Image

ഒരു പുതിയ മദ്യശാലയും തുറക്കില്ല; ആരോപണങ്ങള്‍ തെറ്റിദ്ധാരണയാണെന്നും എക്‌സൈസ് മന്ത്രി

Published on 18 March, 2018
ഒരു പുതിയ മദ്യശാലയും തുറക്കില്ല; ആരോപണങ്ങള്‍ തെറ്റിദ്ധാരണയാണെന്നും എക്‌സൈസ് മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് ഒരു പുതിയ മദ്യശാല പോലും തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്. പുതിയ മദ്യശാലകള്‍ തുറക്കുമെന്ന തരത്തിലുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണയാണെന്നും അത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സുപ്രീം കോടതി ഉത്തരവനുസരിച്ച് അടച്ചുപൂട്ടിയ മദ്യശാലകള്‍ മാത്രമാണ് ഇപ്പോള്‍ തുറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് സര്‍ക്കാരിന്റെ നയം. ലഹരി വര്‍ജനം എന്നത് കേരളം കൈവരിക്കേണ്ടുന്ന ലക്ഷ്യങ്ങളിലൊന്നായി എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 'വിമുക്തി എന്ന ഒരു ബോധവല്‍ക്കരണ പ്രസ്താനത്തിന് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ വിമുക്തിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നുണ്ടെന്നും അത് ഫലം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിലുള്ളവ അടച്ചുപൂട്ടിയത്. എന്നാല്‍ പിന്നീട് വന്ന രണ്ട് സുപ്രീം കോടതി വിധികള്‍ ആദ്യത്തെ ഉത്തരവുകളില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും മദ്യശാലകളുടെ പ്രവര്‍ത്തനത്തിന് ദേശിയ പാതയുടെ ദൂരപരിധി ഒഴിവാക്കുന്നതായിരുന്നു ആ വിധികള്‍. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പരിധിയില്‍ വരുന്ന പാതയോരത്തെ മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. അടുത്തിടെ വന്ന സുപ്രീം കോടതി വിധി കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നപോലെ പഞ്ചായത്തുകളെയും പരിഗണിച്ചുകൊണ്ടുള്ളതായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിലെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക