Image

വേണമെങ്കില്‍ ചക്ക കൊച്ചിയിലും കായ്ക്കും (സന്തോഷ് പിള്ള)

Published on 12 March, 2018
വേണമെങ്കില്‍ ചക്ക കൊച്ചിയിലും കായ്ക്കും (സന്തോഷ് പിള്ള)
പണ്ടൊക്കെ കൊച്ചിയില്‍ വിമാനമിറങ്ങുമ്പോള്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഒരു അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളം എന്നാണ് നമുക്കുണ്ടാവുക എന്ന്. തുടര്‍ച്ചയായി ലഭിക്കേണ്ട വിദ്യുച്ഛക്ക്തി, ജലം, എന്നീ വിഭവങ്ങളും, ബന്ദ് , ഹര്‍ത്താല്‍ എന്നീ ഭീകരരെയും ഓര്‍ക്കുമ്പോള്‍, നല്ല ഒരു വിമാനത്താവളം എങ്ങനെ ഉണ്ടാവാന്‍, എന്നോര്‍ത്ത് നിരാശപ്പെട്ടിട്ടുണ്ട്. 1994ല്‍ ഒരു മലയാളി സമ്മേളനത്തിന് പങ്കെടുക്കാന്‍ നാട്ടില്‍ നിന്നും അമേരിക്കയില്‍ എത്തിയ ഉദ്യോഗസ്ഥ പ്രമുഖരോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യം, കേരളത്തിലെ വിമാനത്താവളത്തിലെത്തിയാല്‍ അവരവരുടെ പെട്ടികള്‍ ഉടമസ്ഥര്‍ക്കു തന്നെ എടുത്തു വണ്ടിയില്‍ വക്കാനുള്ള സൗകര്യം ഒന്നുണ്ടാക്കി തരണം എന്നതായിരുന്നു. അന്നൊക്കെ ഉണ്ടായിരുന്ന കസ്റ്റംസ്കാരുടെ അതിക്രമത്തിന്റെ കാര്യം പിന്നെ പറയുകയും വേണ്ട. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ഒരു കുറ്റവാളിയോടെന്ന രീതിയിലാണ് അന്നൊക്കെ യാത്രക്കാരോട് പെരുമാറിയിരുന്നത്.

എന്നാല്‍, പുതിയ അന്താരാഷ്ട്ര നിലയം തുറന്നതിനുശേഷം നെടുമ്പാശ്ശേരിയിലൂടെ യാത്ര ചെയ്തപ്പോള്‍ ആണ്, എല്ലാ തലത്തിലും മുന്‍പന്തിയിലെത്തിയ ഒരു വിമാനത്താവളം നമുക്കും ലഭിച്ചിരിക്കുന്നു എന്ന് അനുഭവിച്ചറിയാന്‍ സാധിച്ചത്. ലോകത്തിലെ ഏതു വിമാനത്താ വളത്തോടും കിടപിടിക്കത്തക്ക വൃത്തിയാണ് ആദ്യമായി ശ്രദ്ധയില്‍ പെട്ടത്. മലയാളികള്‍ വേണമെന്ന് വിചാരിച്ചാല്‍, ലോകത്തിലെ ആദ്യ പദവിയില്‍ തന്നെ എത്താന്‍ സാധിക്കും എന്ന്, സൗരോര്‍ജം കൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന ഖ്യാതിയിലൂടെ നമ്മള്‍ തെളിയിച്ചിരിക്കുന്നു. സര്‍ക്കാരും വ്യക്തികളും ഒരുപോലെ നിക്ഷേപിച്ച് നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ വിമാനത്താവളവും കൊച്ചി തന്നെ. ഭാരതത്തിലെ മൂന്നാമത്തെ വലിയ നിലയം എന്നതും നെടുമ്പാശ്ശേരിക്ക് സ്വന്തം. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വളരെ മാന്യമായി പെരുമാറുന്നു. അന്യ രാജ്യത്തുനിന്നും അമേരിക്കയിലെത്തുമ്പോള്‍ കസ്റ്റന്‍സിന്റെ ഒരു ചോദ്യാവലി യാത്രക്കാര്‍ പൂരിപ്പിച്ചു കൊടുക്കേണ്ടതായിട്ടുണ്ട്. ഡ്യൂട്ടി അടയ്‌ക്കേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് അതില്‍ ചോദിച്ചിരിക്കും. നാട്ടില്‍ ചെല്ലുമ്പോഴും, പണ്ടൊക്കെ ഇതു പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫോം ഒന്നും ഇല്ലെന്നു മാത്രമല്ല, ഒരു പരിശോധനയും ഇല്ലാതെ പെട്ടിയും എടുത്തു് പുറത്തേക്ക് പോകാം. പെട്ടികള്‍ നഷ്ടപ്പെടുക, പെട്ടിയില്‍ നിന്നും സാധനങ്ങള്‍ മോഷണം പോവുക, പെട്ടിയെടുക്കാനായി നിര്‍ബന്ധപൂര്‍വം പോര്‍ട്ടര്‍മാര്‍ വരിക, എന്നതൊക്കെയും പഴയ കഥകളായി മാറിയിരിക്കുന്നു.

യാത്രക്കാരുടെ സൗകര്യത്തിന് വളരെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ടെര്‍മിനല്‍ മുഴവന്‍ സജ്ജീകരിച്ചിരിക്കുന്നത്. പെട്ടികള്‍ എടുത്തുവച്ച് കൊണ്ടുപോകാനായി ഉപയോഗിക്കുന്ന കാര്‍ട്ടുകള്‍ പോലും ഉന്നത നിലവാരം പുലര്‍ത്തുന്നു. ഭക്ഷണ സ്റ്റാളില്‍ നിന്നും ലഭിച്ച സ്പൂണ്‍, മരത്തിലുണ്ടാക്കിയിരിക്കുന്നു. പ്ലാസിറ്റിക്കിന്റെ ഉപയോഗം കുറക്കാനുള്ള ശ്രമം. സെന്‍സര്‍ നിയന്ത്രിത പൈപ്പുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് എങ്ങനെയെന്ന് വിശദമായി മലയാളത്തില്‍ എഴുതിയ നിര്‍ദേശങ്ങള്‍ ശൗചാലയത്തില്‍ കാണാന്‍ സാധിച്ചു . പുതിയ രീതിയിലുള്ള പൈപ്പുകള്‍ ഉപയോഗിച്ച് ശീലമില്ലാത്തവര്‍ക്ക് ഈ നിര്‍ദേശങ്ങള്‍ വളരെ സഹായകരമാണ്.

നെടുമ്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തന സജ്ജമായതുമുതല്‍ നേരില്‍കണ്ട മറ്റൊരു സവിശേഷത, ഇവിടുത്തെ ഇരിപ്പടങ്ങളാണ്. ഇത്രയും വലിപ്പം കൂടിയതും, സുഖപ്രദവുമായ ഇരിപ്പിടങ്ങള്‍ ലോകത്തിലെ മറ്റൊരു വിമാനത്താവളത്തിലും ഉണ്ടെന്ന് തോന്നുന്നില്ല.

യാത്രക്കിടയില്‍ പരിചയപെട്ട ഒരു യൂറോപ്യന്‍ വിനോദസഞ്ചാരി അഭിപ്രായപ്പെട്ടത്, കേരളത്തില്‍, സ്ത്രീകള്‍ക്ക് ഉയര്‍ന്ന സാമൂഹ്യ നില ലഭിക്കുന്നു എന്ന്, നെടുമ്പാശ്ശേരിയിലൂടെ യാത്ര ചെയ്തപ്പോള്‍ മനസ്സിലായി എന്നാണ്. അദ്ദേഹം, അനേകം വനിതാ ജോലിക്കാരെ ഇവിടെ കണ്ടത്രെ. ഉദ്യോഗസ്ഥരായ വനിതകള്‍ക്ക് , സമൂഹത്തില്‍ പുരുഷന്മോരോടപ്പം സ്ഥാനം ലഭിക്കുന്നു എന്നാണ് അവര്‍ ഉദ്ദേശിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളം നിര്‍മിച്ചവരും, തുടര്‍ന്ന് നല്ലരീതിയില്‍ സംരക്ഷിച്ച്, നിലനിര്‍ത്തി കൊണ്ടുപോകുന്നതിലും പങ്കാളികളായ എല്ലാവരും അങ്ങേയറ്റത്തെ അഭിനന്ദനം അര്‍ഹിക്കുന്നു. 89 ലക്ഷം യാത്രക്കാര്‍ ഒരുവര്‍ഷം കടന്നുപോകുന്ന ഈ സുന്ദര സൗധം, എല്ലാ മലയാളികളുടെയും ആത്മാഭിമാനത്തെ ആകാശത്തോളം ഉയര്‍ത്തുന്നു.
വേണമെങ്കില്‍ ചക്ക കൊച്ചിയിലും കായ്ക്കും (സന്തോഷ് പിള്ള)
Join WhatsApp News
Rajesh 2018-03-14 11:25:56
Nicely done! I agree!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക