Image

കര്‍ദ്ദിനാളിന് പിന്തുണ നല്‍കി സമ്മേളനം

Published on 14 March, 2018
കര്‍ദ്ദിനാളിന് പിന്തുണ നല്‍കി സമ്മേളനം
കൊച്ചി: കര്‍ദ്ദിനാളിന് പിന്തുണ നല്‍കി സീറോമലബാര്‍ കാത്തലിക് അസോസിയേഷന്‍. വിവിധ അല്‍മായ സംഘടനകളുടെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് വിശ്വാസികള്‍ ഒത്തുകൂടിയത്.

'ഭൂമി പ്രശ്നമെന്നത് സഭയെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേയല്ല. രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള സഭയെ നൂറ് കോടിക്കോ അഞ്ഞൂറ് കോടിക്കോ വില്‍ക്കാവുന്നതല്ല. സഭയെ ആരാലും നശിപ്പിക്കാന്‍ സാധിക്കില്ല. അങ്ങനെ ശ്രമിക്കുന്നത് അച്ചനായാലും മെത്രാനായാലും അല്‍മായ സമൂഹം അത് അനുവദിച്ച് നല്‍കുകയില്ലെന്ന്' അസോസിയേഷന്‍ ഭാരവാഹി വി.വി. അഗസ്റ്റിന്‍ പറഞ്ഞു.

ആരെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അവരെയെല്ലാം ശിക്ഷിക്കണം. സഭക്ക് പണം ആരുമൂലം നഷ്ടമായോ അവരില്‍ നിന്ന് ആ പണം ഈടാക്കണം. ഭൂമി ഇടപാടില്‍ ഇടനിലക്കാരനായ വ്യക്തി സഭയെ വഞ്ചിച്ചു. അതിനെതിരായി സഭാംഗങ്ങള്‍ ഒന്നിച്ച് മുന്നോട്ട് വരണം.

ഗൂഡലക്ഷ്യത്തോടെ ചില ശക്തികള്‍ സഭയിലേക്ക് കടന്നുകയറിയിരിക്കുകയാണ്. എറണാകുളം അതിരൂപതയില്‍ അവസാനിക്കേണ്ട ഒരു കാര്യം മറ്റ് മേഖലകളിലേക്കും മാധ്യമങ്ങളിലേക്കും എത്തുകയായിരുന്നു. സഭയെ ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും കര്‍ദ്ദിനാളിലെ ഒറ്റപ്പടുത്തുന്നവരെ തിരിച്ചറിയണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. 

ഭൂമിയിടപാടില്‍ ഇടനിലക്കാരനായിരുന്ന സാബു വര്‍ഗീസ് ഇടുക്കിയില്‍ കോടികളുടെ സ്വത്ത് സമ്പാദിച്ചതായി രേഖകള്‍. സഭയുടെ ഇടപാടുകള്‍ക്ക് ശേഷം തരാന്‍ പണമില്ലെന്നു പറഞ്ഞ സാബു വര്‍ഗീസ് ഇതേ കാലയളവില്‍ കുമളിയില്‍ ഏക്കറുകണക്കിന് ഭൂമി വാങ്ങുന്നതിന് കരാറെഴുതിയതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 

വിവാദഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ കേസ് എടുക്കാനുള്ള ഉത്തരവ് നടപ്പിലാക്കാന്‍ വൈകിയതില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് കെമാല്‍ പാഷയാണ് പൊലീസ് നടപടിയെ വിമര്‍ശിച്ചത്. കേസ് എടുക്കാന്‍ വൈകിയതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കേസെടുക്കാന്‍ വൈകിയതിനെതിരെ പരാതിക്കാരന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചത്.

കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന കോടതി ഉത്തരവിന് ശേഷവും സര്‍ക്കാര്‍ നിയമോപദേശം തേടിയതില്‍ ജസ്റ്റിസ് കെമാല്‍ പാഷ അതൃപ്തി പ്രകടിപ്പിച്ചു. ഉത്തരവില്‍ എല്ലാം വ്യക്തമായിരുന്നിട്ടും ആരുടെ നിര്‍ദേശപ്രകാരമാണ് നിയമോപദേശം തേടിയതെന്ന് കോടതി ആരാഞ്ഞു. ഭൂമി ഇടപാടില്‍ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ആറ് ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

മാര്‍ച്ച് ആറിന് ജസ്റ്റിസ് കെമാല്‍ പാഷയാണ് കര്‍ദിനാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവില്‍ നിയമോപദേശം തേടുകയാണ് പൊലീസ് ചെയ്തത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക