Image

കേരളാ പോലീസിനു 'ഫോമാ' യില്‍ എന്ത് കാര്യം?

അനില്‍ പെണ്ണുക്കര Published on 15 March, 2018
കേരളാ പോലീസിനു 'ഫോമാ' യില്‍ എന്ത് കാര്യം?
കേരളാ പോലീസിനു 'ഫോമാ' യില്‍ എന്ത് കാര്യം?  അല്പം അമ്പരിപ്പിക്കുന്ന ഒരു ചോദ്യമാണ് . എങ്കില്‍ അതില്‍ കാര്യമുണ്ട് . ഫോമാ കുട്ടികള്‍ക്കായി നിര്‍മ്മിച്ച് നല്‍കിയ തിരുവനന്തപുരം ആര്‍ സി സി കുട്ടികളുടെ വാര്‍ഡിനു സമാനമായി കേരളത്തിലെ ഒരു പോലീസ് സ്റ്റേഷന്‍ മാറുന്നു. എല്ലാ ദിവസവും അല്ല . എല്ലാ ഞായറാഴ്ചയും കേരളത്തിലെ ഒരു സ്റ്റേഷന്‍ പീഡിയാട്രിക് ക്ലിനിക് ആയി പ്രവര്‍ത്തിക്കുന്നു. ആര്‍ സി സിയിലെ കാന്‍സര്‍ വാര്‍ഡിലെ ഭിത്തിയില്‍ ടോമും ജെറിയും ഒക്കെയാണെങ്കില്‍ ഇവിടെ ഈ പോലീസ് സ്റ്റേഷന്റെ ഭിത്തിയില്‍ മിക്കി മൗസും, ടോമും ജെറിയുമൊക്കെ സ്ഥാനം പിടിച്ചിരിക്കുന്നു. ഞായറാഴ്ച ദിവസങ്ങളില്‍ സൗജന്യ ചികിത്സാ സേവനങ്ങള്‍ നല്‍കിക്കൊണ്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഒരു പീഡിയാട്രിക്ക് ക്ലിനിക്കായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍ .ആര്‍ സി സി പ്രൊജക്റ്റിനൊപ്പം നിന്ന് അഹോരാത്രം പ്രവര്‍ത്തിച്ച ജോസ് എബ്രഹാമിനെപ്പോലെ ഈ പ്രോജക്ടിനായി മുന്നിട്ടിറങ്ങിയത്ടി. കെ. രത്‌നകുമാര്‍ എന്ന സര്‍ക്കിള്‍ ഇന്‍സ്പക്റ്റര്‍

ഒരു പോലീസ് സ്റ്റേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് കടന്നു വരുന്ന ചില ചിത്രങ്ങള്‍ ഉണ്ട്. ഇരുണ്ട മുറികള്‍, ജയിലഴികളിലൂടെ തുറിച്ചു നോക്കുന്ന കള്ളന്മാര്‍, കാക്കിയിട്ട പോലീസുകാര്‍ അങ്ങനെ പലതും. എന്നാല്‍ തെക്കന്‍ കേരളത്തില്‍ ജനമൈത്രി പോലീസ് എന്ന ആശയം ഉയര്‍ന്നു വന്നതോടെ പോലീസുകാര്‍ ജനങ്ങള്‍ക്ക് ബഹുമാന പാത്രമായി മാറിയിരിക്കുന്നു. ജനങ്ങളുടെ ഈ സ്‌നേഹവും ബഹുമാനവും വര്‍ധിപ്പിക്കുകയാണ് ടി. കെ. രത്‌നകുമാര്‍ എന്ന സര്‍ക്കിള്‍ ഇന്‍സ്പക്റ്റര്‍ .

ഒരു പോലീസ് സ്റ്റേഷനില്‍ഡോക്ടര്‍ രോഗികളെ പരിശോധിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എന്നാല്‍ രത്‌നകുമാര്‍ തന്റെ പ്രൊജക്റ്റിലൂടെ അതിനു ഒരു അവസരം ഉണ്ടാക്കിയിരിക്കുന്നു. ഞായറാഴ്ച ദിവസങ്ങളില്‍ സൗജന്യ ചികിത്സാ സേവനങ്ങള്‍ നല്‍കിക്കൊണ്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഒരു പീഡിയാട്രിക്ക് ക്ലിനിക്കായി പ്രവര്‍ത്തിക്കുന്നതിന് ജനങ്ങള്‍ അവശത്തോടെയാണ് നോക്കി കാണുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഈ പ്രൊജക്റ്റ് ഉത്ഘാടനം ചെയ്തത്. എല്ലാഞായറാഴ്ചകളിലും ഇരുപത്തിയഞ്ചു കുട്ടികളെപോലീസ്സ്റ്റേഷനില്‍ എത്തുന്നപീഡിയാട്രീഷ്യന്‍ പരിശോധിക്കുന്നു. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ പിന്തുണയില്‍ 14 ഡോക്ടര്‍മാര്‍ ആണ് ഞായറാഴ്ചകളില്‍ 10 മണി മുതല്‍ 1 മണി വരെ സ്റ്റേഷനില്‍ എത്തുന്നത്. സ്റ്റേഷന്‍ മുറികളിലെ വര്‍ണ്ണക്കടലാസുകളും പെയിന്റിങ്ങുകളും കാര്‍ട്ടൂണുകളും കൊണ്ട് നിറച്ചാണ് കുട്ടികളെ പോലീസുകാര്‍ വരവേല്‍ക്കുന്നത്.

ഒരു സാമൂഹ്യ സേവനം എന്ന നിലയില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങ് ക്ലാസ്സുകളും മറ്റും സംഘടിപ്പിക്കുന്ന ഒരു ചൈല്‍ഡ് ഫ്രണ്ട്‌ലി യൂണിറ്റും സ്റ്റേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, എറണാകുളം-കടവന്ത്ര, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങീ സംസ്ഥാനത്തെ 6 പോലീസ് സ്റ്റേഷനുകള്‍ക്കും ചൈല്‍ഡ് ഫ്രണ്ട്‌ലി യൂണിറ്റ് ഉണ്ടെങ്കിലും ഇത്തരത്തിലുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. 'പല പീഡിയാട്രിക് ക്ലിനിക്കും ഞായറാഴ്ചകളില്‍ ചികിത്സ നടത്താറില്ല. അതിനാല്‍ ചൈല്‍ഡ് ഫ്രണ്ട്‌ലി യൂണിറ്റിന്റെ ഭാഗമായി ഈ പീഡിയാട്രിക് ക്ലിനിക് തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.' രത്‌നകുമാര്‍ പറഞ്ഞു.

സ്റ്റേഷന്റെ അകത്തു ഒരു മെഡിക്കല്‍ സ്റ്റോറും അതില്‍ ഒരു ഫാര്‍മസിസ്റ്റിനെയും കൊണ്ടുവരാനുള്ള പുതിയ പദ്ധതിയിലാണ് ഇന്ന് രത്‌നകുമാര്‍. അടുത്തുള്ള ഫാര്‍മസികളെ കൂട്ടിയോജിപ്പിച്ചു രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യാനും രത്‌നകുമാര്‍ ശ്രമിക്കുന്നുണ്ട്.

കേരളത്തിലെ പീഡിയാട്രിക് ക്ലിനിക്കിന് കുട്ടികളുടെ മനസുകളുടെ വര്‍ണ്ണങ്ങള്‍ വിതറിയത് ഫോമയുടെ കാന്‍സര്‍ പ്രോജക്ട് ആയിരുന്നു. കാന്‍സര്‍ രോഗം കൊണ്ട് വലയുന്ന കുട്ടികള്‍ക്ക് തങ്ങള്‍ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളുടെ ഒപ്പം മനസ് നിറഞ്ഞു ഓടിക്കളിക്കുവാനും വേദനയുടെ ലോകത്തു നിന്നും അല്പനേരമെങ്കിലും മാറി നില്‍ക്കുവാന്‍ അവസരം നല്‍കിയത് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ കൂട്ടായ്മയായഫോമായാണ് . ഡോ;എം വി പിള്ളയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രോജക്ടിന് അമേരിക്കന്‍ മലയാളികളില്‍ നിന്നും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. അതിനു ഊണും ഉറക്കവും കളഞ്ഞു പ്രവര്‍ത്തിച്ച ജോസ് എബ്രഹാം ഇപ്പോള്‍ ഫോമയുടെ 2018 -20 കാലയളവിലെ സെക്രട്ടറി സ്ഥാനാര്‍ത്ഥിയാണ് . അദ്ദേഹം വിജയശ്രീലാളിതനായി കേരളത്തില്‍ വരുമ്പോള്‍ ,നിര്‍ധനരായ കുട്ടികള്‍ക്കോ,അമ്മമാര്‍ക്കോ, ആദിവാസികള്‍ക്കോ, വൃദ്ധജനങ്ങള്‍ക്കോ ഉള്ള പ്രോജക്ടിനായി കാത്തിരിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍ .
കേരളാ പോലീസിനു 'ഫോമാ' യില്‍ എന്ത് കാര്യം?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക