Image

വേശ്യയുടെ പ്രണയം (കവിത: അമല ഷെഫീഖ്)

Published on 17 March, 2018
വേശ്യയുടെ പ്രണയം (കവിത: അമല ഷെഫീഖ്)
കണ്ണിലുണ്ടായിരുന്നത് കരുണയെന്ന്
മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചതാണോ?
സ്വയം തെറ്റിദ്ധരിച്ചതാകണം.

വാക്കുകളില്‍ കരുതലുണ്ടെന്നും
പ്രണയമുണ്ടെന്നും ?
അതും സ്വയമുള്ള തെറ്റിദ്ധരണയാണ്.

നീയെന്റെ ഭാഗ്യമെന്ന്,
നിന്നോടൊപ്പമുള്ളപ്പോഴാണ്
ഞാന്‍ ജീവിക്കുന്നതെന്ന്..
വീണ്‍വാക്കുകളെ വിശ്വസിച്ച
വേശ്യയുടെ അജ്ഞത.

ആള്‍ക്കൂട്ടത്തില്‍ ഒരാളെന്ന് തിരിച്ചറിയുമ്പോള്‍..
വേശ്യയ്ക്ക് നൊമ്പരപ്പെടാനെന്തവകാശം?

നീ എന്റേതാണ്,
നിന്റടുത്ത് വരുന്നത് സന്തോഷം കിട്ടാനാണ്,
രണ്ട് പേര്‍ക്കും സുഖിക്കാനാണ്..
നില മറന്നത് വേശ്യയുടെ തെറ്റ്; മഹാപരാധം.

ജീവിതപ്രാരാബ്ദ്ധങ്ങളില്‍ താങ്ങാവുമെന്നത്,
കേള്‍ക്കാന്‍ ചെവിയാകുമെന്നത്,
താങ്ങാന്‍ കൈയ്യാകുമെന്നത്,
പ്രണയിച്ച് ഹൃദയം കണ്ടെത്തി എന്നത്,
സുഖം തേടുന്ന വഴിയിലെ
വെറും ജല്‍പനങ്ങളെ വിശ്വസിച്ച
വേശ്യയുടെ വിഡ്ഡിത്തം..

വേശ്യയാക്കിയ ശരീരം അങ്ങനെ തുടരട്ടെ..
മനസ്സും അങ്ങനെയാകട്ടെ..
നിന്നെ പ്രണയിച്ച വലിയ ശരിക്ക്
സ്വയം നല്‍കുന്ന സമ്മാനമാണത്..

മനസ്സ് വ്യഭിചരിക്കപ്പെട്ടവളുടെ
ജീവിത സമരം; തിരിച്ചറിയല്‍.

(Edit: ഞാനിവിടെ പറയാന്‍ ശ്രമിച്ചത് സമൂഹം ഒരുവളെ കാണുന്ന വിധം എങ്ങനെയെന്നാണ്. നാമുള്‍പ്പടെയുള്ള സമൂഹം അവര്‍ക്ക് കല്‍പ്പിച്ച് നല്‍കിയിരിക്കുന്ന ചട്ടക്കൂടിനെ പറ്റിയാണ്. അവള്‍ക്കതേ പാടുള്ളു എന്ന വ്യവസ്ഥിതിയെയാണ്. പ്രണയിക്കാന്‍ പാടില്ലായിരുന്നു എന്ന ഓര്‍മ്മപ്പെടുത്തലിനെയാണ്.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക