Image

സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമെന്ന ആരോപണവുമായി ഇംഗ്ലീഷ്‌ മാധ്യമം ഡി.എന്‍.എ

Published on 12 March, 2018
സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമെന്ന ആരോപണവുമായി ഇംഗ്ലീഷ്‌ മാധ്യമം ഡി.എന്‍.എ

ന്യൂഡല്‍ഹി: തിരുവനന്തപുരം എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം കൊലപതാകമെന്ന ആരോപണവുമായി ഇംഗ്ലീഷ്‌ മാധ്യമം
ഡി.എന്‍.എ .

സുനന്ദ പുഷ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും ഇക്കാര്യം അന്വേഷണത്തിന്റെ തുടക്കം മുതല്‍ അന്വേഷണ സംഘത്തിന്‌ അറിയാവുന്നതാണെന്നും  ഡി.എന്‍.എ ആരോപിക്കുന്നു. സുനന്ദയുടെ മൃതദേഹം ഹോട്ടല്‍ ലീല പാലസില്‍ കണ്ടെത്തിയ അന്ന്‌ തന്നെ ഇത്‌ കൊലപാതകമാണെന്ന്‌ സ്ഥിരീകരിച്ചിരുന്നതായാണ്‌ പത്രത്തിന്റെ ആരോപണം.

മൃതദേഹം കണ്ടെത്തിയ ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തിയ സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌ അലോക്‌ ശര്‍മ്മ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നാണ്‌ വാര്‍ത്ത. കൊലപാതക കേസ്‌ എടുത്ത്‌ അന്വേഷിക്കാന്‍ അന്ന്‌ തന്നെ സരോജിനി നഗര്‍ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ക്ക്‌ എസ്‌.ഡി.എം നിര്‍ദ്ദേശം നല്‍കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കൊലപാതക സാധ്യത ശരിവയ്‌ക്കുന്നു. സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളും ദുരൂഹത വര്‍ധിപ്പിക്കുന്നതായി ഡി.എന്‍. എ റിപ്പോര്‍ട്ട്‌ പറയുന്നു.

സുനന്ദയുടെ ശരീരത്തില്‍ പതിനഞ്ചോളം മുറിവുകളാണ്‌ കണ്ടെത്തിയ ഇവ മരണകാരണമല്ല. എന്നാല്‍ 12ാമത്തെ മുറിവ്‌ കടിയേറ്റുണ്ടായതാണ്‌. പത്താമത്തെ മുറിവ്‌ ഇന്‍ജക്ഷന്‍ കുത്തിയതിന്റെ പാടും. ശരീരത്തിലെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയ പതിനഞ്ചോളം മുറിവുകള്‍ക്ക്‌ പന്ത്രണ്ട്‌ മണിക്കൂര്‍ മുതല്‍ നാല്‌ ദിവസം വരെ പഴക്കമുണ്ടായിരുന്നു. മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. തരൂരും സുനന്ദയും തമ്മില്‍ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണമാണിതെന്ന്‌ തരൂരിന്റെ പി.എ സരെയ്‌ന്‍ സിംഗിനെ ഉദ്ധരിച്ച്‌ അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

അന്വേഷണ റിപ്പോര്‍ട്ട്‌ ദക്ഷിണ ഡല്‍ഹി റേഞ്ച്‌ ജോയിന്റ്‌ കമ്മീഷണര്‍ വിവേക്‌ ഗോഗിയക്കും കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനും കൈമാറി.

എയിംസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും എഫ്‌ബിഐയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടും വിലയിരുത്തിയ മെഡിക്കല്‍ വിദഗ്‌ധ സംഘത്തിന്റെ കണ്ടെത്തല്‍ മരണകാരണം അവ്യക്തമാണ്‌ എന്നതാണ്‌. ഈ ദുരൂഹതകളൊന്നും നീക്കാന്‍ ഇതുവരെ അന്വേഷണത്തിന്‌ സാധിച്ചിട്ടില്ല. എന്നാല്‍ സുനന്ദയുടെ മരണം ആത്മഹത്യയല്ലെന്ന്‌ പോലീസിന്‌ ആദ്യമേ തന്നെ കൃത്യമായ വിവരമുണ്ടായിരുന്നു എന്ന്‌ തെളിയിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ്‌ ഡിഎന്‍എ പുറത്ത്‌ വിട്ടിരിക്കുന്നത്‌.

 അന്നത്തെ പോലീസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ബിഎസ്‌ ജെയ്‌സ്വാള്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട്‌ ആണ്‌ ഡിഎന്‍എ പുറത്ത്‌ വിട്ടിരിക്കുന്നത്‌. ഇത്‌ സുനന്ദ പുഷ്‌കറിന്റെ മരണത്തെ ഒരിടവേളയ്‌ക്ക്‌ ശേഷം വീണ്ടും മാധ്യമശ്രദ്ധയില്‍ കൊണ്ടുവരികയാണ്‌.

സുനന്ദ പുഷ്‌കര്‍ മരിച്ച്‌ കിടന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ പരിശോധന നടത്തിയ വസന്ത്‌ വിഹാര്‍ സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌ അലോക്‌ ശര്‍മ്മ, സുനന്ദയുടേത്‌ ആത്മഹത്യയല്ലെന്ന്‌ വിലയിരുത്തിയതായി ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന്‌ നടന്ന അന്വേഷണത്തില്‍ അസംതൃപ്‌തി രേഖപ്പെടുത്തിയ സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌, സരോജിനി നഗര്‍ പോലീസ്‌ ഓഫീസറോട്‌ സുനന്ദ പുഷ്‌കറിന്റെ മരണം കൊലക്കേസായി അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നതായി  വാര്‍ത്തയില്‍ നിന്ന്‌ വ്യക്തമാകുന്നു. എയിംസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നവത്രേ ജഡ്‌ജിയുടെ നിര്‍ദേശം.

വിഷം ഉള്ളില്‍ ചെന്നതാണ്‌ സുനന്ദ പുഷ്‌കറിന്റെ മരണകാരണമെന്നാണ്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടം. ആല്‍പ്രസോളം അമിതമായി ഉള്ളില്‍ച്ചെന്നതാവാം മരണത്തിന്‌ കാരണമായത്‌ എന്ന്‌ സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക