Image

നിഷ, മാണിയുടെ മരുമകളല്ലേ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു ; പിസി ജോര്‍ജ്ജിന്റെ മറുപടി

Published on 16 March, 2018
നിഷ, മാണിയുടെ മരുമകളല്ലേ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു ; പിസി ജോര്‍ജ്ജിന്റെ മറുപടി
തിരുവനന്തപുരം: ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന നിഷ ജോസിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന്‌ പിന്നാലെ, അത്‌ പിസി ജോര്‍ജിന്റെ മകനാണെന്ന്‌ അഭ്യൂഹം സോഷ്യല്‍മീഡിയയില്‍ പരന്നിരുന്നു.

നിഷയുടെ ദി അതര്‍ സൈഡ്‌ ഓഫ്‌ ദിസ്‌ ലൈഫ്‌ എന്ന പുസ്‌തകത്തിലെ ചില പരാമര്‍ശങ്ങളാണ്‌ പിസി ജോര്‍ജിന്റെ മകനാണ്‌, അപമാനിക്കാന്‍ ശ്രമിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക്‌ കാരണമായത്‌.

ഇതിനോട്‌ പിസി ജോര്‍ജ്ജിന്റെ മറുപടി ഇങ്ങനെ:

'ഇതൊക്കെ ഒരു പുസ്‌തകം ഇറക്കുന്നതിന്‌ മുന്‍പുള്ള പബ്ലിസിറ്റിക്ക്‌ വേണ്ടിയുള്ള പരിപാടികളാണ്‌.'

'നിഷ, മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു. പിന്നെ ഇങ്ങനെയൊക്കെ പറയുമ്‌ബോള്‍ അത്‌ മാധ്യമങ്ങള്‍ വാര്‍ത്തയാക്കും. അതിലും വലിയ പബ്ലിസിറ്റി പുസ്‌തകത്തിന്‌ വേറെ വേണോ.'

'ഒരു എംപി ആയ ജോസ്‌ കെ മാണിയുടെ ഭാര്യയോട്‌ ആരെങ്കിലും അപമര്യാദയായി പെരുമാറാന്‍ ധൈര്യം കാണിക്കുമോ? ഒരു എംപി വിചാരിച്ചാല്‍ നിസാരമായി അവനെ പിടിക്കരുതോ?'പിസി ചോദിക്കുന്നു.

ട്രെയിന്‍ യാത്രക്കിടെ നേതാവിന്റെ മകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന്‌ 'ദി അതര്‍ സൈഡ്‌ ഓഫ്‌ ദിസ്‌ ലൈഫ്‌' എന്ന പുസ്‌തകത്തിലാണ്‌ നിഷ വെളിപ്പെടുത്തുന്നത്‌. ഈ പുസ്‌തകത്തിലെ എ വിഐപി ട്രെയിന്‍ സ്‌റ്റോറി എന്ന അധ്യായത്തിലാണ്‌ തനിക്ക്‌ നേരിടേണ്ടി ദുരനുഭവം നിഷ വ്യക്തമാക്കുന്നത്‌.

ട്രെയിന്‍ യാത്രക്കിടെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചതായാണ്‌ നിഷ പുസ്‌തകത്തില്‍ വിവരിക്കുന്നത്‌. പിന്നീട്‌ ജോസ്‌.കെ മാണിയോടു താന്‍ ഈ കാര്യം പറഞ്ഞിരുന്നു. സംഭവം നടന്നത്‌ എന്നാണെന്ന്‌ വ്യക്തമാക്കുന്നില്ലെങ്കിലും ചില സൂചനകള്‍ മാത്രമാണ്‌ പുസ്‌തകത്തില്‍ പറയുന്നത്‌.
നിഷയുടെ വാക്കുകള്‍ ഇങ്ങനെ:

ഒരു നേതാവിന്റെ മെലിഞ്ഞ മകനാണ്‌ എന്നോട്‌ അപമര്യാദയായി പെരുമാറിയത്‌. ഇയാളുടെ അച്ഛന്‍ മുന്‍പ്‌ ഞങ്ങളുടെ മുന്നണിയിലായിരുന്നു. കേരളാ കോണ്‍ഗ്രസ്‌ അന്ന്‌ യുഡിഎഫിന്റെ ഭാഗമായിരുന്നല്ലോ. അദ്ദേഹത്തെക്കുറിച്ച്‌ കൂടുതല്‍ പറയുന്നത്‌ ശരിയല്ല. കാരണം, വിവാദങ്ങളില്‍ എനിക്ക്‌ താല്‍പ്പര്യമില്ല.

ആരെയും വ്യക്തിഹത്യ ചെയ്യാനോ വിവാദത്തിനോ ഞാന്‍ തയ്യാറല്ല. എന്നാല്‍ സംഭവം സത്യമാണ്‌. എന്റെ അനുഭവം വായനക്കാരില്‍ എത്തിക്കുക എന്നതാണ്‌ എന്റെ ലക്ഷ്യം.

ഒരു സ്‌ത്രീയെന്ന നിലയില്‍ എനിക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്ന്‌ അറിയിക്കുകയാണ്‌ ലക്ഷ്യം. മാധ്യമങ്ങള്‍ പല കഥകളും മെനയുകയാണ്‌. ആരേയും വ്യക്തിഹത്യ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.അഭിമുഖത്തില്‍ നിഷ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക