Image

ജെഎന്‍യുവില്‍ നിന്ന്‌ വീണ്ടും തിരോധാനം; ഗവേഷകവിദ്യാര്‍ത്ഥിനിയെ കാണാതായിട്ട്‌ അഞ്ച്‌ ദിവസം

Published on 15 March, 2018
ജെഎന്‍യുവില്‍ നിന്ന്‌ വീണ്ടും തിരോധാനം; ഗവേഷകവിദ്യാര്‍ത്ഥിനിയെ കാണാതായിട്ട്‌ അഞ്ച്‌ ദിവസം

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വീണ്ടും വിദ്യാര്‍ത്ഥിയുടെ തിരോധാനം. ഗവേഷക വിദ്യാര്‍ത്ഥിനിയായ പൂജ കസ്‌നയെയാണ്‌ അഞ്ച്‌ ദിവസങ്ങള്‍ക്കു മുമ്പ്‌ കാണാതായത്‌. തിരോധാനം സംബന്ധിച്ച്‌ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ വസന്ത്‌കുഞ്ച്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

ജെഎന്‍യു കാമ്പസിലെ ഷിപ്ര ഹോസ്റ്റലില്‍ അന്തേവാസിനിയാണ്‌ പൂജ. ഒന്നര വര്‍ഷം മുമ്പ്‌ എംഎസ്‌സി വിദ്യാര്‍ത്ഥിയായ നജീബ്‌ അഹമ്മദിനെ കാണാതായിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ മറ്റൊരു വിദ്യാര്‍ത്ഥിനിയുടെയും തിരോധാനം.

പൂജയെ കാണാതായതു മുതല്‍ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ പത്തിനാണ്‌ പൂജ രക്ഷിതാക്കളുമായി അവസാനമായി സംസാരിച്ചതെന്ന്‌ ഇവര്‍ പറയുന്നു. രാത്രി, ഭക്ഷണം കഴിച്ച്‌ ഹോസ്റ്റലിലേക്ക്‌ നടക്കുകയാണെന്നാണ്‌ പൂജ പറഞ്ഞിരുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു.

പിന്നീട്‌ വിവരം ഒന്നും ലഭിക്കാതിരുന്നപ്പോള്‍ മാതാപിതാക്കള്‍ ഹോസ്റ്റലില്‍ വന്ന്‌
അന്വേഷിച്ചിരുന്നു. എന്നാല്‍ അടഞ്ഞുകിടക്കുന്ന ഹോസ്റ്റല്‍ മുറിയാണ്‌ ഇവര്‍ക്ക്‌ കാണാനായത്‌. രണ്ട്‌ ദിവസമായി മുറി അടഞ്ഞുകിടക്കുകയാണെന്നും പൂജ വീട്ടില്‍ പോയതായിരിക്കുമെന്ന്‌ വിചാരിച്ചുവെന്ന്‌ കൂട്ടുകാരികളും ഹോസ്റ്റല്‍ അധികൃതരും പറയുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ തിരോധാനത്തെപ്പറ്റി സര്‍വ്വകലാശാല ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. പൂജ കസ്‌നുടെ ഫോണ്‍ കോളിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും, സുഹൃത്തുക്കളില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും പൊലീസ്‌ അധികൃതര്‍ പറഞ്ഞു.

എബിവിപി പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായതിന്‌ പിന്നാലെയാണ്‌ ഒന്നാം വര്‍ഷ എംഎസ്‌സി ബയാടെക്‌നോളജി വിദ്യാര്‍ത്ഥിയായ നജീബ്‌ അഹമ്മദിനെ കാണാതാകുന്നത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക