Image

ടിപിഎസ് അവസാനിപ്പിക്കുന്നതിനെതിരെ കേസ് ഫയല്‍ ചെയ്തു.(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 15 March, 2018
 ടിപിഎസ് അവസാനിപ്പിക്കുന്നതിനെതിരെ കേസ് ഫയല്‍ ചെയ്തു.(ഏബ്രഹാം തോമസ്)
അഭയാര്‍ത്ഥി നഗരങ്ങള്‍ പ്രഖ്യാപിച്ച നിയമം ഫെഡറല്‍ അപ്പീല്‍സ് കോര്‍ട്ട് ശരിവച്ച ദിവസം കുടിയേറ്റക്കാര്‍ക്ക് വേണ്ടി മറ്റൊരു കേസ് ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്തു. ഇത് ഫയല്‍ ചെയ്തത് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അഭിഭാഷകനും മക് ആര്‍തര്‍ ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ജേതാവുമായ അഹിലന്‍ അരുള്‍നാഥവും മറ്റ് അഭിഭാഷകരുമാണ്. ടെമ്പററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ്(ടിപിഎസ്) നല്‍കി അമേരിക്കയില്‍ എത്തിച്ച സാല്‍വഡോര്‍, ഹെയ്റ്റി, നിക്കാരഗ്വ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ മക്കളെ പ്രതിനിധാനം ചെയ്താണ് അഭിഭാഷകര്‍ നിയമ പോരാട്ടം ആരംഭിച്ചിരിക്കുന്നത്. ടിപിഎസ് നിറുത്തലാക്കുന്നത് ആ കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയാണ് ബാധിക്കുന്നത്. ഈ കു്ട്ടികളും ഹര്‍ജിക്കാരാണ്.

മുന്‍പ് ഫയല്‍ ചെയ്ത കേസുകളെക്കാള്‍ ഈ കേസ് ഗൗരവമുള്ളതാണെന്ന് കരുതുന്നു. ടിപി എസ് നിറുത്തലാക്കുമ്പോള്‍ തിരിച്ചയയ്ക്കപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികള്‍ ഏതാണ്ടെല്ലാവരും അമേരിക്കയില്‍ ജനിച്ചവരും അമേരിക്കന്‍ പൗരന്മാരുമാണ്. അവര്‍ക്ക് വേണ്മെങ്കില്‍ തങ്ങാം. പക്ഷെ മാതാപിതാക്കളുമായി വേര്‍പിരിയണം. വര്‍ഷങ്ങളോളം അമേരിക്കയില്‍ കഴിഞ്ഞ അവരുടെ മാതാപിതാക്കളെ സാല്‍വഡോര്‍, ഹെയ്റ്റി, നിക്കാരഗ്വ, സുഡാന്‍, നേപ്പാള്‍ തുടങ്ങിയ സ്വന്തം രാജ്യങ്ങളിലേയ്ക്ക് തിരിച്ചയയ്ക്കുകയാണ്.

അരുളനാഥം പറയുന്നത് ഈ കേസ് മാത്രമാണ് ടിപി എസ് ഉടമകളായവരുടെ അമേരിക്കന്‍ പൗരന്മാരായ കുട്ടികള്‍ക്ക് വേണ്ടി ഫയല്‍ ചെയ്തിട്ടുള്ളതെന്നാണ്. മറ്റ് കേസുകള്‍ കൈകാര്യം ചെയ്യാത്ത അദ്വതീയമായ ഈ അവകാശലംഘനത്തിന് എതിരെയാണ് ഈ കേസ്. പൗരന്മാരല്ലാത്തവര്‍ക്ക് അവകാശങ്ങള്‍ കുറവാണെന്ന് ഗവണ്‍മെന്റ് വാദിച്ചേക്കാം. ആ വാദം  ഈ കേസില്‍ വിലപ്പോവില്ല. കാരണം ഇവര്‍ അമേരിക്കന്‍ പൗരന്മാരാണ്. ഇനിയും പ്രായപൂര്‍ത്തി ആയിട്ടില്ലാത്തവരും, അരുളനാഥും കൂട്ടിച്ചേര്‍ത്തു.

കേസ് ഫയല്‍ ചെയ്തത് അറിയിക്കുവാന്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരു പ്രസ് കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. നാഷ്ണല്‍ ഡേ ലേബറര്‍ ഓര്‍ഗനൈസിംഗ് നെറ്റ് വര്‍ക്കിന്റെ അറ്റേണി എമി മക് ലീന്‍ ടിപിഎസ്എങ്ങനെ നല്‍കുന്നുവെന്നും ഇപ്പോഴത്തെ നടപടി പ്രസിഡന്റ് ട്രമ്പിന്റെ വംശീയ സമീപനത്തിന്റെ പ്രകട ഉദാഹരണമാണെന്നും പറഞ്ഞു. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റിക്ക് എതിരെ ഫയല്‍ ചെയ്തിരിക്കുന്ന കേസില്‍ നാഷ്ണല്‍ ഡേ ലേബറര്‍ ഓര്‍ഗനൈസിംഗ് നെറ്റ് വര്‍ക്കും നിയമസ്ഥാപനം സിഡ്‌ലി ഓസ്റ്റിനും കക്ഷികളായി ചേര്‍ന്നിട്ടുണ്ട്.

നിയമപ്രകാരം രൂപപ്പെടുത്തിയ പദ്ധതിയാണ് ടിപിഎസ്. 1990ല്‍ പാസാക്കിയ നിയമം അനുസരിച്ച് ആഭ്യന്തര കലാപം മൂലമോ പ്രകൃതി ദുരന്തം മൂലമോ കഷ്ടപ്പെടുന്നവര്‍ക്ക് അമേരിക്കയില്‍ സുരക്ഷിതവാസം നല്‍കിവരികയാണ്. താല്‍ക്കാലികമായാണ് അഭയം നല്‍കുന്നതെങ്കിലും കാലാവധി തീരുന്നതിന് മുമ്പ് അഭയം നീട്ടികൊടുക്കുകയായിരുന്നു ഇതുവരെ. സാല്‍വഡോര്‍ രാജ്യക്കാരാണ് ഈ സ്‌കീമില്‍ ഏറ്റവും കൂടുതലുള്ളത്. 2019 സെപ്തംബര്‍ 9ന് അവരുടെ അഭയ കാലാവധി അവസാനിക്കും.

രണ്ട് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ടിപിഎസ് ഉണ്ടെന്ന് കേസില്‍ പറയുന്നു. അവര്‍ക്ക് 2,20,000 ല്‍ അധികം അമേരിക്കയില്‍ ജനിച്ച അമേരിക്കന്‍ പൗരന്മാരായ കുട്ടികളുണ്ട്. ഇവരുടേതായി നാഷ്ണല്‍ ടിപിഎസ് അലയന്‍സ് എന്നൊരു സംഘടന രൂപപ്പെട്ടിട്ടുണ്ട്. അല്‍സാല്‍വഡോര്‍കാരനായ ഫോര്‍ട്ട് വത്ത് നിവാസി എഡ് വിന്‍ മുരില്ലോ സംഘടനയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ്.

 ടിപിഎസ് അവസാനിപ്പിക്കുന്നതിനെതിരെ കേസ് ഫയല്‍ ചെയ്തു.(ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക