Image

റാസല്‍ഖൈമയില്‍ മലയാളി മല്‍സ്യത്തൊഴിലാളിയെ കാണാതായി

Published on 19 March, 2012
റാസല്‍ഖൈമയില്‍ മലയാളി മല്‍സ്യത്തൊഴിലാളിയെ കാണാതായി
ദുബൈ: ഇന്നലെയുണ്ടായ ശക്തമായ കാറ്റ് ജനജീവിതത്തെ ബാധിച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ വീശിയടിച്ച തണുത്ത കാറ്റ് വൈകുന്നേരത്തോടെ പൊടിക്കാറ്റായി മാറുകയായിരുന്നു. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റം ജനങ്ങളെ വലച്ചു. 

റാസല്‍ഖൈമയില്‍ കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് ബോട്ടില്‍ നിന്ന് വീണ മലയാളി മല്‍സ്യത്തൊഴിലാളിയെ കാണാതായി. തിരുവനന്തപുരം പുതിയതുറ സ്വദേശി ദാസിനെ (35)യാണ് കാണാതായത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് റാസല്‍ഖൈമ മേരീസില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ ഫൈബര്‍ ബോട്ടിലെ തൊഴിലാളിയായിരുന്നു ദാസ്. ഇദ്ദേഹത്തെ കൂടാതെ അഞ്ച് മലയാളികളും ഒരു സ്വദേശിയുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര്‍ പുതിയ തുറ സ്വദേശികളും മറ്റുള്ളവര്‍ പൂന്തുറ സ്വദേശികളുമാണ്.

ഇന്നലെ രാവിലെ ശക്തമായ കാറ്റില്‍ കടല്‍ പ്രക്ഷുബ്ധമായിരുന്നു. ഇതേ തുടര്‍ന്ന് മല്‍സ്യബന്ധനം നിര്‍ത്തി തിരിച്ചുവരികയായിരുന്ന ബോട്ട് കരയോട് അടുക്കാറായപ്പോഴാണ് ദാസിനെ കാണാതായ വിവരം മറ്റ് തൊഴിലാളികള്‍ അറിയുന്നത്. പ്രാഥമികാവശ്യം നിറവേറ്റുന്നതിന് ബോട്ടിന്‍െറ പിറകിലേക്ക് പോയ ദാസ് തിരയില്‍ പെട്ട് ബോട്ട് ആടിയുലഞ്ഞപ്പോള്‍ കടലില്‍ വീണതാണെന്നാണ് കരുതുന്നത്. ദാസിനെ കാണാതായതായി മനസ്സിലായ ഉടന്‍ ബോട്ട് തിരിച്ചുപോയി കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വൈകീട്ട് ആറ് മണിയോടെയാണ് ബോട്ട് റാസല്‍ഖൈമയില്‍ തിരിച്ചെത്തിയത്. ഇന്നലെ വൈകീട്ട് തീരദേശ സേനയും തെരച്ചില്‍ നടത്തി. വൈകുന്നേരത്തെ മഞ്ഞും കാറ്റും കാരണം കടലില്‍ ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു. മറ്റ് മല്‍സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദാസിനെ കണ്ടെത്തുന്നതിന് ഇന്നും തെരച്ചില്‍ തുടരും.
പൊടിക്കാറ്റ് തൊഴിലാളികളെയും ഡ്രൈവര്‍മാരെയും കാല്‍നട യാത്രക്കാരെയും ഒരുപോലെ പൊറുതിമുട്ടിച്ചു. ഇതോടൊപ്പം അന്തരീക്ഷ താപനിലയിലും ഗണ്യമായ കുറവ് അനുഭവപ്പെട്ടു.

പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ദൂരക്കാഴ്ച കുറഞ്ഞതാണ് ഡ്രൈവര്‍മാരെ ഏറെ പ്രയാസപ്പെടുത്തിയത്. വൈകുന്നേരം ചിലയിടങ്ങളില്‍ പത്ത് മീറ്ററിനപ്പുറം പോലും വ്യക്തമായി കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇത് ഗതാഗതത്തെ സാരമായി ബാധിച്ചു. തിരക്കേറിയ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ക്ക് മുന്നോട്ടു നീങ്ങാനാവാതെ ഗതാഗത കുരുക്ക് ഏറെനേരം നീണ്ടുനിന്നു. പൊടിക്കാറ്റിന്‍െറ പശ്ചാത്തലത്തില്‍ വാഹനമോടിക്കുന്നവരും കാല്‍നടയാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക