Image

ജയ്‌ ഷാ നല്‍കിയ കേസില്‍ ദ വയറിനെതിരെ നടപടിയെടുക്കരുത്‌; ഗുജറാത്ത്‌ കോടതിയോട്‌ സുപ്രീം കോടതി

Published on 15 March, 2018
ജയ്‌ ഷാ നല്‍കിയ കേസില്‍ ദ വയറിനെതിരെ നടപടിയെടുക്കരുത്‌; ഗുജറാത്ത്‌ കോടതിയോട്‌ സുപ്രീം കോടതി


ന്യൂദല്‍ഹി: അമിത്‌ ഷായുടെ മകന്‍ ജയ്‌ ഷാ നല്‍കിയ അപകീര്‍ത്തി കേസില്‍ ദ വയറിനെതിരായ നടപടി നിര്‍ത്തിവെക്കണമെന്ന്‌ ഗുജറാത്ത്‌ കോടതിയോട്‌ സുപ്രീം കോടതി. കേസ്‌ തള്ളണമെന്നാവശ്യപ്പെട്ട്‌ ദ വയര്‍ നല്‍കിയ ഹര്‍ജി ഏപ്രില്‍ 12ന്‌ പരിഗണിക്കുമെന്നും കോടതി അറിയിച്ചതായി ദ വയര്‍ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ്‌ വരദരാജനും എം.കെ വേണുവും പറഞ്ഞു.

2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയശേഷം ജയ്‌ ഷായുടെ കമ്പനിയുടെ ലാഭം കുതിച്ചുയര്‍ന്നുവെന്ന ദ വയര്‍ റിപ്പോര്‍ട്ടിനെതിരെ 2017 ഒക്ടോബറിലാണ്‌ ജയ്‌ ഷാ കോടതിയെ സമീപിച്ചത്‌.

കേസ്‌ തള്ളണമെന്നാവശ്യപ്പെട്ട്‌ ദ വയര്‍ ഗുജറാത്ത്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തി കേസ്‌ നിലനില്‍ക്കുന്നതാണെന്നും മാധ്യമപ്രവര്‍ത്തകര്‍ വിചാരണ നേരിടണമെന്നുമായിരുന്നു കോടതി വിധി.

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തി ഒരുവര്‍ഷത്തിനുശേഷം ജയ്‌ ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ്‌ വര്‍ധിച്ചുവെന്നായിരുന്നു ദ വയറിന്റെ റിപ്പോര്‍ട്ട്‌.

മാനനഷ്ടത്തിന്‌ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്‌ ജയ്‌ ഷാ കോടതിയെ സമീപിച്ചത്‌. ഇതേത്തുടര്‍ന്ന്‌ ഇതേ വിഷയത്തില്‍ വീണ്ടും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും അഹമ്മദാബാദ്‌ ജില്ലാ കോടതി ദ വയറിനെ വിലക്കിയിരുന്നു. എന്നാല്‍ 2017 ഡിസംബറില്‍ കോടതി ഈ വിലക്ക്‌ നീക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക