Image

പുരുഷന്മാര്‍ക്ക് ജീവിക്കണ്ടേ? നിഷയുടേത് തരം താണ നടപടി: ഷോണ്‍ ജോര്‍ജ്

Published on 18 March, 2018
പുരുഷന്മാര്‍ക്ക് ജീവിക്കണ്ടേ? നിഷയുടേത് തരം താണ നടപടി:  ഷോണ്‍ ജോര്‍ജ്
ട്രെയിനില്‍ വച്ച് കോട്ടയത്തുള്ള പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിച്ചെന്ന ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ വെളിപ്പെടുത്തലുകള്‍ ഉയര്‍ത്തിയ വിവാദം അവസാനിക്കുന്നില്ല. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിച്ചതെന്നാണ് പുസ്തകത്തിലെ പരാമര്‍ശം. 

ആരോപണത്തിന് പിന്നാലെ ആരോപണ വിധേയന്‍ പിസി ജോര്‍ജിന്റെ മകനാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നിഷയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പിസി ജോര്‍ജും ഷോണിന്റെ ഭാര്യയും രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ആരോപണത്തെക്കുറിച്ചും ഇതിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ചും ഷോണ്‍ ജോര്‍ജ്ജ് പ്രതികരിച്ചരിരുന്നു. 

ഷോണിന്റെ പ്രതികരണം ഇങ്ങനെ:

ഒന്നുകില്‍ അവര്‍ അത് ഞാന്‍ ആണെന്ന് പറയണം അല്ലെങ്കില്‍ അതില്‍ പറഞ്ഞിരിക്കുന്നത് ഞാന്‍ അല്ലെന്ന് പറയണം. അത് അവര്‍ പറഞ്ഞേ പറ്റൂ. കാരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ അത് എനിക്ക് നേരെയാണ് ചൂണ്ടുന്നത്. പിന്നെ അവര്‍ പറയുന്നത് പോലെ അവര്‍ക്ക് എന്നെ പരിചയമില്ലായ്മയുടെ ചോദ്യം ഇല്ല, കാരണം അവര്‍ക്ക് എന്നെ നേരത്തെ അറിയാവുന്നതാണ്. തിരുവനന്തപുരത്തുള്ള ഒരാളോട് ഷോണ്‍ ജോര്‍ജ്ജ് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അറിഞ്ഞെന്ന് വരില്ല പക്ഷേ പാലായിലുള്ള ഒരാളുടെ അവസ്ഥ അങ്ങനെ അല്ല. അവരുമായും അവരുടെ കുടുംബാഗങ്ങളുമായും ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിട്ടുള്ള എന്നെ ടിടി അവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ടി വന്നുവെന്ന് പറയുന്നത് തന്നെ വാസ്തവവിരുദ്ധമാണ്. 

അവര്‍ക്ക് മറ്റാരെങ്കില്‍ നിന്നും അവര്‍ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ എനിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക. അവര്‍ക്ക് അത്തരമൊരു ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിരലുകള്‍ അവര്‍ പറഞ്ഞ സൂചനകള്‍ അനുസരിച്ച് എന്റെ നേര്‍ക്ക നീളുമ്പോള്‍ അതില്‍ പ്രതിപാദിച്ചിരിക്കുന്നത് ഞാന്‍ ആണോയെന്ന് അവര്‍ വിശദീകരിക്കണ്ടതുണ്ട്. അതിനായി അവര്‍ക്കെതിരെ കേസ് കൊടുക്കാനുള്ള നടപടിയിലാണ് ഞാനിപ്പോള്‍ ഉള്ളത്. മീറ്റു എന്ന് പറഞ്ഞ് വ്യാജ ആരോപണവുമായി ഇനി ഒരു സ്ത്രീയും വരരുത്. ഇവിടെ മാന്യമായി ജീവിക്കുന്ന ഏത് പുരുഷന് നേരെയും ഇത്തരമൊരു ആരോപണം ഉയര്‍ത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത് അത്ര നല്ല കാര്യമല്ല. സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ ഇവിടെ അവകാശങ്ങള്‍ ഉള്ളത് പുരുഷന്മാര്‍ക്കും ഇവിടെ ജീവിക്കണ്ടെ? 

നിഷ പേര് പറയാതെയാണ് ആരോപണം ഉയര്‍ത്തിയിട്ടുള്ളതെന്ന് സമ്മതിക്കുന്നു. പക്ഷേ അതില്‍ അവര്‍ പറഞ്ഞിരിക്കുന്ന സൂചനകള്‍ അനുസരിച്ച് സാമാന്യ ബോധമുള്ള ആര്‍ക്കും മനസിലാകും അത് ഉന്നമിടുന്നത് എന്നെയാണെന്ന്. പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ അന്തസും അഭിമാനവും മാത്രമാണ് എനിക്ക് കൈമുതലായിട്ടുള്ളത് അത് ഇത്തരമൊരു ആരോപണം കൊണ്ട് നശിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കുക തന്നെ ചെയ്യും. ഷോണ്‍ ജോര്‍ജിലേയ്ക്ക് എന്ന പേരില്‍ നിരവധി പോര്‍ട്ടലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് പിതാവ് പിസി ജോര്‍ജ്ജും ഭാര്യ പാര്‍വ്വതിയും പ്രതികരിച്ചത്. ആളുകള്‍ പീഡിപ്പിച്ചല്ലേയെന്ന് ചോദിക്കുന്ന അവസ്ഥ മോശമാണ് പ്രത്യേകിച്ച് ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍. നാട്ടില്‍ കൂടി ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിയാണ് ഇപ്പോള്‍. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ അഭിമാനം നശിപ്പിക്കാന്‍ നിഷയല്ല കെഎം മാണി ശ്രമിച്ചാല്‍ പോലും സമ്മതിക്കില്ല. അവര്‍ക്ക് ആളുകള്‍ ചര്‍ച്ച ചെയ്യാന്‍ വിഷയമാകണമെങ്കില്‍ വേറെ ആര്‍ക്ക് നേരെ വേണമെങ്കിലും ആരോപണം നടത്തിക്കോട്ടെ എന്റെ അടുത്ത് വേണ്ട്. 

കോട്ടയത്തെ പ്രമുഖ നേതാവിന്റെ മകന്‍ , ആരോപണങ്ങള്‍ ഷോണിലേയ്‌ക്കോ എന്ന രീതിയില്‍ നിരവധി വാര്‍ത്തകള്‍ വന്നതോടെയാണ് പിതാവും ഭാര്യയും പ്രതികരിച്ചത്. ആരാണ് പീഡിപ്പിച്ചതെന്ന് പറയാതിരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്നാല്‍ ആരോപണവിധേയന്‍ ഞാന്‍ അല്ല എന്ന് അവര്‍ വിശദമാക്കേണ്ടതുണ്ട്. അതിനായി അവരെ ഞാന്‍ കോടതിയില്‍ കേറ്റും. അനാവശ്യമായി ആണുങ്ങള്‍ക്ക് നേരെ ഇത്തരം ആരോപണം ഉയര്‍ത്തുന്നതിന് അറുതി വരണം. ജോസ് കെ മാണി ഭാരവാഹിയായിരുന്ന പാര്‍ട്ടിയിലെ നിര്‍ണായക സ്ഥാനം വഹിച്ചിരുന്ന ആള്‍ കൂടിയായിരുന്നു ഞാന്‍ എന്നിട്ടും അവര്‍ക്ക് എന്നെ മറ്റൊരാള്‍ പരിചയപ്പെടുത്തേണ്ടി വരണമെന്ന് പറയുന്നത് ശരിയല്ല.

ഇത്തരമൊരു ആരോപണം കൊണ്ട് നിഷയ്‌ക്കോ ജോസ് കെ മാണിക്കോയുള്ള ലാഭം, ചിലപ്പോള്‍ രാഷ്ട്രീയ പ്രവേശനമോ അല്ലെങ്കില്‍ പുസ്തക വില്‍പനയോ ആയിരുന്നിരിക്കണം ഉദ്ദേശം. പക്ഷേ കെ എം മാണിയുടെ കുടുംബത്തില്‍ നിന്നും രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കാന്‍ അവര്‍ക്ക് ഇത്തരമൊരു നാടകത്തിന്റെ ആവശ്യമുണ്ടായിരുന്ന പുസ്തകം വില്‍ക്കാന്‍ ഇത്തരം നമ്പറുകള്‍ ഇറക്കുന്നവരുണ്ട്. ഇപ്പോള്‍ കേരളം മുഴുവന്‍ നിഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. സരിത പോലും തന്റെ ആരോപണങ്ങള്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. ഇത് അത് പോലുമില്ലാതെ എന്നോ നടന്നെന്ന രീതിയില്‍ ഒരു വ്യക്തതയില്ലാതെയാണ് അവരുടെ ആരോപണങ്ങള്‍. 

ഭാര്യയെ ഒരാള്‍ പീഡിപ്പിച്ചെന്ന് പറഞ്ഞിട്ട് അതില്‍ ഒരു നടപടിയെടുക്കാത്ത നേതാവ് എങ്ങനെയാണ് സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക. ഭാര്യ ഇത്തരമൊകു പരാതി പറഞ്ഞിട്ട് ജോസ് കെ മാണി എന്താണ് നടപടി സ്വീകരിക്കാത്തത്. സ്വന്തം ഭാര്യയുടെ അഭിമാനം സംരക്ഷിക്കാന്‍ പറ്റാത്ത ആള്‍ എങ്ങനെ നാടിന്റെ അഭിമാനത്തിന് വേണ്ടി പ്രയത്‌നിക്കും? അവര്‍ ശരിക്കും സംഭവത്തില്‍ കേസു കൊടുക്കണം. പൊലീസ് അന്വേഷിക്കട്ടെ ആരോപണം അനുസരിച്ച് ആ ട്രെയിനില്‍ അവര്‍ മാത്രമല്ലല്ലോ ഉണ്ടായിട്ടുണ്ടാകു. അന്വേഷിച്ച് ഞാന്‍ കുറ്റക്കാരനാണോയെന്ന് പൊലീസ് കണ്ടെത്തട്ടെ. അല്ലാതെ ഇങ്ങനെയൊരു പുകമറയല്ല തീര്‍ക്കണ്ടത്. അവര്‍ക്കൊപ്പം ഒരിക്കല്‍ പോലും ട്രെയിനില്‍ എനിക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക