Image

ഭാരതമേ ലജ്ജിക്കൂ, പത്താം ക്ലാസ് ജയിപ്പിക്കാന്‍ ഡമ്മിയും 10,000 രൂപയും; പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചു

Published on 15 March, 2018
ഭാരതമേ ലജ്ജിക്കൂ,  പത്താം ക്ലാസ് ജയിപ്പിക്കാന്‍ ഡമ്മിയും 10,000 രൂപയും; പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചു

പരീക്ഷ ജയിപ്പിക്കാന്‍ പതിനായിരം രൂപ ആവശ്യപ്പെട്ട പ്രിന്‍സിപ്പില്‍, പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. വിദ്യാര്‍ത്ഥിക്കു പകരമായി ഡമ്മിയെ പരീക്ഷയ്ക്കിരുത്തിയ ശേഷമായിരുന്നു സ്‌കൂളിനു സമീപമുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലും സഹായികളും മുങ്ങിയതായാണ് സൂചന. സംഭവം ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, പലയിടത്തും പ്രതിഷേധം ആഞ്ഞടിച്ചിരിക്കുകയാണ്. 

ഹരിയാനയിലെ സോനാപട്ടില്‍ ചൊവ്വാഴ്ച ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയുടെ അച്ഛനെ പറഞ്ഞുവിട്ടശേഷമായിരുന്നു 16കാരിയെ പ്രിന്‍സിപ്പല്‍ മാനഭംഗപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തുള്ള വീട്ടിലായിരുന്നു പീഡനം. പത്താം ക്ലാസ് ജയിപ്പിക്കുന്നതിനായി 10,000 രൂപ നല്‍കണമെന്നായിരുന്നു കരാറെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. ഈ മാസം എട്ടിന് സ്‌കൂള്‍ ഉടമ കൂടിയായ പ്രിന്‍സിപ്പല്‍ തന്നെയും മകളെയും സ്‌കൂളിലേക്കു വിളിപ്പിച്ചു.

ഫിസിക്കല്‍ എജ്യൂക്കേഷന്‍ പരീക്ഷയുടെ അന്ന് മകളെ തനിക്കൊപ്പം വിട്ടുപോകാന്‍ പിതാവിനോട് പറഞ്ഞ പ്രിന്‍സിപ്പല്‍ മറ്റൊരാളെക്കൊണ്ട് പരീക്ഷയെഴുതിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പരീക്ഷയ്ക്കുശേഷം പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോകാന്‍ പിതാവ് എത്തിയപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. ബന്ധുവീട്ടിലെ രണ്ട് സ്ത്രീകളുടെ സഹായത്തോടെ പ്രിന്‍സിപ്പല്‍ തന്നെ പീഡിപ്പിച്ചെന്ന വിവരം പെണ്‍കുട്ടി തന്നെ പിതാവിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി പിതാവിനോടു സംസാരിക്കുന്നതിനിടെയാണ് പ്രിന്‍സിപ്പലും സഹായികളും ഇവിടെനിന്നും രക്ഷപെട്ടത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും രണ്ടു വനിതകള്‍ക്കുമെതിരെ കേസെടുത്തു. പോക്‌സോ നിയമപ്രകാരമാണ് കേസ്. പീഡനത്തിന് ഒത്താശ ചെയ്ത സ്ത്രീകള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക