Image

കാരുണ്യത്തിന്റെ സന്ദേശവുമായി ഡോ. രാജഗോപാല്‍ ഫോമ വനിതാ ഫോറത്തില്‍

Published on 18 March, 2018
കാരുണ്യത്തിന്റെ സന്ദേശവുമായി ഡോ. രാജഗോപാല്‍ ഫോമ വനിതാ ഫോറത്തില്‍
ന്യൂയോര്‍ക്ക്: അതിരുകളില്ലാത്ത കാരുണ്യത്തിന്റെ സന്ദേശവുമായി ഡോ. എം.ആര്‍ രാജഗോപാലും പത്‌നി ഡോ. ചന്ദ്രികയും ഫോമാ വിമന്‍സ് ഫോറത്തിന്റെ സാന്ത്വന സ്പര്‍ശത്തില്‍. മരണത്തിലേക്കു നടന്നടുക്കുമ്പോഴും തീവ്ര വേദനകൊണ്ട് പുളയുന്ന മനുഷ്യന്റെ ദുഖം ലഘൂകരിക്കല്‍ ജീവിത വ്രതമാക്കിയ യോഗീതുല്യനായ ഡോക്ടറുടെ സാന്നിധ്യം പങ്കെടുത്തവരില്‍ കുളിര്‍കാറ്റായി. ഫോമാ വിമന്‍സ് ഫോറത്തിനും സാരഥികള്‍ക്കും ഇതു ധന്യനിമിഷം.

ആരോരുമില്ലാത്ത മരണാസന്നര്‍ക്ക് അന്തസ്സുള്ള മരണം ഒരുക്കുകയായിരുന്നു മദര്‍ തെരേസയെങ്കില്‍ ജീവിതാന്ത്യം വേദനാരഹിതമാക്കാനുള്ള സഹായമെത്തിക്കുക ദൗത്യമാക്കിയ വ്യക്തിയാണ് ഡോ. രാജഗോപാല്‍. പത്മശ്രീ നല്‍കി രാജ്യം ആദരിച്ച അദ്ദേഹത്തെ നോബല്‍ സമ്മാനത്തിനുവരെ പരിഗണിക്കുന്നതും ഇതേ കാരണംകൊണ്ടുതന്നെ.

ഒന്നര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പാലിയം ഇന്ത്യാ ട്രസ്റ്റ് സ്ഥാപകനായ അദ്ദേഹം പാലിയേറ്റീവ് കെയറിന്റെ അപര്യാപ്തതയാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. ജീവിതം അല്‍പകാലംകൂടി മാത്രം ബാക്കിവെയ്ക്കുന്ന രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ശാരീരികവും മാനസീകുമായ വേദനയില്ലാതെ അന്ത്യത്തിലേക്ക് നടന്നടുക്കുവാനുള്ള തുണയാണ് പാലിയേറ്റീവ് കെയര്‍.

ഇന്ത്യയിലെ പാലിയേറ്റീവ് കെയറിന്റെ 75 ശതമാനവും കേരളത്തിലാണ്. അതിനര്‍ത്ഥം മറ്റു സ്റ്റേറ്റുകളിലൊന്നും കാര്യമായ പരിചരണമോ വേദനാസംഹാരികളോ രോഗികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്.

കേരളത്തില്‍ പോലും മൂന്നിലൊന്നു പേര്‍ ബി.പി.എല്‍ (ബിലോ പോവര്‍ട്ടി ലെവല്‍- അഥവാ ദാരിദ്ര്യരേഖയ്ക്കു താഴെ) ആകുന്നതിനു കാരണം ഏതെങ്കിലും രോഗം കുടുംബത്തില്‍ ആര്‍ക്കെങ്കിലും ബാധിക്കുമ്പോഴാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യം പശുവിനെ വില്‍ക്കും. പിന്നെ വില്‍ക്കാവുന്നവയെല്ലാം. അതിനുശേഷം കിടപ്പാടമുണ്ടെങ്കില്‍ അത്. കുറച്ചുകഴിയുമ്പോള്‍ എല്ലാവരും കൈയ്യൊഴിയും. രോഗി നിരാശ്രയനാകുന്നു. അടുത്ത തലമുറയും പ്രാരാബ്ദത്തിലേക്ക് വഴുതിവീഴുന്നു. കുട്ടികള്‍ പഠനം ഉപേക്ഷിച്ച് പണിക്കുപോകുന്നു.

രോഗം മൂലം ഉണ്ടാകുന്ന സാമൂഹിക തകര്‍ച്ച എത്രയെന്നതിനെപ്പറ്റി ഇനിയും പഠനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. രോഗികളില്‍ തന്നെ സ്ത്രീകളാണ് കൂടുതല്‍ പീഡനത്തിനിരയാരുന്നത്. കടുത്ത വൈകല്യമോ, രോഗമോ ഉള്ള കുട്ടിയുണ്ടായാല്‍ പുരുഷന്മാര്‍ പലപ്പോഴും അമ്മയെ ഉപേക്ഷിച്ചുപോകും. ആശുപത്രിയില്‍ ഇതോടെ കുട്ടികളെ കൊണ്ടുവരുന്നത് അമ്മമാരാണ്. അവര്‍ക്ക് കുട്ടികളുടെ അടുത്തുനിന്ന് മാറാനാവില്ല. ജോലിക്കു പോകാനുമാവില്ല. ഏതെങ്കിലും ബന്ധുവിന്റെ കാരുണ്യത്തില്‍ വല്ലതും കിട്ടിയെങ്കിലായി എന്നതാണ് അവരുടെ സ്ഥിതി.

ഇന്ത്യയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ജീവിക്കാനാവില്ല. പലരാല്‍ അവള്‍ വേട്ടയാടപ്പെടും. സഹായിക്കാനെത്തുന്നവരായിരിക്കും കൂടുതല്‍ ഉപദ്രവകാരികള്‍.

പുരുഷന്റെ നഗരമാണ് തിരുവനന്തപുരമെന്നു തന്റെ ഒരു വനിതാ സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു. സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ രാത്രി പുറത്തിറങ്ങാനാവില്ല. വൃദ്ധരുടെ സ്ഥിതിയും ദയനീയം. കേരളത്തില്‍ തനിച്ചു കഴിയുന്ന വൃദ്ധര്‍ 1,70,000 എന്നാണ് കണക്ക്. അതില്‍ 1,45,000 പേര്‍ വനിതകളാണ്. സ്ത്രീകള്‍ അല്പം കൂടതല്‍ കാലം ജീവിക്കുമെന്നതു ഒരു കാരണമാകാം.

ഒരു കൂരയില്‍ പാതി തളര്‍ന്ന സ്ത്രീയെ കണ്ടു. അവര്‍ കിടക്കുന്നതിനു ഒരു വശത്ത് മൂന്നു ഇഷ്ടികയുള്ള അടുപ്പ്. മറുവശത്ത് ഒരു കലം. മല വിസര്‍ജനത്തിനാണ്. അവരുടെ മൂന്നു മക്കള്‍ ആ ഗ്രാമത്തിലുണ്ട്. വൃദ്ധയുടെ ഒന്നര സെന്റ് സ്ഥലം ആര്‍ക്കെന്നതിനെപ്പറ്റി അവര്‍ തമ്മില്‍ പോരടിക്കുകയാണ്. ഒരു ചെറുമകള്‍ ക്ലാസ് കഴിഞ്ഞുവന്ന് കലം വൃത്തിയാക്കും. വീക്കെന്‍ഡില്‍ വരില്ല. ആ അവസ്ഥ ഊഹിക്കാമല്ലോ?

യാതൊരുവിധ വിവേചനങ്ങളിലും വിശ്വസിക്കുന്നയാളല്ല താന്‍. എന്നാല്‍ സ്ത്രീകള്‍ക്കനുകൂലമായി വിവേചനം വേണമെന്ന അഭിപ്രായം തനിക്കുണ്ട്. വനിതകളെ സഹായിക്കാനാണ് ഫോമയുടെ സാന്ത്വനസ്പര്‍ശമെന്നത് തികച്ചും സന്തോഷകരമാണ്.

നട്ടെല്ലിനു താഴെ തളര്‍ന്നുകിടക്കുന്ന ഒരുപറ്റം പേരെ തങ്ങള്‍ ശുശ്രൂഷിക്കുന്നുണ്ട്. മിക്കവരും ഇരുപതിനും മുപ്പതിനും മധ്യേ പ്രായമുള്ളവര്‍. നല്ലൊരു പങ്ക് ബൈക്ക് ആക്‌സിഡന്റിലാണ് ഈ സ്ഥിതിയിലെത്തിയത്. ഇവിടെയൊക്കെ അത്തരക്കാരെ റിഹാബിലിറ്റേറ്റ് ചെയ്യുകയും വീല്‍ചെയര്‍ വഴി ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരികയും ചെയ്യും. നമ്മുടെ നാട്ടില്‍ നാലു ചുമരുകള്‍ക്കുള്ളില്‍ രോഗം വന്നവര്‍ കഴിയണം. അവരുടെ ഭാര്യമാര്‍ ജീവിതാന്ത്യംവരെ ദുരിതവുമായി കഴിയണം. ഭര്‍ത്താവിനു വിട്ടുപോകാമെങ്കിലും ഭാര്യ വിട്ടുപോകരുതെന്നാണ് നമ്മുടെ ചിന്താഗതി. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭാര്യയോട് പൊങ്ങച്ചം പറഞ്ഞ് കിണറ്റില്‍ ചാടി നടു തളര്‍ന്ന യുവാവിന്റെ കഥയും ഡോക്ടര്‍ വിവരിച്ചു. ഭാര്യ അയാളെ ശുശ്രൂഷിക്കണം. വീട്ടുകാരുടെ കുത്തുവാക്ക് കേള്‍ക്കുകയും വേണം.

പാലിയം ഇന്ത്യയ്ക്ക് സര്‍ക്കാരിന്റെ സഹായമൊന്നുമില്ലെന്നു അദ്ദേഹം പറഞ്ഞു. സംഘടനകളും മനുഷ്യസ്‌നേഹികളുമാണ് സഹായമെത്തിക്കുന്നത്.

രോഗവും ചികിത്സയുമല്ലാതെ മനുഷ്യരുടെ വേദനയെപ്പറ്റി മെഡിക്കല്‍ രംഗത്ത് കരുതലില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് താന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ഈ രംഗത്തേക്ക് തിരിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യോളജി പ്രൊഫസറായിരിക്കെ ആദ്യത്തെ പാലിയേറ്റീവ് സെന്റര്‍ തുടങ്ങി. മെഡിക്കല്‍ രംഗത്തുള്ളവര്‍ തുണച്ചില്ലെങ്കിലും മാധ്യമങ്ങളും ജനവും പിന്തുണച്ചു. ഇന്നിപ്പോള്‍ 16 സ്റ്റേറ്റുകളില്‍ സെന്ററുകളുണ്ട്. സെന്റര്‍ സ്ഥാപിക്കാനുള്ള സഹായങ്ങളും ചെയ്തുവരുന്നു.

ഇന്ത്യയില്‍ മോര്‍ഫിന്‍ പോലുള്ള മയക്കുമരുന്നകള്‍ ലഭിക്കുന്നില്ലെങ്കില്‍ അമേരിക്കയില്‍ അതിന്റെ അതിപ്രസരമാണ്. ഓവര്‍ഡോസ് മൂലം പതിനായിരങ്ങളാണ് മരിക്കുന്നത്. ഒരു പല്ല് എടുത്താല്‍കൂടി അഞ്ചു ദിവസത്തെ മയക്കുമരുന്ന് നല്കിയിരിക്കും. ജനിറ്റിക് തുടങ്ങിയ കാരണങ്ങളാണ്. മൂന്നു ആഴ്ചയിലധികം മയക്കുമരുന്ന് തുടര്‍ച്ചയായി കഴിക്കുന്നവര്‍ അതിനു അടിമകളാകും. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മുതല്‍ ഇത്തരം മരുന്നുകളെ പ്രോത്സാഹിപ്പിക്കുകയാണ്. യൂറോപ്പില്‍ ഈ പ്രശ്‌നം അത്രയില്ല.

എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും ഈ മരുന്ന് വേണമെന്നു തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ആശുപത്രിയും മറ്റും വഴി വിതരണം ചെയ്യണമെന്നാണ് തങ്ങളുടെ നിര്‍ദേശം.

തന്റെ പ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ച് ഹിപ്പോക്രാറ്റ് എന്ന ഡോക്യുമെന്ററി തയാറാക്കിയത് ഓസ്‌ട്രേലിയന്‍ ഫിലിം മേക്കര്‍ മൈക്ക് ഹില്‍ ആണ്. ലോകത്ത് 17 ശതമാനം പേര്‍ക്ക് മാത്രമേ പാലിയേറ്റീവ് കെയര്‍ കിട്ടുന്നുള്ളൂ എന്ന തിരിച്ചറിവില്‍ നിന്നാണ് മൂവി എടുക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. വികസ്വര രാജ്യങ്ങളിലെ സ്ഥിതി അന്വേഷിച്ചു. അങ്ങനെ ഇന്ത്യയെ പരിഗണിച്ചു. അതിന്‍പ്രകാരം തന്റെ കഥ ഡോക്യുമെന്ററിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിമന്‍സ് ഫോറം പ്രസിഡന്റ് ഡോ. സാറാ ഈശോ ജനനി മാസികയ്ക്കുവേണ്ടി അഭിമുഖത്തിനു ഒന്നര പതിറ്റാണ്ട് മുമ്പ് കോഴിക്കോട് ചെന്നപ്പോഴാണ് ഡോ. രാജഗോപാലിനെ ആദ്യമായി കാണുന്നതെന്ന് പറഞ്ഞു. ഏതാനും വര്‍ഷം മുമ്പ് തന്റെ അമ്മയ്ക്ക് ഒരു ഓപ്പറേഷനുവേണ്ടി അമൃത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോള്‍ വീണ്ടും കണ്ടു. ഇന്ത്യയില്‍ ആവശ്യത്തിനു വേദനസംഹാരി കിട്ടാനില്ല എന്നതു തന്നെ ഞെട്ടിച്ചു.

വിമന്‍സ് ഫോറത്തിന്റെ ആദ്യ പദ്ധതിയായ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് 21 പേര്‍ക്ക് നല്‍കി. രേഖാ നായരായിരുന്നു അതിന്റെ ചുക്കാന്‍ പിടിച്ചത്. രണ്ടാമത്തെ പദ്ധതിയാണിത്. 25000 ഡോളര്‍ സമാഹരിക്കുകയാണ് അടുത്ത ലക്ഷ്യം.

ഷൈല പോള്‍ മാമോഗ്രാം ചെയ്യേണ്ടതിന്റെ പ്രാധാന്യം സ്വന്തം അനുഭവം വിവരിച്ച് ചൂണ്ടിക്കാട്ടിയത് ഏറെ ശ്രദ്ധേയമായി.

ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസ് വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടനയ്ക്ക് അഭിമാനം പകരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഫോമ കണ്‍വന്‍ഷിലേക്ക് എല്ലാവരേയും ക്ഷണിച്ചു. പങ്കെടുക്കുന്നവരില്‍ 90 ശതമാനവും കുടുംബങ്ങളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

ഫോമ വൈസ് പ്രസിഡന്റായ ലാലി കളപ്പുരയ്ക്കല്‍ നേതൃത്വം നല്‍കുന്ന ഹെല്‍പിംഗ് ഹാന്‍ഡ്‌സ് 1000 ഡോളര്‍ പാലിയം ഇന്ത്യയ്ക്ക് നല്‍കി. ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പ്രസിഡന്റ് ഷൈനി മാത്യു ഡോ. രാജഗോപാലിനെ തുക ഏല്‍പിച്ചു.

വനിതാ ഫോറത്തിന്റെ ആദ്യത്തെ സാരഥിയും മുന്‍ ഫോമ പ്രസിഡന്റുമായ ജോണ്‍ ടൈറ്റസിന്റെ ഭാര്യ കുസുമം ടൈറ്റസ് 5000 ഡോളര്‍ നല്‍കി. ഇതു തുടക്കമാണെന്നും എല്ലാവര്‍ഷവും തങ്ങളുടെ കുടുംബത്തില്‍ നിന്നു സഹായം പ്രതീക്ഷിക്കാമെന്നും അവര്‍ പറഞ്ഞു. ഡോ. സാറാ ഈശോയുടെ നേതൃത്വത്തേയും അവര്‍ അഭിനന്ദിച്ചു. മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ സമാഹരിച്ച 2000 ഡോളര്‍ ഫോമ വിമന്‍സ് ഫോറം പ്രതിനിധി രേഖ ഫിലിപ്പ് നല്‍കി. ലോണ ഏബ്രഹാം, രേഖ നായര്‍ എന്നിവരായിരുന്നു എംസിമാര്‍. ജെ. മാത്യൂസ്, സണ്ണി പൗലോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മയൂര സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തവും ശബരിനാഥിന്റെ ഗാനങ്ങളും ചടങ്ങിനു മാറ്റുകൂട്ടി.
കാരുണ്യത്തിന്റെ സന്ദേശവുമായി ഡോ. രാജഗോപാല്‍ ഫോമ വനിതാ ഫോറത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക