Image

എന്‍.ഡി.എ.യില്‍ ഇനി ഇല പൊഴിയും കാലമോ? ( ഡല്‍ഹി കത്ത് : പി.വി. തോമസ് )

പി.വി. തോമസ് Published on 17 March, 2018
എന്‍.ഡി.എ.യില്‍ ഇനി ഇല പൊഴിയും കാലമോ? ( ഡല്‍ഹി കത്ത് : പി.വി. തോമസ് )
അടുത്ത വര്‍ഷം ആരംഭത്തിലെ ലോകസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായി പ്രതിപക്ഷകക്ഷികള്‍  ദേശീയ തലത്തില്‍ സഖ്യത്തിന് ശ്രമിക്കുമ്പോള്‍- ഗോരഖ് പൂര്‍, ഫൂല്‍പ്പൂര്‍, ലോകസഭ ഉപതെരഞ്ഞെടുപ്പുകളിലെ സമാജ്വാദി പാര്‍ട്ടി-ബഹുജന്‍ സമാജ്പാര്‍ട്ടി സഖ്യത്തിന്റെ തകര്‍പ്പന്‍ വിജയം ഒരു ഉദാഹരണം- ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍.ഡി.എ.) ഇപ്പോള്‍ ഇലകൊഴിയും കാലം ആണ്. എന്‍.ഡി.എ.യില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇത് നരേന്ദ്രമോഡിയുടെ ഗവണ്‍മെന്റിന്റെ ഭാവിയെ ബാധിക്കുകയില്ലെങ്കിലും 2019- ലെ പൊതുതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.ക്ക് ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുവാന്‍ പര്യാപ്തം ആണ് കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോയാല്‍. സഖ്യകക്ഷികളുടെ പൊഴിഞ്ഞു പോകല്‍ ഗവണ്‍മെന്റിന്റെ  ഭാവിയെ ബാധിക്കുകയില്ല എന്ന് പറയുവാന്‍ കാരണം 2014-ല്‍ 282 സീറ്റുകള്‍ നേടി കേവലഭൂരിപക്ഷത്തിലേറെ സീറ്റുകള്‍ സ്വന്തമായി തന്നെ നേടിയാണ് ബി.ജെ.പി. അധികാരത്തില്‍ വന്നത്. ചില ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം അത് 273 സീറ്റുകള്‍ ആയി കുറഞ്ഞുവെങ്കിലും ഗവണ്‍മെന്റിന് അപകട സാദ്ധ്യത ഇല്ല. ഇവിടെ നിലനില്‍പിന്റെ ഭദ്രതയല്ല വിഷയം. മുന്നണിക്ക് ഏല്‍ക്കുന്ന ധാര്‍മ്മീകക്ഷതവും മുന്നണിയെ ഒരുമിച്ചു മുമ്പോട്ടുകൊണ്ടുപോകുവാനുള്ള മോഡി-ഷാ കൂട്ടുകെട്ടിന്റെ പരാജയം ആണ് പ്രശ്‌നം. 

തെലുങ്കുദേശം പാര്‍ട്ടി ആണ് ബി.ജെ.പി.ക്ക് എതിരെ ഏറ്റവും ഒടുവിലായി പ്രതിഷേധം മുഴക്കി മന്ത്രിസഭയില്‍ നിന്നും ഇറങ്ങിപോയത്്. രണ്ട് തെലുങ്കുദേശം മന്ത്രിമാര്‍ രാജിവച്ചു. പക്ഷേ, റ്റി.ഡി.പി. ഇപ്പോഴും പേരിനായി എന്‍.ഡി.എ.യില്‍ തുടരുന്നു. പക്ഷേ, തുടരുവാന്‍ ആകാത്തരീതിയില്‍ പരസ്പരം പുലഭ്യവര്‍ഷം നടത്തി നില്‍ക്കുകയാണ്. ബി.ജെ.പി. മന്ത്രിമാരും ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രപ്രദേശ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചിരിക്കുകയാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ റ്റി.ഡി.പി.- ബി.ജെ.പി. സഖ്യം പൊളിഞ്ഞു. വാഗ്ദാനം ചെയ്തിരുന്നതുപോലെ കേന്ദ്രം റ്റി.ഡി.പിക്ക് സാമ്പത്തീക സഹായത്തിനായി പ്രത്യേക പരിഗണന പട്ടികയില്‍പ്പെടുത്തിയില്ലെന്നതാണ് നായിഡുവിന്റെ പരാതി. അങ്ങനെപെടുത്തുകയില്ലെന്ന് ധനമന്ത്രി  അരുണ്‍ജയ്റ്റിലി പാര്‍ലിമെന്റില്‍ വ്യക്തമാക്കിയതോടെ നായ്ഡു വിരമിക്കല്‍ പ്രക്രിയ തുടങ്ങി. രണ്ടുകൂട്ടരുടെയും ഭാഗത്തുനിന്ന് ഇത് ശുദ്ധ രാഷ്ട്രീയം ആണ്.

പ്രത്യേക വിഭാഗത്തില്‍പെടുത്തി ആന്ധ്രപ്രദേശിനെ സാമ്പത്തീകമായി പരിഗണിക്കാമെന്ന് ബി.ജെ.പി. വാഗ്ദാനം ചെയ്തിരുന്നതാണ്. പക്ഷേ, ഇപ്പോള്‍ അത് സാധിക്കുകയില്ല എന്ന് പറയുന്നത് വിശ്വാസവഞ്ചനയാണ്. അതാണ് നായിഡുവിന്റെ വാദം. അത് ശരിയും ആണ്. പക്ഷേ, പ്രത്യേക പദവി സംബന്ധിച്ച നായിഡുവിന്റെയും ബി.ജെ.പി.യുടെയും വാദത്തിലേക്കോ അതിന്റെ മെറിറ്റിലോക്കോ ഇവിടെ കടക്കുന്നില്ല. കാരണം അത് ശുദ്ധ രാഷ്ട്രീയം ആണ്.

ലോകസഭ തെരഞ്ഞെടുപ്പിനോടൊപ്പം അടുത്തവര്‍ഷം ആന്ധ്രപ്രദേശില്‍ അസംബ്ലി തെരഞ്ഞെടുപ്പും നടക്കുകയാണ്. അപ്പോള്‍ കേന്ദ്രത്തിന്റെ ആന്ധ്രവഞ്ചന എന്ന കാര്‍ഡു ശരിക്കും നായിഡുവിന് ഉപയോഗിക്കാം. അത് അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ബി.ജെ.പി. ആകട്ടെ നായിഡുവിന്റെ ബന്ധശത്രു ആയി വെ.എസ്.ആര്‍.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ ജഗ് മോഹന്‍ റെഡ്ഡിയുമായി സംഭാഷണത്തില്‍ ആണ്. അത് രാഷ്ട്രീയ വൃത്തങ്ങളില്‍ പാട്ടാണ്. തീര്‍ച്ചയായും നായിഡുവിനും അത് അറിയാം. ജഗന്‍ റെഡിയും മോഡിയും തമ്മിലുള്ള കൂടിക്കാഴ്ചകളും വാര്‍ത്തയാണ്. അപ്പോള്‍ നായിഡുവിന് ഈ ബന്ധം വിടുന്നതു തന്നെയാണ് ബുദ്ധിയും രാഷ്ട്രീയവും.

2014-ല്‍ തന്നെ മോഡി-ഷായുടെ ആദ്യ നോട്ടം ജഗന്‍ ആയിരുന്നു. നായിഡു ായിരുന്നില്ല. പക്ഷേ, ജഗന്‍ അദ്ദേഹത്തിന്റെ ക്രിസ്ത്യന്‍ പശ്ചാത്തലവും വോട്ട് ബാങ്കും പരിഗണിച്ച് ബി.ജെ.പി.യുമായി കൂട്ടുചേര്‍ന്നില്ല. അങ്ങനെ ആണ് നായിഡു എന്‍.ഡി.എ.യില്‍ വരുന്നത്. ഇപ്പോള്‍ ഇരുകൂട്ടരും തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ് 2019- ല്‍. അപ്പോള്‍ നായിഡുവിന് ഈ പിണക്കം ഗുണം ചെയ്യും. ബി.ജെ.പി.ക്ക് നായിഡു ആയാലും ജഗന്‍ ആയാലും വ്യത്യാസം ഇല്ല. നായിഡുവിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍ പ്രകാരം(ഇത് ഗോരഖ്പൂര്‍, ഫൂല്‍പ്പൂര്‍ പരാജയത്തിനും മുമ്പ് ആണ്) 2019 - ല്‍ ബി.ജെ.പി.ക്ക് വിജയ സാദ്ധ്യത കുറവ് ആണ്. അതുകൊണ്ട് ബി.ജെ.പി.യില്‍ നിന്നും സൗകര്യപൂര്‍വ്വമായ ഒരു അകല്‍ച്ച പാലിക്കുന്നതാണ് ബുദ്ധി. പ്രത്യേകിച്ചും മുസ്ലീം വോട്ടുകളുടെ കാര്യത്തില്‍. പക്ഷേ, നായിഡുവിന് ആ വക ആദര്‍ശങ്ങളോ മതനിരപേക്ഷതയോ ഒന്നും ഇല്ല. അദ്ദേഹം ശുദ്ധ അധികാര രാഷ്ട്രീയക്കാരന്‍ ആണ്. ബി.ജെ.പി.യെ പോലെ തന്നെ. 2002-ലെ ഗുജറാത്ത് വംശഹത്യ നടക്കുമ്പോള്‍ അദ്ദേഹം അതിനെതിരെ ഒരക്ഷരം ഉരിയാടിയതല്ല. അദ്ദേഹം അന്നും എന്‍.ഡി.എ.യില്‍ ഉണ്ടായിരുന്നു.

നായിഡുവിന് ലോകസഭയില്‍ 16 അംഗങ്ങളും രാജ്യസഭയില്‍ നാല് അംഗങ്ങളും ഉണ്ട്. ഇവരുടെ പിന്തുണ ഇല്ലാതെയും ബി.ജെ.പി.ക്ക് രാജ്യം ഭരിക്കാം. നായിഡുവിന്റെ സഖ്യത്തില്‍ ബി.ജെ.പി. ആന്ധ്രയില്‍ രണ്ട് ലോകസഭ സീറ്റുകളും നാല് നിയമസഭ സീറ്റുകളും നേടി. ഇത് ജഗന്‍ റെഡിയുടെ പാര്‍ട്ടിയുടെ സഹായത്തോടെ വീണ്ടും ലഭിച്ചെന്നിരിക്കാം. ലഭിച്ചില്ലെന്നും ഇരിക്കാം. കാരണം ആന്ധ്രപ്രദേശില്‍, മറ്റ് തെക്കെ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ എന്ന വണ്ണം കര്‍ണ്ണാടക ഒഴിച്ച്, ബി.ജെ.പി.ക്ക് കാര്യമായ അടിവേരുകള്‍ ഇല്ല. ഇതൊക്കെ ആണ് കാര്യം എങ്കിലും ബി.ജെ.പി.-റ്റി.ഡി.പി. വേര്‍പിരിയല്‍ എന്‍.ഡി.എ.ക്ക് ഒരു ആഘാതം തന്നെ ആണ്. 16 ലോകസഭ അംഗങ്ങളുടേതോ നാല് രാജ്യസഭ അംഗങ്ങളുടെയോ കഥ അല്ല അത്. മറിച്ച് മുന്നണി കര്‍മ്മ നിര്‍വ്വഹണത്തിന്റെ പരാജത്തിന്റേത് ആണ്. റ്റി.ഡി.പി. ദക്ഷിണ ഇന്‍ഡ്യയില്‍ നിന്നും ഉള്ള ബി.ജെ.പി.യുടെ ഏറ്റവും വലിയ സഖ്യകക്ഷി ആയിരുന്നു. ആന്ധ്രപ്രദേശില്‍ ആകെമൊത്തം 25 ലോകസഭ സീറ്റുകളും ഉണ്ട്. ഇതില്‍ 18 സീറ്റുകളും റ്റി.സി.പി.- ബി.ജെ.പി. സഖ്യത്തിന് 2014-ല്‍ ലഭിച്ചു. ബി.ജെ.പി.യും മോഡി-ഷാ കമ്പനിയും സഖ്യകക്ഷി മര്യാദ പാലിക്കുന്നില്ല എന്നതാണ് നായിഡുവിന്റെ പ്രധാന പരാതി.
അടുത്ത സഖ്യകക്ഷി ശിവസേന ആണ്. 2019 ലോകസഭ തെരഞ്ഞെടുപ്പ് തനിച്ച് മത്സരിക്കും എന്നാണ് ഈ എന്‍.ഡി.എ. ഘടകകക്ഷിയുടെ നിലപാട്. ശിവസേന ബി.ജെ.പി.യുടെ ഒരു പഴയ സഖ്യകക്ഷി ആണ്. ഹിന്ദുത്വവാദിയും. പക്ഷേ, ഇപ്പോള്‍ ബദ്ധശത്രു ആണ്. ശിവസേന ആണ് എന്‍.ഡി.എ.യിലെ ഏറ്റവും വലിയ ഘടക കക്ഷി. പതിനെട്ട് ലോകസഭ അംഗങ്ങള്‍ ആണ് ശിവസേനക്ക് ഉള്ളത്. അതിന് പിറകില്‍ ആണ് റ്റി.ഡി.പി.(16). 2014- ല്‍ ബി.ജെ.പി.യും ശിവസേനയും കൂടെ 41 സീറ്റുകള്‍ ആണ് മഹാരാഷ്ട്രയില്‍ നേടിയത്. ബി.ജെ.പി.-ശിവസേന ബന്ധം ഇപ്പോള്‍ വേര്‍പ്പെട്ട നിലയില്‍ ആണ്. ഹിന്ദുത്വ മേധാവിത്വത്തിനുള്ള ദ്വന്ദയുദ്ധം ആണ് ഇരുവരും തമ്മില്‍.
അടുത്തത് പഞ്ചാബിലെ ശിരോമണി അകാലിദള്‍ ആണ്. ഇതും ആയിട്ടും എന്‍.ഡി.എ.യുടെ ബന്ധം ഏറെക്കുറെ വേര്‍പ്പെട്ട രീതിയില്‍ ആണ്. ബി.ജെ.പി.യുടെ ഏറ്റവും പഴയ സഖ്യകക്ഷികളില്‍ ഒന്നാണ് ശിരോമണി അകാലിദള്‍ സഖ്യം പഞ്ചാബിലെ 13 ലോകസഭസീറ്റുകളില്‍ ആറും 2014 ല്‍ വിജയിച്ചത് ആണ്. അകാലി ദളിന് പല പരാതികള്‍ ഉണ്ട്. വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്നതാണ് പ്രധാനം. ജെ.ഡി.(യു)സഖ്യം വിട്ടപ്പോള്‍ അത് എന്‍.ഡി.എ. കണ്‍വീനര്‍ സ്ഥാനം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. അകാലിദള്‍ സഖ്യകക്ഷി ആയിട്ടില്ലെങ്കില്‍ ബി.ജെ.പി. പഞ്ചാബില്‍ കച്ചി തൊടുകയില്ല അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍.

അടുത്തത് ജമ്മു-കാശ്മീരിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി ആണ്. ബി.ജെ.പി.യുടെ ഭരണ പങ്കാളി. ആശയപരമായി രണ്ട് പാര്‍ട്ടികളും ഇരുധ്രുവങ്ങളില്‍ ആണ് ആരംഭം മുതലെ. അത് അങ്ങനെ തുടരുന്നു. ജമ്മുവില്‍ ബി.ജെ.പി.യും കാശ്മീര്‍ താഴ് വരയില്‍ പി.ഡി.പി.യും ശക്തമാണ്, ഇവര്‍ മൂന്ന് സീറ്റുകള്‍ വീതം ആണ് 2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ജമ്മു-കാശ്മീരില്‍ നേടിയത്. പട്ടാളത്തിന്റെ നടപടികള്‍ പി.ഡി.പി. അംഗീകരിക്കുന്നില്ല. ബി.ജെ.പി. അതിനെ ന്യായീകരിക്കുന്നു. ഏതായാലും രാഷ്ട്രീയമായും മതപരമായും വൈരുദ്ധ്യം ഉള്ള ഈ സഖ്യവും തകര്‍ച്ചയില്‍ ആണ്.
ബീഹാറിലെ ജനതദള്‍(യുണൈറ്റഡ്), രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയും എന്‍.ഡി.എ.ക്ക് ഒപ്പം എത്രനാള്‍ പോകും എന്നതും വിഷയം ആണ്. ഉള്‍പ്പോര് രൂക്ഷം ആണ്. കേരളത്തിലെ വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയുടെ കഥ മറ്റൊന്നാണ്.

ഈ വിധത്തില്‍ 2019 ല്‍ ലോകസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും എന്തായിരിക്കും എന്‍.ഡി.എ.യുടെയും ബി.ജെ.പി.യുടെയും അവസ്ഥ എന്ന കാര്യത്തില്‍ രാഷ്ട്രീയവൃത്തങ്ങളില്‍ ആശങ്കയുണ്ട്. അപ്പോഴാണ് ഗോരഖ്പൂര്‍-ഫൂര്‍പ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ബോംബുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക