Image

കര്‍ഷക സമരത്തിനു മുന്നില്‍ ഒറ്റപ്പെട്ട്‌ ബി.ജെ.പി സര്‍ക്കാര്‍

Published on 12 March, 2018
 കര്‍ഷക സമരത്തിനു മുന്നില്‍ ഒറ്റപ്പെട്ട്‌   ബി.ജെ.പി സര്‍ക്കാര്‍


മുംബൈ: ഇന്ത്യന്‍ കര്‍ഷക സമര ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച ലോംഗ്‌ മാര്‍ച്ച്‌ വിജയത്തിലേക്ക്‌. മഹാരാഷട്ര സര്‍ക്കാരില്‍ സഖ്യകക്ഷികളെല്ലാം സമരത്തിനു പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ബി.ജെ.പി നേതൃത്വം കര്‍ഷകര്‍ക്ക്‌ മുന്നിലേക്ക്‌ എത്തുകയാണ്‌. കര്‍ഷക സമരം ന്യായമാണെന്ന്‌ പറഞ്ഞ ആര്‍.എസ്‌.എസ്‌ സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു നേരത്തെ രംഗത്തെത്തിയിരുന്നു.

ഇതോടെയാണ്‌ സമരക്കാരുമായി ചര്‍ച്ചയല്ലാതെ മറ്റൊരു വഴിയുമില്ലാത്ത അവസ്ഥയിലേക്ക്‌ സര്‍ക്കാര്‍ എത്തിയത്‌. ഉച്ചയ്‌ക്ക്‌ ശേഷം കര്‍ഷകരുമായി ചര്‍ച്ച ചെയ്യാമെന്നാണ്‌ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ പറഞ്ഞിരിക്കുന്നത്‌. ഇന്നു പുലര്‍ച്ചയോടെ ആസാദ്‌ മൈതാനിയിലെത്തിയ കര്‍ഷകര്‍ സര്‍ക്കാര്‍ തീരുമാനം അറിയുന്നതിനായി കാത്തിരിക്കുകയാണ്‌.

ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം നിയമസഭ വളയനാണ്‌ കിസാന്‍ സഭയുടെ തീരുമാനം. മാര്‍ച്ച്‌ ആറിനു നാസിക്കില്‍ നിന്നാരംഭിച്ച ലോംഗ്‌ മാര്‍ച്ച്‌ മുംബൈയിലെത്തുമ്പോഴേക്കും മഹാരാഷ്ട്ര സര്‍ക്കാരില്‍ ബി.ജെ.പി ഒറ്റപ്പെടു്‌നന കാഴ്‌ചയ്‌ക്കാണ്‌ രാജ്യം സാക്ഷ്യം വഹിച്ചത്‌.

ആര്‍.എസ്‌.എസിനു പുറമെ ശിവസേന, എന്‍.സി.പി , സി.പി.ഐ, ആം ആദ്‌മി പാര്‍ട്ടി , എം.എന്‍.എസ്‌ തുടങ്ങി സംസ്ഥാനത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ലോംഗ്‌ മാര്‍ച്ചിനു പിന്തുണ അറിയിച്ച്‌ സമരരംഗത്ത്‌ എത്തുകയായിരുന്നു.

മഹാരാഷ്ട്രയിലെ ജലവിഭവ മന്ത്രി ഗിരീഷ്‌ മഹാജന്‍ മാര്‍ച്ചിനോടൊപ്പം ആസാദ്‌ മൈതാനംവരെ പുലര്‍ച്ചെ നടക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ കിസാന്‍ സഭ മുന്നോട്ട്‌ വെച്ചിരിക്കുന്ന ഭൂരിപക്ഷം ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റുമെന്നു മഹാജന്‍ പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക