Image

തത്ത്വചിന്ത

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D Published on 19 March, 2012
തത്ത്വചിന്ത
പഴമയെ പോറ്റാനും, പുതുമയെ പുണരാനും
തനിമയെ തന്നോടു ചേര്‍ത്തു തലോടാനും,
ഭൂഖണ്ഡവ്യാപ്‌തിയും ഗോളവിസ്‌താരവും
നേരിട്ടറിഞ്ഞിടാന്‍, നേരേ ചരിക്കുവാന്‍,
പായ്‌മരം കെട്ടാതെ, കപ്പിത്താനാകാതെ,
തോടും കടലും കടന്നു ചെന്നു.
പുത്തനാം ഭാഷയും വ്യത്യസ്‌ത വേഷവും
പുണരാനരുതാത്ത പുതുമകളും
ശിലപോലെ ശീലമായ്‌ ഉള്ളില്‍ കുടികൊള്ളും
പഴമപ്പൊരുളുമായേറ്റു മുട്ടി.
ഹൃദയശ്രീകോവിലില്‍ വാഴും തനിമയോ,
പ്രതികാരവായ്‌പില്‍ തകര്‍ന്നു വീണു!
പൊടിയായ തനിമയും കൈവിട്ട പഴമയും
നുകരാത്ത പുതുമയും ഒത്തുച്ചേര്‍ന്ന്‌
അര്‍ത്ഥം തിരഞ്ഞുള്ള യാത്രാമൊഴിയുമായ്‌
സങ്കല്‌പ ലോകേ പ്രവാസിയായി.
കണ്ടിട്ടും കാണാതെ കേട്ടിട്ടും അറിയാതെ
എന്തോ തിരഞ്ഞു നടന്നു നീങ്ങി.
യാത്രാത്തിരക്കതില്‍ ആരോ മൊഴിഞ്ഞു
പുതുമയെഴും ഒരു പരിണാമസൂക്തം:
`കാലത്തു തന്നെ പാര വെക്കുന്നോനെ
അന്തിക്കു മുമ്പേ അറുപാര മറുപാര.'
ഉന്തീയുളുക്കി മുടന്തനാം താളത്തില്‍
യാത്രചെയ്യും പ്രജ്ഞ സ്വകാര്യമോതി:
`പാര വെക്കുന്നോനെ അറുപാര വെക്കുവാന്‍
രഥം തെളിച്ചന്ന്‌ ഭഗവാനുരച്ചില്ലേ?
ആ തത്ത്വബോധിനി ബോധിവൃക്ഷക്കാറ്റില്‍
മലയമാരുതമായ്‌ തെക്കോട്ടൊഴുകി -
കടലൂ കടന്നിട്ടും പര്‍വ്വതം താണ്ടീട്ടും
മുഖമുദ്രയായത്‌ മുടിയില്‍ ചൂടി.'

കാടാറുമാസവും നാടാറുമാസവും
കൊടുംതപം ചെയ്യും മനം വീണ്ടും മൂളി -
`പഴമയെ പോറ്റാനും പുതുമയെ പുണരാനും
തനിമയെ തന്നോടു ചേര്‍ത്തു തലോടാനും'
തത്ത്വചിന്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക