Image

ഭര്‍ത്താവിന്റെ സുഹൃത്തിന് കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സബ് കളക്ടര്‍ പതിച്ചുനല്‍കിയെന്ന് ആരോപണം

Published on 18 March, 2018
ഭര്‍ത്താവിന്റെ സുഹൃത്തിന് കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സബ് കളക്ടര്‍ പതിച്ചുനല്‍കിയെന്ന് ആരോപണം

തിരുവനന്തപുരം: യു.ഡി.എഫ് എം.എല്‍.എ കെ.എസ് ശബരീനാഥനും ഭാര്യയും സബ് കളക്ടറുമായ ദിവ്യ എസ്. അയ്യര്‍ക്കുമെതിരെ അഴിമതി ആരോപണം. ശബരീനാഥന്റെ കുടുംബ സുഹൃത്തിന് ചട്ടങ്ങള്‍ മറികടന്ന് കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ചടങ്ങള്‍ മറികടന്ന് സബ് കളക്ടര്‍ പതിച്ചു നല്‍കിയെന്നാണ് പരാതി. 2017 ജൂലൈ ഒന്‍പതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിയെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാന പാതയോട് ചേര്‍ന്നുള്ള 27 സെന്റ് സ്ഥലമാണ് പതിച്ചു നല്‍കിയത്. 

അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജി എന്നയാള്‍ക്കാണ് ഭൂമി പതിച്ചുനല്‍കിയത്. ഡി.സി.സി അംഗത്തിന്റെ ബന്ധു കൂടിയാണ് ലിജി. ഡി.സി.ഡി അംഗം ശബരീനാഥിന്റെ കുടുംബ സുഹൃത്തുമാണ്. സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് വര്‍ക്കല തഹസില്‍ദാര്‍ അന്വേഷണം നടത്തി 2017ല്‍ ഭൂമി പിടിച്ചെടുത്തത്. 

ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ആദ്യ ഘട്ടത്തില്‍ ദിവ്യ എസ്. അയ്യര്‍ കക്ഷി ആയിരുന്നില്ല. എന്നാല്‍ ഉന്നത സ്വാധീനം ഉപയോഗിച്ച് പിന്നിട് ആര്‍.ഡി.ഒ കൂടിയായ ഇവരെ ആറാം എതിര്‍ കക്ഷിയായി ഉള്‍പ്പെടുത്തി. പരാതിക്കാരിയെ നേരില്‍ക്കണ്ട് തീരുമാനം എടുക്കാന്‍ കഴിഞ്ഞ ഒക്‌ടോബര്‍ 31ന് ആര്‍.ഡി.ഒയെ ഹൈക്കോടതി ചുമതലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവില്‍ പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിംഗ് നടത്തി ഭൂമി പതിച്ചു നല്‍കുകയായിരുന്നു.

കൈവശം വച്ചനുഭവിക്കുന്ന റീസര്‍വേ നമ്പര്‍ 224,224,226 എന്നീ സബ്ഡിവിഷനുകളിലെ സ്ഥലത്തിന് പട്ടയം ഉള്ളതാണെന്നും ഇത് അളന്നു തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരി രംഗത്ത് വന്നത്. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത റീസര്‍വേ നമ്പര്‍ 227ലെ 27 സെന്റ് സ്ഥലം പരാതിയില്‍ പറയുന്നുണ്ടായിരുന്നില്ല. പരാതി പരിഗണിച്ച ദിവ്യ എസ്. അയ്യര്‍ 224,224,226 റീസര്‍വേ നമ്പരുകളിലെ ഭൂമിക്ക് പുറമെ റീസര്‍വേ നമ്പര്‍ 227ലെ 27 സെന്റ് സ്ഥലം സ്ഥലം കൂടി പരാതിക്കാരിക്ക് പതിച്ച് നല്‍കി. ഇതോടെ കൈവശ ഭൂമിക്ക് പുറമെ സര്‍ക്കാര്‍ ഭൂമി കൂടി പരാതിക്കാരിക്ക് ലഭിച്ചു. 

പരാതിക്കാരി ഒഴികെ മറ്റ് കക്ഷികളെ അറിയിക്കാതെ അതീവ രഹസ്യമായി ഹിയറിംഗ് നടത്തിയാണ് എം.എല്‍.എയുടെ കുടുംബ സുഹൃത്തിന് വേണ്ടി സബ് കളക്ടര്‍ നീക്കങ്ങള്‍ നടത്തിയത്. ഭൂമി പതിച്ചു നല്‍കിയ സബ് കളക്ടറുടെ നടപടിക്കെതിരെ ഇലകമണ്‍ പഞ്ചായത്ത് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വി. ജോയി എം.എല്‍.എ ഇക്കാര്യം റവന്യു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക