Image

ഭൂമി ഇടപാട്: കര്‍ദ്ദിനാളിനെതിരേ എതിര്‍വിഭാഗം കൂടുതല്‍ ശക്തമായി മുന്നോട്ട്

Published on 15 March, 2018
ഭൂമി ഇടപാട്: കര്‍ദ്ദിനാളിനെതിരേ എതിര്‍വിഭാഗം കൂടുതല്‍ ശക്തമായി മുന്നോട്ട്
വിവാദഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളുമായി എതിര്‍വിഭാഗം മുന്നോട്ട്. ഇടപാടില്‍ സഭയ്ക്ക് കോടികളുടെ നഷ്ടം വരുത്തിയെന്ന വാദം വിശ്വാസികളിലേക്ക് എത്തിക്കാനാണ് ഇവരുടെ നീക്കം. കര്‍ദ്ദിനാള്‍ കോടതിയില്‍ പറഞ്ഞ വാദം പോലും ഇക്കാര്യത്തില്‍ ഉപയോഗിക്കുമെന്നും സൂചനയുണ്ട്. നോട്ട് നിരോധനം മൂലമാണ് ഭൂമിയിടപാടില്‍ ഉദ്ദേശിച്ച പണം കിട്ടാതിരുന്നതെന്നു നേരത്തെ കര്‍ദ്ദിനാള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഐപിസി 460 വകുപ്പ് പ്രകാരം കേസില്‍ വിശ്വാസവഞ്ചനാക്കുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുകയാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ക്രിമിനല്‍ നിയമലംഘനത്തില്‍ മാര്‍പാപ്പയുടെ നിയമത്തിന് പ്രസക്തിയില്ലെന്നു കോടതി പറഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശ്വാസി സമൂഹത്തിനു മുന്നിലേക്ക് എത്തിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിനു വേണ്ടി വാട്‌സ് ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള നവ മാധ്യമങ്ങളെ ഉപയോഗിക്കാനും ധാരണയായിട്ടുണ്ട്. വത്തിക്കാന്റെ തീരുമാനങ്ങള്‍ ആഭ്യന്തര കാര്യങ്ങളില്‍ മാത്രമേ ബാധകമാവൂ എന്നറിഞ്ഞിട്ടും ഇക്കാര്യവുമായി കോടതിയെ സമീപിച്ച് സഭയ്ക്ക് കാര്യമായ നാണക്കേടുണ്ടാക്കിയെന്ന് ഇവര്‍ വിശ്വാസികളെ ധരിപ്പിച്ചിട്ടുണ്ട്. ഇതില്‍ വിശ്വാസികള്‍ക്കും പ്രതിഷേധമുണ്ടെന്നാണ് സൂചന. 

തനിക്കെതിരെ പലരും പോപ്പിനെ സമീപിച്ചിട്ടും പോപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ മുഖേന നേരത്തെ, കര്‍ദ്ദിനാള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേസില്‍ കര്‍ദ്ദിനാളിനെതിരേ ചില ശക്തമായ തെളിവുകളാണ് കോടതിക്ക് മുന്നിലെത്തിയ്. ഭൂമി ഇടപാടില്‍ അന്വേഷണം നടത്തി തെളിയിക്കണമെന്നു പോലീസിനോടു കോടതി നിര്‍ദ്ദേശിച്ചിട്ടും ഇതുവരെ കര്‍ദ്ദിനാളിനെ ചോദ്യം ചെയ്തിട്ടില്ല. ഇതു കോടതി അലക്ഷ്യമാണെന്നും ഇക്കാര്യത്തില്‍ വൈകാതെ പോലീസിനെയും സര്‍ക്കാരിനെയും കോടതി വീണ്ടും ശാസിക്കാനിടയുണ്ടെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.. കര്‍ദ്ദിനാളിനും ചില ഇടനിലക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുളളതായി സംശയിക്കുന്നുവെന്നു മുന്‍പ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സഭാ നേതൃത്വം രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കര്‍ദ്ദിനാള്‍ ആ നിയമത്തിന് കീഴിലാണെന്നും വ്യക്തമാക്കിയിരുന്നു. കര്‍ദ്ദിനാളിനെ കൂടാതെ ഫാദര്‍ ജോഷ് പൊതുവ, ഫാദര്‍ വടക്കുമ്പാടന്‍, ഇടനിലക്കാരന്‍ സജു വര്‍ഗീസ് എന്നിവരും കേസില്‍ പ്രതിപട്ടികയിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക