാമീണജനതയുടെ പത്രപ്രവര്‍ത്തകന്‍ എന്ന് വിശേഷിപ്പാക്കുവുന്ന സായിനാഥിന്റെ നിരിക്ഷണം ഇങ്ങനെയായിരുന്നു : ''മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു, ഒരോ ദിവസവും അത്തരം സംഭവങ്ങളാല്‍ വിദര്‍ഭ മേഖല തേങ്ങുകയായിരുന്നു, അതേ അവസരത്തില്‍ തന്നെ ഒരാഴ്ച നീണ്ടുല്‍ക്കുന്ന ഒരു ഫാഷന്‍ ഷോ പ്രമുഖ ഇന്ത്യന്‍ സൗന്ദര്യ വര്‍ദ്ധക കമ്പനിയായ ലാഗ്മെയിന്‍ ബോംബയില്‍ നടത്തുകയായിരുന്നു. കര്‍ഷകരുടെ ആത്മഹത്യ റിപ്പോര്ട്ട് ചെയ്യാന്‍ പോയത് 6 പത്രപ്രവര്‍ത്തകരാണ്. എന്നാല്‍ സൗന്ദര്യ മത്സരം റിപ്പോര്‍ട്ട്‌ചെയ്യാനാവട്ടെ 512 പത്രപ്രവര്‍ത്തകരാണ് അവിടെ തമ്പടിച്ചത്...''

അഴിക്കൊടിന്റെ ഒരു പ്രസംഗമാണ് ഓര്‍മ്മയില്‍ വരുന്നത് ''അല്ലയോ പത്രാധിപന്മാരെ നിങ്ങള്‍ എന്താണു ചെയ്തു കൊണ്ടിരിക്കുന്നത് , ഏതോ ഒരു സ്വാര്‍ത്ഥന്റെ എല്ലിന്‍ കഷണത്തിനായി തെറ്റിപിരിഞ്ഞവര്‍ തെരുവിന്റെ രണ്ടു വശത്തു നിന്നുകൊണ്ട് പരസ്പരം വര്‍ഷിക്കുന്ന ശകാര പുഷ്പാഞ്ജലിയല്ലേ, നിങ്ങള്‍ ജനങ്ങള്‍ക്ക് പ്രതിദിനം പ്രസാദമായി നല്‍കുന്നത.് ഇത് ന്യായമോ ഔസേപ്പേ..?

പഴയ കാലം നല്ലതും പുതിയ കാലം കെട്ടതും എന്നല്ല , കാലം മാറി കോലം മാറി. പ്രശ്‌നങ്ങളുടെ സമീപന രീതിക്കും സ്വഭാവങ്ങള്‍ക്കും വത്യാസം വന്നു. മനുഷ്യനിന്ന് തിരിച്ചറിവോടെയാണ് മുന്നോട്ടു പോകുന്നത്. അതുകൊണ്ടാണ് ചെറിയ ചെറിയ അനീതികള്‍ പോലും വാര്‍ത്തകള്‍ ആയി തീരുന്നതും. കാലഘട്ടത്തിനനുസരിച്ച് പ്രത്യയ ശാസ്ത്രങ്ങളെ മൂല്യനവീകരണം ചെയ്യേണ്ടതുണ്ട് അല്ലെന്നാല്‍ എല്ലാ ഇസങ്ങളും ഇവിടെ മരിച്ചു കൊണ്ടേയിരിക്കും.

ഈ മാര്‍ച്ച് ഇന്ത്യന്‍ കര്‍ഷകന്റെ സമര പോരാട്ടത്തിന്റെ പ്രതീകം കൂടിയാണ്, എന്തു കഴിച്ചു എന്ന് ചോദിക്കുമ്പോള്‍ എന്തെങ്കിലും കഴിക്കാനുണ്ടോ എന്ന് കൂടി നാം ചോദിക്കേണ്ടിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് . മുതലാളിമാര്‍ മാത്രമല്ല , ഇവിടെ തൊഴിലാളികളും ഉണ്ടെന്നുള്ള തിരിച്ചറിവ് നമുക്കോരോരത്തര്‍ക്കും ഉണ്ടാകേണ്ടിയിരിക്കുന്നു എന്നുള്ള ഓര്‍മ്മപെടുത്തലാണ്.

''സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍'' .
ലാല്‍ സലാം സഖാക്കളേ....!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക