Image

ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസും മമതയും, ഫലം അപ്രതീക്ഷിതമെന്ന് യോഗി, ഉപതെരഞ്ഞെടുപ്പില്‍ കാലിടറി കാവിപാര്‍ട്ടി

Published on 14 March, 2018
ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസും മമതയും, ഫലം അപ്രതീക്ഷിതമെന്ന് യോഗി, ഉപതെരഞ്ഞെടുപ്പില്‍ കാലിടറി കാവിപാര്‍ട്ടി
ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ നാണക്കേടിന്റെ പടുകുഴിയില്‍ കാവിപാര്‍ട്ടി. കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും രംഗത്ത് വന്നു കഴിഞ്ഞു. ഇത് അന്ത്യത്തിന്റെ ആരംഭമെന്നാണ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനത്തെക്കുറിച്ച് മമതാ ബാനര്‍ജി പറഞ്ഞത്. ബിജെപിയെ മറികടന്ന് ഇതര സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടു ചെയ്യുമെന്ന് വ്യക്തമാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 

അതേസമയം, ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഒരു രാത്രി കൊണ്ട് സംഭവിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഗോരഖ്പൂരിലും, ഫുല്‍പുരിലും നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബിഎസ്പി നേതാവ് മായാവതി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെ അഭിനന്ദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. ഇത് ചിലരുടെ അന്ത്യത്തിന്റെ ആരംഭമാണിതെന്നും മമത കൂട്ടിച്ചേര്‍ത്തു. 

അതേസമയം, തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനവിധി അംഗീകരിക്കുന്നതായും, വീഴ്ചകള്‍ പരിശോധിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 22881 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചു. യോഗി തുടര്‍ച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലത്തിലാണ് ബിജെപിക്ക് കാലിടറിയത് എന്നത് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ശക്തി കേന്ദ്രമാണിത്. 

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫൂല്‍പൂരില്‍ 59613 വോട്ടിന്റെ ലീഡ് നേടി എസ്പി സ്ഥാനാര്‍ത്ഥി നരേന്ദ സിങ് പട്ടേലിനു അട്ടിമറി ജയം. 3,42,796 വോട്ടുകള്‍ പട്ടേലിന് ലഭിച്ചു. ബിജെപിക്ക് 2,83,183 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഇവിടെ 19,334 വോട്ടുകള്‍ നേടി. പ്രസാദ് മൗര്യ എംപി സ്ഥാനം രാജിവെച്ച ഒഴിവിലേയ്ക്കാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഈ രണ്ടു മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ത്ഥിക്കള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുപിക്കു പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടന്ന ബിഹാറിലും ബിജെപിക്ക് തിരിച്ചടി നേരിട്ടു. ജെഹനാബാദ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ കുമാര്‍കൃഷ്ണ മോഹന്‍ വിജയിച്ചു. അതേസമയം, സിറ്റിങ് മണ്ഡലമായ ഭഹാബുവയില്‍ ബിജെപിയുടെ റിങ്കി പാണ്ടെ വിജയിച്ചത് മാത്രമാണ് ബിജെപിക്ക് ആശ്വസമായത്. അരാരിയ മണ്ഡലത്തില്‍ ആജെഡി സ്ഥാനാര്‍ത്ഥി സര്‍ഫറാസ് ആലം 61988 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക