Image

റ്റുമ്പ് റെയിഡറുടെ ശക്തമായ തിരിച്ചു വരവ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 17 March, 2018
റ്റുമ്പ് റെയിഡറുടെ ശക്തമായ തിരിച്ചു വരവ് (ഏബ്രഹാം തോമസ്)
2001 ലെ ലാറ ക്രാഫ്റ്റ്:  റ്റുമ്പ് റെയിഡര്‍ ചിലര്‍ ഓര്‍ക്കുന്നുണ്ടാവും. അതിന് ശേഷം ഇതേ പ്രമേയത്തില്‍ പല വീഡിയോ ഗെയിമുകള്‍ ഉണ്ടായി. ഇപ്പോള്‍ ടോമ്പ് റെയിഡര്‍ എന്ന പേരില്‍ ഹോളിവുഡ് ചിത്രം പുറത്തു വന്നിരിക്കുകയാണ്. ഏതാണ്ട് ആദ്യചിത്രത്തിന്റെ ചുവടു പിടിച്ചു തന്നെയാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ചുരുള്‍ അഴിയുന്നത്.

ലാറ(അലീഷ്യ വീ കാന്‍ഡര്‍)യെ നാം  ആദ്യം കാണുന്നത് ഉദ്വേഗജനകമായ ഒരു കിക്ക് ബോക്‌സിംഗ് മത്സരത്തിലാണ്. പരാജിതയായി തന്റെ തൊഴില്‍ ബൈക്ക് കൊറിയര്‍ സര്‍വീസിലേയ്ക്ക് മടങ്ങുന്ന ലാറ സാമ്പത്തിക ദുരിതത്തിലാണെന്ന് തുടര്‍ന്നുള്ള രംഗങ്ങള്‍ പറയുന്നു. എന്നാല്‍ ലാറയെ കാത്തിരിക്കുന്നത് ഏഴ് വര്‍ഷം മുമ്പ് കാണാതായ അച്ഛന്‍ വിട്ടുപോയ വലിയ സമ്പത്താണ്. ഈ സമ്പത്ത് വേണമെങ്കില്‍ തന്റെ പവര്‍ ഓഫ് അറ്റേര്‍ണി അച്ഛന്റെ കാമുകിക്ക് നല്‍കണം. അവരുമായുള്ള കൂടികാഴ്ചയില്‍ അച്ഛന്‍ ക്രോഫ്റ്റ്(ഡൊമിനിക് വെസ്റ്റ് നടത്തിയ ഗവേഷണവിവരങ്ങള്‍ ശത്രു(വാള്‍ട്ടണ്‍ ഗോഗിന്‍സ്) വിന്റെ കയ്യില്‍ എത്താതിരിക്കുവാന്‍ ഇവ കത്തിച്ചു കളയണമെന്ന ക്രാഫ്റ്റിന്റെ നിര്‍ദ്ദേശം മാനിക്കാതെ ലാറ അച്ഛനെ തിരക്കി പുറപ്പെടുന്നു.

ജപ്പാനിലെ മുന്‍ രാജ്ഞി ഹിമിക്കോയ്ക്ക് താന്‍ തൊടുന്നവരെയെല്ലാം മൃതരാക്കുവാനുള്ള ശക്തി ഉണ്ടായിരുന്നു. അവരുടെ ശവകുടീരം കണ്ടെത്തി അത്ഭുതശക്തി കൈക്കലാക്കാനുള്ള ശ്രമത്തിലാണ് ഗോഗിന്‍സ്. ഇയാളുടെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയാണ് ക്രോഫ്റ്റ്. ലാറ അച്ഛനെ തിരക്കി ജപ്പാന് സമീപമുള്ള അജ്ഞാത ദ്വീപിലെത്തുന്നു. പ്രകൃതിയോടും ഗോഗില്‍സിനോടും മല്ലിട്ട് അവള്‍ അച്ഛനുമായി ചേരുന്നു. അടിമ സംഘത്തെ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്ന ഗോഗിന്‍സ് അവരുടെ പിന്നാലെ ആയി. ഹിമിക്കോയുടെ ടോമ്പിലെത്തുമ്പോള്‍ അവര്‍ക്കൊപ്പം വില്ലനും സംഘവുമുണ്ട്. കല്ലറയില്‍ ഹിമിക്കോയുടെ മൃതശരീരം കണ്ടെത്തി വില്ലന്മാരെയും പ്രകൃതിദുരന്തങ്ങളെയും നേരിട്ട് ലാറതിരിച്ചെത്തുന്നു. ക്രാഫ്റ്റും വില്ലനും സംഘവും തകര്‍ന്നു വീഴുന്ന കല്ലറയുടെ അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നില്ല.

ആദ്യ ചിത്രത്തില്‍ ആന്‍ജലീന ജോളിയായിരുന്നു ലാറയായി പ്രത്യക്ഷപ്പെട്ടത്. അവരുടെ ശരീര സൗന്ദര്യ, കായികാഭ്യാസപ്രദര്‍ശനം അവര്‍ക്കും ചിത്രത്തിനും ഏറെ ഗുണം ചെയ്തു. വലിയ താരമായി ഉയരുവാന്‍ ഈ ചിത്രവും അവരെ സഹായിച്ചു. ലാറയുടെ ഈ അവതാരം കായികാഭ്യാസത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ശരീരപ്രദര്‍ശനമില്ല, പ്രേമമോ അനുബന്ധ രംഗങ്ങളോ ഇല്ല. എങ്കിലും അലീഷ്യയുടെ പ്രകടനം മതിപ്പുളവാക്കുന്നതാണ്. കായികമായി അത്യദ്ധ്വാനം ചെയ്ത് അലീഷ്യ ലാറയെ മികവുറ്റതാക്കി. ഇത് അലീഷ്യയുടെ മാത്രം ചിത്രമാണെന്ന് പറയാം. ഒപ്പം വില്ലനായി മാറുന്ന പ്രകൃതിയുടെ സംഹാരതാണ്ഡവവും അതീവ തന്മയത്വത്തോടെ ചിത്രീകരിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ഇഫ്ക്ട്‌സും കമ്പ്യൂട്ടര്‍ ജനറേറ്റഡ് അംഗങ്ങളും വിവേചനപ്പൂര്‍വം പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഡൊമിനിക് വെസ്റ്റിനോ ഗോഗിന്‍സിനോ ലാറ കണ്ടെത്തുന്ന ജാപ്പനീസ് സുഹൃത്തായി വേഷമിട്ട ഡാനിയേല്‍ വുവിനോ കാര്യമായി ഒന്നും ചെയ്യാനില്ല.

സാധാരണ ആക്ഷന്‍ ചിത്രങ്ങളില്‍ വികാരം മുറ്റി നില്‍ക്കുന്ന രംഗങ്ങള്‍ കുറവാണ്(സമീപകാലത്തെ ബ്ലാക്ക് പാന്തര്‍ ഉദാഹരണം). എന്നാല്‍ ടോമ്പ് റെയിഡറിലെ വികാരം നിറഞ്ഞു നില്‍ക്കുന്ന രംഗങ്ങള്‍(ആദ്യ റീലുകളില്‍ ലാറ അച്ഛനെ കുറിച്ച് ഓര്‍ക്കുന്നതും, അച്ഛനുമായി ചേര്‍ന്നതിന് ശേഷമുള്ള രംഗങ്ങളും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും.

ലാറ ക്രോഫ്റ്റ് സെക്‌സിയാണ്. പക്ഷെ ശരീരപ്രദര്‍ശനം ആവശ്യമില്ല എന്ന സന്ദേശമാണ് അലീഷ്യയും സംവിധായകന്‍ റോര്‍ ഉത്ത്വാഗും നല്‍കുന്നത്. 2013 ലെ വീഡിയോ ഗെയിമിനെ ആധാരമാക്കി ഇവാന്‍ ഡോഗര്‍ട്ടിയും റോബര്‍ട്ട്‌സണ്‍ ഡോരെറ്റും എഴുതിയ കഥയ്ക്ക് ജനീവ റോബര്‍ട്ട്‌സണ്‍ ഡോരെറ്റ് ടീമാണ് തിരക്കഥ തയ്യാറാക്കിയത്. ഉത്ത്വാഗിന്റെ സംവിധാനം പ്രേക്ഷക ശ്രദ്ധ ഉടനീളം പിടിച്ചടക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. പോസ്റ്ററുകള്‍ പ്രഖ്യാപിക്കുന്നത് അലീഷ്യ വിക്കാന്‍ഡര്‍ അസ് ടോമ്പ് റൈഡര്‍ എന്നാണ്. ഹോളിവുഡില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം എന്ന് വാദിക്കുന്നവര്‍ നിരാശപ്പെടില്ല.

റ്റുമ്പ് റെയിഡറുടെ ശക്തമായ തിരിച്ചു വരവ് (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക