Image

കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകള്‍ ഇനി നഗരം

Published on 16 March, 2018
കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകള്‍ ഇനി നഗരം
പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര മേഖലയായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നഗരമേഖലയില്‍ ബാറുകള്‍ തുറക്കാന്‍ ഇതോടെ വഴി തെളിഞ്ഞു. കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ രണ്ടും കല്‍പ്പിച്ചു രംഗത്തിറങ്ങുന്നതോടെ കേരളത്തില്‍ ഏതാണ്ടു മൂന്നുറോളം ബാറുകള്‍ തുറന്നേക്കുമെന്നാണ് സൂചന. ഇതോടെ, ദേശീയ, സംസ്ഥാന പാതകള്‍ കടന്നുപോകുന്ന പഞ്ചായത്തുകളും നഗരങ്ങളായി മാറിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളില്‍ പതിനായിരമെന്ന ജനസംഖ്യയ്ക്ക് ഇളവും അനുവദിച്ചിട്ടുണ്ട്. ഇതോടെ ഇവിടങ്ങളിലും കൂടുതല്‍ ബാറുകള്‍ തുറക്കും.

മുനിസിപ്പല്‍ മേഖലകളിലുള്ള ബാറുകള്‍ക്കു നേരത്തെ ഇളവ് അനുവദിച്ചിരുന്നു. പുതിയ ഉത്തരവു പുറത്തുവന്നതോടെ സംസ്ഥാന, ദേശീയ പാതയോരങ്ങളിലുള്ള നഗരസ്വഭാവമുള്ള പഞ്ചായത്തുകളില്‍ ത്രീ സ്റ്റാര്‍ സൗകര്യങ്ങളുള്ള ബാറുകള്‍ തുറക്കാം. പുതിയ ലൈസന്‍സിനും അപേക്ഷിക്കാം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമനുസരിച്ച് ത്രീ സ്റ്റാറിനും അതിനു മുകളിലുമുള്ള ബാറുകള്‍ക്കു മാത്രമേ സംസ്ഥാനത്തു പ്രവര്‍ത്തിക്കാന്‍ കഴിയൂ. സുപ്രീംകോടതിയുടെ ഉത്തരവോടെ പാതയോര മദ്യനിയന്ത്രണം ഫലത്തില്‍ ഇല്ലാതായി.

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാല പാടില്ലെന്ന വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തിയതോടെയാണ് ബാറുകാരുടെ ശുക്രനുദിച്ചത്. ഇതോടെ ബാറുകാരെ സഹായിക്കാന്‍ വേണ്ടി നിയമം മാറ്റിയെഴുതാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ദേശീയ, സംസ്ഥാന പാതയോരത്തുള്ള നഗര സ്വഭാവമുള്ള പഞ്ചായത്തുകളില്‍ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു സ്വന്തം നിലയ്ക്കു തീരുമാനമെടുക്കാെമന്നു നേരത്തെ സുപ്രീം കോടതി വിധിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതായിരുന്നു ബാറുകാരെ സന്തോഷിപ്പിക്കുന്ന ഈ വിധി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക