Image

സംസ്ഥാന ബജറ്റ്; പെന്‍ഷന്‍ പ്രായം 56 ആക്കി, വാഹന നികുതി കൂട്ടും

Published on 19 March, 2012
സംസ്ഥാന ബജറ്റ്; പെന്‍ഷന്‍ പ്രായം 56 ആക്കി, വാഹന നികുതി കൂട്ടും
തിരുവനന്തപുരം: 2012-13 സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ചു. ഏറ്റവും പ്രധാന നിര്‍ദേശം പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയതാണ്. കൂടാതെ വാഹന നികുതി ഉയര്‍ത്തിയതും സാധാരണക്കാരെ വെട്ടിലാക്കും.

അഞ്ച് ലക്ഷം രൂപ വരെ വിലവരുന്ന വാഹനങ്ങള്‍ക്ക് ആറ് ശതമാനവും 10 ലക്ഷം രൂപ വരെ വിലവരുന്ന വാഹനങ്ങള്‍ക്ക് എട്ട് ശതമാനവും 15 ലക്ഷം വരെ വിലവരുന്ന വാഹനങ്ങള്‍ക്ക് 10 ശതമാനവും ആണ്‌റോഡ് നികുതി നിരക്ക്.15 ലക്ഷത്തിന് മുകളില്‍ വിലവരുന്ന വാഹനങ്ങള്‍ക്ക് 15 ശതമാനമാണ് നികുതി. ബീഡി ഒഴികെ സിഗരറ്റുകളുടെ നികുതി 12.5 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. വിദേശമദ്യത്തിന്റെ നികുതിയും ഉയര്‍ത്തിയിട്ടുണ്ട്. വാറ്റ് നികുതിയിലും വര്‍ധന വരുത്തിയിട്ടുണ്ട്.

കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസനത്തിനായി സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തും. വിമാനത്താവളങ്ങള്‍ ഇല്ലാത്ത ഓരോ ജില്ലകളിലും എയര്‍സ്ട്രിപ്പുകള്‍ നിര്‍മിക്കും. കൊല്ലം, കോട്ടയം ജില്ലകളില്‍ ആദ്യമായി ഇത് നടപ്പാക്കും. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തും. ഇതിനാവശ്യമായ തുകയുടെ നിശ്ചിത ശതമാനം സര്‍ക്കാര്‍ വഹിക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെയായി പുതിയ സംരക്ഷണ അണക്കെട്ട് നിര്‍മിക്കുന്നതിന് ബജറ്റില്‍ 50 കോടി രൂപ വകയിരുത്തി. കൊച്ചി മെട്രോയ്ക്ക് സംസ്ഥാന ബജറ്റില്‍ അംഗീകാരം. തിരുവനന്തപുരം- കാസര്‍ഗോഡ് അതിവേഗ റെയില്‍പാതയ്ക്കായി 50 കോടി രൂപ അനുവദിച്ചു. മോണോ റെയില്‍ പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ അനുവദിച്ചു. വിഴിഞ്ഞം പദ്ധതിക്ക് 224 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കുട്ടനാട്ടിലും പാലക്കാട്ടും ബയോ റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കും. നാളീകേര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതായി നാളീകേര ബയോ പാര്‍ക്കുകള്‍ ആരംഭിക്കും. മാലിന്യ നിര്‍മാര്‍ജനത്തിനായി ഉറവിട മാലിന്യ നിര്‍മാര്‍ജന പദ്ധതി നടപ്പിലാക്കും. ഗ്രീന്‍ ഹൗസ് കൃഷി രീതി പ്രാദേശിക അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കും. ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങളുടെ സാധ്യതാപഠനത്തിനായി 50 ലക്ഷം രൂപ വകയിരുത്തി. കണ്ണൂര്‍ വിമാനത്താവളത്തിനായി 50 കോടി രൂപ വകയിരുത്തി. പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന 4000 രൂപയുടെ പെന്‍ഷന്‍ 4500 രൂപയായി വര്‍ധിപ്പിക്കും.
സംസ്ഥാന ബജറ്റ്; പെന്‍ഷന്‍ പ്രായം 56 ആക്കി, വാഹന നികുതി കൂട്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക