Image

എക്‌സൈസ്‌ പുരുഷ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സ്‌ത്രീ ജീവനക്കാര്‍

Published on 13 March, 2018
എക്‌സൈസ്‌  പുരുഷ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സ്‌ത്രീ ജീവനക്കാര്‍


സംസ്ഥാന എക്‌സൈസ്‌ വകുപ്പിലെ പുരുഷ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സ്‌ത്രീ ജീവനക്കാര്‍. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ മുതല്‍ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാര്‍ വരെ പല പുരുഷ ഉദ്യോഗസ്ഥരില്‍ നിന്നും പീഡനം അനുഭവിക്കേണ്ടിവന്നെന്നാണ്‌ ആരോപണം.

ചില മേലുദ്യോഗസ്ഥരില്‍ നിന്നും ലൈഗിംകപീഡനവും ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്നുംപരാതിയില്‍ പറയുന്നു. പുഴുക്കളെപ്പോലെയാണ്‌ തങ്ങളോട്‌ പെരുമാറുന്നതെന്നു കാണിച്ച്‌ ഒരുകൂട്ടം ജീവനക്കാരാണ്‌ മനുഷ്യാവകാശ കമ്മീഷന്‍, എക്‌സൈസ്‌ മന്ത്രി, എക്‌സൈസ്‌ കമ്മീഷണര്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക്‌ പരാതി നല്‍കിയത്‌.

പുരുഷ ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന്‌ വഴങ്ങുന്നവര്‍ക്ക്‌ മാത്രമാണ്‌ സ്വസ്ഥമായി ജോലി ചെയ്യാന്‍ കഴിയുന്നത്‌ എന്ന്‌ പരാതിയില്‍ ആരോപിക്കുന്നു. ഇവരെ അനുസരിക്കാത്തവര്‍ക്ക്‌ അച്ചടക്ക നടപടി മുതല്‍ സ്ഥലം മാറ്റം വരെയുള്ള ഭീഷണികള്‍ നേരിടേണ്ടി വരാറുണ്ട്‌. രാത്രി പാറാവ്‌ ഡ്യൂട്ടിക്ക്‌ മുതല്‍ ഭക്ഷണം ഉണ്ടാക്കാന്‍ വരെ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരുണ്ട്‌. എക്‌സൈസില്‍ ഉയര്‍ന്ന തസ്‌തികയില്‍ സ്‌ത്രീകള്‍ ഇല്ലാത്തതിനാല്‍ പരാതികള്‍ അതീവ ലാഘവത്തോടെയാണ്‌ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നത്‌.

സര്‍ക്കിള്‍ ഓഫീസുകള്‍ക്ക്‌ കീഴില്‍ വനിതാ റെയ്‌ഞ്ച്‌ ഓഫീസുകള്‍ തുടങ്ങണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്‌. റെയ്‌ഞ്ച്‌ ഓഫീസുകളില്‍ സ്‌ത്രീകള്‍ക്ക്‌ ടോയ്‌ലറ്റോ അത്യാവശ്യം വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ല.

ചില റേഞ്ചുകളില്‍ ഓഫീസ്‌ വര്‍ക്ക്‌, റെയ്‌ഡ്‌ എന്നീ പേരുകളില്‍ അനാവശ്യമായി രാത്രി ഓഫീസില്‍ വിളിച്ചുവരുത്തിയും ഡ്യൂട്ടി കഴിഞ്ഞാല്‍ സുരക്ഷിതമായി വീട്ടിലെത്താന്‍ സൗകര്യമൊരുക്കാതെയും ബുദ്ധിമുട്ടിക്കുന്നുവെന്നനും പരാതിയില്‍ പറയുന്നു. വനിതകള്‍ക്ക്‌ അനുവദിച്ച 100 സ്‌കൂട്ടറുകളില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത്‌ പുരുഷ ജീവനക്കാരാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

വനിതാ ഓഫീസര്‍മാര്‍ നല്‍കുന്ന പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാകണം. അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടത്‌ ഒരു വനിത തന്നെയാവണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക