Image

ചെങ്ങന്നൂരില്‍ ബിഡിജെഎസിന്റെ ഉഗ്രതീരുമാനം ആരെ തുണക്കും?

രാഷ്ട്രീയകാര്യ ലേഖകന്‍ Published on 14 March, 2018
ചെങ്ങന്നൂരില്‍ ബിഡിജെഎസിന്റെ ഉഗ്രതീരുമാനം ആരെ തുണക്കും?
ഇക്കുറി ചെങ്ങന്നൂരില്‍ എന്‍ഡിഎയുമായി സഹരിക്കേണ്ടതില്ലെന്നതാണ് ബിഡിജെഎസിന്റെ ഉഗ്രതീരുമാനം. രാജ്യസഭ എംപി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്കു പിന്നിലെ കാരണം. എന്‍ഡിഎ സഖ്യത്തില്‍ നിന്നു ബിഡിജെഎസ് മാറി നിന്നാല്‍ ആര്‍ക്കാണ് ഗുണം?

ചെങ്ങന്നൂരില്‍ ഇടതു-വലതു മുന്നണികള്‍ തമ്മിലാണ് മത്സരം. ചെങ്ങന്നൂര്‍ എന്ന ഉറച്ച കോട്ട അഞ്ചു തവണ കോണ്‍ഗ്രസിന്റെ മാലയിലെ താലിയായിരുന്നുവെന്നു പറയാം. അത്രയ്ക്കും ഉറച്ച മണ്ഡലം. മൂന്നു തവണ ശോഭനാ ജോര്‍ജ് മണ്ഡലം കാത്തു. പിന്നെ, പി.സി വിഷ്ണുനാഥ് എത്തി.

എന്നാല്‍ കഴിഞ്ഞ തവണ ബിഡിജെഎസ്- എന്‍ഡിഎ സഖ്യത്തിലേക്ക് വന്നതോടെ വോട്ട് നഷ്ടം കോണ്‍ഗ്രസിന്. പി.സി വിഷ്ണുനാഥ് തോറ്റു. 7983 വോട്ടിന് അഡ്വ. കെ. കെ. രാമചന്ദ്രന്‍ നായര്‍ വിജയിച്ചെങ്കില്‍ അതിനു പിന്നില്‍ ബിഡിജെഎസ് നിര്‍ണ്ണായകമായിരുന്നു എന്നു വേണം കരുതാന്‍.

2011-ല്‍ പി.സി വിഷ്ണുനാഥ് 65,156 വോട്ടിന് നേടിയപ്പോള്‍ റണ്ണറപ്പായ സിപിഎമ്മിന്റെ സി.എസ് സുജാത നേടിയത് ആവട്ടെ 52,656 വോട്ടുകളായിരുന്നു. വോട്ടിനെക്കുറിച്ചുള്ള പഠനത്തില്‍ 2016-ലേക്ക് വരുമ്പോള്‍ സിപിഎം നേടിയത് 52, 880 വോട്ടുകളായിരുന്നുവെന്നു സാരം. അതായത്, കൃത്യമായി പറഞ്ഞാല്‍ 224 വോട്ടുകള്‍ മാത്രം കൂടുതല്‍. എന്നിട്ടും സിപിഎം ജയിച്ചു. കോണ്‍ഗ്രസിനു നഷ്ടപ്പെട്ടത് 20,259 വോട്ടുകള്‍. വോട്ടു കൂടിയതാവട്ടെ, ബിജെപിയുടെ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്കും.

ആ നിലയ്ക്കു നോക്കുമ്പോള്‍ ബിഡിജെഎസിന്റെ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപി പിടിക്കുകയും കോണ്‍ഗ്രസിനുണ്ടായ നഷ്ടം തോല്‍വിയിലേക്ക് അവരെ കൊണ്ട് എത്തിക്കുകയും ചെയ്തുവെന്നു വേണം കരുതാന്‍.

ഇപ്പോള്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുള്ള ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ 2006-ല്‍ പി.സി വിഷ്ണുനാഥിനോട് തോറ്റയാളാണ്. അന്നു 38878 വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. എന്നാല്‍ മണ്ഡലത്തില്‍ കൃത്യമായുള്ള 52,000 സിപിഎം വോട്ടുകള്‍ ഇത്തവണയും കൃത്യമായി സിപിഎമ്മിനു ലഭിച്ചാല്‍ ബിഡിജെഎസ് നിര്‍ണ്ണായകമാവുക തന്നെ ചെയ്യും.

ഇപ്പോഴത്തെ അവസ്ഥയില്‍ ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാത്തതു കൊണ്ട് എന്‍ഡിഎ സഖ്യം വേണ്ടെന്നു വച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് അതു നല്‍കി മുന്നണിയിലേക്ക് കൊണ്ടു വരാന്‍ എല്‍ഡിഎഫ് തയ്യാറെടുത്താല്‍ കോണ്‍ഗ്രസിന് ഇത്തവണയും മാളത്തില്‍ ഒളിക്കുകയേ നിവൃത്തിയുള്ളു.

ഇതു വരെയെും ഇവിടെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചിട്ടില്ല. മുന്നണികളാവട്ടെ, തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ആദ്യഘട്ടത്തില്‍ നില്‍ക്കുകയും ചെയ്യുന്നു. അതു കൊണ്ട്, ഇനിയും മണ്ഡലം മാറിമറിയാനുള്ള സാധ്യത നിലനില്‍ക്കുന്നു, അപ്പോഴും ചെങ്ങന്നൂരില്‍ ബിഡിജെഎസ് നിര്‍ണ്ണായകമാണെന്നതു മാത്രം സത്യമായി അവശേഷിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക